നന്നായി മൊരിഞ്ഞ നെയ്റോസ്റ്റിന്റെ നിറവും മണവും രുചിയുമാണ് എന്റെ ഓർമ്മയിലെ ``മഞ്ഞണിക്കൊമ്പിൽ'' എന്ന പാട്ടിന്.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ദേവഗിരി ബിൽഡിംഗ്സിൽ അന്നുണ്ടായിരുന്ന ശ്രീകൃഷ്ണഭവൻ ഹോട്ടലിൽ പതിവുപോലെ വൈകീട്ട് ചായ കുടിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ -- സുരേഷ്, പവിത്രൻ, പിന്നെ ഞാനും. മൂവരും ദേവഗിരി കോളേജിലെ ടാഗോർ ഹോസ്റ്റൽ അന്തേവാസികൾ. ഉറ്റ തോഴർ. പൊടിമീശക്കാർ.

നെയ്റോസ്റ്റിനെ സംഘം ചേർന്ന് ``ആക്രമിച്ചു'' തുടങ്ങിയപ്പോഴാണ് റെസ്റ്റോറന്റിലെ പഴയ പെട്ടി സ്പീക്കറുകളിൽ നിന്ന് ആ പാട്ട് ഒഴുകിവന്നത്. അതുവരെ കേൾക്കാത്ത പാട്ട്. എസ് ജാനകിയുടെ ശബ്ദത്തിനു പോലുമുണ്ട് സവിശേഷമായ ഒരു ഫ്രഷ്നെസ്സ്. ഓർക്കസ്ട്രയാണെങ്കിൽ അതിഗംഭീരം. അരസികന്മാർ പോലും മതിമറന്ന് താളമിട്ടുപോകുന്ന ഗാനാന്തരീക്ഷം. പല്ലവിയും ചരണവും കഴിഞ്ഞുള്ള ഭാഗത്ത് അപ്രതീക്ഷിതമായി മിന്നിമറഞ്ഞ ``ടിയൂം'' എന്ന വിചിത്ര ശബ്ദമാണ് അന്നത്തെ കോളേജ് കുമാരന്റെ മനസ്സിൽ ആദ്യം തങ്ങിയത്. മുൻപ് ``ഖുർബാനി'' എന്ന ഹിന്ദി ചിത്രത്തിൽ നാസിയ ഹസൻ പാടിയ ``ആപ് ജൈസേ കോയീ മേരാ'' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ കേട്ടിരുന്നു അതേ ശബ്ദം.

പിന്നീട്, വർഷങ്ങൾക്ക് ശേഷം, ``മഞ്ഞിൽ വിരിഞ്ഞ പൂക്കളു''ടെ സംഗീത സംവിധായകൻ ജെറി അമൽദേവിനെ കോഴിക്കോട്ടെ മുല്ലശേരിയിൽ വെച്ച് കണ്ടു പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ആ ``ടിയൂം'' ശബ്ദത്തെക്കുറിച്ചാണ്. ജെറി മാഷ് മനസ്സറിഞ്ഞു ചിരിച്ചു, എന്നിട്ട് ചോദിച്ചു: ``ഇതൊക്കെ ഇപ്പഴും ഓർത്തിരിക്കുന്നു അല്ലെ? സിൻഡ്രോം എന്നാണ് ആ ഉപകരണത്തിന്റെ പേര്. ഡിസ്കോ സംഗീതത്തിന്റെ ഭാഗം. എന്റെ പാട്ടിന്റെ പിന്നണിയിൽ അത് കൈകാര്യം ചെയ്തത് ജയ്സിംഗ് എന്നൊരാൾ. ഡ്രമ്മറെന്ന നിലയിലാണ് അദ്ദേഹത്തിന് ഖ്യാതി. അതേ സിനിമയിലെ പാട്ടുകളിൽ ജാസ് ഡ്രം വായിച്ചിട്ടുമുണ്ട് ജയ്സിംഗ്. പക്ഷേ മഞ്ഞണിക്കൊമ്പിലിന്റെ പശ്ചാത്തലത്തിൽ ഈ പ്രത്യേക ശബ്ദം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം..''

ബിച്ചു തിരുമലയും ജെറിയും ചേർന്നൊരുക്കിയ ``മഞ്ഞിൽ വിരിഞ്ഞ പൂക്കളി''ലെ എല്ലാ പാട്ടുകളും ശ്രീകൃഷ്ണ ഭവനിലെ നെയ്റോസ്റ്റിനെ സാക്ഷിയാക്കി വിസ്മയത്തോടെ കേട്ടിരുന്നതോർമ്മയുണ്ട് -- നാല് പതിറ്റാണ്ടിനിപ്പുറവും. ``മിഴിയോരം'' യേശുദാസിന്റെയും ജാനകിയുടെയും ശബ്ദത്തിൽ രണ്ടു വ്യത്യസ്ത ഭാവങ്ങളിൽ. മഞ്ചാടിക്കുന്നിൽ യേശുദാസ് -- വാണിജയറാം ടീമിന്റെയും. മലയാള സിനിമയിൽ അതുവരെ കേട്ടുപോന്ന പാട്ടുകളുടെ അന്തരീക്ഷത്തിൽ നിന്ന് എല്ലാം കൊണ്ടും വേറിട്ടുനിന്ന ശ്രവ്യാനുഭവങ്ങൾ. അത്രയും ആർഭാടപൂർണ്ണമായ വാദ്യവിന്യാസം പുതുമയായിരുന്നു. എവിടെയൊക്കെയോ ആർദ്രമായ ഒരു ഗൃഹാതുര സ്പർശവുമുണ്ടതിന്. ആദ്യ കേൾവിയിൽ തന്നെ ശ്രോതാവിന്റെ മനസ്സിൽ സുന്ദരമായ വിഷ്വലുകളുടെ ഒരു സാങ്കൽപ്പിക ഘോഷയാത്ര സൃഷ്ടിക്കാൻ പോന്ന പാട്ടുകൾ. പടം കോട്ടക്കൽ ലീന തിയേറ്ററിലെ വെള്ളിത്തിരയിൽ ആദ്യം കണ്ടപ്പോൾ, ഞാൻ മനസ്സിൽ കണ്ട ദൃശ്യങ്ങളെ പോലും നിഷ്പ്രഭമാക്കിയല്ലോ ഫാസിലിന്റെ ചിത്രീകരണം എന്ന് തോന്നി. പാട്ടുകളെന്നപോലെ വർണ്ണം വാരിവിതറിയ ദൃശ്യവൽക്കരണവും നവ്യാനുഭവമായിരുന്നു മലയാളിക്ക്.

എ വി എം ``സി'' തിയേറ്ററിൽ പ്രശസ്ത സൗണ്ട് എഞ്ചിനീയർ വിശ്വനാഥനാണ് മിഴിയോരവും മഞ്ഞണിക്കൊമ്പിലും റെക്കോർഡ് ചെയ്തത്. മഞ്ചാടിക്കുന്നിൽ പിറന്നത് ചെന്നൈ തരംഗിണിയിൽ. സിംഫണി ഓർക്കസ്ട്രയുടെ സ്ട്രിംഗ് സംവിധാനമാണ് മൂന്ന് പാട്ടിലും ജെറി ഉപയോഗിച്ചത്. പശ്ചാത്തലത്തിൽ വയലിൻ, വയോള, ചെല്ലോ, ഡബിൾ ബേസ്, ഇലക്ട്രിക്ക് ഗിറ്റാർ എന്നിവക്ക് പുറമെ, പൗരസ്ത്യ വാദ്യങ്ങളായ സരോദ്, ദിൽറുബ, ബാംസുരി, സിത്താർ എന്നിവയും. ഗുണസിംഗ് ആയിരുന്നു ഓർക്കസ്ട്ര കണ്ടക്ടർ, നാൽപ്പതു പേരടങ്ങിയ ഓർക്കസ്ട്ര അറേഞ്ച് ചെയ്തതും അദ്ദേഹം തന്നെ. അത്രയും വിപുലമായ ഓർക്കസ്ട്ര അന്നൊരു അപൂർവതയാണ്. ``നിർമ്മാതാവായ അപ്പച്ചനെ നന്ദിപൂർവം ഓർത്തേ പറ്റൂ. പാട്ടുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പിനും തയ്യാറായിരുന്നില്ല അദ്ദേഹം. ഇഷ്ടമുള്ള രീതിയിൽ പാട്ടുകളൊരുക്കാൻ എനിക്ക് സ്വാതന്ത്യ്രം ലഭിച്ചത് അതുകൊണ്ടാണ് .'' - ജെറി.

സ്റ്റീരിയോയിലായിരുന്നു ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇതിലും വിസ്മയകരമായ ശ്രവ്യാനുഭവങ്ങളായി മാറിയേനെ ആ പാട്ടുകൾ എന്നതിൽ സംശയമില്ല ജെറിക്ക്. റെക്കോർഡിംഗിന് സാക്ഷ്യം വഹിച്ചവർ പലരും പരിതപിച്ചു കേട്ടിട്ടുണ്ട് എ വി എം സ്റ്റുഡിയോയിലെ സ്പീക്കറുകളിലൂടെ ആദ്യമായി ആ ഗാനങ്ങൾ കേട്ടപ്പോഴത്തെ അനുഭൂതിയുടെ നല്ലൊരംശം ഗ്രാമഫോൺ റെക്കോർഡിലേക്ക് പകർത്തിയപ്പോൾ ചോർന്നുപോയല്ലോ എന്ന്. പുതിയ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണയോടെ ആ ഗാനങ്ങൾ ഒരിക്കൽ കൂടി റെക്കോർഡ് ചെയ്തു പുത്തൻ തലമുറയെ കേൾപ്പിക്കണമെന്നത് ജെറി മാഷിന്റെ മനസ്സിലെ നിഗൂഢ മോഹം.
``മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'' റിലീസ് ചെയ്തിട്ട് ഈ വരുന്ന ക്രിസ്മസ് നാൾ നാൽപ്പതു വർഷം തികയുന്നു. പക്ഷെ പാട്ടുകൾക്കിന്നും മധുരപ്പതിനേഴ്. തലമുറകളെ പ്രണയപൂർവം മാടിവിളിക്കുന്നു അവയോരോന്നും.

Content Highlights : Manjil Virinja Pookkal Movie 40 years Mohanlal S Janaki Jerry Amaldev Bichu Thirumala