കിഴക്കേ പുത്തൻമാളിയേക്കൽ ചാത്തുക്കുട്ടി, നമ്പലാട്ട് നാരായണൻകുട്ടി, പദ്മജാ തമ്പി, ശിവജ്ഞാനം, കലൈവാണി, തോമസ് ജെറോം വെളീപ്പറമ്പിൽ, ഡാനിയൽ രാസയ്യ, പി.ജെ. റോസിലി, വേലപ്പൻനായർ, ചിത്തിരകുമാരി, സുജിത് വാസുദേവൻ... പറഞ്ഞുകേൾക്കുമ്പോൾ   ഒട്ടും പരിചയംതോന്നാനിടയില്ലാത്ത  പേരുകൾ. പക്ഷേ, ഏറെ പരിചിതമാണ് നമുക്കിവരുടെ മുഖങ്ങൾ; ശബ്ദങ്ങളും.

ചാത്തുക്കുട്ടിയുടെ കാര്യമെടുക്കുക. പാലക്കാട് ജില്ലയിലെ തരൂരിൽ ജനിച്ച്‌ സിംഗപ്പൂരിൽ വളർന്ന  ചാത്തുക്കുട്ടി ചെറുപ്പംമുതലേ നന്നായി പാടും. ഭാവമധുരമായ ശബ്ദവും ആഴത്തിലുള്ള ശാസ്ത്രീയസംഗീതജ്ഞാനവുമുണ്ട്. പ്രിയപുത്രൻ വിശ്രുതഗായകനായി വളരും  എന്ന പ്രതീക്ഷ അന്നേയുണ്ടായിരുന്നിരിക്കണം അമ്മു നേത്യാരമ്മയ്ക്ക്. ചാത്തുക്കുട്ടി എന്ന പഴമതോന്നിക്കുന്ന പേര് മാറ്റി കുറച്ചുകൂടി കാവ്യാത്മകവും സംഗീതസാന്ദ്രവുമായ  ഒരു പേര് അവന്‌ സമ്മാനിച്ചു അവർ-ഭാനുപ്രകാശ്.  തീർന്നില്ല. പഠിച്ച സ്കൂളിലെ അധ്യാപികമാർ ഒന്നുകൂടി പരിഷ്കരിച്ചു ആ പേര്.  ഭാനുപ്രകാശിനെ  ഉദയഭാനുവാക്കി അവർ. ചാത്തുക്കുട്ടിയിൽനിന്ന് കെ.പി. ഉദയഭാനുവിലേക്കും അവിടെനിന്ന് മലയാളിയുടെ സംഗീതഹൃദയങ്ങളിലേക്കുമുള്ള ആ പാട്ടുകാരന്റെ വളർച്ച ഇന്ന് ചരിത്രത്തിന്റെ ഭാഗം. 

ഗുരുവായൂർക്കാരൻ നാരായണൻകുട്ടിയെ ഉണ്ണിമേനോനാക്കിയത് അടുത്ത സുഹൃത്ത് മോഹൻരാജാണ്.  സിനിമയിൽ അവസരങ്ങൾക്കായി കാത്തിരുന്ന യുവഗായകനെ ആദ്യകാലത്ത് ഏറ്റവും പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ ഈ സുഹൃത്തായിരുന്നു. ‘‘എന്നെ വലിയൊരു പാട്ടുകാരനായി കാണണമെന്നായിരുന്നു മോഹൻരാജിന്റെ മോഹം. ഞാനറിയാതെതന്നെ   മഹാലിംഗപുരത്തെ അയ്യപ്പൻ കോവിലിൽ ഒരു ഭക്തിഗാനക്കച്ചേരിക്ക് എന്റെ പേര് കൊടുക്കുന്നു മോഹൻ. പാടാൻ ചെന്നപ്പോഴാണ് രസം. ഉണ്ണിമേനോൻ എന്നൊരു പുതിയ പേരിലാണ് രജിസ്‌ട്രേഷൻ. വീട്ടിൽ വിളിക്കുന്ന പേരിനൊപ്പം ഒരു മേനോൻകൂടി ചേർത്ത്  മോഹൻരാജ് അന്ന് സമ്മാനിച്ച പേര് പിന്നെ എന്നെ വിട്ടുപിരിഞ്ഞതേയില്ല. ഒരർഥത്തിൽ എനിക്ക് ഭാഗ്യം കൊണ്ടുവന്ന പേരായിരുന്നു അത്.  പഴയ നാരായണൻകുട്ടി ഇന്ന് ഓർമയുടെ ഭാഗം’’-ഉണ്ണിമേനോൻ.

തോമസ് ജെറോം വെളീപ്പറമ്പിൽ എന്നാണ്‌ ജെറി അമൽദേവിന്റെ യഥാർഥ പേര്. ‘‘ഐറിഷ് ചുവയുള്ള പേരാണ് ജെറോം. അക്കാലത്ത് കൊച്ചിയിലും പരിസരത്തും തമ്പടിച്ചിരുന്ന ബ്രിട്ടീഷ്സേനയിൽ  ധാരാളം  അയർലൻഡുകാരുമുണ്ടായിരുന്നു. ആ സ്വാധീനത്തിലാകാം   ഇതുപോലൊരു പേര് അമ്മ എനിക്ക് കണ്ടെത്തിയത്.  എങ്കിലും വീട്ടിൽ ജെറി എന്നായിരുന്നു എന്റെ വിളിപ്പേര്.’’  കൗമാരകാലത്ത് കുറച്ചുനാൾ പൗരോഹിത്യ പരിശീലനവുമായി വടക്കേ ഇന്ത്യയിൽ സെമിനാരിയിൽ കഴിയേണ്ടി വന്നപ്പോഴാണ് ജെറിക്ക് സ്വന്തം പേര്‌ ഒരു ബാധ്യതയാകുന്നത്. ബ്രദർ ജെറോം വെളീപ്പറമ്പിൽ എന്ന് വൃത്തിയായി ഉച്ചരിക്കാൻ വയ്യ ആർക്കും. എങ്കിൽപ്പിന്നെ അതൊന്ന്‌ പരിഷ്കരിച്ചുകളയാമെന്ന് തീരുമാനിക്കുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സ്പർശമുള്ള അമൽദേവ് എന്ന പേര് സ്വീകരിക്കുന്നത് അങ്ങനെയാണ്. അർഥം കൊള്ളാം: കളങ്കമില്ലാത്ത ദേവൻ. പിൽക്കാലത്ത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ സംഗീതത്തിൽ സജീവമായതും അതേ പേരിൽത്തന്നെ.

കസ്തൂരിത്തൈലമിട്ട്‌ മുടിമിനുക്കീ..., പ്രിയസഖി ഗംഗേ പറയൂ..., ഇന്നെനിക്ക് പൊട്ടുകുത്താൻ... തുടങ്ങി മറക്കാനാവാത്ത ഒട്ടേറെ പാട്ടുകൾക്ക് ശബ്ദം നൽകിയ ഗായികയെ ശിവജ്ഞാനം എന്നപേരിൽ അറിയുന്നവർ ചുരുങ്ങും. തൃശ്ശിനാപ്പള്ളിക്കാരായ അച്ഛനമ്മമാർ മകൾക്ക് നൽകിയ പേര് അതായിരുന്നു. വി. ജയറാമുമായുള്ള വിവാഹസമയത്ത് ശിവജ്ഞാനത്തിന്‌ പ്രായം പതിമ്മൂന്ന്. ഭാര്യയിലെ അനുഗൃഹീതഗായികയെ തിരിച്ചറിഞ്ഞ്‌ പ്രോത്സാഹിപ്പിക്കാൻ ഒരിക്കലും മടികാണിക്കാത്ത  ജയറാം, ഒരു പുതിയ പേരുകൂടി സമ്മാനിച്ചു അവർക്ക് മാധുരി. ചെന്നൈയിലേക്കുള്ള യാത്രയും സംഗീതസംവിധായകൻ ദേവരാജനുമായുള്ള കൂടിക്കാഴ്ചയും ‘കടൽപ്പാല’ത്തിലൂടെ പിന്നണിസംഗീതത്തിലേക്കുള്ള ആദ്യചുവടുവെപ്പും മാധുരിയുടെ പിന്നീടുള്ള ജൈത്രയാത്രയുടെ ഭാഗം.  തൊട്ടുപിറകെ ‘ഗുഡ്ഢി’യിലെ ബോൽ രേ പപീഹരാ എന്ന സുന്ദരഗാനം പാടി ഹിന്ദിയിലും ‘സൗരയൂഥത്തിൽ വിടർന്നൊരു...’ എന്ന ഗാനം പാടി മലയാളത്തിലും  അരങ്ങേറിയ വാണി ജയറാമിന്റെ യഥാർഥ പേരുകൂടി അറിയുക -കലൈവാണി. ‘തേടിവരും കണ്ണുകളിൽ...’ ഉൾപ്പെടെ മലയാളസിനിമയിലെ നിരവധി കുട്ടിപ്പാട്ടുകൾക്ക് ശബ്ദംനൽകിയ അമ്പിളി, അച്ഛനും അമ്മയ്ക്കും സഹപാഠികൾക്കും പദ്മജ ആയിരുന്നു പദ്മജ തമ്പി.

കെ.എസ്. ചിത്രയെ ചിത്തിരകുമാരിയായി സങ്കൽപ്പിക്കാൻപറ്റുമോ നമുക്ക്? ‘‘ചിത്രയാണ് എന്റെ നക്ഷത്രം. ആ പേരുതന്നെയാണ് അച്ഛനമ്മമാർ ഇട്ടതും. പക്ഷേ, ജാതകം എഴുതിയ അമ്മയുടെ അച്ഛൻ പുസ്തകത്തിന്റെ മുകളിൽ ചിത്തിരകുമാരി എന്നെഴുതി. ഇന്നത് കാണുമ്പോൾ കൗതുകം തോന്നും. ആ പേരായിരുന്നെങ്കിലോ?’’ -ചിത്ര. എ.ആർ. റഹ്മാന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ഗാനമായ ‘‘ചിന്ന ചിന്ന ആശൈ’’ പാടി അനശ്വരമാക്കിയ മിൻമിനിയുടെ യഥാർഥ പേര് പി.ജെ. റോസിലി എന്നാണെന്ന് എത്രപേർക്കറിയാം? മിനി എന്നായിരുന്നു വീട്ടിൽ റോസിലിയുടെ ചെല്ലപ്പേര്. പാട്ടുപാടിത്തുടങ്ങിയത് മിനി ജോസഫ് എന്ന പേരിലും. പക്ഷേ, മീര (1991)യിൽ തനിക്കുവേണ്ടി പാടാനെത്തിയ മിനിക്ക് ഇളയരാജ മിന്നാമിനുങ്ങിന്റെ തിളക്കമുള്ള മറ്റൊരുപേര് നൽകി  മിൻമിനി. ഇതേ ഇളയരാജ ‘ഇശൈജ്ഞാനി’യാകുന്നതിനും വർഷങ്ങൾമുമ്പുവരെ അറിയപ്പെട്ടിരുന്നത് ഡാനിയൽ രാസയ്യ എന്ന പേരിലായിരുന്നു എന്നുകൂടി ഓർക്കണം. പീറ്റർ റൂബൻ എന്നപേരിൽ ‘കാറ്റു വിതച്ചവ’നിലെ മനോഹര ഗാനങ്ങളൊരുക്കിയ (മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു, നീയെന്റെ പ്രാർഥന കേട്ടു)  കൂട്ടുകെട്ടിലെ പങ്കാളികൾ പരമശിവം ഭഗവതരും രൂപനേശനുമാണെന്ന് എത്രപേർക്കറിയാം? അപാരസുന്ദര നീലാകാശം (വിത്തുകൾ) എന്ന ക്ലാസിക് ഗാനമൊരുക്കിയ പുകഴേന്തി തമിഴനാണെന്ന് വിശ്വസിച്ചിരുന്നു പലരും. തിരുവനന്തപുരത്ത് ചാലയിൽ ജനിച്ചുവളർന്ന വേലപ്പൻ നായർ ആരെയും തിരുത്താൻ പോയില്ല. ഗുരുവായ എം.പി. ശിവം കനിഞ്ഞുനൽകിയ ആ പേര് വേലപ്പൻനായർക്ക് സിനിമയിൽ രാശിയായി മാറി. ബാബുരാജ് എന്ന പേര് മുഹമ്മദ് സാബിറിന് ഭാഗ്യം കൊണ്ടുവന്നതുപോലെ.

kishore kumar
കിഷോർ കുമാർ

തീർന്നില്ല, വിജയഗാഥകളിലേക്ക്‌ വഴിതുറന്ന പേരുമാറ്റങ്ങൾ ഇനിയുമുണ്ട്. സിനിമയിൽ ഗായകനായി ഭാഗ്യം പരീക്ഷിക്കാനെത്തിയ  കൊല്ലംകാരൻ സുജിത്ത് വാസുദേവനെ ഇന്ന് നാമറിയുക സംഗീതസംവിധായകൻ ശരത് ആയാണ്. തിരുവനന്തപുരത്തുകാരൻ ശശിധരനെ ശ്രീകാന്ത് ആക്കി ‘ജ്ഞാനസ്നാനം’ ചെയ്യിച്ചതും  ‘ഇതിഹാസങ്ങൾ ജനിക്കും മുമ്പേ...’ എന്ന ഗാനത്തിലൂടെ അനശ്വരനാക്കിയതും ദേവരാജൻമാസ്റ്റർ. സാമുവൽ ജോസഫിനെ ശ്യാം ആക്കിയത് ഗുരുവായ എം.എസ്. വിശ്വനാഥൻ.  തിരുമലക്കാരൻ ശിവശങ്കരൻ നായർക്ക് പാട്ടെഴുത്തിൽ ഭാഗ്യംകൊണ്ടുവന്നത് ബിച്ചു എന്ന വിളിപ്പേരാണ്.  അല്ലാ രഖാ റഹ്മാനിലേക്കുള്ള ദിലീപിന്റെ വളർച്ചയുടെ കഥയും ഏറെ പ്രശസ്തം. ആ  വളർച്ചയാണ്  സിനിമയിലും ജീവിതത്തിലും തന്റെ വിധി തിരുത്തിക്കുറിച്ചതെന്ന് പറയും എ.ആർ. റഹ്മാൻ.

പക്ഷേ, ഇന്ത്യൻ സിനിമാസംഗീതത്തിലെ ചരിത്രംസൃഷ്ടിച്ച പേരുമാറ്റം ഇതൊന്നുമല്ല. ഗോവയിൽ കുടുംബവേരുകളുള്ള ഒരു  മറാത്തി പെൺകുട്ടിയാണ് ആ കഥയിലെ നായിക. മാതാപിതാക്കൾ മകൾക്കിട്ട പേര് ഹേമ. അച്ഛൻ സ്നേഹത്തോടെ ഹൃദയ എന്ന് വിളിച്ചു അവളെ. പക്ഷേ, നാടൊട്ടുക്കും ആ കുട്ടി അറിയപ്പെട്ടത് മറ്റൊരു പേരിലാണ്-ലത. ഇന്ത്യൻ സിനിമയുടെ ചരിത്രവുമായിത്തന്നെ  ഇഴുകിച്ചേർന്നുകിടക്കുന്നു ലതാ മങ്കേഷ്കറുടെ പിന്നീടുള്ള സംഗീതയാത്ര. അഭാസ് കുമാർ ഗാംഗുലി എന്ന ബംഗാളി യുവാവിനെ കിഷോർ കുമാർ ആയേ നാമറിയൂ 1940-കളിൽ ബോംബെ ടോക്കീസ് ചിത്രങ്ങൾക്കുവേണ്ടി കോറസ് പാടിത്തുടങ്ങിയ കാലത്ത് സ്വീകരിച്ച പേര്. ഗായകൻ തലത്ത് മഹമൂദും ആദ്യകാലത്ത് ഒരു പേരുമാറ്റം പരീക്ഷിച്ചതാണ്. ഫലമുണ്ടായില്ലെന്നുമാത്രം. ബംഗാളിയിൽ തപൻകുമാർ എന്നപേരിൽ കുറേ റെക്കോഡുകൾ പുറത്തിറക്കിയെങ്കിലും സ്വന്തം പേരിലേക്ക് തിരിച്ചുവന്ന് പിൽക്കാലത്ത് ഹിന്ദി സിനിമയിൽ ഗസലിന്റെ ചക്രവർത്തിയായി പേരെടുക്കാനായിരുന്നു തലത്തിന് യോഗം.

പ്രതിഭയെ പേരുകൊണ്ടുമാത്രം അളക്കാൻ പറ്റില്ല എന്നത്  സത്യം. പക്ഷേ, കേൾക്കാൻ ഇമ്പമുള്ള ഒരു പേരുണ്ടെങ്കിൽ ആർക്കുണ്ട് പരാതി