കാതോട് കാതോരം. മമ്മുട്ടിയും സരിതയും നന്നായി അഭിനയിച്ച ചിത്രം. പക്ഷെ പടത്തിലെ യഥാർത്ഥ നായകൻ ഔസേപ്പച്ചനും നായിക അദ്ദേഹത്തിന്റെ വയലിനുമായിരുന്നില്ലേ എന്ന് തോന്നും ചിലപ്പോൾ. വയലിൻ നാദവീചികളാൽ ഔസേപ്പച്ചൻ വിസ്മയം തീർത്ത ആ സിനിമ ഇന്നലെ വീണ്ടും കണ്ടപ്പോൾ ഓർമ്മവന്നത് ``ഗൂഞ്ജ് ഉഡി ഷഹനായ്'' എന്ന പഴയ ഹിന്ദി ചിത്രമാണ്. 

രാജേന്ദ്ര കുമാറും അമീതയും അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ. പക്ഷേ പടത്തിലെ യഥാർത്ഥ നായകൻ ഉസ്താദ് ബിസ്മില്ലാ ഖാൻ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട് സംവിധായകൻ വിജയ് ഭട്ട്. നായിക അദ്ദേഹത്തിന്റെ ഷഹനായിയും. ഇന്നും ആ പടം കാണുമ്പോൾ രാജേന്ദ്ര കുമാറിന്റെയും അമീതയുടെയും അഭിനയമല്ല മനസ്സിൽ പതിയുക; ഖാൻ സാഹിബിന്റെ ഷഹനായ് ഇന്ദ്രജാലമാണ്. ആ ഇന്ദ്രജാലം ഔസേപ്പച്ചനിലൂടെ കാതോട് കാതോരത്തിലും തൊട്ടറിയുന്നു നാം. നായകൻ വയലിനിസ്റ്റ് ആയതിനാലാവണം, ഔസേപ്പച്ചനെ ``അഴിച്ചുവിടാൻ'' ഭരതൻ തീരുമാനിച്ചത്. ആ സ്വാതന്ത്ര്യം ആഘോഷിക്കുക തന്നെ ചെയ്തു അന്ന് താരതമ്യേന തുടക്കക്കാരനായിരുന്ന സംഗീതസംവിധായകൻ . 

പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലുമെല്ലാം ഉണ്ട് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം. പടം വീണ്ടും കണ്ടിരിക്കേ കാതോരത്ത് പറന്നുനടന്നതും അതേ വയലിൻ നാദശലഭങ്ങൾ തന്നെ. ``അന്നൊക്കെ വയലിൻ എന്റെ എന്റെ ശരീരത്തിന്റേയും ആത്മാവിന്റേയും ഭാഗമായിരുന്നു.''-- ഔസേപ്പച്ചൻ പറയും.

kathodu kathoram movie songs Mammootty Saritha AR Rahman vidya sagar ouseppachan
ഔസേപ്പച്ചൻ, ഒ.എൻ.വി 

``മനോഹരമായ ഒരു വയലിൻ പീസ് കേട്ടാൽ മതി മനസ്സിൽ ആഹ്‌ളാദം വന്നു തുളുമ്പാൻ. അതല്ലാതെ മറ്റൊരു പ്രചോദനവും എനിക്കാവശ്യമില്ലായിരുന്നു. വയലിന്റെ ശബ്ദത്തോളം സുന്ദരമായ മറ്റൊന്നും ലോകത്തില്ലെന്ന് വിശ്വസിച്ചിരുന്ന കാലം.വയലിനായിരുന്നു എന്റെ കാമുകിയും ഭാര്യയുമെല്ലാം....'' പാട്ടെഴുതുന്നത് സാക്ഷാൽ ഒ.എൻ.വി ആണെന്ന് ഭരതൻ പറഞ്ഞറിഞ്ഞപ്പോൾ ചെറിയൊരു പിരിമുറക്കം തോന്നിയെന്ന് ഔസേപ്പച്ചൻ. എന്നാൽ കമ്പോസിംഗ് തുടങ്ങി നിമിഷങ്ങൾക്കകം അപരിചിത്വത്തിന്റെ ഭിത്തി അപ്രത്യക്ഷമായി. 

കവിയും സംഗീതശില്പിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ താളമുണ്ടായിരുന്നു കാതോട് കാതോരത്തിലെ ഗാനങ്ങൾക്ക്: നീ എൻ സർഗ സൗന്ദര്യമേ, ദേവദൂതർ പാടി.. രണ്ടും ആദ്യം ഈണമിട്ട് എഴുതിയ പാട്ടുകൾ. സിംഗിൾ നോട്സിൽ തുടങ്ങുന്ന ഒരു ഈണം ഔസേപ്പച്ചൻ പാടിക്കൊടുത്തപ്പോൾ ആദ്യം ഒ എൻ വി സാർ ഒന്ന് ചൊടിച്ചു. ഈ ഈണത്തിന്റെ സ്കെയിലിൽ നിൽക്കുന്ന മലയാള വാക്കുകൾ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അർത്ഥഭംഗമുള്ള പരീക്ഷണങ്ങൾക്കൊന്നും ഒരുക്കമല്ല അദ്ദേഹത്തിലെ കവി. 

kathodu kathoram movie songs Mammootty Saritha AR Rahman vidya sagar ouseppachan

ലതിക

``എനിക്കാണെങ്കിൽ ട്യൂൺ മാറ്റാൻ മടി. നീ, എൻ എന്നൊക്കെ വെച്ച് പാട്ട് തുടങ്ങാമല്ലോ എന്നായി ഞാൻ. അപ്പോൾ തോന്നിയ ഒരു സജഷൻ പറഞ്ഞതാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിമിഷങ്ങൾക്കകം ഒ എൻ വി സാർ പാട്ടെഴുതിത്തന്നു. ഞാൻ ഉദാഹരണമായി പറഞ്ഞ വാക്കുകളിൽ നിന്നാണ് തുടക്കം: നീ എൻ സർഗ്ഗ സൗന്ദര്യമേ, നീ എൻ സത്യ സംഗീതമേ, നിന്റെ സങ്കീർത്തനം... ആ കഥാപാത്രത്തിന്റെ ഹൃദയം തന്നെയായിരുന്നു സാറിന്റെ വരികളിൽ സ്പന്ദിച്ചത്.....പല്ലവി വന്ന് ലാൻഡ് ചെയ്യുന്ന വരി എത്ര മനോഹരം: ഓരോ ഈണങ്ങളിൽ പാടുവാൻ നീ തീർത്ത മൺവീണ ഞാൻ... നമിച്ചുപോയി അദ്ദേഹത്തെ.'' ദേവദൂതർ പാടി എന്ന പാട്ടിന്റെ പിറവിക്ക് പിന്നിലുമുണ്ട് രസമുള്ള ഒരു കഥ. ``ആ പാട്ടിന്റെ പല്ലവിയുടെ ഈണം ഞാൻ തന്നെ മുൻപ് ആരവത്തിന്റെ പശ്ചാത്തലത്തിൽ വയലിനിൽ വായിച്ചതാണ്. അൽപ്പം കൂടി ഫാസ്റ്റ് ആയിട്ടാണെന്ന് മാത്രം. അവിടെ അത് അനുയോജ്യമായിരുന്നു. അൽപ്പം ടെംപോ കുറച്ച് അതേ ട്യൂൺ ഇവിടെ ഉപയോഗിച്ചപ്പോൾ ജനങ്ങൾ ഇഷ്ടപ്പെട്ടു. പരീക്ഷണങ്ങൾ ഔചിത്യപൂർവമാണെങ്കിൽ ആളുകൾ സ്വീകരിക്കും എന്ന് എന്നെ പഠിപ്പിച്ച അനുഭവം..'' ലതിക പാടിയ കാതോട് കാതോരം എന്ന ശീർഷക ഗാനം ചിട്ടപ്പെടുത്തിയത് ഭരതനും ഔസേപ്പച്ചനും ചേർന്ന്. 

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ആ പാട്ടുകൾക്ക്. അവയുടെ പിന്നണിയിലെ ഓർക്കസ്ട്രയുടെ ഭാഗമായിരുന്ന രണ്ടു പേർ പിൽക്കാലത്ത് വിഖ്യാത സംഗീത സംവിധായകരായി വളർന്നു -- എ ആർ റഹ്‍മാനും വിദ്യാസാഗറും. 

Content Highlights: kathodu kathoram movie songs, Mammootty, Saritha, AR Rahman, vidya sagar, ouseppachan