ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഗീതസംവിധായകന് ബാബുരാജ്. ഇനി വേണ്ടത് കുറെ നല്ല വരികളാണ്. പ്രണയഭരിതമായ വരികള്‍. എങ്ങനെ എഴുതിത്തുടങ്ങണമെന്നറിയാതെ അക്ഷമനായി ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന യുവഗാനരചയിതാവിന് മുന്നില്‍ സ്വപ്നത്തിലെന്നോണം സാക്ഷാല്‍ ``കാവ്യദേവത'' അവതരിക്കുന്നു അപ്പോള്‍; മോഹമല്ലിക എന്ന നടിയുടെ രൂപത്തില്‍.
തുടക്കക്കാരനായ ബിച്ചു തിരുമലയ്ക്ക് നേരത്തെ അറിയാം മോഹമല്ലികയെ. തിരുവനന്തപുരത്തുകാരി. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ട് ഏറെയായിട്ടില്ല. ഭരണി സ്റ്റുഡിയോയുടെ പുറത്തെ വഴിയിലൂടെ നടന്നുപോയ നടിയുടെ രൂപത്തോടൊപ്പം ആ വാക്കും പെട്ടെന്ന് മനസ്സില്‍ കയറിവന്നു -- മോഹമല്ലിക. ``പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു ആ പേരിന്''-- ബിച്ചു ഓര്‍ക്കുന്നു. ``പിന്നെ അധികനേരം വേണ്ടി വന്നില്ല പാട്ടിന്റെ പല്ലവി പിറക്കാന്‍: മോഹമല്ലികേ എന്റെ മനസ്സില്‍ ഇന്നലെ വന്നു വിടര്‍ന്നു നീ, വിണ്ണിലെ മധുവായ് മണമായ് കുളിരായ് നിന്നിലലിഞ്ഞു കഴിഞ്ഞൂ ഞാന്‍..'' ബാബുരാജ് ചിട്ടപ്പെടുത്തിയ ആ ഗാനം അന്നു തന്നെ കെ പി ചന്ദ്രമോഹന് എന്ന യുവഗായകന്റെ ശബ്ദത്തില്‍ ഭരണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ``സ്ത്രീധനം'' (1975) എന്ന പടം പുറത്തുവന്നിരുന്നെങ്കില്‍ ബിച്ചുവിന്റെ ആദ്യ ചലച്ചിത്ര ഗാനമായി മാറേണ്ടിയിരുന്ന പാട്ട്.
മോഹമല്ലികയെ മല്ലിക സുകുമാരന്‍ എന്ന് പറഞ്ഞാലേ ഇന്നത്തെ തലമുറ അറിയൂ. സ്വന്തം പേരില്‍ നിന്ന് ഒരു പാട്ടിന്റെ പല്ലവി ജനിച്ച കഥ മല്ലിക തന്നെ അറിഞ്ഞിരിക്കുമോ എന്ന് സംശയം. കാവ്യഭംഗിയാര്‍ന്ന പേരുകളില്‍ വേണം മക്കള്‍ അറിയപ്പെടാന്‍ എന്നാഗ്രഹിച്ച (പ്രേമചന്ദ്രികയും രാഗലതികയുമാണ് മോഹമല്ലികയുടെ സഹോദരിമാര്‍) അച്ഛന് കൈനിക്കര മാധവന് പിള്ളക്ക് നന്ദി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയില്‍ മോഹമല്ലികയുടെ അരങ്ങേറ്റം -- മല്ലിക എന്ന പേരില്‍. പഴയ മോഹമല്ലികയെ ഇന്ന് നാം കണ്ടുമുട്ടുക ബിച്ചു തിരുമല -- ബാബുരാജ് ടീമിന്റെ ഈ ഗാനത്തില്‍ മാത്രം. ബിച്ചു പാട്ടെഴുതിയ രണ്ടാമത്തെ ചിത്രമായിരുന്നു സ്ത്രീധനം. ഭജഗോവിന്ദം (1972) എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമെഴുതിയതെങ്കിലും പടം വെളിച്ചം കണ്ടില്ല. നടന് മധു നിര്‍മ്മിച്ചു സംവിധാനം ചെയ്ത ``അക്കല്ദാമ'' ആണ് ബിച്ചുവിന്റെ ഗാനങ്ങളുമായി ആദ്യം പുറത്തുവന്ന ചിത്രം.
പ്രിയസുഹൃത്തായ കെ പി ചന്ദ്രമോഹന് എന്ന നിര്‍ഭാഗ്യവാനായ ഗായകന്റെ ഓര്‍മ്മ കൂടി ഉണര്‍ത്തുന്നുണ്ട് എന്‍.പി അബു നിര്‍മിക്കാനിരുന്ന ``സ്ത്രീധന''ത്തിലെ ``മോഹമല്ലികേ' എന്ന പാട്ട്. മലയാളികളുടെ സ്വന്തം വിഷാദ ഗായകന് കെ പി ഉദയഭാനുവിന്റെ ഈ അനിയനെ എത്ര പേര് ഓര്‍ക്കുന്നു ഇന്ന്? ഗാനഭൂഷണം ഡബിള്‍ പ്രൊമോഷനോടെ പാസായി, പിന്നണി പാടുക എന്ന സ്വപ്നവുമായി 1960 കളുടെ തുടക്കത്തില്‍ ജ്യേഷ്ഠന് പിന്നാലെ പാലക്കാട്ടു നിന്ന് കോടമ്പാക്കത്ത് വന്നിറങ്ങിയതാണ് ചന്ദ്രമോഹന്. സിനിമാനഗരത്തിന്റെ തിരക്കിലും ബഹളത്തിലും അലിഞ്ഞ ചന്ദ്രമോഹന് മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം അടുത്തുനിന്നു കണ്ടു. ഇളയരാജയും ഗംഗൈ അമരനും ഉള്‍പ്പെടെയുള്ള എത്രയോ കലാകാരന്മാര്ക്ക് താങ്ങും തണലുമായി. സിനിമ എന്ന വിചിത്ര ലോകത്തിന്റെ സമസ്ത ഭാവങ്ങളും നേരില്‍ കണ്ടു; നന്ദിയും നന്ദികേടും അനുഭവിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട ``സിനിമാജീവിത''ത്തില്‍ ആകെ പാടിയത് കുറച്ച് അരപ്പാട്ടുകളും മുറിപ്പാട്ടുകളും. അവയില്‍ ശ്രദ്ധിക്കപ്പെട്ടതാകട്ടെ രണ്ടോ മൂന്നോ പാട്ടുകള്‍ മാത്രവും. ``മോഹമല്ലികേ''ക്ക് പുറമെ `പ്രഭു'വിലെ ``മുണ്ടകന്‍ കൊയ്ത്തിനു പോയേ ഏനൊരു മൂപ്പനെ കൂട്ടിനെടുത്തേ'' എന്ന ഗാനം. പിന്നെ, കോട്ടയം കൊലക്കേസിലെ ``വെള്ളാരം കുന്നിന് മുഖം നോക്കാന്‍... കൂട്ടത്തില്‍ ഭേദപ്പെട്ട ഹിറ്റ് പ്രഭുവില്‍ പ്രേംനസീറിനും അടൂര്‍ ഭാസിക്കും വേണ്ടി പാടിയ ``മുണ്ടകന്‍ കൊയ്ത്ത്'' തന്നെ.
പിന്നണി പാടാന്‍ അവസരം തേടിയലഞ്ഞു മടുത്ത് ഒടുവില്‍ ഗാനമേളകളുമായി സിനിമാനഗരത്തില്‍ ഒതുങ്ങിക്കൂടിയ ചന്ദ്രമോഹന് ജീവിത സായാഹ്നത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. ദാമ്പത്യജീവിതത്തില്‍ പ്രവേശിച്ചതാകട്ടെ, ഏറെ വൈകിയും. അത്യാവശ്യം സ്റ്റേജ് പരിപാടികളും സംഗീത ക്ളാസുകളുമൊക്കെയായി തിരുവില്വാമലയില്‍ ഏറെക്കുറെ ``അജ്ഞാത''നായി കഴിഞ്ഞുകൂടുമ്പോഴാണ് നിനച്ചിരിക്കാതെ മരണം വന്ന് ചന്ദ്രമോഹനെ കൂട്ടിക്കൊണ്ടുപോയത്. മരിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പ് വിളിച്ചപ്പോഴും ശുഭ പ്രതീക്ഷയായിരുന്നു ആ ശബ്ദം നിറയെ: ``ഇനിയും ഞാന്‍ സിനിമയില്‍ പാടും. ഇതുവരെ പാടിയ പാട്ടുകളെ ഒക്കെ അതിശയിക്കുന്ന ഒരു മെലഡി. അത് കൂടി പാടിയിട്ട് വേണം സലാം പറയാന്‍..''
സ്വപ്നഗാനം പാടും മുന്‍പേ മുന്‍പേ സലാം പറഞ്ഞു പിരിഞ്ഞു ചന്ദ്രമോഹന്; ജീവിതത്തോട് തന്നെ...