ഓരോ വർഷവും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ, പുരസ്‌കാര ജേതാക്കൾ താരശോഭയോടെ മാധ്യമങ്ങളിൽ നിറയുമ്പോൾ, അറിയാതെ ഓർത്തുപോകും ഒരാളെ -- മെലഡിയുടെ രാജകുമാരനായ എം എസ് ബാബുരാജിനെ.

സംസ്ഥാന അവാർഡിന്റെ 52 വർഷത്തെ ചരിത്രത്തിൽ ഒരു തവണ പോലും വിജയികളുടെ പട്ടികയിൽ ഇടം നേടാനാകാതെ പോയ ഒരാൾ. സർക്കാർ അവാർഡ് മാത്രമല്ല പറയത്തക്ക ബഹുമതികൾ ഒന്നുമില്ല ബാബുരാജിന്റെ ബാലൻസ് ഷീറ്റിൽ; ആസ്വാദക ഹൃദയങ്ങളുടെ സ്‌നേഹനിർഭരമായ ആശ്ലേഷങ്ങളല്ലാതെ. വിടവാങ്ങി 43 വർഷം കഴിഞ്ഞിട്ടും ബാബുരാജ് ഗാനങ്ങൾ ആസ്വദിക്കപ്പെടുന്നു; ആഘോഷിക്കപ്പെടുന്നു. കവർ വേർഷനുകളായി പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു അവ; പുരസ്‌കാരങ്ങൾ പോലും അപ്രസക്തമാക്കിക്കൊണ്ട്.

1960 കളായിരുന്നു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണദശ. പുതിയ സമവാക്യങ്ങളും അഭിരുചികളും പ്രവണതകളും രൂപപ്പെട്ട എഴുപതുകളുടെ തുടക്കത്തോടെ മത്സരം കനത്തു. അർത്ഥദീപ്തമായ രചനകൾ കുറഞ്ഞുവന്നു. ഈ പരിമിതികൾക്കിടയിലും മനോഹര ഗാനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു ബാബുരാജ്. 1969 ലാണ് ആദ്യമായി സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. ബാബുരാജ് യാത്രയായത് 1978 ഒക്ടോബർ ഏഴിനും. ഈ ഒൻപത് വർഷത്തിനിടക്ക് ബാബുക്ക സമ്മാനിച്ച പാട്ടുകളിൽ എനിക്കേറെ പ്രിയപ്പെട്ടവ ഇതാ. മനസ്സുകൊണ്ട് അവയ്ക്ക് ആദരം അർപ്പിക്കട്ടെ....അവാർഡ് സമർപ്പിക്കട്ടെ.

ചന്ദ്രബിംബം നെഞ്ചിലേറ്റും (പുള്ളിമാൻ), അസ്തമനക്കടലിന്നകലെ (സന്ധ്യ), സൃഷ്ടി തൻ സൗന്ദര്യ മുന്തിരിച്ചാറിനായ് (സൃഷ്ടി), ഇന്ദുലേഖ തൻ (അനാഥ), ഇടക്കൊന്ന് ചിരിച്ചും, മണിമാരൻ തന്നത് (ഓളവും തീരവും), ദുഖങ്ങൾക്കിന്നു ഞാൻ (അമ്പലപ്രാവ്), കാലം മാറിവരും കാറ്റിൻ ഗതി മാറും (ക്രോസ്ബെൽറ്റ്), ആടാനുമറിയാം, കണ്ണീരാലൊരു പുഴയുണ്ടാക്കി, കണ്ണിന് കണ്ണായ കണ്ണാ (പ്രിയ), കിഴക്കേ മലയിലെ, കാലം ഒരു പ്രവാഹം (ലോറാ നീ എവിടെ), വിജനതീരമേ (രാത്രിവണ്ടി), കാളിന്ദി തടത്തിലെ രാധ, ദീപാരാധന നട തുറന്നു (ഭദ്രദീപം), ജീവിതേശ്വരിക്കേകുവാൻ (ലേഡീസ് ഹോസ്റ്റൽ), ഹൃദയത്തിൽ നിറയുന്ന, കണ്ട് രണ്ടു കണ്ണ് (ചുഴി), കടലേ നീലക്കടലേ (ദ്വീപ്), അള്ളാവിൻ കാരുണ്യം (യത്തീം).....

ബാബുരാജ് ഹിറ്റുകളുടെ വ്യത്യസ്തമായ ``കവർ'' പതിപ്പുകളിലൂടെ ജനപ്രിയരായി മാറിയവരും ബഹുമതികൾ നേടിയവരും നിരവധി. വൈകിയെങ്കിലും സ്വന്തം സൃഷ്ടികളെ തേടിയെത്തുന്ന ഈ അംഗീകാരങ്ങൾ ദൂരെയെങ്ങോയിരുന്ന് ആസ്വദിക്കുന്നുണ്ടാകുമോ ആ ഗാനങ്ങളുടെ യഥാർത്ഥ ശിൽപ്പി?

content highlights : Kerala State Film Awards, MS Baburaj Songs,Melodies, Ravi Menon