പ്രണയം വഴിഞ്ഞൊഴുകുന്ന ഒരുപാട് പാട്ടുകൾ നമുക്ക് പാടിത്തന്ന ഗായികയോട് ഒരു കുസൃതിച്ചോദ്യം: ``എത്ര പ്രണയലേഖനങ്ങൾ കിട്ടും ശരാശരി ഒരു ദിവസം?''  

മനസ്സ് തുറന്നു പൊട്ടിച്ചിരിക്കുന്നു ചിത്ര. മലയാളികൾക്ക് എക്കാലവും പ്രിയങ്കരമായ ചിരി. ചിരിക്കൊടുവിൽ മുഖത്ത് കൃത്രിമഗൗരവം വരുത്തി  ചിത്രയുടെ മറുപടി: ``ഇല്ല, ഒന്നും കിട്ടാറില്ല. വിശ്വസിക്കാൻ പ്രയാസമുണ്ടെന്നറിയാം. എങ്കിലും സത്യമാണ്. ഇന്നുവരെ അത്തരം കത്തുകളൊന്നും  എന്നെ തേടിവന്നിട്ടില്ല. ഉണ്ടെങ്കിൽ തന്നെ വീട്ടുകാരുടെയും മാനേജരുടേയുമൊക്കെ സ്‌ക്രീനിംഗ് കഴിഞ്ഞ്  അവയെന്റെ  കയ്യിൽ എത്താറുമില്ല. ഒന്നുരണ്ട്  വിവാഹാഭ്യർത്ഥന വന്നു എന്നത് സത്യമാണ്. ഫോട്ടോ സഹിതം. പക്ഷേ അത് പത്തിരുപത്തഞ്ചു വർഷം മുൻപായിരുന്നു.  ഞാൻ അവിവാഹിതയാണെന്ന് ധരിച്ചുവെച്ച ആർക്കോ പറ്റിയ അബദ്ധം. അത്രേയുള്ളു..''

നിമിഷനേരത്തെ മൗനത്തിനു ശേഷം പുഞ്ചിരിയോടെ വാനമ്പാടി കൂട്ടിച്ചേർക്കുന്നു: ``ഒരു പക്ഷേ എന്നെ ഒരു കാമുകിയായി കാണാൻ കഴിയുന്നുണ്ടാവില്ല  നമ്മുടെ ആളുകൾക്ക്. അവർക്ക്  ഞാൻ അമ്മയാണ്, മകളാണ്, ചേച്ചിയാണ്, അനിയത്തിയാണ്, മരുമകളാണ്, കൂട്ടുകാരിയാണ്, അങ്ങനെ പലതുമാണ്. പക്ഷേ കാമുകിയല്ല. ഒരു പക്ഷേ എന്റെ പെരുമാറ്റത്തിന്റെയോ വ്യക്തിത്വത്തിന്റെയോ ഒക്കെ പ്രത്യേകത കൊണ്ടാവാം..''

അത്ഭുതം തോന്നിയില്ല. ഇന്നോ ഇന്നലെയോ കാണുന്നതല്ലല്ലോ ചിത്രയെ. മലയാളിയുടെ കണ്മുന്നിലൂടെ വളർന്നുവന്ന ഗായികയാണ് അവർ. സ്വന്തം കുടുംബാംഗത്തെ പോലെ, കൂടപ്പിറപ്പിനെ പോലെ ചിത്രയെ സ്നേഹിക്കുന്നു മലയാളികളും തമിഴരും തെലുങ്കരുമെല്ലാം. പ്രായത്തിൽ മുതിർന്നവർ പോലും ചിത്രച്ചേച്ചി, ചിത്രാക്ക എന്നൊക്കെ  സ്നേഹപൂർവ്വം വിളിക്കുമ്പോൾ ചിത്രക്ക് പരിഭവം തോന്നാത്തതും അതുകൊണ്ടുതന്നെ. എൺപതു പിന്നിട്ട എന്റെ അമ്മയ്ക്ക് പോലും ``ചേച്ചി''യായിരുന്നു ചിത്ര. ടെലിവിഷൻ സ്‌ക്രീനിൽ ചിത്രയുടെ മനോഹരമായ ചിരി തെളിയുമ്പോൾ ആത്മഗതമെന്നോണം അമ്മ പറയും: ``ഈ ചിത്രച്ചേച്ചിക്ക് എപ്പഴും സന്തോഷാണ് എന്ന് തോന്നുണു. ചെറ്യേ കുട്ടിയോളുടെ മാതിരി.''

അതേ ``ചെറ്യേ കുട്ടി''യുടെ പാട്ടിന്റെ കൈപിടിച്ചാവും  അമ്മ ഈ ലോകത്തുനിന്ന്  വിടപറയുകയെന്ന്  സങ്കല്പിച്ചിട്ടുപോലുമില്ല അന്നൊന്നും. അതായിരുന്നു അമ്മയുടെ നിയോഗം. കടുത്ത ശ്വാസതടസ്സവുമായി  ഓക്സിജൻ ട്യൂബിന്റെ സഹായത്തോടെ ആശുപത്രിക്കിടക്കയിൽ പാതി മയക്കത്തിലാണ്ടു കിടന്ന അമ്മ അവസാനമായി കേട്ടത് ചിത്ര പാടിയ രാമായണശ്ലോകങ്ങളാണ്. അരികിലിരുന്ന് അനിയന്റെ ഭാര്യ മൊബൈലിൽ ചിത്രയുടെ ശബ്ദം കേൾപ്പിച്ചപ്പോൾ ഭാവഭേദമൊന്നുമില്ലാതെ കേട്ടുകിടന്നു അമ്മ. പാരായണം തീർന്നപ്പോൾ വിറയാർന്ന ചുണ്ടുകളാൽ നാരായണ നാരായണ എന്ന് ഉരുവിട്ടു. പിന്നെ നിതാന്തമായ ഉറക്കത്തിലേക്ക് വഴുതിവീണു. ഒരിക്കലും ഉണരാത്ത ഉറക്കം.  

നാലു പതിറ്റാണ്ടുകാലത്തെ സിനിമാസംഗീതജീവിതത്തിനിടെ സമാനമായ നൂറുനൂറു അനുഭവങ്ങൾ പലരും വിവരിച്ചുകേട്ടിരിക്കാം ചിത്ര. മരണത്തിലേക്ക് മാത്രമല്ല ജീവിതത്തിലേക്കും ചിത്രയുടെ പാട്ടിന്റെ ചിറകിലേറി തിരികെനടന്നവർ എത്രയെത്ര. `പൂർണേന്ദുമുഖി'' എന്ന എന്റെ പുസ്തകത്തിൽ അത്തരമൊരു അനുഭവമുണ്ട്; ചിത്രയെ വളരെയേറെ വികാരാധീനയാക്കിയ അനുഭവം. ദുബായിൽ വെച്ച് കണ്ടുമുട്ടിയ മലപ്പുറംകാരനായ ഷാജി എന്ന കാർ ഡ്രൈവറാണ്  കഥയിലെ നായകൻ. ഷാർജയിലേക്കുള്ള  യാത്രയിൽ ഉടനീളം ഷാജിയുടെ  കാർ സ്റ്റീരിയോയിൽ മുഴങ്ങിക്കേട്ടത്  ചിത്രയുടെ പാട്ടുകൾ മാത്രം .കൗതുകം തോന്നി എനിക്ക് . ചോദിക്കാതിരിക്കാനായില്ല  : ``മറ്റാരുടെയും പാട്ടുകൾ കേൾക്കാറില്ലേ നിങ്ങൾ ?'' മറുപടിയായി ഷാജി ഒരു കഥ പറഞ്ഞു . അത്യന്തം ഹൃദയസ്പർശിയായ ഒന്ന് .

അഞ്ചാറു വർഷം മുൻപാണ് . നാട്ടിലെ ഒരു വിഗ്രഹമോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്യുന്നു . ``സത്യത്തിൽ എനിക്ക് ആ കേസിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല . അതിൽ പെട്ട ചിലർ  സംഭവം നടന്ന ദിവസം എന്റെ ടാക്സിയിൽ സഞ്ചരിച്ചതാണ് എനിക്ക് വിനയായത് . പറഞ്ഞിട്ടെന്തു കാര്യം . ദിവസങ്ങളോളം   പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നു .  എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ആളായതുകൊണ്ട്  നാട്ടിൽ ഇതൊരു വലിയ ചർച്ചാവിഷയമായി . ഏറ്റവും വേദനിച്ചത്‌ അമ്മയും അച്ഛനും മൂന്നു പെങ്ങമ്മാരുമാണ് . മാനക്കേടു സഹിക്കാനാകാതെ ഒരു ദിവസം അമ്മ വിഷം കഴിക്കുക വരെ ചെയ്തു . ഭാഗ്യം കൊണ്ടാണ് അന്ന് അവർ രക്ഷപ്പെട്ടത് . കേസിൽ നിന്ന് ഒഴിവായെങ്കിലും വിഗ്രഹ മോഷ്ടാവ് എന്ന പേര് എനിക്ക് വീണു കഴിഞ്ഞിരുന്നു ...''

 ഷാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം .  പതുക്കെ താൻ പോലുമറിയാതെ വിഷാദ രോഗിയായി മാറുകയായിരുന്നു ഷാജി . ``വീട്ടുകാർക്ക് അപമാനമായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി . അങ്ങനെയാണ് ജീവനൊടുക്കാൻ നിശ്ചയിക്കുന്നത് . ഒരു ഗ്യാസ് കുറ്റി സംഘടിപ്പിച്ചു കാറിൽ കൊണ്ടുവെച്ചു . കാറിന്റെ ഡോറും വിൻഡോയുമൊക്കെ ഭദ്രമായി അടച്ചശേഷം ഗ്യാസ് തുറന്നു വിട്ടു തീ കൊളുത്താനായിരുന്നു പദ്ധതി . ആയിടയ്ക്ക് അങ്ങനെയൊരാൾ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ വായിച്ചിരുന്നു . ചിത്രയുടെ പാട്ടുകളോട് വലിയ ഇഷ്ടമായിരുന്നതിനാൽ  വണ്ടിയിലെ സ്റ്റീരിയോയിൽ മഞ്ഞൾ പ്രസാദം എന്ന കാസറ്റും വെച്ചു.  ആ ശബ്ദം കേട്ടുകൊണ്ട് മരിക്കണം  എന്നായിരുന്നു മോഹം . എനിക്കിഷ്ടമുള്ള പാട്ടുകൾ അങ്ങനെ പാടുകയാണ് ചിത്ര -- ഇന്ദു പുഷ്പം , വാർമുകിലേ , പാലപ്പൂവേ , രാജഹംസമേ ....ഓരോ പാട്ടും തീരുമ്പോ അടുത്ത പാട്ട് കേൾക്കാൻ തോന്നും . ഓരോ പാട്ടും കേൾക്കുമ്പോ അതിനോട് അനുബന്ധിച്ച നല്ല കാര്യങ്ങൾ പലതും ഓർമ്മയിൽ വരും .  മരിക്കാനുള്ള സമയം നീണ്ടു നീണ്ടു പോകുകയായിരുന്നു . എന്ത് പറയാൻ -- കാസറ്റ് രാജഹംസമേ പാടിത്തീരുമ്പോഴേക്കും മരണമോഹം കെട്ടടങ്ങിക്കഴിഞ്ഞിരുന്നു. ഇന്നും ജീവിതത്തിൽ ദുഖങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഞാൻ ആ ഗാനം കേൾക്കും. എല്ലാ വേദനകളും അലിയിച്ചു കളയാനുള്ള എന്തോ മാന്ത്രിക ശക്തിയുണ്ട് ആ പാട്ടിന് ...''

ആത്മഹത്യാ മുനമ്പിൽ നിന്ന്  ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഷാജി. ദുബായിൽ ടാക്സി ഓടിച്ചും മറ്റും ഉണ്ടാക്കിയ വരുമാനം കൊണ്ട് രണ്ടു പെങ്ങമ്മാരുടെ വിവാഹം നടത്തി. നാട്ടിലുണ്ടാക്കിയ ചീത്തപ്പേര് കുടഞ്ഞുകളയാൻ ജീവിതത്തിൽ വന്ന ഈ മാറ്റം ധാരാളമായിരുന്നു . ഷാജി കഥ പറഞ്ഞു തീർന്നപ്പോൾ ഉടനടി ചെന്നൈയിലേക്ക് വിളിച്ചു ചിത്രയോട് കാര്യം പറയാനാണ് എനിക്ക് തോന്നിയത്  . പ്രിയഗായികയോട് സംസാരിക്കാൻ ഷാജിക്കും ഉണ്ടാവുമല്ലോ മോഹം . എന്നാൽ തികച്ചും അപ്രതീക്ഷിതമായിരുന്നു ഷാജിയുടെ പ്രതികരണം : ``വേണ്ട സാർ , അവരോട്   സംസാരിക്കാനുള്ള യോഗ്യതയൊന്നും  എനിക്കില്ല . ദിവസവും ഞാൻ അവരുടെ പാട്ടുകൾ കേൾക്കുന്നു . എനിക്കത് മതി .'' സിനിമയിലെ ഏതെങ്കിലും കഥാസന്ദർഭത്തെ പൊലിപ്പിക്കാൻ വേണ്ടി മാത്രം രചിക്കപ്പെടുന്ന ഒരു പാവം ഗാനത്തിന് വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നു എന്നത് ചെറിയ കാര്യമാണോ ?  

അങ്ങനെ എത്രയെത്ര വിചിത്രമായ അനുഭവങ്ങൾ?  എന്തുകൊണ്ട് മലയാളികൾ ചിത്രയെ ഇത്രയേറെ സ്നേഹിക്കുന്നു എന്ന് ഓർത്തുനോക്കിയിട്ടുണ്ട് . പ്രതിഭാശാലിയായ പാട്ടുകാരിയായത് കൊണ്ട് മാത്രമാവില്ല അത് . ശബ്ദമാധുര്യത്തിനും  ആലാപനചാതുരിക്കും എല്ലാം അപ്പുറത്ത്, നമ്മളറിയാതെ നമ്മുടെ ഹൃദയത്തെ വന്നു തൊടുന്ന എന്തോ ഉണ്ട് ചിത്രയുടെ വ്യക്തിത്വത്തിൽ . ``ആഹ്ളാദവും ദുഖവും ദേഷ്യവും ഒന്നും മറച്ചുവെക്കാനാവില്ല എനിക്ക് . എല്ലാ വികാരങ്ങളും സ്വാഭാവികമായി മുഖത്ത് തെളിഞ്ഞുകൊണ്ടിരിക്കും .''-- ചിത്രയുടെ വാക്കുകൾ . പെരുമാറ്റത്തിലെ ഈ സുതാര്യത  തന്നെയാവാം ചിത്രയെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയാക്കിയത്. 

ചിത്രയെ കാണുമ്പോഴെല്ലാം ഗന്ധർവഗായകൻ മുഹമ്മദ് റഫിയെ ഓർമ്മവരുന്നത് യാദൃച്ഛികമാവില്ല. റഫി സാഹിബിനെ കുറിച്ച് വിഖ്യാത സംഗീതസംവിധായകൻ മദൻമോഹന്റെ മകൻ സഞ്ജീവ് കോഹ്ലി പങ്കുവെച്ച ഒരോർമ്മയുണ്ട്.  എച്ച് എം വിയുടെ തലപ്പത്തിരുന്ന കാലത്തൊരിക്കൽ റഫിയുടെ ദുഃഖഗാനങ്ങളും വിരഹഗാനങ്ങളും ഉൾപ്പെടുത്തി ഒരു കാസറ്റ് പുറത്തിറക്കാൻ തീരുമാനിക്കുന്നു കോഹ്ലി. പക്ഷേ ഒരു പ്രശ്നം. കാസറ്റ് കവറിൽ കൊടുക്കാൻ റഫിയുടെ ചിരിക്കാത്ത  ചിത്രം വേണം. എന്തുചെയ്യാം? മഷിയിട്ടുനോക്കിയാൽ പോലും കണ്ടുകിട്ടില്ല ചിരിക്കാത്ത റഫിയെ. എങ്ങും ചിരിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം. ഒടുവിൽ റഫി ചിരിക്കുന്ന ചിത്രം വെച്ചുതന്നെ ദുഃഖഗാന ആൽബം പുറത്തിറക്കേണ്ടിവന്നു എച്ച് എം വിക്ക്. പ്രസാദാത്മകമായ ഇതേ ``റഫിയംശം'' ചിത്രയിലും കാണുന്നു നാം. ചിരിക്കാത്ത ചിത്രയെ സങ്കല്പിക്കാനാകുമോ?  പത്രത്താളുകളിൽ, ആൽബം കവറുകളിൽ, ഇന്റർനെറ്റിൽ, ടെലിവിഷൻ സ്‌ക്രീനിൽ ചിത്ര ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഒഴുകിവരുന്ന ആ ചിരിയിൽ ചിത്രയുടെ മനസ്സിലെ നന്മയും സ്നേഹവും ആത്മവിശ്വാസവുമുണ്ട്.  

കൗതുകത്തോടെ ചോദിച്ചുനോക്കിയിട്ടുണ്ട് ഒരിക്കൽ -- ആരായിരുന്നു ചിത്രയുടെ ആദ്യത്തെ ആരാധകൻ? ``ആരാധകനല്ല, ആരാധികയാണ്.''-- ചിരിയോടെ ഗായികയുടെ മറുപടി. ``മുപ്പത്തഞ്ചു വർഷം മുൻപാവണം. ഞാൻ തമിഴിൽ പാടിത്തുടങ്ങിയിട്ടേ ഉള്ളു. ആരാധനയെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല.  ഇംഗ്ളണ്ടിൽ ഒരു തമിഴ് ഗാനമേള നടക്കുകയാണ്. ഇളയരാജ സാർ, എസ് പി ബി സാർ അങ്ങനെ പലരുമുണ്ട്. മമ്മിയാണ് എന്റെ കൂടെ പരിപാടിക്ക് വന്നിരിക്കുന്നത്.  വേദിക്ക് മുന്നിലിരുന്ന് പാട്ടുകേട്ടിരുന്ന  മമ്മിയെ കാണാൻ  ഇടവേള സമയത്ത് പിൻനിരയിൽ  നിന്ന് ഒരു തമിഴ് പെൺകുട്ടി എത്തി. ചിത്രയുടെ വലിയ ഫാൻ ആണ് എന്ന് സ്വയം പരിചയപ്പെടുത്തി അവൾ. എന്നെ ഒന്ന് നേരിട്ട് കണ്ടു സംസാരിക്കാൻ സഹായിക്കണം എന്നതായിരുന്നു ആ കുട്ടിയുടെ ആവശ്യം. അലിവ്  തോന്നിയിരിക്കണം മമ്മിക്ക്. പരിപാടി കഴിഞ്ഞു   സ്റ്റേജിൽ അവളെ കൂട്ടിക്കൊണ്ടുവന്ന്  എന്നെ പരിചയപ്പെടുത്തി മമ്മി. വിടർന്ന കണ്ണുകളോടെ എന്നെ നോക്കി നിന്ന ആ കുട്ടിയായിരുന്നു  വളർമതി -- എന്റെ ജീവിതത്തിലെ ആദ്യ ഫാൻ.''-- ചിത്ര ചിരിക്കുന്നു.

ദേഹമാസകലം തന്റെ പേര് പച്ചകുത്തിവന്ന  ആ  തഞ്ചാവൂർക്കാരി ചിത്രക്ക് ഒരത്ഭുതമായിരുന്നു. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായി ആ കൂടിക്കാഴ്ച. ``ദിനംപ്രതിയെന്നോണം വീട്ടിലേക്ക്  അവളെന്നെ ഫോണിൽ വിളിക്കും. നിരന്തരം കത്തുകളെഴുതും. ലോകത്തിന്റെ ഏതു മൂലയിലായിരുന്നാലും എന്റെ ജന്മദിനത്തിൽ വളർമതിയുടെ വിളി വന്നിരിക്കും. ഞാൻ പോലും മറന്നുപോയ ജന്മദിനങ്ങൾ അങ്ങനെ അവളെന്നെ ഓർമ്മിപ്പിച്ചിട്ടുണ്ട്.'' വളർമതിയുടെ ജീവിതത്തിലെ എല്ലാ ആഹ്ളാദദുഃഖങ്ങളിലും -- പ്രതിസന്ധിഘട്ടങ്ങളിൽ വരെ --  ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നുകൂടി അറിയുക.

ആരാധകരുടെ അനന്തമായ ഘോഷയാത്ര തുടങ്ങിയിരുന്നതേയുള്ളൂ ചിത്രയുടെ ജീവിതത്തിൽ. ഭാഷയുടെയും ദേശത്തിന്റെയും ഒക്കെ അതിരുകൾ ഭേദിച്ച സ്നേഹപ്രവാഹം. ``മധുരക്കാരി ഷർമ്മിളയെ ഒരിക്കലും മറക്കാനാവില്ല. കടും ചുവപ്പ്  അക്ഷരങ്ങളിൽ എഴുതിയ ഒരു കത്തിലൂടെയായിരുന്നു അവളുടെ വരവ്. ആദ്യം കൗതുകമാണ് തോന്നിയത്. പക്ഷേ, ഇതെന്റെ സ്വന്തം രക്തം കൊണ്ട് എഴുതിയ കത്താണ് എന്ന വരി വായിച്ചപ്പോൾ  കൗതുകം ഞെട്ടലിന് വഴിമാറി. വിശ്വസിക്കാനായില്ല എനിക്ക്. ഇങ്ങനെയൊക്കെ എഴുതുമോ ആളുകൾ?'' പക്ഷേ ഷർമിള നുണ പറയുകയായിരുന്നില്ല. സ്വന്തം ചോരയിൽ തൂലിക മുക്കിക്കൊണ്ടുതന്നെ ആരാധനാപാത്രത്തിന് കത്തുകൾ എഴുതിക്കൊണ്ടിരുന്നു അവർ. കായംകുളംകാരി റാണിയാണ് പിന്നെ വന്നത്. ദിവസവും ഇഷ്ടഗായികക്ക് കത്തെഴുതും അവൾ. വളരെ പൊസസീവ് ആണ്. മറ്റാരുമായും ചിത്ര  സംസാരിക്കുന്നതുപോലും ഉൾക്കൊള്ളാനാവില്ല. ഇടയ്ക്കിടെ കുറെ പൊട്ട് അയച്ചുതരും. അവയിലേതെങ്കിലും അണിഞ്ഞു വേണം ചിത്ര  സ്റ്റേജിൽ പ്രത്യക്ഷപ്പെടാൻ. മറ്റൊരു കടുത്ത ആരാധിക ഓരോ വർഷവും സ്വന്തം പിറന്നാളിന് മുൻപ് ഇഷ്ടപ്പെട്ട നിറം ചിത്രയെ അറിയിക്കും. ആ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും പിറന്നാൾ സമ്മാനമായി ചിത്ര അവൾക്ക് അയച്ചുകൊടുക്കണം. അതാണാവശ്യം.  ചിലർക്ക് വേണ്ടത് ഇഷ്ടപ്പെട്ട ചോക്കളേറ്റാണ്. വൈവിധ്യമാർന്ന മോഹങ്ങൾ അങ്ങനെ എത്രയെത്ര. 

``എന്നെക്കുറിച്ചു കവിതകൾ എഴുതി അയക്കുന്നവരുണ്ട്; എന്റെ ഗാനങ്ങളുടെ പൂർണ്ണശേഖരം ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. ചിത്രങ്ങൾ വരച്ച് അയക്കുന്നവരും നിരവധി. ആരെയും പിണക്കാറില്ല ഞാൻ. കഴിയുന്നതും പ്രതികരിക്കും. ചിലരുടെയൊക്കെ സൃഷ്ടികൾ ഫേസ്ബുക് പേജിൽ പങ്കുവെക്കും.'' എങ്കിലും അപൂർവമായി ചില ആരാധനകൾ പ്രതീക്ഷിക്കാത്ത അപകടങ്ങളിലേക്ക് വഴിതുറന്നിട്ടുമുണ്ട് ചിത്രയുടെ ജീവിതത്തിൽ. നിഷ്കളങ്കതമനസ്സോടെ  എല്ലാ സൗഹൃദങ്ങളെയും സ്വാഗതം ചെയ്യുന്നതുകൊണ്ടുള്ള ദുരനുഭവം. 

അമ്മയെപ്പോലെ തന്നെ സ്നേഹിക്കുകയും അന്ധമായി ആരാധിക്കുകയും ചെയ്ത ഒരു പെൺകുട്ടിയുടെ മുഖം ചിത്രയുടെ ഓർമ്മയിലുണ്ട്. ``വാട്ട്സാപ്പിൽ ദിവസവും ഇരുപത്തഞ്ചും മുപ്പതും സന്ദേശങ്ങൾ അയക്കുമായിരുന്നു അവൾ. മെസേജുകളുടെ ആധിക്യം കൊണ്ട് ഫോൺ ഹാങ് ആകുന്ന ഘട്ടം വരെ എത്തി. എന്നിട്ടും ആ കുട്ടിയെ  തടയാൻ തോന്നിയില്ല. അതവൾക്കൊരു  സന്തോഷമാകുമെങ്കിൽ ആവട്ടെ എന്നായിരുന്നു എന്റെ ചിന്ത.'' -- ചിത്ര. പക്ഷേ ആരാധന അതിരുകടന്നതോടെ കഥ മാറി. ഉടൻ ചെന്നൈയിലേക്ക് ട്രെയിൻ കയറി വന്ന് എന്നെ കണ്ടേ പറ്റൂ, ഇല്ലെങ്കിൽ  മരിച്ചുപോകുമെന്നൊക്കെ  പറയുന്ന ഘട്ടം വരെയെത്തി അത്. അവളുടെ മനസ്സിൽ അമ്മയുടെ രൂപമായിരുന്നു എനിക്ക്. വീട്ടിൽ വന്ന് മറ്റൊരു നന്ദനയായി മാറി അമ്മയ്ക്കും അച്ഛനും നടുവിൽ കിടക്കണം എന്നൊക്കെയായി ആവശ്യം. നന്ദന ഓടിക്കളിക്കും പോലെ വീട്ടിൽ ഓടിക്കളിക്കണം  എന്നും.  ഒരു കൗമാരക്കാരിയാണ്  ഇത് പറയുന്നതെന്നോർക്കണം. ഞാനുമായി ഒരു ദിവസമെങ്കിലും സംസാരിച്ചില്ലെങ്കിൽ മരിച്ചുപോകും എന്നൊക്കെ ആ കുട്ടി പറഞ്ഞുകേട്ടപ്പോൾ ശരിക്കും ഭയം തോന്നി. എങ്ങോട്ടാണ് ഈ കുട്ടിയുടെ  പോക്ക് എന്നതിനെ കുറിച്ച് ഒരു രൂപവും കിട്ടിയില്ല എനിക്ക്.'' 

``എത്രയും പെട്ടെന്ന് ആ കുട്ടിയിൽ നിന്ന് അകലുക.''-- മാനസികാരോഗ്യ വിദഗ്ദ്ധ കൂടിയായ സുഹൃത്ത്  ചിത്രക്ക് നൽകിയ ഉപദേശം അതായിരുന്നു. ``എന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രതികരണങ്ങൾ പോലും ആ കുട്ടിക്ക് പ്രോത്സാഹനമാകും എന്നാണ് അവർ പറഞ്ഞത്. അത് അവളുടെ  മാനസികനില കൂടുതൽ വഷളാക്കുകയേ ഉള്ളൂ.'' അങ്ങനെ ആ കുട്ടിയുടെ  കൂടി നന്മ കണക്കിലെടുത്ത് അവളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാൻ നിർബന്ധിതയാകുന്നു ചിത്ര. ``വേദനയോടെയാണ് ഞാനത് ചെയ്തത്. എന്തുചെയ്യാം. അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടത് എന്റെ കൂടി ആവശ്യമല്ലേ.  വിദഗ്ദ്ധ ചികിത്സയിലൂടെ അവൾ തികച്ചും നോർമൽ ആയി മാറും  എന്നാണ് പ്രതീക്ഷ. സ്വപ്നലോകത്തുനിന്നും അവൾ എത്രയും വേഗം പുറത്തുകടക്കുമെന്നും.''

grihalakshmi
​ഗൃഹലക്ഷ്മി വാങ്ങാം

ഒറ്റപ്പെട്ട ഉദാഹരണമല്ല ഇതെന്ന് പറയുന്നു ചിത്ര.  അത്തരം ആരാധകർ വേറെയുമുണ്ട്.  ഗുഡ് മോർണിംഗ് മെസേജിനു പ്രതികരിച്ചില്ലെങ്കിൽ പോലും പരിഭവിക്കുന്നവർ; നമ്മുടെ  മാനസികാവസ്ഥ പരിഗണിക്കാതെ എപ്പോഴും കിന്നാരം പറഞ്ഞുകൊണ്ടിരിക്കണമെന്നു നിർബന്ധമുള്ളവർ,  സമയവും സൗകര്യവുമൊന്നും  കണക്കിലെടുക്കാതെ  വീട്ടിൽ വരണമെന്ന് ശഠിക്കുന്നവർ.... അങ്ങനെ പലരും. ആരെയും പിണക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും ചിലപ്പോൾ ക്ഷമ നശിച്ചുപോകും. ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഈ പ്രകൃതം  ശരിയല്ല എന്നൊക്കെ പലരും ഉപദേശിച്ചിട്ടുണ്ട്. എന്തുചെയ്യാം. എളുപ്പം മാറ്റാൻ പറ്റുന്നതല്ലല്ലോ നമ്മുടെ സ്വഭാവം.'' ചിരിയോടെ ചിത്ര പറയുന്നു. ``എങ്കിലും  ഇത്തരം  കാര്യങ്ങൾ ഇപ്പോൾ കുറേക്കൂടി ഗൗരവത്തോടെ കാണാൻ ശ്രമിക്കാറുണ്ട്  ഞാൻ.  നമ്മൾ കാരണം മറ്റുള്ളവർക്ക് കൂടി പ്രയാസങ്ങൾ ഉണ്ടാകരുത് എന്നാണ് പ്രാർത്ഥന.''

ഓർമ്മവന്നത് വർഷങ്ങൾക്കു മുൻപ് വിജയവാഡയിൽ  നിന്ന് ``പാട്ടെഴുത്ത്''പംക്തി വായിച്ചു വിളിച്ച  ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ്. ചിത്രയുടെ വലിയൊരു ആരാധികയാണ് ശ്രീജിത്തിന്റെ അംഗപരിമിതയായ അമ്മ. പൂജാമുറിയിൽ ഭഗവാന്മാരുടെ ചിത്രങ്ങൾക്കൊപ്പം ചിത്രയുടെയും മകൾ നന്ദനയുടെയും പടം തൂക്കിയിരിക്കുന്നു അവർ. ``ദിവസവും കാലത്ത് വീൽ ചെയറിലിലിരുന്ന് രണ്ടു പടങ്ങളിലും പൂക്കൾ അർപ്പിക്കും അമ്മ. നെറ്റിയിൽ കുങ്കുമവും ചന്ദനവും ചാർത്തും. മതിവരുവോളം തൊഴും. ചിത്രയുടെ പാട്ടുകൾ കേട്ട് വേണം മരിക്കാൻ എന്നാണ് അമ്മയുടെ ആഗ്രഹം....വീട്ടിലെ പൂച്ചക്ക് പോലും ചിത്രയുടെ പേരാണ് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?''
കേട്ടപ്പോൾ ചിരിവന്നുപോയി എന്നത് സത്യം. ഇങ്ങനെയും ഉണ്ടാകുമോ ആളുകൾ എന്നായിരുന്നു അന്നത്തെ ചിന്ത. പക്ഷേ, പതിനഞ്ചു വർഷങ്ങൾക്കിപ്പുറത്തു  നിന്ന് തിരിഞ്ഞുനോക്കുമ്പോൾ ശ്രീജിത്തിന്റെ അമ്മയിൽ ഒരായിരം അമ്മമാരുടെ മുഖങ്ങൾ  കാണുന്നു ഞാൻ; എന്റെ അമ്മയുടേതുൾപ്പെടെ.
 

(ഗൃഹലക്ഷ്മി ചിത്ര സ്‌പെഷൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

 

 

Content Highlights : KS Chithra about her diehard fans music ravi menon paattuvazhiyorathu