ഗായകൻ പി ജയചന്ദ്രൻ വിവരിച്ചുകേട്ട ഒരനുഭവമുണ്ട്. വർഷം 1974. ചെന്നൈ ജെമിനി സ്റ്റുഡിയോയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ``നെല്ല്'' എന്ന സിനിമയുടെ റെക്കോർഡിംഗ് നടക്കുന്നു. വയലാർ -- സലിൽ ചൗധരി ടീമിന്റെ ``ചെമ്പാ ചെമ്പാ കുറുമാ'' എന്ന പാട്ട് പാടാനെത്തിയതാണ് ജയചന്ദ്രൻ. കൂടെ പാടുന്നത് സാക്ഷാൽ മന്നാഡേ.

റിഹേഴ്സലിന് മുൻപ് പ്രിയഗായകനെ വണങ്ങി ജയചന്ദ്രൻ പറഞ്ഞു: ``മന്നാദാ, എന്റെ ജീവിതത്തിലെ അനർഘനിമിഷമാണിത്. ഒരാഗ്രഹമുണ്ട്. `പൂഛൊ നാ കൈസേ' എന്ന ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗ് അങ്ങയുടെ സ്വരത്തിൽ ഒന്ന് നേരിട്ട് കേൾക്കണം. ഇതാ ഈ മൈക്കിലൂടെ..''

മന്നാഡേ പാടി. ശാന്തഗംഭീരമായി ഒഴുകുന്ന നദിയുടെ മാറിൽ നിന്ന് പൊടുന്നനെ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടതുപോലെ. സലിൽദാ ഉൾപ്പെടെ സ്റ്റുഡിയോയിലെ സർവ്വചരാചരങ്ങളും വീർപ്പടക്കി നിൽക്കുന്നു. ``ആഹിർഭൈരവ് രാഗത്തിന്റെ ആത്മാവ് ഉൾക്കൊണ്ട ആ ഹമ്മിംഗ് മന്നാദാ പൂത്തിയാക്കിയപ്പോൾ എന്റെ കണ്ണ് നനഞ്ഞിരുന്നു. എന്റെ മാത്രമല്ല, സ്റ്റുഡിയോയിലുണ്ടായിരുന്ന മിക്കവരുടെയും. വോയിസ് ബൂത്തിൽ ചെന്ന് അദ്ദേഹത്തിന്റെ പാദങ്ങൾ നമസ്കരിച്ചു ഞാൻ.''-- ജയചന്ദ്രന്റെ ഓർമ്മ.

ആഹിർ ഭൈരവ്. ഏകാകിയുടെ ആത്മരാഗം. വിഷാദമാധുര്യമാണ് ആ രാഗത്തിന്റെ കാതൽ. ആഹിർ ഭൈരവ് സ്പർശമുള്ള ഏതു ഗാനവും മനസ്സിൽ അജ്ഞാതമായ വിഷാദം നിറയ്ക്കുന്നു. ആഹിർഭൈരവിന്റെ സഞ്ചാരപഥങ്ങളിലൂടെ ഒഴുകിപ്പോകുന്ന പാട്ടുകളൊന്നും മോശമല്ല. ``കർണ്ണ''നിൽ വിശ്വനാഥൻ രാമമൂർത്തിയുടെ ഈണത്തിൽ ശീർകാഴി പാടിയ ``ഉള്ളത്തിൽ നല്ല ഉള്ളം'' അക്കൂട്ടത്തിലെ ക്ലാസ്സിക്കുകളിലൊന്ന്. ``ആലാപി''ലെ സിന്ദഗി കോ സൻവാരെ ഹോഗാ (സംഗീതം: ജയദേവ്), സ്വാമി വിവേകാനന്ദയിലെ ചലോ മൻ ജായേ ഘർ അപ്നേ (സലിൽ ചൗധരി), ഹൈസിയത്തിലെ ധീരേ ധീരേ സുബഹ് ഹുയീ (ബപ്പി ലാഹിരി), ഹം ദിൽ ദേ ചുകേ സനമിലെ അൽബേല സജൻ ആയോ രേ (ഇസ്മായിൽ ദർബാർ), കേളടി കൺമണിയിലെ നീ പാതി നാൻ പാതി (ഇളയരാജ), ചേട്ടത്തിയിലെ ആദിയിൽ വചനമുണ്ടായി, രാത്രിവണ്ടിയിലെ വിജനതീരമേ കണ്ടുവോ നീ, സൗന്ദര്യപൂജയിലെ അസ്തമയ ചക്രവാളം (സംഗീതം: ബാബുരാജ്), ചില്ലിലെ ചൈത്രം ചായം ചാലിച്ചു (എം ബി ശ്രീനിവാസൻ) പെരുമഴക്കാലത്തിലെ രാക്കിളി തൻ (എം ജയചന്ദ്രൻ)....

പക്ഷെ ഈ പാട്ടുകളുടെയൊക്കെ തലപ്പത്ത് മന്നാഡേയുടെ ആ ഇതിഹാസതുല്യമായ ആഹിർ ഭൈരവ് ഗാനമുണ്ട്. ശൈലേന്ദ്ര എഴുതി സച്ചിൻ ദേവ് ബർമ്മൻ സ്വരപ്പെടുത്തിയ മേരി സൂരത്ത് തേരി ആംഖേം (1963) എന്ന ചിത്രത്തിലെ ``പൂഛൊ നാ കൈസേ മേനേ രെയ്ൻ ബിദായീ ഇക് പൽ ജൈസേ ഇക് ജുഗ് ബീത്താ, ജുഗ് ബീത്തെ മൊഹെ നീന്ദ് നാ ആയീ ....'' ശബ്ദത്തിൽ ഒരു നേർത്ത ഗദ്ഗദം ഒളിപ്പിച്ചു കൊണ്ട് മന്നാഡേ പാടി അനശ്വരമാക്കിയ ഗാനം. ഇന്ത്യൻ സിനിമയിലെ ഏറ്റവും തികവാർന്ന ആഹിർ ഭൈരവ് അനുഭവം. ആ ഗാനത്തിന്റെ അംശമോ സ്വാധീനമോ ഇല്ലാത്ത ഒരു ആഹിർ ഭൈരവ് ഗാനവും കേട്ടിട്ടില്ല ഇന്ത്യൻ സിനിമയിൽ. ഒരു പക്ഷേ അല്പമെങ്കിലും മാറി സഞ്ചരിക്കാൻ ശ്രമിച്ചത് ``ചൈത്രം ചായം ചാലിച്ചു'' എന്ന പാട്ടിലൂടെ എം ബി എസ് മാത്രം.

അര നൂറ്റാണ്ടു മുൻപ് ``പൂഛൊ നാ കൈസേ'' പാടി റെക്കോർഡ് ചെയ്യുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നൊ കാലത്തെ അതിജീവിക്കുമെന്നൊ കരുതിയിരുന്നില്ല മന്നാഡേ. ഒരു ബംഗാളി നസ്രുൽ ഗീത് അടിസ്ഥാനമാക്കി എസ് ഡി. ബർമൻ ചിട്ടപ്പെടുത്തിയ ഗാനം. ``റെക്കോർഡിംഗിന്റെ തലേന്ന് രാത്രി ഒൻപതുമണിക്ക് കൊടുങ്കാറ്റുപോലെ ജുഹുവിലെ എന്റെ വസതിയായ ആനന്ദനിലേക്ക് കടന്നുവരുന്നു സച്ചിൻദാ.'' -- മന്നാഡേ എഴുതി. ``അലക്ഷ്യമായാണ് വസ്ത്രധാരണം. കയ്യില്ലാത്ത ഒരു മേലുടുപ്പ്, ഒരു ലുങ്കി, കയ്യിലൊരു കടലാസുകഷ്ണവും. പാട്ടിന്റെ വരികളാണതിൽ. വന്നയുടൻ വീട്ടിലെ ഡൈനിംഗ് റൂമിൽ ചെന്നിരുന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: മന്നാ, നിന്റെ ഹാർമോണിയം കൊണ്ടുവാ. ട്യൂൺ പറഞ്ഞുതരാം. നൊട്ടേഷൻ എഴുതിവെക്കണം; പെട്ടെന്ന്..'' ഒന്നുകൂടി പറഞ്ഞു അദ്ദേഹം: ``ആഹിർഭൈരവ് ആണ്. നിന്റെ ഇഷ്ടരാഗം. അല്പം മനോധർമ്മ പ്രകടനമാകാം.''

``ആനന്ദ''ന്റെ തീൻമുറിയിലെ തണുത്തുറഞ്ഞ നിലത്തിരുന്നു ഒരു രാത്രി മുഴുവൻ ഹാർമോണിയം വായിച്ചു സച്ചിൻ ദാ പാടി പഠിപ്പിച്ച ആ പാട്ട് പിറ്റേന്ന് റെക്കോർഡ് ചെയ്ത കഥ മന്നാഡേയുടെ വാക്കുകളിൽ: ``പാടിത്തീർന്നപ്പോൾ സ്റ്റുഡിയോയിൽ അസ്വസ്ഥമായ ഒരു നിശബ്ദത . ആഹ്ലാദ പ്രകടനമില്ല ; അഭിനന്ദന വചസ്സുകളില്ല. മുറുമുറുപ്പുകൾ പോലുമില്ല . എന്തോ എവിടെയോ പിഴച്ച പോലെ തോന്നി എനിക്ക് . ക്ഷമിക്കണം, ഒരിക്കൽ കൂടി പാടി നോക്കാം എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു ഞാൻ . അടുത്ത നിമിഷം കണ്ടത് വിടർന്ന ചിരിയുമായി റെക്കോർഡിംഗ് ബൂത്തിൽ കയറി വരുന്ന സച്ചിൻദായെയാണ് . മന്നാ , നിന്റെ പാട്ട് കേട്ട് വികാരഭരിതരായിരിക്കയാണ്. എല്ലാവരും. ആർക്കും പറയാൻ വാക്കുകൾ പോലുമില്ല ..'' മനസ്സിൽ ആളിത്തുടങ്ങിയിരുന്ന അഗ്നിജ്വാലകൾക്ക് മേൽ ആരോ പനിനീർ കോരി ചൊരിഞ്ഞ പോലെ തോന്നി എന്ന് മന്നാഡേ . ജീവിത സായാഹ്നത്തിൽ പോലും പൂഛൊ നാ കൈസേ വേദിയിൽ പാടുമ്പോൾ മന്നാഡേയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടിട്ടുണ്ട് . ഗായകൻ സ്വയം ഗാനമായി മാറുന്ന നിമിഷങ്ങൾ.

content highlights : Manna Dey P Jayachandran Ravi Menon Pattuvazhiyorathu