നാദസൗഭഗത്തിന് 60 തികയുന്നു (1961 നവംബർ 14 നാണ് യേശുദാസിന്റെ സിനിമയിലെ അരങ്ങേറ്റം).

റേഡിയോയിലെ  ചലച്ചിത്രഗാന പരിപാടികളിലൂടെയും  ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും  വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും  കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു കുട്ടിക്കാലത്ത് എനിക്ക് യേശുദാസ്.  അച്ഛൻ മാനേജരായിരുന്ന എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നിച്ചിതറി വരുന്ന  യേശുദാസിനെ കേൾക്കാം: സുഖമെവിടെ ദുഖമെവിടെ, സ്വർഗപുത്രീ നവരാത്രീ, മദം പൊട്ടി ചിരിക്കുന്ന മാനം... 

ചുണ്ടേൽ റോമൻ കാത്തലിക് എൽ പി സ്കൂളിലെക്കുള്ള രണ്ടു മൈൽ ദൂരം താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ്  ആ സത്യം ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ വില്ലൻ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് -- കാറ്റായി, മഴയായി, തവളയായി, പൂച്ചയായി .... നാടകീയമായ ആംഗ്യ വിക്ഷേപങ്ങളോടെ ശ്രീനു  പറഞ്ഞു തരുന്ന ഓരോ കഥയും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന എനിക്ക് ഈ കഥ അവിശ്വസിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല...  ആയിടക്കൊരിക്കൽ കല്പറ്റയിൽ  നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ തീർച്ചയായി :   ജീവിച്ചിരിപ്പില്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും ?

യേശുദാസ് ഒരു സങ്കൽപ്പമല്ലെന്നു   മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്.  ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ  സ്പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി `കുരുവിക്കൂട്' സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്ര ധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി   കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ.  ദേവഗിരി കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ്--ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷെ പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ  സെക്യൂരിറ്റിക്കാർ  തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റി വിട്ടില്ല അവർ . നിരാശയോടെ തിരിച്ചു പോരുമ്പോൾ പരമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൽക്കിടയിലൂടെ കാറ്റിൽ  ഇടയകന്യകേ എന്ന പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു ..

പത്രപ്രവർത്തകനായ ശേഷം  പന്തിനും പാട്ടിനും  പിറകെയുള്ള അലച്ചിലിന്റെ കാലത്താണ്  യേശുദാസിനെ ആദ്യം നേരിൽ കാണുന്നത് .   അമ്പതു വയസ്സ് തികഞ്ഞ  ദാസിന്റെ മികച്ച പത്തു ഗാനങ്ങൾ തിരഞ്ഞെടുത്തുകൊണ്ട്‌ കേരള കൗമുദിയുടെ വാരാന്ത്യത്തിൽ ഒരു ലേഖനം എഴുതി ഏറെക്കഴിയും മുൻപ്.  കോഴിക്കോട്ടെ മുല്ലശേരിയിൽ വച്ച്  എന്റെ സാന്നിധ്യത്തിൽ ആ ലേഖനമടങ്ങിയ പത്രം  ആരോ എടുത്തു കയ്യിൽ കൊടുത്തപ്പോൾ, കൃത്രിമ ഗൗരവത്തോടെ യേശുദാസ് എന്റെ മുഖത്തു നോക്കി ചോദിച്ചു: ``ആരാ എനിക്ക്  50 വയസ്സായെന്ന് നിന്നോട് പറഞ്ഞത്? കണ്ടാൽ തോന്നുമോ?'' വരണ്ട തൊണ്ടയുമായി പകച്ചു  നിന്നു ഞാൻ. എന്റെ അമ്പരപ്പ് കണ്ടു സഹതാപം തോന്നിയിട്ടാവണം, അദ്ദേഹം പറഞ്ഞു: ``നന്നായി.  കുറെ മഹാന്മാരായ ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും  സംഭാവനകളെ കുറിച്ചും  അതിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതാണ് വലിയ കാര്യം.''

മുപ്പതു വർഷത്തിനിടക്ക് സിനിമ ഏറെ മാറി. സിനിമാ സംഗീതവും. ഇന്നും ഈ രംഗത്ത് കടന്നു വരുന്ന ഓരോ ന്യൂ ജനറേഷൻ സംഗീത സംവിധായകരും തന്റെ ഒരു പാട്ടെങ്കിലും എൺപത് പിന്നിട്ട യേശുദാസ് പാടണം  എന്ന് മോഹിക്കുന്നു . അദ്ദേഹത്തിന് മാത്രം പാടാൻ കഴിയുന്ന  പാട്ടൊരുക്കി കാത്തിരിക്കുന്നു. എന്താണ് ഈ ആഗ്രഹത്തിന്റെ പൊരുൾ എന്ന് ഏറ്റവും പുതിയ തലമുറയിലെ ഒരു സംഗീത സംവിധായകനോട് ചോദിച്ചു നോക്കിയിട്ടുണ്ട്. അയാൾ പറഞ്ഞു: ``കാലമേറെ  കഴിഞ്ഞു വൃദ്ധനായി   ചെറുപ്പത്തിലെ വീരവാദങ്ങളൊക്കെ അയവിറക്കി ഒരു ഭാഗത്ത്‌ അടങ്ങിയിരിക്കുമ്പോൾ പേരക്കുട്ടികളിൽ ആരെങ്കിലും ചോദിച്ചെന്നിരിക്കും -- അപ്പൂപ്പാ, യേശുദാസ് അപ്പൂപ്പന് വേണ്ടി പാട്ടൊന്നും പാടിയിട്ടില്ലേ എന്ന്.  നമ്മുടെ സംഗീത ചരിത്രത്തിൽ ഇനി മറ്റൊരു ലെജൻഡ് ഉണ്ടാവില്ലല്ലോ. '' നിഗൂഢമായ വേറൊരു ആഗ്രഹം കൂടി പങ്കുവച്ചു ആ സംഗീതസംവിധയകാൻ: ``എനിക്കദ്ദേഹം പാട്ട് പാടി റെക്കോർഡ്‌ ചെയ്യുന്നതൊന്നു നേരിൽ കാണണം. അത് കാണാൻ അച്ഛനെയും അമ്മയെയും അമ്മമ്മയെയും ഒപ്പം കൂട്ടണം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണത്.''

 അങ്ങനെ എത്രയെത്ര ആരാധകർ. കാലത്തിനും ദേശത്തിനും പ്രായത്തിനും അപ്പുറത്തേക്ക് നീളുന്ന ഈ ആരാധനക്കിടയിലും യേശുദാസ് ദിനംപ്രതിയെന്നോണം വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ``യേശുദാസ് ഒരു പൊതുസ്വത്താണ്. പൂച്ചെണ്ടുകൾക്കൊപ്പം കല്ലേറും ഏറ്റുവാങ്ങാൻ അദ്ദേഹം തയ്യാറായേ പറ്റൂ'''-- വിഗ്രഹവൽക്കരണത്തിന്റെ നിതാന്ത ശത്രുവായ എന്റെ ഒരു പത്രപ്രവർത്തക സുഹൃത്തിന്റെ വാക്കുകൾ. 

യേശുദാസ് എന്ന ഗായകന്റെ പ്രതിഭയിലും താൻ വ്യാപരിക്കുന്ന മണ്ഡലത്തോടുള്ള കറകളഞ്ഞ പ്രതിബദ്ധതയിലും  സംശയമൊന്നുമില്ല എനിക്ക്.   യേശുദാസിന്റെ പാട്ടുകൾ കേട്ട് ആസ്വദിച്ചും അവ പകർന്നു നൽകിയ  വൈവിധ്യമാർന്ന അനുഭൂതികളിൽ ബാല്യത്തിലെ ഏകാന്ത ദുഃഖങ്ങൾ മുഴുവൻ അലിയിച്ചുകളഞ്ഞും വളർന്നു വന്നിരുന്നില്ലെങ്കിൽ ഞാൻ സംഗീതത്തെ കുറിച്ച് എഴുതുമായിരുന്നോ എന്നു പോലും സംശയം.  ഇന്നും ആ ശബ്ദം, ആ ഗാനങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Content Highlights : KJ Yesudas Sixty Years in cinema industry, Music, Yesudas Songs