രു ശിക്ഷയുടെ `മധുരവേദന'യില്‍ നിന്ന് തുടങ്ങുന്നു ലതാ മങ്കേഷ്‌കറുടെ പാട്ടുകളുമായുള്ള ഗാനഗന്ധര്‍വന്റെ ആത്മബന്ധം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അന്ന് യേശുദാസ്. തോപ്പുംപടി  സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയോരത്തുള്ള   ചായക്കടയില്‍ നിന്ന് മിക്കവാറും ദിവസം പട്ടുപോലെ നേര്‍ത്ത ശബ്ദത്തില്‍ മനോഹരമായ ഒരു ഗാനം കേള്‍ക്കാം: ``ചുപ് ഗയാ കോയീരേ ദൂര്‍  സേ പുകാര്‍ കേ..'' ആരാണ് പാട്ടുകാരിയെന്നറിയില്ല. ഏതു സിനിമയെന്നും. പക്ഷേ പാട്ടിന്റെ ലഹരിയില്‍ അങ്ങനെ മതിമറന്ന് റോഡരികില്‍ നില്‍ക്കും അന്നത്തെ പതിമൂന്നുകാരന്‍; സമയം പോകുന്നതറിയാതെ.

``പിന്നേയും പിന്നെയും ആ പാട്ടു തന്നെ ഗ്രാമഫോണില്‍ വെച്ചുകൊണ്ടിരിക്കും കടക്കാരന്‍.  കുറച്ചു നേരം കഴിയുമ്പോഴാണ് സ്ഥലകാല ബോധം വീണ്ടുകിട്ടുക. പിന്നെ സ്‌കൂളിലേക്ക് ഒരു ഓട്ടമാണ്. പക്ഷെ അവിടെ എത്തുമ്പോഴേക്കും ബെല്ലടിച്ചിരിക്കും. ടീച്ചറുടെ ശിക്ഷ  ഉറപ്പ്. എത്രയോ ദിവസം ആ പാട്ട് അങ്ങനെ എനിക്ക് അടി വാങ്ങിത്തന്നിരിക്കുന്നു..'' -- യേശുദാസിന്റെ ഓര്‍മ്മ. തന്നെ നിശ്ചലനാക്കി നിര്‍ത്തിയ പാട്ട് പാടിയത് ലതാ മങ്കേഷ്‌ക്കര്‍ ആണെന്നും ``ചമ്പാകലി'' എന്ന സിനിമക്ക് വേണ്ടി അത് ചിട്ടപ്പെടുത്തിയത് ഹേമന്ത് കുമാര്‍ ആണെന്നുമൊക്കെ യേശുദാസ് മനസ്സിലാക്കിയത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഇന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍  ഗൃഹാതുരമായ ആ  കാലം ഓര്‍മ്മയില്‍ തെളിയും.

ലതയുടെ പാട്ടുകളോടുള്ള അദമ്യമായ സ്‌നേഹം കുട്ടിക്കാലത്തേയുണ്ട്  ഉള്ളില്‍. അന്നൊന്നും ആ വാനമ്പാടിയെ നേരില്‍ കാണുമെന്ന് സങ്കല്‍പിച്ചിട്ടില്ല യേശുദാസ്. ആദ്യത്തെ കൂടിക്കാഴ്ച്ചക്ക് വഴിയൊരുങ്ങിയത് തികച്ചും ആകസ്മികമായാണ്. രാമു കാര്യാട്ട് ``ചെമ്മീന്‍'' സിനിമ എടുക്കുന്ന സമയം. സലില്‍ ചൗധരി ആണ് സംഗീത സംവിധായകന്‍. പടത്തില്‍ ഒരു പാട്ട് ലതാ മങ്കേഷ്‌കറെ കൊണ്ട് പാടിക്കണമെന്ന് കാര്യാട്ടിന് മോഹം. ``കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ'' എന്ന ഗാനം ലതയെ മനസ്സില്‍ കണ്ട് വയലാറിനെ കൊണ്ട് എഴുതിവാങ്ങുകയും ചെയ്തു അദ്ദേഹം. സ്ത്രീശബ്ദത്തില്‍ അത് ചിത്രീകരിക്കാനായിരുന്നു ഉദ്ദേശ്യം.

ഇനി ലതാ മങ്കേഷ്‌ക്കറുടെ സമ്മതം കൂടി വേണം. സലില്‍ ചൗധരിയും കാര്യാട്ടും ലതയെ കാണാന്‍ മുംബൈയിലേക്ക് തിരിച്ചപ്പോള്‍ യേശുദാസിനേയും കൂട്ടി ഒപ്പം. കടലിനക്കരെ എന്ന പാട്ട് യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത സ്പൂളും ഉണ്ട് കയ്യില്‍. ലതയെ പാട്ട് കേള്‍പ്പിച്ചു കൊടുക്കണമല്ലോ. സലില്‍ ദാ നിര്‍ബന്ധിച്ചാല്‍ മറുത്തു പറയാനാവില്ല ലതയ്ക്ക്.  പക്ഷേ ഒരു പ്രശ്‌നം. അസുഖബാധിതയാണ്  അവര്‍. മാത്രമല്ല മലയാള ഭാഷ തനിക്ക് വഴങ്ങുമെന്ന വിശ്വാസവുമില്ല. കഴിയുമെങ്കില്‍ തന്നെ ഒഴിവാക്കിത്തരണം എന്ന് സലില്‍ദായോട് അഭ്യര്‍ത്ഥിക്കുന്നു വാനമ്പാടി. നിരാശയോടെ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല കാര്യാട്ടിനും സംഘത്തിനും.

പക്ഷേ തിരിച്ചുപോകും മുന്‍പ് യുവഗായകനെ കൊണ്ട് ചില കര്‍ണ്ണാടക സംഗീത കൃതികള്‍ പാടിച്ചു  ലത.  ഹംസധ്വനിയില്‍ യേശുദാസിന്റെ `വാതാപി'   ആസ്വദിച്ചു കേട്ടു. ഹിന്ദിയില്‍ പാടാന്‍ അവസരം തേടിക്കൂടേ എന്ന് ചോദിച്ചു. വിനയാന്വിതനായി ചിരിച്ചു നില്‍ക്കുക മാത്രം ചെയ്തു യേശുദാസ്. അതായിരുന്നു ആദ്യ കൂടിക്കാഴ്ച. ``അന്ന് ലതാജിയെ കേള്‍പ്പിക്കാന്‍ വേണ്ടി ഞാന്‍ പാടിവെച്ച പാട്ടാണ് പിന്നീട് ചെമ്മീന്‍ സിനിമയില്‍ ഉപയോഗിച്ചത്.''-- യേശുദാസ് പറയുന്നു. നിരാശനായി നാട്ടിലേക്ക് തിരിച്ചുപോന്ന രാമു കാര്യാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്തു. നെല്ല് എന്ന ചിത്രത്തില്‍ ``കദളി കണ്‍കദളി'' എന്ന ഗാനം ലതാജിക്ക് നല്‍കിക്കൊണ്ട്.  ആദ്യമായും അവസാനമായും ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടിയ പാട്ട്. കുറച്ചു കാലം മുന്‍പ് ലതാജിയെ വീണ്ടും മലയാളത്തില്‍ പാടിക്കാന്‍ ജോണി സാഗരിക ശ്രമിച്ചെങ്കിലും വിനയപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു വാനമ്പാടി.``ജയ് ജവാന്‍ ജയ് കിസാന്‍'' എന്ന സിനിമയിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച യേശുദാസ് ലതയോടൊപ്പം ശ്രദ്ധേയമായ ഒരു യുഗ്മഗാനത്തില്‍ ആദ്യമായി പങ്കാളിയായത് 1978 ലാണ് --  ത്രിശൂലില്‍ സാഹിര്‍ ലുധിയാന്‍വി എഴുതി ഖയ്യാം ഈണമിട്ട ``ആപ് കി മെഹകി ഹുയി സുല്‍ഫോം  കെ കഹ്തെ''. 


യേശുദാസും ലതയും ചേര്‍ന്ന് പാടിയ പാട്ടുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് ഹം നഹി ദുഖ് സേ ഖബരായേംഗേ. 1979 ല്‍ പുറത്തുവന്ന ജീനാ യഹാം എന്ന ബസു ചാറ്റര്‍ജി ചിത്രത്തില്‍ യോഗേഷ് എഴുതി സലില്‍ ചൗധരി സംഗീതം പകര്‍ന്ന ഗാനം.  അമോല്‍ പലേക്കറും സറീന വഹാബുമാണ് ഗാനരംഗത്ത്. അബ് ചരാഗോം കാ (ബാവ് രി), ദോനോം കേ ദില്‍ ഹേ (ബിന്‍ ബാപ് കാ ബേട്ടാ), ആപ് തോ ഐസേ ന  ഥേ (ഗഹ്രി ഛോട്ട്) എന്നിങ്ങനെ വേറെയും നല്ല ഗാനങ്ങള്‍ പാടിയിട്ടുണ്ട് യേശുദാസും ലതയും.  ബസു മനോഹരി ഈണമിട്ട ദോനോം കേ ദില്‍ ഹേ എന്ന ഗാനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്: യേശുദാസിനൊപ്പം മാത്രമല്ല ജഗ്ജിത് സിംഗിനൊപ്പവും ഇതേ യുഗ്മഗാനം പാടി  ലതാജി. രണ്ടും രണ്ടു വ്യത്യസ്ത ശ്രവ്യാനുഭവങ്ങള്‍.  


Content Highlights: Lata Mangeshkar Birthday, Yesudas- Lata Mangeshkar songs