കാവാലത്തിന്റെ ഓർമ്മദിനം

വിളിച്ചാൽ വിളിപ്പുറത്താണ് കാവാലത്തിന് താളങ്ങൾ. ഏതു താളവും അനായാസം വഴങ്ങും അദ്ദേഹത്തിന്; കുതിച്ചുപായുന്ന വണ്ടിയുടെ താളം വരെ.

ചെന്നൈയിലേക്കുള്ള ഒരു തീവണ്ടിയാത്രയിൽ പിറന്നുവീണതാണ് പ്രശസ്തമായ ``മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ'' ഉൾപ്പെടെ ആരവത്തിലെ എല്ലാ പാട്ടുകളും. ഓടുന്ന വണ്ടിയുടെ ചടുല താളത്തിനൊത്ത് കാവാലം വരികൾ മൂളിക്കൊടുക്കുന്നു;

ഒപ്പമിരുന്ന് എം ജി രാധാകൃഷ്ണൻ അവ ഏറ്റുപാടി ചിട്ടപ്പെടുത്തുന്നു. അകമ്പടിക്ക്‌, സഹയാത്രികനായ നെടുമുടി വേണുവിന്റെ മേളപ്പെരുക്കം. ഇരിക്കുന്ന സീറ്റും വണ്ടിയുടെ ജനാലയോടു ചേർന്നുള്ള കൊച്ചു മേശയും താളവാദ്യങ്ങൾ.

മറ്റൊരിക്കൽ, `ഘനം' എന്ന കടുപ്പമുള്ള വാക്കു വെച്ച് പാട്ടു തുടങ്ങിയാൽ അത് ലളിതഗാനമാകുന്നതെങ്ങിനെ എന്ന് രാധാകൃഷ്ണന് സംശയം. റെയിൽവേ ടൈംടേബിൾ എടുത്തു മുന്നിൽ വെച്ചു കൊടുത്താൽ പോലും മനോഹരമായി ഈണമിട്ടു നമ്മെ അമ്പരപ്പിക്കാൻ അറിയുന്ന രാധാകൃഷ്ണന് ഏതു `ഘന'പദത്തേയും ഇളംതൂവലാക്കി മാറ്റാൻ കഴിയുമെന്ന് കാവാലം. താളബോധത്തിന്റെ ആശാനായ കവിയും കവിതയുടെ കാമുകനായ സംഗീത സംവിധായകനും തമ്മിലുള്ള ആ ആശയസംവാദത്തിനൊടുവിൽ പിറന്നതാണ് നമ്മുടെ ഭാഷയിൽ കേട്ട ഏറ്റവും മികച്ച ലളിതഗാനങ്ങളിൽ ഒന്ന്: ``ഘനശ്യാമസന്ധ്യാ ഹൃദയം നിറയേ മഴവില്ലിൻ മാണിക്യവീണ.. ''

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ശ്വാസം മുട്ടിക്കുന്ന തിരക്കിലൂടെയുള്ള ഒരു സായാഹ്നസവാരിക്കിടയിൽ അപ്രതീക്ഷിതമായി ആ ഗാനം ജനിച്ച കഥ രസകരമായി വിവരിച്ചു തന്നിട്ടുണ്ട് കാവാലവും രാധാകൃഷ്ണനും. ``ഇണക്കവും പിണക്കവും പരിഭവങ്ങളും നിറഞ്ഞ സംഗീത യാത്രയായിരുന്നു ഞങ്ങളുടേത്. പക്ഷേ കലഹം കഴിഞ്ഞു പാട്ടുണ്ടാക്കാൻ ഇരിക്കുമ്പോൾ മറ്റെല്ലാം മറക്കും ഞങ്ങൾ. ചുറ്റും നടക്കുന്നതൊന്നും കേൾക്കില്ല പിന്നെ. സർവം സംഗീതമയം.'' -- കാവാലത്തിന്റെ വാക്കുകൾ.

Content Highlights : kavalam narayana panicker death annniversary. ravi menon pattuvazhiuyorathu