ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ചിരിയാണ് ചിത്രയുടേത്. ഏത് ഇരുളിലും പ്രതീക്ഷയുടെ കൈത്തിരിവെട്ടമാകാൻ കഴിയുമതിന്. എന്റെ ജീവിതത്തിലും എത്രയോ വിഷമസന്ധികളിൽ, വിഷാദനിമിഷങ്ങളിൽ തുണയും തണലുമായി മാറിയിരിക്കുന്നു സ്നേഹദീപ്തമായ ആ ചിരി...ചിത്ര പോലുമറിയാതെ.

ചിത്രക്ക് പദ്മഭൂഷൺ ലഭിക്കുമ്പോൾ ബഹുമാനിതമാകുന്നത് സംഗീതം തന്നെ. എന്തുകൊണ്ട് നമ്മൾ ചിത്രയെ സ്നേഹിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായി ഇതാ ഒരു പഴയ അനുഭവം...

രണ്ടു ചിത്രമാരുടെ മുഖങ്ങൾ ‍ മനസ്സിൽ തെളിയും, ചമയത്തിലെ രാജഹംസമേ എന്ന പാട്ട് കേൾക്കുമ്പോൾ. ഒരാൾ മലയാളത്തിന്റെ പ്രിയ വാനമ്പാടി-- കെ എസ് ചിത്ര. മറ്റേയാൾ വാനമ്പാടിയെ നേരിട്ട് കാണാനായി വടക്കേതോ ഉൾനാടൻ ഗ്രാമത്തിൽ നിന്നു അച്ഛന്റെ വിരലിൽ തൂങ്ങി കോഴിക്കോട് നഗരത്തിന്റെ തിരക്കിലും ബഹളത്തിലും വന്നിറങ്ങിയ ഏഴു വയസ്സുകാരി. സാമൂതിരി ഹൈസ്കൂൾ അങ്കണത്തിലെ ഗാനമേളാ വേദിയുടെ പിൻവശത്തെ കസേരകളിൽ ഒന്നിൽ അച്ഛനോട് ചേർന്നിരുന്ന് പ്രിയഗായികയുടെ പാട്ട് കേൾക്കുന്ന പട്ടുപാവാടക്കാരിയുടെ തെല്ല് പരിഭ്രമം കലർന്ന മുഖഭാവം ഇന്നുമുണ്ട് ഓർമയിൽ. .

ഇടയ്ക്കെപ്പോഴോ രാജഹംസമേ എന്ന ഗാനം ചിത്രയുടെ ശബ്ദത്തിൽ സ്പീക്കറിലൂടെ ഒഴുകി വന്നപ്പോൾ ഓടി മുന്നിലേക്ക് ചെന്ന് സ്റ്റേജിന്റെ പിന്നിലെ തിരശ്ശീല തെല്ല് വകഞ്ഞു മാറ്റി, പാടുന്ന ചിത്രയെ കൗതുകത്തോടെ നോക്കി നിന്നു അവൾ. . പാട്ടും പാട്ടുകാരിയും ആരാധികയും ഹൃദയം കൊണ്ടു ഒന്നായിത്തീർന്ന നിമിഷങ്ങൾ. നിറഞ്ഞ സദസ്സിന്റെ കാതടപ്പിക്കുന്ന ഹർഷാരവങ്ങൾ ഏറ്റുവാങ്ങി `വലിയ' ചിത്ര വേദിയിൽ തല കുനിച്ചു തൊഴുതു നിൽക്കെ , തിരികെ അച്ഛന്റെ കൈകളിലേക്ക് ഓടിച്ചെന്ന് വീഴുന്ന കൊച്ചു ചിത്രയുടെ ചിത്രം മറന്നിട്ടില്ല. നിറകണ്ണുകളോടെ മകളെ ചേർത്തു പിടിക്കുന്ന അച്ഛന്റെയും.

ഇഷ്ടഗായികയോടുള്ള തീവ്രമായ ആരാധനയാൽ മകൾക്ക് ചിത്ര എന്ന് പേരിട്ട സ്നേഹനിധിയായ ഒരമ്മയുടെ കഥ കേട്ട് മനസ്സ് നൊന്തത് അന്നാണ്. മകളുടെ തലമുടിയിലൂടെ പതുക്കെ വിരലോടിച്ചു ആ കഥ വിവരിക്കെ പലപ്പോഴും അച്ഛന്റെ കണ്ണു നിറഞ്ഞു; ശബ്ദം ഇടറി. ``നന്നായി പാടിയിരുന്നു എൻറെ ഭാര്യ. രാജഹംസമേ എന്ന പാട്ടിനോടാണ് ഏറെ ഇഷ്ടം. എന്നും രാത്രി ആ പാട്ട് പാടിയാണ് അവൾ മോളെ ഉറക്കുക. എന്നെങ്കിലും അത് പാടിയ ചിത്രയെ നേരിൽ കാണണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം.. പക്ഷെ വിധി അതനുവദിച്ചില്ല. ആറ് മാസം മുൻപ് ഒരു റോഡപകടത്തിൽ അവൾ മരിച്ചു. മകളുടെ കണ്മുന്നിൽ. വച്ച്...''

മനോഹരമായ ഒരു താരാട്ട് ഇടയ്ക്ക് വച്ച് നിലച്ച പോലെ തോന്നിയിരിക്കണം മകൾക്ക്. അമ്മയുടെ മരണം നേരിൽ കണ്ടു ഞെട്ടിത്തരിച്ചു പോയ കുട്ടി പിന്നീടൊരിക്കലും മനസ്സ് തുറന്നു ചിരിച്ചു കണ്ടിട്ടില്ല അവളുടെ അച്ഛൻ.. പഠനത്തിലും കളിയിലുമെല്ലാം ശ്രദ്ധ കുറഞ്ഞു; സംസാരം പോലും അപൂർവ്വം. ``അവളുടെ മുഖം അല്പമെങ്കിലും തിളങ്ങിക്കണ്ടിട്ടുള്ളത് രാജഹംസമേ എന്ന പാട്ട് കേൾക്കുമ്പോൾ മാത്രം. ചിത്ര ആ പാട്ട് പാടുന്നത് നേരിട്ടു കേൾക്കാനുള്ള മോഹവുമായി എത്തിയതാണ് ഇവിടെ. സന്തോഷമായി. ഇനി പരിപാടി കഴിഞ്ഞു ചിത്രയെ ഒന്ന് നേരിൽ കാണണം. മോളെ പരിചയപ്പെടുത്തണം. അതിനാണ് ഈ കാത്തിരിപ്പ്...''

പ്രിയ ഗായികയെ അവർ നേരിൽ കണ്ടോ എന്നറിയില്ല. മാഞ്ഞു പോയ പുഞ്ചിരി മകളുടെ മുഖത്ത് വീണ്ടും തെളിഞ്ഞോ എന്നും. ഒന്ന് മാത്രമറിയാം. അളവറ്റ സ്നേഹമായി, വാത്സല്യമായി, പ്രണയമായി, ഭക്തിയായി ഓരോ മലയാളി മനസ്സിലും അനർഗളം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു ചിത്രയുടെ ശബ്ദം- കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി, `` സിനിമയിലെ ഒരു പ്രത്യേക സന്ദർഭത്തിന് വേണ്ടി സ്റ്റുഡിയോയിലെ വോയിസ് ബൂത്തിന്റെ എകാന്തതയിൽ നിന്നുകൊണ്ടു നാം പാടുന്ന പാട്ട് അങ്ങകലെ ഏതോ ഒരു അപരിചിതന്റെ മനസ്സിനെ ചെന്നു തൊടുന്നു എന്നറിയുമ്പോഴുള്ള സുഖവും സംതൃപ്തിയും-- അതൊന്നു വേറെ തന്നെയാണ്. ഓരോ പാട്ടിന്റെയും പൂർണതയ്ക്കു വേണ്ടി നാം സഹിച്ച ത്യാഗങ്ങൾ സഫലമായി എന്ന് തോന്നുന്ന നിമിഷം..'' ചിത്രയുടെ വാക്കുകൾ.... അത്തരം അപൂർവ നിമിഷങ്ങളിലേക്ക് വഴിതുറന്ന പാട്ടുകൾ ഏറെയുണ്ട് ചിത്രയുടെ സംഗീതജീവിതത്തിൽ - കൈതപ്രം എഴുതി ജോൺസൺ ഈണമിട്ട രാജഹംസമേ പോലെ. .

ഭരതന്റെയും ജോൺസന്റെയും അദൃശ്യ സാന്നിധ്യം ഇന്നും അനുഭവപ്പെടുത്താറുണ്ട് ആ ഗാനമെന്നു പറയും ചിത്ര . രണ്ടു പേരും അകാലത്തിൽ പാട്ട് നിർത്തി കടന്നുപോയവർ. `` ഭരതൻ സാറിന്റെ പ്രിയരാഗമായ ഹിന്ദോളത്തിലാണ് ജോൺസൺ മാസ്റ്റർ ആ ഗാനം ചിട്ടപ്പെടുത്തിയത്. സ്റ്റുഡിയോ ഹാളിൽ ഇരുന്ന് ഹാർമോണിയം വായിച്ച് പാട്ട് പാടി പഠിപ്പിച്ചു തരുന്ന ജോൺസൺ മാസ്റ്ററുടെ ചിത്രം മറക്കാനാവില്ല. വളരെ പെട്ടെന്ന് ഞാൻ പാട്ട് പഠിച്ചെടുത്തപ്പോൾ തമാശയായി മാസ്റ്റർ പറഞ്ഞു: നോക്കിക്കോ; പ്രായമായി പല്ലൊക്കെ കൊഴിഞ്ഞു നിന്നെ ആരും പാടാൻ വിളിക്കാത്ത ഒരു കാലം വരും. അന്ന് നിന്നെ ഞാൻ എൻറെ അസിസ്റ്റന്റ്റ് ആയി നിയമിക്കും. വെറുതെയല്ല, ഞാൻ പാടിത്തരുന്ന പാട്ട് മനസ്സ് കൊണ്ടു ഒപ്പിയെടുത്തു വീണ്ടും എന്നെ കേൾപ്പിക്കാൻ.. ഏതു ടേപ്പ് റെക്കോർഡറിനെക്കാൾ എനിക്ക് വിശ്വാസം നിന്നെയാണ് അക്കാര്യത്തിൽ....''

-പരിസരം മറന്ന് മാസ്റ്റർ പൊട്ടിച്ചിരിക്കുന്നു. പാട്ട് ഇഷ്ടപ്പെട്ടാലും അമിതമായി പ്രശംസ ചൊരിയുന്ന പതിവില്ല ജോൺസൺ മാസ്റ്റർക്ക്. ``മാസ്റ്ററുടെ പ്രതികരണം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. ഒരു നേർത്ത പുഞ്ചിരി. അല്ലെങ്കിൽ കൊള്ളാം എന്ന ധ്വനിയുള്ള ഒരു തലയാട്ടൽ-- അത്ര മാത്രം.
രാജഹംസമേ പാടി റെക്കോർഡ് ചെയത ശേഷം ആദ്യം ലഭിച്ച അഭിനന്ദനം ചിത്രയുടെ ഓർമയിലുണ്ട് : ``പാട്ടുകൾ ലൈവ് ആയി ആലേഖനം ചെയ്യുന്ന കാലമായിരുന്നു അത്. റെക്കോർഡിംഗ് കഴിഞ്ഞാൽ പശ്ചാത്തലത്തിൽ ഉപകരണങ്ങൾ വായിച്ചവർ മുഴുവൻ കൺസോളിൽ ഒത്തുകൂടും- ഫൈനൽ വേർഷൻ കേൾക്കാൻ.. പാട്ട് മുഴുവൻ കേട്ട ശേഷം ചീനാക്കുട്ടി എന്ന പ്രായം ചെന്ന മൃദംഗം ആർട്ടിസ്റ്റ് വാത്സല്യത്തോടെ എൻറെ താടി പിടിച്ചുയർത്തി പറഞ്ഞു: ``രാസാത്തീ , നീ റൊമ്പ നന്നായി പാടിയിരിക്ക്...'' ചിലപ്പോൾ തോന്നും ഏതു അവാർഡിനെക്കാൾ വിലയുണ്ട് ഇത്തരം നിഷ്കളങ്കമായ അഭിപ്രായ പ്രകടനങ്ങൾക്ക് എന്ന്.''

Content Highlights : KS Chithra Honoured with Padmabhushan Ravi Menon Paattuvazhiyorathu