പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് മലയാളികളിൽ അധികം പേർ കേൾക്കാതെ പോയതിലുള്ള ദുഃഖം പലതവണ പങ്കുവെച്ചിട്ടുണ്ട് എം ജി രാധാകൃഷ്ണൻ. അശ്ലീലം ആരോപിച്ച് ആകാശവാണി ആ ഗാനത്തെ വർഷങ്ങളോളം പടിക്കു പുറത്ത് നിർത്തിയതാണ് കാരണം.

 അശ്ലീലഭാഷണം (ജീവിതത്തിന്റെ പരിച്ഛേദം എന്ന്  ബുദ്ധിജീവിമതം) മലയാളസിനിമയുടെ, വിശിഷ്യാ ഒ ടി ടി പ്ലാറ്റ്ഫോമിന്റെ  മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കൗതുകമുണർത്തിയേക്കാവുന്ന ഓർമ്മ. കുമാരസംഭവത്തിൽ  (1969)   വയലാർ-- ദേവരാജൻ ടീമിനുവേണ്ടി എം ജി രാധാകൃഷ്ണനും ബി വസന്തയും  പാടിയ ആ പാട്ടിന്റെ പല്ലവി ഇങ്ങനെ: ``മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണർത്തുവാൻ മല്ലീശരന്റെ വില്ലിൽ മണികിലുങ്ങി, പുത്തിലഞ്ഞി മരത്തിന്മേൽ പുഷ്പിണികൾ വള്ളികൾ മുത്തണിമുല ചേർത്തു പുണർന്നുറങ്ങീ...''

ആ പുണർന്നുറങ്ങലാണ് പാട്ടിന് വിനയായതെന്ന് എം ജി ആർ. "മുല എന്ന വാക്ക് അന്നൊക്കെ രഹസ്യമായി മാത്രമേ ആളുകൾ പറയൂ. അശ്ലീലമാണെന്നാണ് വെപ്പ്. സ്വാഭാവികമായും ആകാശവാണിയിലൂടെ  ആ ഗാനം കേൾപ്പിക്കുന്നതിന് രൂക്ഷമായ എതിർപ്പ് വന്നു. അന്നത് സ്വാഭാവികമായിരുന്നു താനും. നല്ലൊരു പാട്ട് ആളുകൾ കേൾക്കാതെ പോയി എന്നത് എന്റെ നിർഭാഗ്യം.'' ഇന്നും അപൂർവമായേ കേൾക്കാറുള്ളൂ ആ ഗാനം റേഡിയോയിൽ. കുമാരസംഭവത്തിലെ മറ്റെല്ലാ ഗാനങ്ങളും (പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട, പ്രിയസഖി ഗംഗേ, ഓങ്കാരം ഓങ്കാരം, ഇന്ദുകലാമൗലി, എല്ലാം ശിവമയം, മായാനടനവിഹാരിണി, ശൈലനന്ദിനി, ശരവണപ്പൊയ്കയിൽ..) സൂപ്പർ ഹിറ്റായിരുന്നു എന്നോർക്കുക.

ഹിന്ദുസ്ഥാനി രാഗമായ ബസന്ത് ബഹാറിലാണ് ദേവരാജൻ മാസ്റ്റർ മല്ലാക്ഷീമണിമാരിൽ  ചിട്ടപ്പെടുത്തിയത്. ഈ രാഗത്തിൽ വിരലിലെണ്ണാവുന്ന പാട്ടുകൾ പോലുമില്ല മലയാളത്തിൽ.  മൻ കി ബിൻ മത് വാരി ബാജേ ( റഫി, ലത -- ചിത്രം: ശബാബ്),  കേതകി ഗുലാബ് (ഭീംസെൻ ജോഷി, മന്നാഡേ -- ചിത്രം: ബസന്ത് ബഹാർ) തുടങ്ങി ചുരുക്കം ഗാനങ്ങളേയുള്ളൂ ഹിന്ദിയിൽത്തന്നെ.

അശ്‌ളീലധ്വനി മൂലം പ്രതിക്കൂട്ടിലായ വേറെയും ഗാനങ്ങളുണ്ട് മലയാളത്തിൽ: പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ (ഏണിപ്പടികൾ), മുക്കുവപ്പെണ്ണേ മുക്കുവപ്പെണ്ണേ (കടലമ്മ),  ആറ്റിൻകര നിന്നും കുറവൻ പുല്ലാങ്കുഴലൂതി (ഒട്ടകം)...ഉദാഹരണങ്ങൾ നിരവധി.

ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെയെത്തി തഴയപ്പെട്ട ``അമ്പലമില്ലാതെ ആൽത്തറയിൽ വാഴും'' (പാദമുദ്ര) എന്ന ഗാനത്തെക്കുറിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പങ്കുവെച്ച ഓർമ്മ കൂടി കേൾക്കുക:

"അവാർഡ് നിഷേധിക്കാൻ  ജൂറി കണ്ടെത്തിയ കാരണം അശ്ലീലത്തിന്റെ അതിപ്രസരമായിരുന്നത്രേ. പിറ്റേന്ന് പത്രങ്ങളിൽ നിന്നാണ് ഞാൻ അക്കാര്യം അറിഞ്ഞത്. ``കാമനെ ചുട്ടൊരു കണ്ണിൽ കനലല്ല കാമമാണിപ്പോൾ ജ്വലിപ്പതെന്നോ, കുന്നിൻ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ' എന്നീ വരികൾ ജൂറിയിലെ ഏതോ അംഗം  വികലമായി തർജമ ചെയ്തു കൊടുത്തതാണ് പ്രശ്നമായത്‌....'' അശ്ലീലം ആരോപിച്ച് ആകാശവാണിയുടെ ചില നിലയങ്ങളെങ്കിലും  ഈ ഗാനം ഏറെക്കാലം   പ്രക്ഷേപണം ചെയ്തില്ല എന്ന് കൂടി അറിയുക.  

കാലം പാടെ മാറി. പഴയ അശ്ലീലങ്ങൾ പലതും ശ്ലീലങ്ങളായി.  സിനിമയിലും ആ മാറ്റം പ്രകടം. എങ്കിലും ഒരു സംശയം ബാക്കി: ഒ ടി ടി എന്നാൽ ``ഓടിക്കോ തെറി തെറി'' എന്നാവുമോ?

content highlights  : Malayalam movie songs MG Radhakrishnan Vidhyadharan master