സദാ ചിരിക്കുന്ന മുഖമുള്ള സുന്ദരനായ  ചെറുപ്പക്കാരനെ അടുത്തുവിളിച്ചു പരിചയപ്പെടുത്തുന്നു  മാധവേട്ടൻ: ``അറിയില്ലേ? എ ആർ റഹ്‌മാന് ഭീഷണിയാകാൻ പോകുന്ന മ്യൂസിക് ഡയറക്ടർ ആണ്.''തെല്ലു ലജ്ജ കലർന്ന പുഞ്ചിരിയോടെ,  ``ഏയ് അങ്ങനെയൊന്നുമില്ല, ജീവിച്ചു പൊക്കോട്ടെ'' എന്ന് പറയാതെ പറഞ്ഞുകൊണ്ട്,  ചെന്നൈ മീഡിയ ആർട്ടിസ്റ്റ്സ് സ്റ്റുഡിയോയ്ക്ക് മുന്നിൽ എന്നെ നോക്കിനിന്ന ആ യുവാവിന്റെ പേര് വിദ്യാസാഗർ. സൗമ്യമധുരമായ ആ ചിരിയിൽ നിന്നായിരുന്നു സംഗീതയാത്രയിലെ ഏറ്റവും അമൂല്യ സൗഹൃദങ്ങളിലൊന്നിന്റെ തുടക്കം. അടുത്ത ബന്ധുവും മാഗ്നസൗണ്ട് ഓഡിയോ കാസറ്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററുമായിരുന്ന  മാധവദാസ് എന്ന മാധവേട്ടന് നന്ദി. മാധവേട്ടനാണ് വിദ്യയെ എനിക്ക് പരിചയപ്പെടുത്തിയത്; 1990 കളുടെ തുടക്കത്തിൽ.

വിദ്യാസാഗറിനെ മാത്രമല്ല, ഇന്ത്യൻ സംഗീതലോകത്തെ പല നക്ഷത്രങ്ങളെയും ഞാൻ അടുത്തറിഞ്ഞതും അവരിൽ പലരുമായും സൗഹൃദം സ്ഥാപിച്ചതും അമ്മമ്മയുടെ ഇളയ സഹോദരന്റെ  മകനായ പൊന്നാനിക്കാരൻ മാധവദാസ്  വഴി തന്നെ. ബാബാ സെഹ്‌ഗാൾ, അനുരാധ ശ്രീറാം, ഷാൻ, സാഗരിക, സുനിതാ റാവു.... ബാലഭാസ്കർ..

ബാബാ സെഹ്ഗൾ എന്ന പഞ്ചാബി ഗായകനെ കുറിച്ച് മാധവേട്ടൻ പറഞ്ഞുകേട്ടത്  1990 കളിലെ ഒരു ഓണക്കാലത്താണ്.  വിദേശ കപ്പലിലെ   കപ്പിത്താന്റെ ജോലി ഉപേക്ഷിച്ച്  മാധവേട്ടൻ സംഗീത വ്യവസായത്തിന്റെ ഭാഗമായി തീർന്നിട്ട്‌ അധിക കാലമായിരുന്നില്ല. അടുത്ത ബന്ധുവായ ശശിഗോപാൽ മാഗ്നസൌണ്ട് ഇന്ത്യ ഓഡിയോ കമ്പനി തുടങ്ങിയപ്പോൾ ദാസിനേയും  ഡയറക്ടറായി ഒപ്പം കൂട്ടുകയായിരുന്നു. എടരിക്കോട്ടെ തറവാട്ടു വീടിന്റെ ചാണകം മെഴുകിയ പടിപ്പുരയിൽ ഇരുന്ന് മുന്നിലെ വരണ്ടുകിടക്കുന്ന  പാടശേഖരത്തിൽ വാശിയോടെ പന്തുതട്ടുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനിടെ മാധവേട്ടൻ പറഞ്ഞു: ``ഞങ്ങൾ ഒരു റാപ്പ്  സിംഗറെ പരിചയപ്പെടുത്താൻ പോകുകയാണ്. ഞെട്ടാൻ തയ്യാറായിക്കോ. നിന്റെ യേശുദാസിന്റെയും കിഷോർ കുമാറിന്റെയും പാട്ട് പോലെയൊന്നുമല്ല. ഇത്. ഇന്റർനാഷണൽ സംഭവമാണ്. ആൽബം ക്ലിക്ക് ചെയ്‌താൽ പിന്നെ അയാളെ പിടിച്ചാൽ  കിട്ടില്ല. ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി   തലകുത്തനെ നിൽക്കും.'' 

ബാബാ സെഹ്ഗളിനെ ``കണ്ടെത്തിയ'' കഥയും  രസകരമായി വിവരിച്ചുതന്നു അന്ന് മാധേട്ടൻ. ``ഒരു ദിവസം കാലത്ത്  എന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ വന്നു നിന്ന് ഒരു വിദ്വാൻ പിച്ചും പേയും പറയുന്നു. ചടുലവേഗത്തിലാണ് സംസാരം. ഒരക്ഷരം പിടികിട്ടിയില്ല എനിക്ക്. നന്നായി പാടുമെന്നാണ് അവകാശവാദമെങ്കിലും  പാടാനുള്ള ഭാവമില്ല. പറച്ചിലാണ് മുഖ്യം. എങ്കിലും, പാട്ടുകാരനായി പേരെടുക്കുക എന്ന  ഒടുങ്ങാത്ത മോഹവുമായി ദിനംപ്രതിയെന്നോണം നാട്ടിന്റെ മുക്കിലും മൂലയിലും നിന്ന് മുംബൈയിൽ വന്നിറങ്ങുന്ന കാക്കത്തൊള്ളായിരം ഗാനാഗ്രഹികളിൽ നിന്ന് ഈ മനുഷ്യനെ വേറിട്ടു നിർത്തുന്ന  എന്തോ ഒരു ഘടകം  ഉണ്ടെന്നു തോന്നി എനിക്ക്.   കുറച്ചു നേരം ശ്രദ്ധിച്ചു കേട്ടപ്പോൾ അയാളുടെ  വർത്തമാനത്തിന്  പോലും  ഒരു രസികൻ താളമുള്ള പോലെ.  പാട്ടും സംസാരവും ഏതോ ബിന്ദുവിൽ മനോഹരമായി സമ്മേളിക്കുന്നു. കൊള്ളാമല്ലോ എന്നു തോന്നി അപ്പോൾ.''

സ്വന്തം കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചും ഉത്തമബോധ്യമുള്ള ഒരു സാഹസികനായ ചെറുപ്പക്കാരനെയാണ് അന്ന് ഹർജീത് സിംഗ് സെഹഗളിൽ താൻ കണ്ടതെന്ന് മാധവദാസ്‌. അല്ലെങ്കിൽ, ശ്രുതിശുദ്ധമായി പാടുന്നവരുടെ ലോകത്തേക്ക് ``പയ്യാരം പറച്ചിലു''മായി കടന്നുവരാൻ ധൈര്യപ്പെടുമോ അയാൾ? ``ഈ പുതിയ പാട്ടുകാരനെ വെച്ച് ഒരു പരീക്ഷണം നടത്തി നോക്കുന്നതിൽ തെറ്റില്ലെന്ന് തോന്നി എനിക്ക്. റാപ്പോ പോപ്പോ റെഗ്ഗെയോ എന്ത് കൊടച്ചക്രമോ ആകട്ടെ. ജനം ഇഷ്ടപ്പെടുക എന്നതാണല്ലോ പ്രധാനം.'' ഠണ്ഡാ ഠണ്ഡാ പാനി''  പിറവിയെടുക്കുന്നത്  അങ്ങനെയാണ്. ഒരു ഇന്ത്യക്കാരന്റെ ആദ്യത്തെ റാപ്പ് സംഗീത ആൽബം.

നടുക്കടൽ വിട്ട്  രണ്ടും കൽപ്പിച്ചു സംഗീതസാഗരത്തിൽ എടുത്തുചാടിയ ``കപ്പിത്താ''ന്റെ സാഹസങ്ങൾ അവിടെ അവസാനിച്ചില്ല. പത്രപ്രവർത്തനമായിരുന്നു അടുത്ത മേച്ചിൽപ്പുറം. തെന്നിന്ത്യൻ സിനിമാവാർത്തകളും അഭിമുഖങ്ങളും ഫീച്ചറുകളുമൊക്കെയായി ആഘോഷപൂർവം വിപണിയിലെത്തിയ ഒരു ഗ്ലാമർ മാസികയുടെ പത്രാധിപ സ്ഥാനത്താണ് പിന്നീടദ്ദേഹത്തെ കണ്ടത്.``മാധേട്ടാ, ജേർണലിസത്തിൽ മുൻപരിചയമില്ലാതെ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടാൽ കൈപൊള്ളില്ലേ?''-- എന്റെ ചോദ്യം. ``മ്യൂസിക് ബിസിനസ്സിൽ ഞാൻ ഇറങ്ങിയത് ക്‌ളാസിക്കൽ മ്യൂസിക് പഠിച്ചിട്ടാണോടോ?''-- മാധവേട്ടന്റെ മറുചോദ്യം. ``എല്ലാം കച്ചവടമാണ്. ജയിച്ചാൽ ജയിച്ചു. പൊട്ടിയാൽ പൊട്ടി. അത്രേയുള്ളൂ..''

പേടിച്ചപോലെ പത്രപ്രവർത്തനവും പാളി. എങ്കിലെന്ത്? മാസിക പൂട്ടിക്കെട്ടിയപ്പോൾ അടുത്ത ലാവണം ഉടൻ കണ്ടെത്തി മാധവേട്ടൻ. ഒരു യൂട്യൂബ് ഇന്റർവ്യൂ ചാനൽ. ``കാലത്തിനനുസരിച്ചു മാറേണ്ടെടോ നമ്മൾ.''-- ആയിടക്ക് വിളിച്ചപ്പോൾ മാധവേട്ടൻ പറഞ്ഞു. ``പ്രിന്റ് മീഡിയയുടെ കാലം കഴിഞ്ഞു. ഇനിയങ്ങോട്ട് ഡിജിറ്റൽ തരംഗമാണ്. ഒരു മുഴം മുന്നേ എറിഞ്ഞുനോക്കി ഞാൻ എന്നേയുള്ളൂ..''

അവസാനം കണ്ടപ്പോഴും പുതിയ പദ്ധതികളെകുറിച്ചായാണ് മാധവേട്ടൻ വാചാലനായത്. ``പാട്ടുകളുടെ പിന്നാമ്പുറക്കഥകൾ കുറെ നിന്റെ കയ്യിലില്ലേ? അതുവച്ച് നമുക്കൊരു യൂട്യൂബ് ചാനൽ തുടങ്ങണം. മാക്സിമം അഞ്ചു മിനുട്ട് വീഡിയോസ് മതി. ഒന്നാലോചിക്ക്..ഞാൻ വിളിക്കാം.''
കാത്തിരുന്ന ആ വിളി ഒരിക്കലും വന്നില്ല. ഇന്നലെ തൃശൂരിൽ വെച്ച് ഹൃദയസ്തംഭനം മൂലം മാധവേട്ടൻ മരണത്തിന് കീഴടങ്ങിയ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. മാഗ്നസൗണ്ട് കാസറ്റ് നേരത്തെ യാത്രയായി; ഇപ്പോഴിതാ അതിന്റെ ശില്പികളിലൊരാളും. നെറ്റിയിലേക്ക് വാർന്നുകിടക്കുന്ന ആ മുടിയും ചിരി മങ്ങാത്ത മുഖവും എന്തിനെയും നർമ്മബോധത്തോടെ  കാണുന്ന മനസ്സും ഇനി ഓർമ്മ.

 

content highlights : magna sounds owner madhavdas rememberance ravi menon paattuvazhiyorathu