പെണ്ണ് ഫോര്‍ട്ടുകൊച്ചിക്കാരി; പയ്യന്‍ ആലുവക്കാരന്‍. ഇരുവരും ആദ്യം കണ്ടതും അനുരാഗബദ്ധരായതും ബോള്‍ഗാട്ടി പാലസ് പരിസരത്തു വെച്ച്. അതിനു നിമിത്തമായതാകട്ടെ ``ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ...'' എന്ന സിനിമാപ്പാട്ടും. ``കാത്തിരുന്ന നിമിഷം'' (1978) എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി എം കെ അര്‍ജുനന്‍ ഈണമിട്ട് യേശുദാസ് പാടിയ ഗാനം.

എട്ടു വര്‍ഷം മുന്‍പായിരുന്നു ആലുവക്കാരന്‍ ജോണ്‍സന്റെ ഫോണ്‍ വിളി. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളില്‍ ഒന്നായി ചെമ്പകത്തൈകള്‍ തിരഞ്ഞെടുത്തുകൊണ്ട് ഒരു വാരികയില്‍ എഴുതിയ ലേഖനം വായിച്ച് വിളിച്ചതാണ് വിദേശത്ത് ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്ന ജോണ്‍സണ്‍. `` ആ പാട്ട് പുറത്തിറങ്ങിയിട്ട് മുപ്പതു കൊല്ലമായി എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. കാലം എത്ര പെട്ടെന്ന് കടന്നുപോകുന്നു.,'' ജോണ്‍സണ്‍ പറഞ്ഞു. ``പക്ഷെ എനിക്കും എന്റെ ഭാര്യയ്ക്കും ഒരു പരിഭവമുണ്ട്. ചെമ്പകത്തൈകളുടെ ചിത്രീകരണത്തെ കുറിച്ചു മാത്രം നിങ്ങള്‍ എന്തുകൊണ്ട് ഒന്നും എഴുതിയില്ല? അതിലും റൊമാന്റിക്കായി ചിത്രീകരിക്കപ്പെട്ട മറ്റൊരു മലയാളം പാട്ടുണ്ടോ? കമല്‍ഹാസനും വിധുബാലയും എത്ര ഇഴുകിച്ചേർന്നാണ്  അഭിനയിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും കാമുകീകാമുകന്മാര്‍ ആണെന്ന് തോന്നും അവരുടെ അഭിനയം കാണുമ്പോള്‍...'' നിമിഷനേരത്തെ മൗനത്തിനു ശേഷം ജോണ്‍സണ്‍ തുടര്‍ന്നു: `` ആ ഗാനചിത്രീകരണമാണ് എന്നെയും ആന്‍സിയെയും (പേര് ഓര്‍മയില്‍ നിന്ന്) ഒന്നിപ്പിച്ചത് എന്നറിയുമോ? അന്ന് ആ ഷൂട്ടിങ് കാണാന്‍ പോയിരുന്നില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും പരസ്പരം കാണുക പോലുമില്ലായിരുന്നു ഞങ്ങള്‍...''

വിചിത്രമായി തോന്നിയേക്കാവുന്ന ആ പ്രണയകഥ ഇങ്ങനെ. കമല്‍ഹാസന്റെ കടുത്ത ആരാധകരാണ് ജോണ്‍സണും ആന്‍സിയും. ഏറണാകുളത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളില്‍ നിന്ന് ``കാത്തിരുന്ന നിമിഷ''ത്തിന്റെ ഷൂട്ടിംഗ് കാണാന്‍ അവര്‍ ഒരേ ദിവസം ബോള്‍ഗാട്ടിയില്‍ ചെന്നതിനു പിന്നില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പ്രിയതാരത്തെ ഒരു നോക്കു കാണുക. പറ്റുമെങ്കില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങുക. ചെന്നപ്പോള്‍ ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം ഉണ്ടവിടെ. പക്ഷേ വെറുംകയ്യോടെ മടങ്ങാനാകുമോ? ഷൂട്ടിംഗിന്റെ ഇടവേളയില്‍ ഇടിച്ചുകയറി കമലിനെ കണ്ടു; ഓട്ടോഗ്രാഫും വാങ്ങി. എനിക്കും ഒരു ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു തരുമോ എന്ന അപേക്ഷയുമായി പിന്നാലെ വന്ന പെണ്‍കുട്ടിയെ ജോണ്‍സണ്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ``ആദ്യനോട്ടത്തില്‍ അനുരാഗം എന്നൊക്കെ പറയില്ലേ. അതാണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് തോന്നുന്നു. അന്നത്തെ ആ ഗാനചിത്രീകരണവും ഞങ്ങളെ സ്വാധീനിച്ചിരിക്കാം. അത്ര കണ്ട് സ്വാഭാവികമായിരുന്നു കമലിന്റെയും വിധുബാലയുടെയും അഭിനയം. ഉറ്റ സുഹൃത്തുക്കളായിട്ടാണ് അന്നു വൈകുന്നേരം ഞാനും ആന്‍സിയും പിരിഞ്ഞത്...'' രണ്ടു മാസത്തിനകം ഇരുവരും വിവാഹിതരായി എന്നത് കഥയുടെ രത്‌നച്ചുരുക്കം. അഭിരുചികളും ചിന്താഗതികളും ഏതാണ്ട് ഒരേ ജനുസ്സില്‍ പെട്ടതായിരുന്നതിനാല്‍ അപശ്രുതികള്‍ കുറവായിരുന്നു ദാമ്പത്യത്തില്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു ജോണ്‍സണ്‍.

manvilakkukal pootha kaalam
മൺവിളക്കുകൾ പൂത്തകാലം വാങ്ങാം

കൗതുകമുള്ള ആ കഥ വിവരിച്ചുകേട്ടപ്പോള്‍ കമല്‍ഹാസന്‍ സ്വതസിദ്ധമായ ശൈലിയില്‍ ഉറക്കെ ചിരിച്ചു. ``വലിയ സന്തോഷമുണ്ട്. സിനിമക്ക് നല്ല രീതിയിലും ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു തെളിയിക്കുന്ന സംഭവമാണല്ലോ. മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളില്‍ ഒന്നാണ് ചെമ്പകത്തൈകള്‍. ഞാന്‍ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേര്‍ന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്നവ അധികമില്ല മലയാളത്തില്‍. ആ പാട്ടിന്റെ വരികള്‍ ഇന്നും കാണാപ്പാഠമാണെനിക്ക്..'' ചെമ്പകത്തൈകളുടെ ചരണം ഓര്‍മയില്‍ നിന്ന് വീണ്ടെടുത്ത് പതുക്കെ മൂളുന്നു കമല്‍: ``അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ...''

ഓര്‍മ്മവന്നത് അര്‍ജുനന്‍ മാസ്റ്റര്‍ വിവരിച്ചുകേട്ട ഒരനുഭവമാണ്. ചെന്നൈയില്‍ ഒരു സിനിമാ സംഘടനയുടെ വാര്‍ഷികം നടക്കുന്നു. മലയാളത്തിലെ തലമുതിര്‍ന്ന സംഗീത സംവിധായകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. മുഖ്യാതിഥി കമല്‍ഹാസന്‍. ഏറ്റവും അവസാനമായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ ഊഴം. അവതാരകയുടെ ക്ഷണത്തിന് പിന്നാലെ മാസ്റ്റര്‍ സഹായിയുടെ കൈ പിടിച്ച് വേച്ചു വേച്ചു വേദിയിലേക്ക് നടക്കവേ, കമല്‍ മൈക്ക് കയ്യിലെടുത്തു പാടുന്നു: ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി.... ``അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്ന നിമിഷമായിരുന്നു അത്.''-- അര്‍ജുനന്‍ മാസ്റ്റര്‍ പിന്നീട് പറഞ്ഞു. ``വിവിധ ഭാഷകളിലായി നൂറായിരം പാട്ടുകള്‍ സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ടാകും അദ്ദേഹം. എന്നിട്ടും, ഇത്ര കാലം കഴിഞ്ഞിട്ടും ഒരു മലയാളം പാട്ടിന്റെ വരികളും ഈണവും ഓര്‍ത്തിരിക്കുക എന്നത് അതിശയകരമല്ലേ? പിന്നെയും പല വേദികളിലും ഈ പാട്ട് പാടി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് കമല്‍.'' ശ്രീകുമാരന്‍ തമ്പിയുടെ ഓര്‍മയിലും ഉണ്ട് സമാനമായ ഒരനുഭവം. ജൂറി തലവന്‍ എന്ന നിലയില്‍ റേഡിയോ മിര്‍ച്ചിയുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ പോകവേ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തമ്പി കമലിനോട് വെറുതെ ചോദിച്ചു: ``എന്നെ ഓര്‍മയുണ്ടോ?'' ചിരിച്ചുകൊണ്ട് പഴയൊരു പാട്ടിന്റെ പല്ലവി മൂളുന്നു കമല്‍: ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി...... ``ആ പാട്ടും, എന്റെ സംവിധാനത്തില്‍ ഇരുപതാം വയസ്സില്‍ താന്‍ അഭിനയിച്ച തിരുവോണം എന്ന ചിത്രത്തിന്റെ പേരും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും കമലിനെ പോലൊരു നടന്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്ന അറിവ് അത്ഭുതകരമായിരുന്നു; ആഹ്ളാദകരവും.'' തമ്പി പറയുന്നു.

(മണ്‍വിളക്കുകള്‍ പൂത്ത കാലം എന്ന പുസ്തകത്തില്‍ നിന്ന്)