പാവം സ്‌കൂളായിരുന്നു ഞങ്ങളുടേത് -- കർഷകത്തൊഴിലാളികളുടെ മക്കളും  ``മംഗലാപുരക്കാ''രായ തോട്ടം തൊഴിലാളികളുടെ മക്കളും ആദിവാസിക്കുട്ടികളും പഠിച്ചിരുന്ന പഞ്ചപാവമായ ഒരു സ്‌കൂൾ.-- വയനാട്ടിലെ ചുണ്ടേൽ ആർ സി സ്‌കൂൾ.

സ്നേഹനിധികളായ കന്യാസ്ത്രീകളായിരുന്നു അവിടെ ഞങ്ങൾക്ക് അമ്മമാർ-- സിസ്റ്റർ അൽബീന, സിസ്റ്റർ ഐലീൻ, സിസ്റ്റർ റേച്ചൽ, സിസ്റ്റർ ഫ്ലോറിയാന, സിസ്റ്റർ കൊളംബോ, സിസ്റ്റർ സുനിത..... സ്വന്തം മക്കളെ പോലെ സ്നേഹിച്ചും താഡിച്ചും ശിക്ഷിച്ചും ഗുണദോഷിച്ചും വളർത്തി അവർ ഞങ്ങളെ. വിശക്കുന്ന കുട്ടികൾക്ക് മഠത്തിൽ വിളിച്ചുകൊണ്ടുപോയി ഭക്ഷണം നൽകി. ഞങ്ങളിലെ കലാവാസനകൾ പ്രോത്സാഹിപ്പിച്ചു. 

ഈസ്റ്ററും ക്രിസ്മസും പള്ളിപ്പെരുന്നാളുമായിരുന്നു ഞങ്ങളുടെ മഹോത്സവങ്ങൾ. മറ്റൊന്നുമുണ്ടായിരുന്നില്ലല്ലോ വർഷാവർഷം കണ്ണിലെണ്ണയൊഴിച്ച്  കാത്തിരിക്കാൻ. ഓരോ ഉത്സവങ്ങളോടനുബന്ധിച്ചും അരങ്ങേറിയ കലാപരിപാടികൾ ആസ്വദിക്കാൻ രാത്രിമുഴുവൻ ഉറക്കമിളച്ചു ഞങ്ങൾ. നാടോടിനൃത്തവും, സിനിമാ പാട്ടും, നാടകങ്ങളും, ടാബ്ലോകളും, ഏകാംഗാഭിനയങ്ങളും ചേർന്ന ആ കലാനിശകൾ കണ്ണിനും കാതിനും വിരുന്നായി ഞങ്ങൾക്ക്.

കലാപരിപാടികൾക്ക് എന്നും തുടക്കം കുറിച്ചിരുന്നത് ഒരു  പ്രാർത്ഥനാഗീതമാണ്  -- ``ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ....'' പാടുന്നവർ മാത്രമേ വർഷം  തോറും മാറിവന്നുള്ളൂ - ഫ്രോക്കുകാരികൾ, ഹാഫ് സ്കർട്ടുകാരികൾ, മുടി പിന്നിയിട്ടവർ, ബോബ് ചെയ്തവർ, പൊട്ടു തൊട്ടവർ, തൊടാത്തവർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ... .... പക്ഷേ പാട്ട് എന്നും ഒന്നുതന്നെ. അതിന്റെ വരികളിൽ, ലളിതസുന്ദരമായ ഈണത്തിൽ ഞങ്ങളുടെ അന്നത്തെ കൊച്ചുകൊച്ചു സ്വപ്നങ്ങൾ പീലിവിടർത്തിനിന്നു. ``അന്നന്ന് ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ'' എന്ന വരി സത്യമാവട്ടെ എന്ന് നിശബ്ദമായി പ്രാർത്ഥിച്ചു ഞങ്ങളുടെ മനസ്സുകൾ.

ഈ ഈസ്റ്ററിനും ഓർമ്മവരുന്നു ആ പാട്ട്. വയലാറും ദേവരാജനും പി സുശീലയും ചേർന്ന് സമ്മാനിച്ച ആ ഭക്തിഗാനം ഇന്നും ഏറെ പ്രിയങ്കരം. മലയാളത്തിലെ ഏറ്റവും ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളിൽ ഒന്ന്...റേഡിയോയിൽ അത് കേട്ടത് പിന്നീടാണ്. സുശീലാമ്മയുടെ പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തെ പ്രണയിച്ചു തുടങ്ങിയത് ആ പാട്ടോടെയല്ലേ?
മാഞ്ഞുപോകാത്ത ഒരു കാലത്തിന്റെ ഓർമ്മകൂടിയാണ് എനിക്ക് ആ പാട്ട്.

Content Highlights: Malayalam Christian Devotional Song Akashangalil irikkum PSusheela Ravi Menon