പ്രിയപ്പെട്ട ചിത്രക്ക് പിറന്നാൾ പ്രണാമം

മറ്റു പല മറുനാടന്‍ സംഗീത സംവിധായകരെയും പോലെ ഈണം ആദ്യമിട്ടു പാട്ടെഴുതിക്കുന്ന ശൈലിയല്ല രവിശങ്കര്‍ ശർമ്മയുടെത്. വരികളുടെ അര്‍ഥം അറിഞ്ഞേ സംഗീതം നല്കാനിരിക്കൂ. അറിയാത്ത ഭാഷയില്‍ ഈണം പകരുന്നതിനു മുന്‍പ് ആ പ്രദേശത്തെ സംഗീത സംസ്കാരവുമായി പരിചയപ്പെടണമെന്ന് നിര്‍ബന്ധമുണ്ട് രവിയ്ക്ക്.  നഖക്ഷതങ്ങളിലെ ``മഞ്ഞള്‍ പ്രസാദം'' എന്ന ഗാനം ചിട്ടപ്പെടുത്തും  മുന്‍പ് ഗുരുവായൂർ ക്ഷേത്രപരിസരത്തെ അന്തരീക്ഷം ടേപ്പ് ചെയ്ത് ആവര്‍ത്തിച്ചു കേട്ട കഥ ഒരിക്കല്‍ രവിജി തന്നെ വിവരിച്ചതോര്‍ക്കുന്നു.  ആദ്യമെഴുതി ഈണമിട്ടവയാണ് ``വൈശാലി''യിലെ ഗാനങ്ങളും.

സ്റ്റുഡിയോയില്‍ വച്ച് പാട്ട് പഠിപ്പിച്ചു ഉടനടി  റെക്കോര്‍ഡ്‌ ചെയ്യുന്ന ശീലക്കാരാണ് ജോണ്‍സണും രവീന്ദ്രനും ഉള്‍പ്പെടെ മിക്ക സംഗീത സംവിധായകരും.  പക്ഷെ ബോംബെ രവിയുടെ രീതി അതല്ല.  പാട്ട് ഒരു ദിവസം മുന്‍പ്   തന്നെ മിനക്കെട്ടിരുന്നു ഗായകരെ പഠിപ്പിക്കും അദ്ദേഹം -- മിക്കപ്പോഴും താന്‍ താമസിക്കുന്ന  ഹോട്ടല്‍ മുറിയില്‍ വച്ച്. 

``വൈശാലി''യിലെ പാട്ടുകള്‍ നുങ്കംപാക്കം  താജ് ഹോട്ടലിലെ മുറിയിലിരുന്നാണ് ബോംബെ രവി പഠിപ്പിച്ചു തന്നത് എന്നോര്‍ക്കുന്നു ചിത്ര. ``രവി സാര്‍ ഹാര്‍മോണിയം വായിക്കും. ഗായകന്‍ കൂടിയായ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ദിനേശ് പാടിത്തരും...'' ഈ പാട്ടുകളില്‍ ഒന്നാണ്   രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡ് 1988 ല്‍ ചിത്രയ്ക്ക് നേടിക്കൊടുത്തത്  -- ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി ...ചിത്രയുടെ മറ്റൊരു ക്ലാസിക്.  

2012  മാര്‍ച്ച്‌ ഏഴിനായിരുന്നു രവിയുടെ വിയോഗം.  മുംബൈ സാന്താക്രൂസിലെ അദ്ദേഹത്തിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍   ചെന്നതിന്റെ ഓര്‍മ നൊമ്പരമായി ചിത്രയുടെ മനസ്സിലുണ്ട്. ``ചൗദുവീ കാ ചാന്ദ് മുതൽ മഞ്ഞൾപ്രസാദം വരെ ആയിരക്കണക്കിന് അനശ്വരഗാനങ്ങൾക്ക് ജന്മമേകിയ ആ ഹാര്‍മോണിയം സ്വീകരണമുറിയില്‍ അനാഥമായി ഇരിക്കുന്നു.  പുഞ്ചിരിക്കുന്ന മുഖവുമായി ഹാര്‍മോണിയത്തില്‍ വിരലോടിക്കുന്ന രവി സാറിനെയാണ് എനിക്ക് ഓര്‍മ വന്നത്. കേരളത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മകളില്‍ എന്നും ഞാന്‍ ഉണ്ടായിരുന്നു എന്ന് മകള്‍  പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നി. ആശ്വാസവചനങ്ങളുമായി സിനിമാലോകത്തു  നിന്ന് പ്രതീക്ഷിച്ച പലരും എത്താതിരുന്നതിലായിരുന്നു അവര്‍ക്ക്  ദുഃഖം.''

content highlights  : KS Chithra birthday special vaishali movie songs