മരത്തിലെ ''അഴകേ നിന്‍ മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ'' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന 'ഐതിഹ്യം' സത്യമോ എന്നറിയണം. പാട്ടെഴുതിയ കൈതപ്രത്തോടല്ലാതെ മറ്റാരോട് ചോദിക്കാന്‍?

''കേട്ടത് ശരിയാണ്.''-കൈതപ്രം പറഞ്ഞു. ''യഥാര്‍ഥത്തില്‍ ആ പാട്ട് ചിത്രയോടൊപ്പം എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് പാടിക്കാനായിരുന്നു ഭരതേട്ടന് ആഗ്രഹം. പടത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സംബന്ധിച്ച എന്തോ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ യേശുദാസുമായി ചെറുതായി ഇടഞ്ഞതാണ് കാരണമെന്ന് കേട്ടിരുന്നു. ഇല്ലെങ്കില്‍ സ്വാഭാവികമായും രവീന്ദ്രന്റെ ഈണങ്ങള്‍ ദാസേട്ടനാണല്ലോ പാടുക. ഈ പാട്ടും ദാസേട്ടനെ മനസ്സില്‍ കണ്ട് സൃഷ്ടിച്ചതാണ് രവിയേട്ടന്‍.''

പാട്ട് റെക്കോഡ്‌ചെയ്യാന്‍ എസ്.പി.ബി. എത്തുമ്പോള്‍ ഭരതന്‍, രവീന്ദ്രന്‍, ലോഹിതദാസ് എന്നിവര്‍ക്കൊപ്പം കൈതപ്രവുമുണ്ട് ചെന്നൈയിലെ കോദണ്ഡപാണി തിയേറ്ററില്‍. രവീന്ദ്രന്‍ പാടിവെച്ച ട്രാക്ക് രണ്ടുപ്രാവശ്യം കേട്ടുനോക്കി എസ്.പി.ബി. പിന്നെ സംഗീതസംവിധായകന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''രവീ, ഇത് നീ ആര്‍ക്കുവേണ്ടി കംപോസ്‌ചെയ്ത പാട്ടാണെന്ന് നീ പറയാതെതന്നെ എനിക്കറിയാം. അദ്ദേഹത്തിനുമാത്രമേ ഇത് നീ ഉദ്ദേശിക്കുന്നതരത്തില്‍ പാടാനാകൂ.'' എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു രവീന്ദ്രന്. എസ്.പി.ബി.ക്ക് മനസ്സുകൊണ്ട് നന്ദിപറഞ്ഞിരിക്കണം അദ്ദേഹം. അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ചെറിയൊരു ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും 'അമര'ത്തില്‍ ഒടുവില്‍ യേശുദാസ്തന്നെ പാടി. അഴകേ മാത്രമല്ല, വികാരനൗകയുമായ്, പുലരേ പൂങ്കോടിയില്‍ (ലതികയോടൊപ്പം) എന്നീ പാട്ടുകളും.

യേശുദാസ് എന്ന മാനസഗുരു

നഷ്ടപ്പെട്ട പാട്ടിനെച്ചൊല്ലി ഒരിക്കലും ദുഃഖിച്ചിരിക്കാനിടയില്ല എസ്.പി.ബി. അതദ്ദേഹത്തിന്റെ ശീലവുമല്ല. സിനിമയില്‍ അമ്പതുവര്‍ഷം പിന്നിട്ടവേളയില്‍ എസ്.പി.ബി. അനുവദിച്ച അഭിമുഖത്തിലെ ഒരു പരാമര്‍ശം ഓര്‍മവരുന്നു: ''എന്നേക്കാള്‍ അഞ്ചോ ആറോ വര്‍ഷം മുന്‍പ് സിനിമയില്‍ കടന്നുവന്ന ആളാണ് ദാസ് അണ്ണ. പ്രായംകൊണ്ടും എന്റെ മൂത്ത ജ്യേഷ്ഠന്‍. പക്ഷേ, ഞങ്ങളുടെ സംഗീതയാത്രകള്‍ ഏറെക്കുറെ സമാന്തരമായിരുന്നു. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല എനിക്ക്. ഞങ്ങള്‍ തമ്മില്‍ താരതമ്യംപോലുമില്ല എന്നതാണ് സത്യം. സംഗീതത്തിന്റെ തിയറിയോ വ്യാകരണമോ അറിയാതെ പാട്ടുകാരനായിപ്പോയ ആളാണ് ഞാന്‍. അദ്ദേഹമാകട്ടെ ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു സംഗീത സവ്യസാചിയും.'' എസ്.പി.ബി. എന്ന മഹാഗായകനുള്ളിലെ വിനയാന്വിതനായ മനുഷ്യന്റെ ഹൃദയനൈര്‍മല്യം മുഴുവനുണ്ട് ഈ വാക്കുകളില്‍.

പൂര്‍വസൂരികളോടുള്ള സ്‌നേഹാദരങ്ങള്‍ ഉള്ളില്‍ പൊതിഞ്ഞുസൂക്ഷിക്കാനുള്ളതല്ല, പുറമേ പ്രകടിപ്പിക്കാനുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് എസ്.പി.ബി. അതുകൊണ്ടുതന്നെ, സിനിമയില്‍ സുവര്‍ണജൂബിലി തികച്ച വേളയില്‍ ആദ്യം അദ്ദേഹം ചെയ്തത് മാനസഗുരുവായ യേശുദാസിനെ നേരിട്ട് ചെന്ന് ആദരിക്കുകയാണ്. വിജയാ ഗാര്‍ഡന്‍സില്‍വെച്ച് എസ്.പി.ബി. യേശുദാസിന് പാദപൂജയര്‍പ്പിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ പലര്‍ക്കും അദ്ഭുതമായിരുന്നു; ചിലര്‍ക്കെങ്കിലും അവജ്ഞയും. ''പ്രതിഭയുടെ കാര്യത്തില്‍ യേശുദാസിനെക്കാള്‍ ഒട്ടും പിന്നിലല്ല ബാലുസാര്‍. പിന്നെന്തിന് അദ്ദേഹം ദാസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം? ഇതൊരുതരം പ്രകടനാത്മകതയല്ലേ എന്ന് സംശയിച്ചുപോകുന്നു.'' സോഷ്യല്‍ മീഡിയയില്‍ യേശുദാസിനെ നമസ്‌കരിക്കുന്ന എസ്.പി.ബി.യുടെ പടത്തിനുകീഴേ സംശയാലുവായ ഏതോ ഒരു ആരാധകന്‍ കുറിച്ചു. വിമര്‍ശകര്‍ക്ക് തെന്നിന്ത്യയുടെ പ്രിയഗായകന്‍ നല്‍കിയ മറുപടി ഇങ്ങനെ: ''ഇതെന്റെ ദക്ഷിണയാണ്. സംഗീതജീവിതത്തില്‍ എനിക്കെന്നും ജ്യേഷ്ഠതുല്യനും മാര്‍ഗദര്‍ശിയുമായിരുന്ന ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണ. അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് നമസ്‌കരിക്കുമ്പോള്‍ എന്റെ മനസ്സില്‍ മുഴങ്ങിയത് ആ ഗന്ധര്‍വനാദമാണ്. നമ്മുടെയൊക്കെ സൗഭാഗ്യമായ ശബ്ദം...''

അതിനും അരനൂറ്റാണ്ടുമുന്‍പ് ഒരു ഡിസംബര്‍ 15-ന് എസ്.പി.ബി.യുടെ ആദ്യ ചലച്ചിത്രഗാനം പിറന്നുവീണത് ഇതേ വിജയാ ഗാര്‍ഡന്‍സിന്റെ റെക്കോഡിങ് ബൂത്തിലായിരുന്നു-'ശ്രീ ശ്രീ മര്യാദ രാമണ്ണ' എന്ന തെലുങ്ക് ചിത്രത്തിലെ ഏമിയീ വിന്ത മോഹം. അതേ ഭാഗ്യവേദിയില്‍വെച്ച് ഗുരുതുല്യരായ മൂന്നുപേര്‍ക്ക് പാദപൂജ നടത്തണം എന്നായിരുന്നു എസ്.പി.ബി.യുടെ ആഗ്രഹം. ''അവരാരും അറിയാതെതന്നെ ഒരു ഏകലവ്യനെപോലെ അവരുടെ ശിഷ്യത്വം സ്വീകരിച്ചയാളാണ് ഞാന്‍. ജാനകിയമ്മയും സുശീലാമ്മയും ഹൈദരാബാദിലായതിനാല്‍ എത്താന്‍പറ്റിയില്ല. ദാസ് അണ്ണന്‍ ചെന്നൈയിലെ മാര്‍ഗഴി സംഗീതോത്സവത്തിന്റെ തിരക്കിലാണ്. തലേന്ന് വൈകുന്നേരം അദ്ദേഹത്തിന് കച്ചേരി പാടാനുണ്ടായിരുന്നുതാനും. എന്നിട്ടും എന്റെ അപേക്ഷ ദയാപൂര്‍വം സ്വീകരിച്ച് അദ്ദേഹം എത്തി-ഭാര്യയോടൊപ്പം.'' എസ്.പി.ബി.ക്ക് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ഗുരുപൂജ ഏറ്റുവാങ്ങിയാണ് യേശുദാസ് തിരിച്ചുപോയത്.  

1960-കളുടെ ഒടുവിലാണ് എസ്.പി.ബി. ആദ്യമായി യേശുദാസിനെ കാണുന്നതും ആ ശബ്ദം ആസ്വദിക്കുന്നതും. ''മറീനാ ബീച്ചിന് സമീപമുള്ള യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളില്‍ യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ എത്തിയതായിരുന്നു ഞാന്‍. അന്നദ്ദേഹം തെന്നിന്ത്യയൊട്ടുക്കും പ്രശസ്തനാണ്. ഹാളിലെ വലിയ ജനക്കൂട്ടത്തില്‍ ഒരാളായി ആ ശബ്ദമാധുരിയില്‍ മുഴുകി സ്വയം മറന്ന് നിന്നത് ഓര്‍മയുണ്ട്. അന്ന് സങ്കല്പിച്ചിട്ടുപോലുമില്ല ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം പാടാന്‍ ഭാഗ്യമുണ്ടാകും എന്ന്.'' അതിനും അഞ്ചുവര്‍ഷം മുന്‍പേ തെലുങ്കില്‍ പിന്നണിഗായകനായി അരങ്ങേറിയിരുന്നെങ്കിലും തമിഴില്‍ തുടക്കക്കാരന്റെ പ്രതിച്ഛായയില്‍നിന്ന് മോചിതനായിരുന്നില്ല എസ്.പി.ബി. അടിമൈപ്പെണ്ണില്‍ എം.ജി.ആറിനുവേണ്ടി ആയിരം നിലവേ വാ (സംഗീതം: കെ.വി. മഹാദേവന്‍) എന്ന ഗാനം പാടിയ പാട്ടുകാരനെ തമിഴകം ശ്രദ്ധിച്ചുതുടങ്ങിയിരുന്നതേയുള്ളൂ. ''ദാസ് അണ്ണന്‍ എനിക്ക് എന്നും ഒരദ്ഭുതമായിരുന്നു. ശ്രുതിശുദ്ധിയുടെയും സ്വരമാധുര്യത്തിന്റെയും പ്രതീകം. ഉരിമൈക്കുരളിലെ വിഴിയേ കതൈ എഴുത് എന്ന ഗാനം ആദ്യമായി കേട്ടപ്പോള്‍ സ്വയം മറന്ന് ഇരുന്നുപോയിട്ടുണ്ട് ഞാന്‍. റഫിസാഹിബിനെയാണ് പെട്ടെന്ന് ഓര്‍മവന്നത്.''

പ്രതിഭാസംഗമം

യേശുദാസുമായി കൂടുതല്‍ അടുക്കുന്നത് പത്തുവര്‍ഷത്തിനുശേഷം ശാരദാ സ്റ്റുഡിയോയില്‍ ഒരുമിച്ച് ഒരു ഡ്യൂയറ്റ് പാടാന്‍ എത്തിയപ്പോഴാണ്. തങ്കത്തില്‍ വൈരം എന്ന ചിത്രത്തിലെ ''എന്‍ കാതലീ യാര്‍ സൊല്ലവാ'' (സംഗീതം: ശങ്കര്‍ ഗണേഷ്). യേശുദാസ് പാടിയത് ശിവകുമാറിനുവേണ്ടി; എസ്.പി.ബി. കമല്‍ ഹാസനുവേണ്ടിയും. ''അന്ന് ട്രാക്ക് സമ്പ്രദായമൊന്നും പ്രചാരത്തില്‍ വന്നിട്ടില്ല. ഒരുമിച്ച് മൈക്കിന് മുന്നില്‍ നിന്നാണ് പാടുക. മറക്കാനാവാത്ത അനുഭവം.'' അപൂര്‍വമായെങ്കിലും പിന്നെയും ദാസ്-ബാലു ടീമിന്റെ യുഗ്മഗാനങ്ങള്‍ നാം കേട്ടു: അരുവികൂട ജതി ഇല്ലാമല്‍ (ഗൗരി മനോഹരി-സംഗീതം: ഇനിയവന്‍), കാട്ടുക്കുയില് മനസുക്കുള്ളെ (ദളപതി-ഇളയരാജ), ആരാരോ (ദശരഥന്‍-എല്‍. വൈദ്യനാഥന്‍), ഇരണ്ട് കൈകള്‍ (തൃശൂലം-എം.എസ്. വിശ്വനാഥന്‍). താമസിയാതെ എസ്.പി.ബി.യുടെ സംഗീതത്തിലും യേശുദാസ് പാടി-സിഗരം (1992) എന്ന ചിത്രത്തിലെ ''അഗരം ഇപ്പോ സിഗരം ആച്ച്.'' സ്വരപ്പെടുത്തിയ പാട്ടുകളില്‍ എസ്.പി.ബി.യുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പാട്ട്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ ഉള്‍പ്പെടെയുള്ള വിശ്വവേദികളില്‍ ദാസിനൊപ്പം സംഗീതപരിപാടികളില്‍ പങ്കെടുക്കാന്‍കഴിഞ്ഞത് സംഗീതജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു എസ്.പി.ബി. ''ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല എന്ന് ബാലു പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെ പറയരുതെന്ന് അദ്ദേഹത്തെ വിലക്കും ഞാന്‍. ആയിരം പൂര്‍വജന്മങ്ങളില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ച ഒരാള്‍ക്കേ ഈ ജന്മത്തില്‍ ഇങ്ങനെ പാടാനാകൂ.''-യേശുദാസ്.

മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് എട്ടുതവണ നേടി റെക്കോഡിട്ട ചരിത്രമുണ്ട് യേശുദാസിന്. ആറ് അവാര്‍ഡുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു എസ്.പി.ബി. - ഓംകാര നാദാനു (ശങ്കരാഭരണം-തെലുങ്ക്), തെരേ മേരേ ബീച് മേ (ഏക് ദുജേ കേലിയെ-ഹിന്ദി), വേദം അണുവണുവുന (സാഗരസംഗമം-തെലുങ്ക്), ചെപ്പലാനി (രുദ്രവീണ-തെലുങ്ക്), ഉമണ്ടു ഗുമണ്ടു (സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവായ്-കന്നഡ), തങ്കത്താമരൈ (മിന്‍സാരക്കനവ്-തമിഴ്) എന്നീ ഗാനങ്ങളിലൂടെ. വിവിധ സംസ്ഥാന അവാര്‍ഡുകളും പദ്മഭൂഷണ്‍പോലുള്ള ദേശീയബഹുമതികളും വേറെ.

സൗമ്യസുന്ദരമായ രണ്ട് സംഗീതനദികള്‍പോലെ അരനൂറ്റാണ്ടിലേറെക്കാലമായി ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു യേശുദാസും എസ്.പി.ബി.യും. സ്‌നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയും എസ്.പി. ബാലസുബ്രഹ്മണ്യം. 'നിനൈത്താലേ ഇനിക്കും' എന്ന ചിത്രത്തിനുവേണ്ടി കണ്ണദാസന്‍-എം.എസ്. വിശ്വനാഥന്‍-എസ്.പി.ബി. ടീം വര്‍ഷങ്ങള്‍ക്കുമുന്‍പ് സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പല്ലവിയില്‍ ഈ സ്‌നേഹഗായകന്റെ ജീവിതവീക്ഷണം മുഴുവനുണ്ട്: ''എങ്കേയും എപ്പോതും സംഗീതം സന്തോഷം...''

Content Highlights: KJ Yesudas, sp balasubramaniam, friendship