ജീവിതത്തോടുള്ള തീക്ഷ്ണമായ പ്രണയം നിറഞ്ഞുതുളുമ്പുന്ന കണ്ണുകൾ. പക്ഷെ ആ കണ്ണുകളുടെ ഉടമയ്ക്ക് മരണത്തെ കുറിച്ച് പറയാനായിരുന്നു തിടുക്കം. കൈയെത്തുംദൂരെ വന്നു നിന്ന് തന്നെ `മോഹിപ്പിച്ചു' കടന്നു കളഞ്ഞ സുന്ദരിയെ കുറിച്ച്.``ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു മുന്നിൽ.'' -- കോഴിക്കോട് അളകാപുരി റസ്റ്റോറണ്ടിന്റെ തിരക്കൊഴിഞ്ഞ ഒരു മൂലയിൽ ഇരുന്ന് കണ്ണൂർ രാജൻ പറഞ്ഞു: ``കുറെ നാൾ കോടമ്പാക്കത്ത് അവസരങ്ങൾ തേടി അലഞ്ഞതാണ്. ഫലം ഒന്നും ഉണ്ടായില്ല എന്ന് മാത്രം. ചെയ്ത ഹിറ്റ്‌ പാട്ടുകളുടെ പട്ടിക നിരത്തി സ്വയം പരിചയപ്പെടുത്താൻ തുനിയുമ്പോൾ മിക്കവരുടെയും മുഖത്തു അവജ്ഞയായിരിക്കും. ഏയ്‌ , അതൊന്നും ഇവന്റെതാകാന്‍ വഴിയില്ല എന്ന ഭാവം. കയ്യിൽ നയാപൈസ മിച്ചമില്ല. വീട്ടിലെ സ്ഥിതി അതിലും കഷ്ടം. ഗതികെട്ട് ഒടുവില്‍ ഞാന്‍ തീരുമാനിക്കുന്നു: മതിയായി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉപകാരമില്ലാതെ എന്തിനീ ജീവിതം? വണ്ടിക്കു തലവെക്കുക തന്നെ. ധൈര്യത്തിന് വേണ്ടി അല്പം മദ്യം അകത്താക്കി കോടമ്പാക്കം റെയില്‍വേ സ്റ്റേഷനു അടുത്തേക്ക്‌ വെച്ചുപിടിക്കുന്നു ഞാൻ.''

ചുറ്റുമുള്ള തിരക്കും ബഹളവും ഒന്നും ശ്രദ്ധിക്കുന്നില്ല രാജൻ . ഒരേ ഒരു ലക്‌ഷ്യം മാത്രം: മരണം. എത്രയും വേഗം ജീവിതം അവസാനിപ്പിക്കണം. തിടുക്കത്തിലുള്ള ആ നടത്തത്തിനിടയിൽ ആരോ പിന്നിൽ നിന്ന് കൈകൊട്ടി വിളിച്ച പോലെ ഒരു തോന്നൽ . സ്വിച്ചിട്ട പോലെ നിന്നപ്പോള്‍ ഒരു പാട്ട് കാതിൽ ഒഴുകിയെത്തുന്നു. മലയാളം പാട്ടാണ്. വഴിയോരത്തെ ഏതെങ്കിലും ചായക്കടയിൽ നിന്നാകണം. കടുത്ത മനോസംഘർഷത്തിനിടയിലും ആ പാട്ടിന്റെ വരികൾ ശ്രദ്ധിച്ചു, രാജൻ : ``എന്തിനെന്നെ വിളിച്ചു നീ വീണ്ടും, എന്റെ സ്വപ്ന സുഗന്ധമേ...'' വര്‍ഷങ്ങൾക്കു മുന്‍പ് `അഭിനന്ദനം' എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പിയുടെ വരികളിൽ നിന്ന് താൻ സൃഷ്ടിച്ച ഈണം. യേശുദാസിന്റെ ഭാവമധുരമായ ആലാപനം.``ഒരു നിമിഷം എല്ലാം മറന്നു ഞാൻ. ഇത്രയും മനോഹരമായ ഒരു പാട്ട് സൃഷ്ടിച്ച എനിക്ക് എന്തിനു ജീവിതം മടുക്കണം? ഈശ്വരൻ എന്നെ ഇങ്ങോട്ടയച്ചത്‌ ഇത് പോലുള്ള സംഗീതം സൃഷ്ടിക്കാനല്ലേ? ആ നിമിഷം ആ പാട്ട് കേള്‍ക്കാൻ ഇടവന്നത് ഒരു നിമിത്തമായി എനിക്ക് തോന്നി. ജീവിക്കാനുള്ള മോഹം വീണ്ടും മനസ്സിൽ തളിരിടുന്നത് അങ്ങനെയാണ്. പിന്നീടൊരിക്കലും മരണത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. വണ്ടിക്കു തല വെക്കാന്‍ പോയ കഥ ആരോടും പറഞ്ഞുമില്ല....'' -- അനവസരത്തിൽ വന്നു കയറിയ ഒരു പതിഞ്ഞ ചിരിയാൽ മുഖത്തെ വിഷാദഭാവം മറയ്ക്കാൻ വൃഥാ ശ്രമിക്കുന്നു രാജൻ.
കണ്ണൂർ രാജനുമായുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച ആയിരുന്നു അത്. ഒരു ചുടുചായക്ക്‌ ‌ മുന്നിലിരുന്ന്, സിനിമാലോകം തന്നോട് കാട്ടിയ നന്ദികേടുകളെ കുറിച്ച് രാജൻ വാചാലനാകുമ്പോൾ, എന്റെ ശ്രദ്ധ മുഴുവൻ ആ രൂപത്തിലായിരുന്നു‍. കറുത്തിരുണ്ട നീണ്ട തലമുടി. തിളങ്ങുന്ന ജൂബ. കൈത്തണ്ടയില്‍ സ്വര്‍ണനിറമുള്ള ബ്രെയ്സ് ലറ്റ് . മോതിരമണിഞ്ഞ വിരലുകൾ. പക്ഷെ ആടയാഭരണങ്ങളുടെ തിളക്കം മുഖത്തിനില്ലായിരുന്നു. ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരികൾക്ക് പോലും മറയ്ക്കാൻ കഴിയാത്ത ഒരു വേദന അവിടെ പതിഞ്ഞു കിടക്കുന്നത് പോലെ. കോടമ്പാക്കത്തെ തിരക്കേറിയ തെരുവുകളിലൂടെ അവസരങ്ങൾ തേടി അലഞ്ഞ പകലുകൾ. ഒഴിഞ്ഞ മനസ്സും വയറുമായി ഉറക്കം വരാതെ കിടന്നു വെളുപ്പിച്ച രാവുകള്‍. പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങള്‍. വണ്ടിച്ചെക്കുകള്‍... കഥകള്‍ ഏറെയുണ്ടായിരുന്നു രാജന് പങ്കു വെക്കാന്‍.

Content Highlights: Kannur Rajan Music director life story,  Sreekumaran Thampi, evergreen Malayalam hits