മലയാളിയായി ജനിച്ച് തമിഴകത്തിന്റെ ഹരമായി വളർന്ന് ഒടുവിൽ വിധിക്ക് കീഴടങ്ങി വിസ്മൃതനായി വിടവാങ്ങിയ ഗായകപ്രതിഭയുടെ നിർഭാഗ്യ ജീവിതം ഭാര്യയുടെ ഓർമ്മകളിൽ....

രൂപമല്ല, ശബ്ദമാണ് ആദ്യം മനസ്സ് കീഴടക്കിയത്. സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിലെ മൾട്ടി വാട്ട്സ് സ്പീക്കറുകളെ പ്രകമ്പനം കൊള്ളിച്ച പൗരുഷമാർന്ന ശബ്ദം.

മൈതാനം നിറഞ്ഞുകവിഞ്ഞ സദസ്സിനു മുന്നിലെ ബഹുവർണ്ണാഞ്ചിത വേദിയിൽ ഇത്തിരിപ്പോന്ന ഒരു സിന്ദൂരപ്പൊട്ടുപോലെ മലേഷ്യ വാസുദേവൻ. ആ പൊട്ട് ഒരു നാദപ്രവാഹമായി ഒഴുകി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നത് വിസ്മയത്തോടെ കണ്ടും കേട്ടും സദസ്സിന്റെ പിൻനിരയിലിരുന്ന ആ പഴയ കൗമാരക്കാരൻ ഇന്നുമുണ്ട് എന്റെയുള്ളിൽ -നാൽപ്പത് വർഷങ്ങൾക്കിപ്പുറവും. അത്രയും ആർഭാടപൂർണ്ണമായ ഒരു ഓർക്കസ്ട്ര ആദ്യം കാണുകയായിരുന്നല്ലോ. അത്രയും ഊർജ്ജസ്വലനായ ഒരു ഗായകനേയും.

എല്ലാം മറന്നു പാടുകയാണ് വാസുദേവൻ -- തെന്നിന്ത്യയുടെ ഹരമാക്കി തന്നെ വളർത്തിയ സൂപ്പർ ഹിറ്റ് തമിഴ് ഗാനങ്ങൾ: പതിനാറ് വയതിനിലേയിലെ ആട്ടുക്കുട്ടി മുട്ടയിട്ടു, കിഴക്കേ പോകും റെയിലിലെ കോയിൽ മണി ഓസൈ, ധർമ്മയുദ്ധത്തിലെ ആഗായ ഗംഗൈ, പുതിയ വാർപ്പുകളിലെ വാൻമേഘങ്ങളേ....പാട്ടുകളിൽ ഇടയ്ക്കിടെ തമിഴകത്തിന്റെ താളം വന്നു നിറയുമ്പോൾ ആവേശപൂർവം ഏറ്റുപാടുന്നു കോഴിക്കോടൻ യുവത. കേരളത്തിൽ പോലും ഇളയരാജ തരംഗം പടർന്നുപിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതെന്നോർക്കണം. 1980 കളുടെ തുടക്കം.

ഗൃഹാതുരത്വത്തോടെ ആ നിമിഷങ്ങൾ ഓർത്തെടുത്തു വിവരിക്കവേ നിശബ്ദയായി കേട്ടുനിന്നു ഫോണിന്റെ മറുതലയ്ക്കൽ ഉഷ വാസുദേവൻ -- മലേഷ്യ വാസുദേവന്റെ പ്രിയപത്നി. ``സന്തോഷമുണ്ട് മോനേ, കേരളത്തിലുള്ള നിങ്ങൾ പോലും അദ്ദേഹത്തെ ഓർക്കുന്നു എന്നറിയുമ്പോൾ. ഓർക്കേണ്ടവർ പലരും മറന്നുകളഞ്ഞില്ലേ ആ മനുഷ്യനെ?'' എന്ത് മറുപടി നല്കണമെന്നറിയാതെ നിശബ്ദനായി നിന്നപ്പോൾ ഉഷ തുടർന്നു; ആത്മഗതമെന്നോണം: ``പത്തു വർഷം കഴിഞ്ഞു അദ്ദേഹം യാത്രയായിട്ട് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നും ആ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമില്ല എന്റെയും മക്കളുടെയും ജീവിതത്തിൽ. ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഭാര്യയേയും മക്കളെയും ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യനും ഉണ്ടാവില്ല ലോകത്ത്...''


2011 ഫെബ്രുവരി 20 നായിരുന്നു മലേഷ്യ വാസുദേവന്റെ വിയോഗം. അതിനും എട്ടു വർഷം മുൻപ് മലേഷ്യയിൽ വെച്ചുണ്ടായ പക്ഷാഘാതം അദ്ദേഹത്തിലെ ഗായകനെ മിക്കവാറും മൗനിയാക്കിയിരുന്നു. ``ശാരീരികമായ അവശതകളേക്കാൾ അദ്ദേഹത്തെ തളർത്തിയത് ഇനി പഴയപോലെ പാടാനാവില്ലല്ലോ എന്ന ആശങ്കയാണ്. എട്ടാം വയസ്സ് മുതൽ വേദികളിൽ പാടിത്തുടങ്ങിയ ഒരാൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു ആ തിരിച്ചടി. ഫിസിയോ തെറാപ്പിയിലൂടെ ആരോഗ്യം ഒരു പരിധി വരെ വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും ശബ്ദനാളിയ്ക്കേറ്റ ക്ഷതം താങ്ങാനായില്ല അദ്ദേഹത്തിന്. പതുക്കെ, ഒരിക്കലും തിരിച്ചുവരാനാവാത്ത വണ്ണം വിഷാദരോഗത്തിന്റെ അടിമയായി മാറി അദ്ദേഹം.''-- ഉഷ. ഹൃദയസ്തംഭനമാണ് മരണകാരണമായതെങ്കിലും വെള്ളിത്തിരയേയും വേദികളേയും വർഷങ്ങളോളം ജ്വലിപ്പിച്ച ആ പ്രസാദാത്മകവ്യക്തിത്വവും ശബ്ദഗാംഭീര്യവും അതിനും മുൻപേ ചരിത്രമായിക്കഴിഞ്ഞിരുന്നു.


തമിഴ് സിനിമാസംഗീത ലോകത്ത് വർഷങ്ങളോളം നിറഞ്ഞുനിന്ന ഗായകന്റെ അന്ത്യം പലർക്കും വാർത്തയായതുപോലുമില്ല എന്നത് ഉഷയെ ഇന്നും വേദനിപ്പിക്കുന്ന യാഥാർഥ്യം. ``സ്ട്രോക്ക് വന്ന ഘട്ടത്തിൽ പോലും സിനിമാലോകം അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല. ഒരു സഹായവും പ്രതീക്ഷിച്ചിട്ടല്ല. ആരെങ്കിലുമൊക്കെ വന്ന് രോഗവിവരം അന്വേഷിച്ചിരുന്നെങ്കിൽ, ഒന്ന് ഫോൺ വിളിച്ചിരുന്നെങ്കിൽ പോലും അദേഹത്തിന് ആശ്വാസമായേനെ. എന്തുചെയ്യാം, ഏറ്റവുമടുത്തവരെന്ന് കരുതിയിരുന്നവർ പോലും അദ്ദേഹത്തെ മറന്നു. അതൊരു വലിയ ഷോക്കായിരുന്നു. സൗഹൃദങ്ങൾക്ക് വളരെയേറെ വില കല്പിച്ചിരുന്ന ആളായതുകൊണ്ട് പ്രത്യേകിച്ചും. മരണസമയത്തും അതുതന്നെ അവസ്ഥ. സിനിമാലോകത്ത് തോളോടുതോൾ ചേർന്ന് യാത്ര ചെയ്തവർ പോലും പഴയ കൂട്ടുകാരന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തിയില്ല.ഞാനും എന്റെ മക്കളും മാത്രമേ ഉണ്ടായിരുന്നു എല്ലാ ചുമതലകളും നിർവഹിക്കാൻ. പരസ്പരം താങ്ങും തണലുമായി മാറുകയായിരുന്നു ഞങ്ങൾ.'' സിനിമയിൽ നിന്ന് ഭർത്താവിന്റെ പേരിലുള്ള പെൻഷൻ കിട്ടുന്നുണ്ടോ എന്ന ചോദ്യത്തെ നിസ്സംഗമായ ഒരു ചിരി കൊണ്ട് വകഞ്ഞുമാറ്റുന്നു ഉഷ. ``പെൻഷനൊന്നുമില്ല. സിനിമയിൽ നിന്ന് ആകെ ലഭിച്ചത് ടെൻഷൻ മാത്രം.'' -- ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു.


ജനിച്ചത് മലേഷ്യയിലാണെങ്കിലും വാസുദേവന്റെ കുടുംബവേരുകൾ കേരളത്തിലാണ് -- പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളിയിൽ. അമ്മ അമ്മാളുവിന്റെ തറവാട് അവിടെയായിരുന്നു. അച്ഛന്റെ വീട് ഒറ്റപ്പാലത്തും. അന്നത്തെ പല മലയാളികളെയും പോലെ കൗമാരകാലത്തു തന്നെ ഉപജീവനാർത്ഥം മലേഷ്യയിൽ (അന്ന് മലയയുടെ ഭാഗം) ചേക്കേറുകയായിരുന്നു വാസുദേവന്റെ പിതാവ് ചാത്തുനായർ. തുറമുഖ നഗരമായ ക്ലാംഗിലെ റബ്ബർ തോട്ടങ്ങളായിരുന്നു കുടിയേറ്റക്കാരുടെ അഭയകേന്ദ്രം. വലിയൊരു സംഗീത പ്രേമിയായിരുന്ന ചാത്തുനായർ മക്കൾ പാട്ടുകാരായി വളരണം എന്ന് ആഗ്രഹിച്ചത് സ്വാഭാവികം. സിനിമയിൽ അവസരം തേടി മദ്രാസിൽ പോകാനുള്ള മകന്റെ ആഗ്രഹത്തിന് തടസ്സം നിൽക്കാതിരുന്നതും അതുകൊണ്ടുതന്നെ.

എന്നാൽ പുതിയൊരു പാട്ടുകാരന് അത്രയെളുപ്പം എത്തിപ്പിടിക്കാവുന്ന മേഖലയായിരുന്നില്ല അന്നത്തെ തെന്നിന്ത്യൻ സിനിമ. ടി എം സൗന്ദരരാജനും എ എം രാജയും പി ബി ശ്രീനിവാസും ശീർകാഴിയുമൊക്കെ തിളങ്ങിനിൽക്കുന്ന സമയം. പക്ഷേ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തിരിക്കാൻ തയ്യാറായിരുന്നു വാസുദേവൻ. നാടകാഭിനയവും റേഡിയോപ്പാട്ടും ഗാനമേളകളുമായി മദ്രാസിൽ ഒതുങ്ങി ജീവിക്കുന്ന കാലത്തായിരുന്നു കുഴൽമന്ദം സ്വദേശിനി ഉഷയുമായുള്ള വിവാഹം-- 1976 ജനുവരി 26 ന് ഗുരുവായൂരിൽ വെച്ച്. ``എന്റെ അച്ഛനും സഹോദരങ്ങൾക്കുമെല്ലാം സംഗീതം ജീവനായിരുന്നു. പാട്ടുകാരനാണ് മരുമകനായി വരുന്നതെന്നറിഞ്ഞപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല അച്ഛൻ.''- ഉഷ പറയുന്നു. സിനിമയിൽ സജീവമായിട്ടില്ല അക്കാലത്ത് വാസുദേവൻ. ഇളയരാജയും സഹോദരങ്ങളും ചേർന്ന് രൂപം നൽകിയ പാവലർ ബ്രദേഴ്സ് ഓർക്കസ്ട്രയിൽ പാടിനടക്കുന്ന കാലമാണ്. ഇടക്ക് എം എസ് വിശ്വനാഥന്റെയും കുന്നക്കുടി വൈദ്യനാഥന്റെയും സംഗീത സംവിധാനത്തിൽ ചില സിനിമകളിൽ പാടി. എങ്കിലും ഒരു ബ്രേക്ക് അപ്പോഴും ഏറെ അകലെയായിരുന്നു. ഗുമസ്താവിൻ മകൾ (1974) എന്ന പടത്തിൽ വൈദ്യനാഥന് വേണ്ടി പാടാൻ ചെന്നപ്പോഴാണ് സംവിധായകൻ എ പി നാഗരാജൻ ചാത്തുനായർ വാസുദേവൻ നായരെ മലേഷ്യ വാസുദേവൻ ആയി ``ജ്ഞാനസ്നാനം'' ചെയ്യിച്ചത്. ആദ്യമാദ്യം ചെറിയൊരു സങ്കോചം തോന്നിയെങ്കിലും പതുക്കെ പുതിയ പേരുമായി പൊരുത്തപ്പെട്ടു വാസുദേവൻ.


വിവാഹമാണ് സിനിമയിൽ തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിച്ചു വാസുദേവൻ. ഉഷ ജീവിതത്തിലേക്ക് കടന്നുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു സംഗീതജീവിതത്തിൽ വഴിത്തിരിവായി മാറിയ ``16 വയതിനിലേ'' (1977). എസ് പി ബാലസുബ്രഹ്മണ്യത്തെ മനസ്സിൽ കണ്ട് ഇളയരാജ ചിട്ടപ്പെടുത്തിയ സെവന്തിപ്പൂ മുടിച്ച എന്ന ഗാനം യാദൃച്ഛികമായി തേടിയെത്തുകയായിരുന്നു വാസുദേവനെ. കടുത്ത തൊണ്ടവേദന കാരണം പിന്മാറിയ എസ് പി ബിയ്ക്ക് പകരക്കാരനെ കണ്ടെത്തേണ്ട ഘട്ടമെത്തിയപ്പോൾ ഇളയരാജ സുഹൃത്തായ വാസുദേവനെ ഓർത്തു. താരതമ്യേന പുതുക്കക്കാരനായ പാട്ടുകാരനെ പരീക്ഷിക്കുന്നതിൽ സംവിധായകൻ ഭാരതീരാജക്കും ഉണ്ടായിരുന്നില്ല എതിർപ്പ്. പി സുശീലയോടൊപ്പമുള്ള ആ യുഗ്മഗാനം രാജയുടെ പ്രതീക്ഷയ്ക്കൊത്തുയർന്നു തന്നെ പാടി വാസുദേവൻ. ഫോക്ക് സ്പർശമുള്ള ആട്ടുക്കുട്ടി എന്ന പാട്ടും വാസുദേവന് നല്കാൻ രാജ തീരുമാനിച്ചത് അതിനുശേഷമാണ്. പടം പുറത്തുവന്നപ്പോൾ, വാസുദേവന്റെ പാട്ടുകൾ രണ്ടും സൂപ്പർ ഹിറ്റ്. തമിഴകത്ത് പുതിയൊരു തരംഗത്തിന് തുടക്കമിടുന്നു ആ പാട്ടുകൾ.
``ഇളയരാജയാണ് അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഫോക് അംശം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത്. ഗായകനെന്ന നിലയിലുള്ള എല്ലാ വളർച്ചക്കും രാജയോട് കടപ്പെട്ടിരിക്കുന്നു അദ്ദേഹം.''-- ഉഷയുടെ വാക്കുകൾ. ഹിറ്റുകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. ഏറെയും രാജയുടെ ഈണങ്ങൾ. കോടൈകാല കാട്രേ (പന്നീർ പുഷ്പങ്ങൾ), ഇന്ത മിൻമിനിക്ക് (സിവപ്പ് റോജാക്കൾ), ആയിരം മലർകളെ (നിറം മാറാത പൂക്കൾ), കണ്ണ് തുറക്കണം സ്വാമി, വാവാ വാത്തിയാരെ (മുന്താണ മുടിച്ച്), ഒരു തങ്കരഥത്തിൽ (ധർമ്മയുദ്ധം), കാതൽ വൈഭോഗമേ (ചുവർ ഇല്ലാത ചിത്രങ്ങൾ), പൂവേ ഇളയ പൂവേ (കോഴി കൂവുത്), പൂങ്കാട്രു തിരുമ്പുമാ (മുതൽ മര്യാദൈ), വാവാ വസന്തമേ (പുതുക്കവിതൈ), അള്ളിത്തന്ത ഭൂമി (ഞണ്ട്), ആശൈ നൂറു വകൈ (അടുത്ത വാരിസ്), തങ്കച്ചങ്കിലി (തൂറൽ നിൻട്രു പോച്ച്)... ``വിവാഹം കഴിഞ്ഞ കാലത്ത് ഞങ്ങൾ താമസിച്ചത് മൈലാപ്പൂരിൽ കാപാലീശ്വരൻ കോവിലിനടുത്തുള്ള ഒരു കൊച്ചു വാടകവീട്ടിലാണ്. റെക്കോർഡിംഗും ഗാനമേളകളുമൊക്കെയായി തിരക്കേറിയതോടെ സാലിഗ്രാമത്തിൽ ഒരു വീട് വാങ്ങി. അന്നൊക്കെ ശ്വാസം വിടാൻ പോലും സമയമില്ലാത്തത്ര തിരക്കായിരുന്നു അദ്ദേഹത്തിന്. അതികാലത്ത് പുറത്തുപോയാൽ അർദ്ധരാത്രിയാകും തിരിച്ചുവരാൻ. മക്കളൊക്കെ വളർന്നു വലുതാകുന്നത് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പിന്നീട് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.'' -- ഉഷ.

ശിവാജി ഗണേശനും രജനികാന്തിനും വേണ്ടിയാണ് ആദ്യകാലത്ത് വാസുദേവൻ അധികം ഹിറ്റ് ഗാനങ്ങളും പാടിയത്. രജനിക്ക് ഏറ്റവും ഇണങ്ങുന്ന ശബ്ദം വാസുദേവന്റേതാണെന്ന വിശ്വാസം തന്നെയുണ്ടായിരുന്നു അക്കാലത്ത് തമിഴ് സിനിമാ വേദിയിൽ. ``ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴരെപ്പോലും അതിശയിക്കുന്ന തമിഴ് ഉച്ചാരണമായിരുന്നു വാസുവണ്ണന്റെത്.''-- ഗായകൻ കൃഷ്ണചന്ദ്രൻ ഓർക്കുന്നു. ``ടി എം എസ് ആയിരുന്നു എക്കാലവും അദ്ദേഹത്തിന്റെ ആരാധനാ പുരുഷൻ. തമിഴ് സിനിമയിൽ പാടിത്തുടങ്ങിയ കാലത്ത് ടി എം എസ്സിന്റെയും സുശീലാമ്മയുടേയുമൊക്കെ പാട്ടുകൾ സസൂക്ഷ്മം കേട്ട് ഉൾക്കൊള്ളാൻ എന്നെ ഉപദേശിക്കും അദ്ദേഹം. ആ ഗാനങ്ങളിലാണ് തമിഴകത്തിന്റെ യഥാർത്ഥ സംസ്കാരം തുടിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.'' ടി എം എസ്സിന്റെ പാട്ടുകൾ ചെറുപ്പത്തിലേ പാടി ശീലിച്ചതുകൊണ്ടാവണം, ഉയർന്ന സ്ഥായിയിൽ അനായാസം സഞ്ചരിക്കുമായിരുന്നു വാസുദേവന്റെ ശബ്ദം. മലയാളത്തിൽ പാടുമ്പോൾ പോലും തമിഴ് ഫോക് സംഗീതത്തിന്റെ സ്വാധീനം പൂർണ്ണമായി ഉപേക്ഷിച്ചില്ല അദ്ദേഹം. കാബൂളിവാലയിലെ പിറന്നൊരീ മണ്ണും (സംഗീതം: എസ് പി വെങ്കിടേഷ്), വിഷ്ണുലോകത്തിലെ പാണപ്പുഴ (രവീന്ദ്രൻ) എന്നീ ഗാനങ്ങൾ ഓർക്കുക
ഇടക്കൊരു സാഹസം കൂടി ചെയ്തു വാസുദേവൻ-- നീ സിരിത്താൽ ദീപാവലി (1991) എന്നൊരു സിനിമ നിർമ്മിച്ചു സംവിധാനം ചെയ്തു. ബോക്സാഫീസിൽ ദയനീയമായി പരാജയപ്പെട്ട ആ പടം രണ്ടു തരത്തിൽ വാസുദേവന് വിനയായി. സാമ്പത്തികത്തകർച്ചയായിരുന്നു ആദ്യ ആഘാതം. മാത്രമല്ല, പടം നിർമ്മിച്ചു സംവിധാനം ചെയ്തതോടെ പലരും വാസുദേവനെ പാടാൻ വിളിക്കാതെയായി എന്ന് ഉഷ. അപ്പോഴേക്കും തമിഴ് സിനിമാ വേദിയിൽ ഇളയരാജ തരംഗം മങ്ങിത്തുടങ്ങിയിരുന്നു. എ ആർ റഹ്മാന്റെ യുഗം ആരംഭിച്ചതോടെ സ്വാഭാവികമായും വാസുദേവനെ പോലുള്ള ഗായകർക്ക് അവസരങ്ങൾ കുറഞ്ഞു. എങ്കിലും അപൂർവം ചില നല്ല പാട്ടുകൾ വാസുദേവനെ കൊണ്ട് പാടിക്കാൻ റഹ്മാൻ തയ്യാറായി. സിനിമയിലെത്തും മുൻപ് കീബോർഡ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിരുന്ന കാലത്ത് റഹ്മാനെ (അന്ന് ദിലീപ്) ചെന്നൈയിലെ പ്രമുഖ ഓഡിയോ കമ്പനികൾക്ക് പരിചയപ്പെടുത്തിയത് വാസുദേവനാണ്. റഹ്മാന്റെ ആദ്യകാല ആൽബമായ ഡിസ്കോ ഡിസ്കോയിലെ (1987) മുഖ്യ ഗായകനും വാസുദേവൻ തന്നെ. റഹ്മാന് വേണ്ടി പാടിയ പാട്ടുകളിൽ തെൻകിഴക്ക് ചീമയിലേ ( കിഴക്ക് ചീമയിലേ), കാട് പോട്ട കാട് (കറുത്തമ്മ) എന്നിവ ശ്രദ്ധേയം. എങ്കിലും ഗായകനെന്ന നിലയിൽ മലേഷ്യ വാസുദേവന്റെ സുവർണ്ണകാലം മിക്കവാറും അസ്തമിച്ചു കഴിഞ്ഞിരുന്നു. പക്ഷാഘാതം ആ വീഴ്ചയുടെ തീവ്രത കൂട്ടിയെന്ന് മാത്രം. ``വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞങ്ങൾ പിന്നീട് കടന്നുപോയത്. സാമ്പത്തിക പ്രശ്നങ്ങൾ തന്നെ മുഖ്യം.അദ്ദേഹം മരിച്ചതോടെ ശരിക്കും ഇരുട്ടിലായി ഞങ്ങൾ. ആ വിഷമസന്ധിയിൽ നിന്ന് കുടുംബത്തെ കരകയറ്റിയത് മക്കളാണ്. മൂന്നു പേരും നല്ല നിലയിൽ കഴിയുന്നു ഇപ്പോൾ.''

പാട്ടുകാരനും അറിയപ്പെടുന്ന നടനുമാണ് മൂത്തയാളായ യുഗേന്ദ്രൻ. പൂവെല്ലാം ഉൻ വാസം എന്ന സിനിമയിൽ പ്രതിനായകനായി അരങ്ങേറിയ യുഗേന്ദ്രൻ പിന്നീട് യൂത്ത്, ഭഗവതി, തിരുപ്പാച്ചി, യുദ്ധം സെയ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സഹോദരിമാരായ പവിത്രയും പ്രശാന്തിനിയും നല്ല പാട്ടുകാർ. വാരണം ആയിരം എന്ന സിനിമയിൽ നരേഷ് അയ്യർക്കൊപ്പം പാടിയ മുൻദിനം പാർത്തേ എന്ന പാട്ടാണ് പ്രശാന്തിനിയെ പ്രശസ്തയാക്കിയത്. ചെന്നൈയിൽ താമസിക്കുന്നു ഇപ്പോൾ പ്രശാന്തിനി. യുഗേന്ദ്രൻ കുടുംബസമേതം ന്യൂസീലൻഡിലും. റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്ന മകൾ പവിത്രക്കും ഭർത്താവ് പ്രകാശിനുമൊപ്പം മലേഷ്യയിലാണ് ഉഷ വാസുദേവൻ. ``കോവിഡിന് മുൻപ് മകളോടൊപ്പം കുറച്ചു നാൾ താമസിക്കാൻ ഇവിടെ വന്നതാണ്. ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇനിയെന്നാണ് ചെന്നൈയിലേക്ക് തിരിച്ചുപോകാൻ കഴിയുക എന്നറിയില്ല.''-- ഉഷ.

ഭർത്താവിന്റെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? ഉഷയോടൊരു ചോദ്യം. ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല ഉത്തരം നല്കാൻ: ``മുതൽ മര്യാദയിലെ പൂങ്കാട്രു തിരുമ്പുമാ .. പിന്നെ ഞണ്ടിലെ അള്ളിത്തന്ത വാനം, പന്നീർ പുഷ്പങ്കളിലെ കോടൈകാല കാട്രേ... ജീവിതത്തിൽ അത്ര റൊമാന്റിക് ആയിരുന്നു അദ്ദേഹം എന്ന് പറയാൻ പറ്റില്ല. നല്ലൊരു കുടുംബസ്ഥനായിരുന്നു. പക്ഷേ പ്രണയഗാനങ്ങൾ അദ്ദേഹം പാടിക്കേൾക്കുമ്പോൾ അതിലും വലിയൊരു റൊമാന്റിക് ഇല്ല എന്ന് തോന്നും. അതായിരുന്നു ഞാനറിയുന്ന എന്റെ ഭർത്താവ്..''

Content Highlights : Malaysia Vasudevan Singer Ravi menon Paattuvazhiyorathu