``കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി'' എന്ന സ്തോത്രമില്ലാതെ മലയാളികൾക്കെന്ത് വിഷു?
തലമുറകളിൽ നിന്ന് തലമുറകളിലേക്കൊഴുകി അനശ്വരത നേടിയ ഈ ലളിതസുന്ദര ഭക്തിഗീതം പാടുമ്പോൾ അതിന് ഈണമിട്ട ഈശ്വരവിശ്വാസിയല്ലാത്ത ഒരു മഹാസംഗീതകാരനെയും നമുക്കോർക്കാം -ജി ദേവരാജനെ. പൂന്താനം രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃഷ്ണസ്തുതി ഇന്ന് പാടിക്കേൾക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയത് ദേവരാജൻ മാസ്റ്ററാണ് -1964 ൽ പുറത്തിറങ്ങിയ ``ഓമനക്കുട്ടൻ '' എന്ന ചിത്രത്തിനു വേണ്ടി. കുട്ടിക്കാലത്ത് ദിവസവും വെളുപ്പിന് അമ്മ ചൊല്ലിക്കേട്ടിരുന്ന സ്തോത്രം ഈണവും താളവും ചെറുതായി മാറ്റി ``തേച്ചുമിനുക്കി'' സിനിമയിൽ ഉപയോഗിക്കുകയായിരുന്നു മാസ്റ്റർ.

``അമ്മ വലിയ ദൈവഭക്തയായിരുന്നു. സംഗീതബോധവും താളബോധവും കുറവെങ്കിലും സ്തോത്രങ്ങളും ശ്ലോകങ്ങളും മറ്റും അവരുടേതായ രീതിയിൽ ചൊല്ലും. അക്കാലത്ത് അമ്മ പാടിക്കേട്ട ഒരു സ്തോത്രത്തിന്റെ ഓർമ്മയിലാണ് ഞാൻ ``കണികാണും നേരം'' ചിട്ടപ്പെടുത്തിയത്. ചടുലതാളത്തിലാണ് അമ്മ ആ സ്തുതി ചൊല്ലുക. ഭക്തിഗാനത്തിനിണങ്ങും വിധം സിനിമക്ക് വേണ്ടി ഞാനത് കുറച്ചു മന്ദതാളത്തിലാക്കി.'' -ദേവരാജൻ മാസ്റ്ററുടെ ഓർമ്മ. ``ഓമനക്കുട്ട''നിൽ പി ലീലയും രേണുകയും ചേർന്നാണ് ഈ ഗാനം പാടിയത്.

പാടിപ്പതിഞ്ഞ വേറെയും ഭക്തിഗീതങ്ങളിൽ ദേവരാജന്റെ മാന്ത്രിക സംഗീതസ്പർശം നിറഞ്ഞുനിൽക്കുന്നു: ഹരിവരാസനം, ചെത്തി മന്ദാരം തുളസി, അമ്പാടി തന്നിലൊരുണ്ണി, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശബരിമലയിൽ തങ്ക സൂര്യോദയം......അമ്മ കൊച്ചുകുഞ്ഞ് നാടൻ ശൈലിയിൽ പാടിക്കേട്ട ഒരു സ്തുതിയുടെ ഓർമ്മയിലാണ് ചെത്തി മന്ദാരം തുളസി എന്ന ഗാനം മാസ്റ്റർ സ്വരപ്പെടുത്തിയത്. ആലായാൽ തറ വേണം എന്ന നാടൻ പാട്ടിനോടാണ് ഈ പാട്ടിന്റെ ഈണത്തിന് കടപ്പാട്. ``അർക്കസൂര്യ ദിവാകര'' എന്ന ശ്ലോകവും അമ്മ പാടിക്കേട്ടതു തന്നെ. ഈ ഗാനം പിന്നീട് മാസ്റ്റർ ക്വയറിൽ എടുത്തു ചേർത്തു.

``കുട്ടിക്കാലത്ത് ഞങ്ങളെ വളർത്താൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് അമ്മ. ''-- ദേവരാജൻ മാസ്റ്റർ ഓർക്കുന്നു. ``സംഗീതക്കച്ചേരികൾക്കും നാടകത്തിനും മറ്റും മൃദംഗം വായിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ അച്ഛൻ പ്രയാസപ്പെട്ടിരുന്ന കാലം. പത്തു രൂപക്ക് ചില്ലറ സാധനങ്ങൾ വാങ്ങി കമ്പോളത്തിൽ കൊണ്ടുചെന്ന് വിറ്റ് ക്ഷീണിതയായി നടന്നുവരുന്ന അമ്മയുടെ ചിത്രം ഇന്നുമുണ്ട് മനസ്സിൽ. ദിവസം രണ്ടോ മൂന്നോ രൂപ ലാഭം ലഭിച്ചാലായി. ഈ തുച്ഛമായ വരുമാനം കൊണ്ട് അക്കാലത്ത് അമ്മ വീട്ടുചെലവ് നടത്തിക്കൊണ്ടു പോയതെങ്ങനെ എന്നോർത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.''

Content Highlights : Kani Kaanum Neram Song Omanakuttan Movie G Devarajan