ഇന്ത്യയുടെ ഗാനകോകിലമായ ലതാ മങ്കേഷ്ക്കറെ അറിയാത്തവരില്ല. പക്ഷേ ആ കോകില ഹൃദയം സംഗീതം കൊണ്ടു നിറച്ച പിതാവിനെ കുറിച്ച് ആരോർക്കുന്നു? താരമായി ജ്വലിച്ചുനിന്ന  ശേഷം അധികമാരുമറിയാതെ മരണത്തിന്റെ ഇരുണ്ട ഇടനാഴിയിൽ ചെന്നൊടുങ്ങിയ ജീവിതം....ലതാജിയുടെ തൊണ്ണൂറ്റിയൊന്നാം പിറന്നാളിൽ ദിനനാഥ് മങ്കേഷ്കറിനെ കുറിച്ചോർക്കാതിരിക്കുന്നതെങ്ങനെ?

പൂനെയിലെ സസൂൻ ആശുപത്രിയുടെ ജനറൽ  വാർഡിൽ വിറങ്ങലിച്ചു കിടന്ന ഒരു മൃതദേഹം‍; നേരമിരുട്ടും മുൻപ്  ആ ശരീരം നാഴികകൾക്കപ്പുറത്തുള്ള  വീട്ടിൽ എങ്ങനെ എത്തിക്കുമെന്ന  വേവലാതിയുമായി  ഒരമ്മയും അഞ്ചു മക്കളും.
മക്കളിൽ  ഒരാളുടെ പേര് ലത എന്നായിരുന്നു. പിൽക്കാലത്ത്  ഇന്ത്യയുടെ വാനമ്പാടിയായി വളർന്ന ഗായിക. അന്ന് പതിമൂന്നു വയസ്സേയുള്ളൂ ലതയ്ക്ക്. ആശുപത്രിക്കിടക്കയിൽ  ചേതനയറ്റ് കിടന്ന മനുഷ്യൻ ദിനനാഥ് മങ്കേഷ്‌കർ‍. മറാഠി നാടകവേദിയിൽ  പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന ഗായകൻ, നടൻ, സംവിധായകൻ....

രണ്ടാം ലോകമഹായുദ്ധ കാലമായതിനാൽ  കർശനമായ കർഫ്യൂ ആയിരുന്നു പൂനയിൽ. അടഞ്ഞു കിടക്കുന്ന കടകൾ. ആളൊഴിഞ്ഞ  വീഥികൾ.  മണിക്കൂറുകൾ  നീണ്ട കാത്തിരിപ്പിനൊടുവിൽ  വിജനമായ തെരുവിലൂടെ പൊടിപടലങ്ങൾ  ഉയർത്തി വന്നെത്തിയ  ടാക്സിയുടെ ഡ്രൈവറോട് ദിനനാഥിന്റെ ഭാര്യ മായി മങ്കേഷ്‌കർ താണുകേണപേക്ഷിച്ചു : ``രാത്രിയാകും മുൻപ് അദ്ദേഹത്തെ സംസ്കരിച്ചേ പറ്റൂ. ഇല്ലെങ്കിൽ നിരോധനാജ്ഞയുടെ ലംഘനമാകും. ഞങ്ങളെ വീട്ടിലേക്കു കൊണ്ടുപോകാൻ കനിവുണ്ടാകണം...''
അമ്മയുടെയും മക്കളുടെയും ദൈന്യാവസ്ഥ കണ്ടു മനമലിഞ്ഞാകണം, കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു അയാൾ ചോദിച്ചു: മരിച്ചത് ആരാണ്?
``മാസ്റ്റർ ദിനനാഥ്.'' -- മായിയുടെ മറുപടി.
ഡ്രൈവറുടെ  കണ്ണുകളിൽ തിരിച്ചറിവിന്റെ തിളക്കം. ``ഓ, ബൽവന്ത് സംഗീത്‌ മണ്ഡലിയുടെ ഉടമസ്ഥൻ? പ്രശസ്തനായ ആ പഴയ പാട്ടുകാരൻ? അദ്ദേഹത്തിന്റെ നാടകക്കമ്പനി ഓഫിസിൽ എത്രയോ വി ഐ പിമാരെ  ഈ കാറിൽ കൊണ്ടുവിട്ടിട്ടുണ്ട് ഞാൻ. ആ വലിയ മനുഷ്യന് എങ്ങനെ ഈ ഗതി വന്നു?''

ഉത്തരമുണ്ടായിരുന്നില്ല മായിക്കും മക്കൾക്കും. വെള്ളക്കുതിരകളെ പൂട്ടിയ വണ്ടിയിൽ രാജകുമാരനെ പോലെ ഇരുന്ന് ആരാധകരുടെ അഭിവാദ്യങ്ങൾ  ഏറ്റുവാങ്ങി താൻ വർഷങ്ങളോളം സഞ്ചരിച്ച വഴിയിലൂടെ ദിനനാഥ് ഒരു വിറങ്ങലിച്ച മൃതശരീരമായി വീട്ടിലേക്കു തിരിച്ചു പോകുന്നത് കാണാൻ  വഴിയോരത്ത് ഒരു ജീവി പോലും ഉണ്ടായിരുന്നില്ല എന്നോർക്കുന്നു അന്ന് അമ്മയുടെ മടിയിൽ കണ്ണ് തുറന്നു കിടന്ന ഇളയ മകൾ മീന ഖാദിക്കർ.

പ്രശസ്തിയുടെ താരാപഥങ്ങളിൽ നിന്ന്  യാതനകളിലേക്കും വേദനനകളിലേക്കുമുള്ള ദിനനാഥിന്റെ പതനം അവിശ്വസനീയമായിരുന്നു. കലാജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും തുടർന്നുണ്ടായ കടുത്ത ദാരിദ്ര്യവും ദിനനാഥിനെ മദ്യത്തിന്റെ അടിമയാക്കി.  എന്നും ആരാധനയോടെ മാത്രം അച്ഛനെ കണ്ട മക്കൾക്ക് ആ ചെറുപ്രായത്തിലും താങ്ങാനാവില്ലായിരുന്നു ദിനനാഥിന്റെ ഭാവപ്പകർച്ച. കൈവിട്ടുപോയ ജീവിതമോർത്ത് ഏകാന്തതയിലിരുന്നു വിങ്ങിപ്പൊട്ടുന്ന പിതാവിന്റെ ചിത്രം എന്നും നീറുന്ന വേദനയായി മനസ്സിൽ കൊണ്ടുനടന്നു മൂത്തമകൾ ഹേമ. 

അതേ മകളിലൂടെയാണ്  ഇന്ന് ദിനനാഥ് മങ്കേഷ്‌കറെ ലോകമറിയുന്നത് എന്നത് വിധിവൈചിത്ര്യമാകാം.  ഹേമ എന്നാണ് മകൾക്ക് പേരിട്ടതെങ്കിലും  ചെറുപ്പത്തിലേ മരിച്ചുപോയ ആദ്യവിവാഹത്തിലെ  മകളായ ലതികയുടെ  ഓർമ്മക്കായി ലത എന്ന് വിളിച്ചു  ദിനനാഥ് അവളെ. ദിനനാഥിന്റെ ലത ഇന്ത്യയുടെ, ലോകത്തിന്റെ ലതയായി വളർന്നത് ഇന്ന് ചരിത്രം. 

1942 ഏപ്രിൽ 24 ന് നാല്പത്തൊന്നാം വയസ്സിൽ കഥാവശേഷനായ  ദിനനാഥ് മങ്കേഷ്‌കർക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ഏഴു പേരിൽ പരേതന്റെ അടുത്ത ബന്ധുക്കളോ ആരാധകരോ സമൂഹത്തിലെ ഉന്നതരോ ഉണ്ടായിരുന്നില്ല. ഭാര്യ, അഞ്ചു മക്കൾ, പിന്നെ നാടകക്കമ്പനിയിലെ ഒരു സഹായിയും.  പണ്ഡിറ്റ്‌ ദിനനാഥ് മങ്കേഷ്‌കർ ‍ എന്ന മഹാകലാകാരന്റെ മരണം പിറ്റേന്നത്തെ പത്രങ്ങൾക്കു  ഒരു വാർത്ത പോലുമായില്ല എന്ന് കൂടി അറിയുക.

സംഗീതത്തിന് വേണ്ടി ജീവിതം സമർപ്പിച്ച പിതാവിനു വേണ്ടി മക്കൾ പടുത്തുയർത്തിയ ഒരു സ്മാരകമുണ്ട് പൂനെയിൽ --  ആറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ദിനനാഥ് മങ്കേഷ്ക്കർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.

Content Highlights : Lata mangeshkar Birthday remembering her father Deenanath Mangeshkar