വെളിച്ചം കാണാതെ പോയ പടങ്ങളെക്കുറിച്ചും അർഹിച്ച ശ്രദ്ധ നേടാതെ മറവിയിൽ മറഞ്ഞ പാട്ടുകളെ കുറിച്ചും വേദനയോടെ സംസാരിച്ചുകൊണ്ടിരുന്ന കോഴിക്കോട് യേശുദാസിനോട് എന്റെ ചോദ്യം: ``എന്തിനാ അധികം പാട്ടുകൾ? ഒരു പാട്ടു പോരേ മലയാളികൾ താങ്കളെ എന്നെന്നും ഓർക്കാൻ?'' യേശുദാസിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇന്നുമുണ്ട് ഓർമ്മയിൽ; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും. ``അനഘ'' യിലെ ``പാടുവാൻ മറന്നുപോയി സ്വരങ്ങളാമെൻ കൂട്ടുകാർ'' എന്ന പാട്ട് എപ്പോൾ കേട്ടാലും മനസ്സിൽ തെളിയുക ആ പുഞ്ചിരിയാണ്.

സംഗീതസംവിധായകനും സംഗീതാധ്യാപകനുമായ കോഴിക്കോട് യേശുദാസിനേക്കാൾ എനിക്ക് പരിചയം, സുഹൃത്തും അയൽവാസിയുമായ കോഴിക്കോട് യേശുദാസിനെയാണ്. വെസ്റ്റ് ഹില്ലിൽ പതിനഞ്ചുവർഷത്തോളം ഞങ്ങളുടെ അയൽക്കാരനായിരുന്നു യേശുദാസ്. ഇന്നതൊരു പഴയ കഥ. കനകാലയ ബാങ്കിന് പടിഞ്ഞാറു വശത്തുള്ള വെസ്റ്റ് അവന്യൂ കോളനിയിലെ ഹിന്ദോളം എന്ന വീടിന്റെ സ്ഥാനത്ത് ഏതോ സ്വകാര്യ ഫ്ലാറ്റ് സമുച്ചയം തലയുയർത്തി നിൽക്കുന്നു ഇപ്പോൾ. അതിനു പിന്നിൽ യേശുദാസും ഭാര്യ ലാലിയും കുട്ടികളും താമസിച്ചിരുന്ന വീടും ചുറ്റുമുള്ള കൊച്ചുപൂന്തോട്ടവും ഇന്ന് ഭൂതകാലത്തിന്റെ ഭാഗം.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം, അപരിചിതനായ ഒരു വഴിപോക്കനെപ്പോലെ ഇയ്യിടെ അവിടെ ചെന്നു നിന്നപ്പോൾ, മനസ്സിലേക്ക് ഇരമ്പിക്കയറിവന്ന ഗൃഹാതുര ചിത്രങ്ങളിൽ കോഴിക്കോട് യേശുദാസിന്റെ പുഞ്ചിരിക്കുന്ന മുഖവുമുണ്ടായിരുന്നു; ഭാര്യ ലാലിയുടെയും. നിറവേറാത്ത ഒട്ടേറെ സംഗീതസ്വപ്നങ്ങളുമായി ഭൂമിയിൽ നിന്ന് യാത്രയായ യേശുദാസിന്റെ നിശ്ചലരൂപം അവസാനമായി കാണുമ്പോഴും ആ നേർത്ത പുഞ്ചിരി മുഖത്ത് തങ്ങിനിന്നിരുന്നില്ലേ?

അധികം സിനിമകളൊന്നും ചെയ്തിട്ടില്ല യേശുദാസ്. ചെയ്ത സിനിമകളാകട്ടെ വലിയ ബോക്സോഫീസ് വിജയങ്ങളുമായിരുന്നില്ല. ബാബു നാരായണൻ സംവിധാനം ചെയ്ത അനഘ (1989) ആയിരുന്നു ആദ്യചിത്രം. ജോസഫ് ഒഴുകയിൽ രചിച്ച ആറോളം ലളിതസുന്ദര ഗാനങ്ങളുണ്ടായിരുന്നു ആ പടത്തിൽ. ഇന്നും ചുണ്ടിൽ തങ്ങിനിൽക്കുന്നത് ഹംസധ്വനി രാഗസ്പർശമുള്ള ``പാടുവാൻ മറന്നുപോയി'' തന്നെ. യേശുദാസ് ഗംഭീരമായി പാടുകയും നെടുമുടി വേണു വെള്ളിത്തിരയിൽ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്ത പാട്ട്. ``അനഘ''യിൽ വേറെയുമുണ്ടായിരുന്നു വ്യത്യസ്ത സംഗീത സൃഷ്ടികൾ. അങ്ങകലെ കിഴക്കൻ ദിക്കിൽ, മനംനൊന്തു ഞാൻ കരഞ്ഞു എന്നിവ ഉദാഹരണം. പാട്ടെഴുത്തുകാരൻ ഒഴുകയിൽ പിന്നീടെങ്ങുപോയി മറഞ്ഞു? അറിയില്ല.

``പൊന്നരഞ്ഞാണം'' (1990) ആണ് റിലീസായ അടുത്ത പടം. സംവിധാനം ബാബു തന്നെ. ആർ കെ ദാമോദരന്റെ രചനകളിൽ ``പൊന്നരഞ്ഞാണം പൊക്കിൾപൂവിന് പൊൻമുത്തമേകുന്ന നേരം'' എന്ന യേശുദാസ് ഗാനം അക്കാലത്ത് പതിവായി റേഡിയോയിൽ കേട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ആദ്യ ചിത്രങ്ങളിൽ ഒന്നായ ``ചക്രവാളത്തിനുമപ്പുറ'''ത്തിലും പാട്ടൊരുക്കിയത് യേശുദാസ് തന്നെ. പടം വെളിച്ചം
കണ്ടില്ലെന്നുമാത്രം. പ്രകൃതീ പ്രഭാവതീ എന്ന മനോഹരഗാനം അധികമാരും കേട്ടതുമില്ല.

പുറത്തുവരാത്ത ഒന്നു രണ്ടു ചിത്രങ്ങളിൽ കൂടി പ്രവർത്തിച്ചു യേശുദാസ്. മോഹൻലാൽ നായകനാകേണ്ടിയിരുന്ന രൗദ്രം (1994) എന്ന സിനിമ തനിക്കൊരു പുനർജ്ജന്മം നൽകുമെന്ന് ന്യായമായും പ്രതീക്ഷിച്ചു അദ്ദേഹം. രൗദ്രത്തിൽ പി കെ ഗോപി എഴുതിയ പാട്ടുകൾ റെക്കോർഡ് ചെയ്തു വന്ന ശേഷം മാസ്റ്റർകാസറ്റിട്ട് ആദ്യമായി കേൾപ്പിച്ചു തരുമ്പോൾ യേശുദാസിന്റെ മുഖത്ത് വിരിഞ്ഞുകണ്ട പ്രതീക്ഷയുടെ പ്രകാശം ഇന്നുമുണ്ട് ഓർമ്മയിൽ. ആരഭിരാഗത്തിന്റെ പ്രണയ സുഗന്ധം ചൊരിഞ്ഞ ``ഒരു ദേവമാളിക തീർത്തു ഞാൻ പ്രിയസഖി നിനക്കായ്'' (യേശുദാസ്, ചിത്ര) എന്ന അർദ്ധശാസ്ത്രീയ ഗാനത്തെ കുറിച്ച് എന്റെ ഗാനാസ്വാദന പംക്തിയിൽ വിശദമായി എഴുതിയപ്പോൾ നന്ദി പറയാൻ മതിലിനപ്പുറത്തു വന്നുനിന്ന സംഗീതസംവിധായകന്റെ കണ്ണുകളിൽ പൊടിഞ്ഞ ബാഷ്പകണം എങ്ങനെ മറക്കാൻ?. ``സിനിമ പുറത്തുവന്നാൽ ആളുകൾ ഈ പാട്ടിനെ കുറിച്ച് നല്ലതു പറയുമെന്ന് എനിക്കുറപ്പാണ്. ദൈവം കനിയണം എന്നു മാത്രം. എന്റെ ഒരു പാട്ടിനൊത്ത് സിനിമയിൽ മോഹൻലാൽ ചുണ്ടനക്കിക്കാണണം എന്നൊരു മോഹമേയുള്ളൂ ഇപ്പോൾ.''

നിർഭാഗ്യവശാൽ പടം പുറത്തുവന്നില്ല. ആ നല്ല പാട്ട് അധികമാരും ശ്രദ്ധിച്ചതുമില്ല. കോഴിക്കോട് യേശുദാസിന്റെ ജീവിതത്തിലെ ഭാഗ്യദോഷങ്ങളുടെ ഘോഷയാത്ര തുടരുകയായിരുന്നു. അതേ ചിത്രത്തിൽ യേശുദാസും സിന്ധുവും ചേർന്ന് പാടിയ ``ഇന്ദ്രനീല പൂമിഴികൾ'' എന്ന സുന്ദര ഗാനത്തിന്റെ കാര്യവും തഥൈവ. തിരിച്ചടികൾ തുടർക്കഥയായതോടെ ക്ലാസിക് മ്യൂസിക് സ്കൂൾ എന്ന പേരിൽ മാവൂർ റോഡിൽ നടത്തിയിരുന്ന സംഗീത വിദ്യാലയത്തിലായി കോഴിക്കോട് യേശുദാസിന്റെ ശ്രദ്ധ മുഴുവൻ. ഇടക്ക് ചില ചലച്ചിത്രേതര ആൽബങ്ങളും ഭക്തിഗാന ആൽബങ്ങളും ചിട്ടപ്പെടുത്തിയെങ്കിലും, കടുത്ത മത്സരങ്ങൾ അരങ്ങുതകർക്കുന്ന സംഗീതലോകത്ത് പിടിച്ചു നിൽക്കുക ദുഷ്കരമെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിരുന്നു അപ്പോഴേക്കും യേശുദാസ്.

സഹൃദയനായ സുഹൃത്തായിരുന്നു എനിക്ക് യേശുദാസ്. നല്ലൊരു വായനക്കാരനും, വലിയൊരു പുസ്തകശേഖരത്തിന്റെ ഉടമയും. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലുകളും ബീറ്റിൽസും മൈക്കൽ ജാക്സണും ഒരുപോലെ ആസ്വദിച്ചു അദ്ദേഹം. ക്ലാസിക്കുകൾ എന്ന് പറയാവുന്ന പാകിസ്താനി ഗസലുകളുടെ നാല് കാസറ്റുകൾ എനിക്ക് സമ്മാനിച്ചത് യേശുദാസാണ്. ഹബീബ് വലി മുഹമ്മദും ഫരീദാ കാനൂമും ആബിദാ പർവീണും ഇക്ബാൽ ബാനുവും മലിക പഖ്രാജുമൊക്കെ എന്റെ സംഗീത ഭൂമികയിൽ കടന്നുവന്നത് ആ സമാഹാരത്തിലൂടെയായിരുന്നു. ``നിങ്ങൾ സ്പോർട്സിനെ കുറിച്ചല്ല, പാട്ടിനെ കുറിച്ചാണ് എഴുതേണ്ടത്'' എന്ന് ഗൗരവപൂർവം ആദ്യം ഉപദേശിച്ചവരിൽ ഒരാളും പ്രിയ യേശുദാസ് തന്നെ.

യേശുദാസിന്റെ ഓർമ്മകൾക്കൊപ്പം മനസ്സിൽ ഒഴുകിയെത്തുക അദ്ദേഹം സൃഷ്ടിച്ച ഏറ്റവും വലിയ ഹിറ്റ് ഗാനത്തിന്റെ വരികളാണ്: ``അറിയാതെ വിരൽത്തുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദനാദം ആർക്കു കേൾക്കാൻ, എങ്കിലും വെറുതെ പാടുന്നു ഞാൻ കരളിൽ വിതുമ്പുമെൻ മൗനനൊമ്പരം ശ്രുതിയായ്...''

Content Highlights : Kozhikkode Yesudas And KJ Yesudas Anagha Ponnaranjanam Movie Song