നട്ടപ്പാതിരയ്ക്കായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. മാതൃഭൂമിയിലെ ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം തിരുവണ്ണൂരിലേക്ക് തിരിച്ചുപോകാന്‍ ഇറങ്ങിയതാണ് കൈതപ്രം. കൗമുദിയിലെ ട്രെയിനീ പത്രപ്രവര്‍ത്തകനായ ഞാനാകട്ടെ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ചെറൂട്ടി റോഡിലെ എംഎസ്എസ് ഹോസ്റ്റലിലേക്കുള്ള പതിവ് നടത്തത്തിലും. ആരോ പരസ്പരം പരിചയപ്പെടുത്തിയപ്പോള്‍, എണ്ണക്കറുപ്പാര്‍ന്ന താടിമീശകള്‍ക്കിടയിലൂടെ ഒരു പുഞ്ചിരി വീശിയെറിഞ്ഞ് കൈതപ്രം പറഞ്ഞു: ``പി ലീലയെ കുറിച്ച് എഴുതിയത് കൗമുദി വീക്കെന്‍ഡില്‍ വായിച്ചിരുന്നു.'' കൈതപ്രത്തിന്റെ ബൈലൈനോടെ അച്ചടിച്ചു വന്നിരുന്ന നഗരത്തിലെ കര്‍ണ്ണാടക സംഗീത കച്ചേരികളുടെ റിവ്യൂകള്‍ പതിവായി വായിക്കാറുണ്ടെന്നും ഇഷ്ടമാണെന്നും എന്റെ മറുപടി.
രണ്ടേ രണ്ട് ഡയലോഗ് മാത്രം. മൂന്ന് പതിറ്റാണ്ടു പിന്നിട്ട ഗാഢമായ ഒരു സൗഹൃദത്തിന്റെ വാതില്‍ തുറക്കാന്‍ അത് ധാരാളമായിരുന്നു...
രണ്ടാം ഗെയ്റ്റിനടുത്തുള്ള കടയില്‍ നിന്ന് (അന്ന് പെട്ടിക്കടകളേയുള്ളു, തട്ടുകടകള്‍ പിറന്നിട്ടില്ല) കട്ടന്‍ ചായ വാങ്ങിക്കുടിച്ചുകൊണ്ട് റോഡരികിലെ അരണ്ട വെളിച്ചത്തില്‍ ഒരു മണിക്കൂറോളം സംസാരിച്ചു നിന്നു ഞങ്ങള്‍. പി ഭാസ്‌കരന്റെ ഇളനീര്‍ മധുരമുള്ള പാട്ടുകളെ കുറിച്ച്, പി സുശീലയുടെ മഞ്ചാടിക്കുരു പോലുള്ള ശബ്ദത്തെ കുറിച്ച്, എംഡി രാമനാഥന്റെ വിളംബിത കാലത്തിലുള്ള ആലാപനത്തെ കുറിച്ച്.... യാത്രയാകുമ്പോള്‍ കൈതപ്രം പറഞ്ഞു: ``ഇനി രണ്ടാഴ്ച്ച കഴിഞ്ഞേയുള്ളൂ നൈറ്റ് ഡ്യൂട്ടി. അപ്പോ കാണാം....''
റോഡരികില്‍ വെച്ച് മാത്രമല്ല കോഴിക്കോട്ടെ ശാസ്ത്രീയ സംഗീത സദസ്സുകളിലും സാഹിത്യ കൂട്ടായ്മകളിലും ചാലപ്പുറത്തെ മുല്ലശ്ശേരി രാജുവേട്ടന്റെ വീട്ടിലുമെല്ലാം വെച്ച് പിന്നെ കൈതപ്രത്തെ കണ്ടു. ഇഷ്ടപ്പെട്ട കവിതകളും ചലച്ചിത്ര ഗാനങ്ങളുമെല്ലാം ആസ്വദിച്ച് മൂളുമ്പോഴും സിനിമാപ്പാട്ടെഴുത്ത് എന്നൊരു മോഹം ഉള്ളിലുണ്ടെന്ന് പറഞ്ഞുകേട്ടില്ല കൈതപ്രം.

പിന്നെയെപ്പോഴോ കൈതപ്രത്തെ നഗരക്കൂട്ടായ്മകളില്‍ കാണാതായി. തിരുവനന്തപുരത്താണെന്ന് ഒരു കൂട്ടര്‍; ലീവിലാണെന്ന് മറ്റു ചിലര്‍. ആയിടക്കൊരിക്കല്‍ മിഠായിത്തെരുവിലെ സായാഹ്നത്തിരക്കിലൂടെ നടന്നുപോകുമ്പോള്‍, തെരുവോരത്തെ ഏതോ കാസറ്റുകടയില്‍ നിന്ന് ഫോക്ക് സ്പര്‍ശമുള്ള ഒരു രസികന്‍ പാട്ട്: ``പൂവട്ടക തട്ടിച്ചിന്നി, പൂമലയില്‍ പുതുമഴ ചിന്നി, പൂക്കൈത കയ്യും വീശി ആമല ഈമല പൂമല കേറി, അങ്ങേക്കണ്ടത്തെ തൃത്താപ്പെണ്ണിന് ഒരുമ്മ കൊടുത്തു താന്തോന്നിക്കാറ്റ്....'' കേട്ടപ്പോള്‍ കൗതുകം. പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്നു പാട്ടിന്റെ ഈണത്തിലും താളത്തിലും. മൊത്തത്തില്‍ ഒരു താന്തോന്നിത്തം. കാവാലത്തിന്റെ സൃഷ്ടിയാകുമോ? വാക്കുകള്‍ക്കും വരികളുടെ പ്രാസഭംഗിക്കുമൊക്കെ ഒരു കാവാലം ടച്ച്.
സംഗീത സംവിധായകന്‍ ജെറി അമല്‍ദേവാണ് ആ തെറ്റിദ്ധാരണ നീക്കിയത്; പിറ്റേ ആഴ്ച്ച മുല്ലശേരിയില്‍ വെച്ച് കണ്ടപ്പോള്‍: ``സുഹൃത്തേ, ഇതെഴുതിയത് പുതിയൊരു ആളാണ്. സാത്വികനായ ഒരു തിരുമേനി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്ന് പേര്‍.'' പാട്ടിന് പിന്നിലെ കഥ കൂടി പങ്കുവെച്ചു ജെറി മാഷ്. ``എനിക്ക് അത്ര പരിചിതമായ മേഖലയല്ല വടക്കേ മലബാറിലെ ഫോക്ക് സംഗീതം. കൈതപ്രത്തിനാകട്ടെ അത് സ്വന്തം ജീവിതത്തിന്റെ ഭാഗമാണു താനും. മനസ്സിലെ താളം കൈതപ്രം രസിച്ചു പാടിക്കേള്‍പ്പിച്ചപ്പോള്‍ അതൊരു പാട്ടാക്കി മാറ്റേണ്ട ചുമതലയേ എനിക്കുണ്ടായുള്ളു. പാട്ടിന് ഇണങ്ങുന്ന വരികളും പിന്നാലെ വന്നു. എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റായി മാറിയത് ദേവദുന്ദുഭി എന്ന ഗാനമാണെങ്കിലും എനിക്ക് കുറേകൂടി മമത പൂവട്ടക എന്ന പാട്ടിനോടാണ്...''
അതായിരുന്നു തുടക്കം. മലയാള സിനിമാ ഗാനചരിത്രത്തിലെ കൈതപ്രം യുഗം ആരംഭിക്കുന്നത് ആ പാട്ടുകളില്‍ നിന്നാണ്....
കഴിഞ്ഞ ദിവസം വര്‍ക്കലയിലെ സ്വാതിതിരുനാള്‍ സംഗീതവേദിയുടെ ആദര ചടങ്ങില്‍ വെച്ച് കൈതപ്രത്തെ വീണ്ടും കണ്ടു. ഒരു ചെറു ഇടവേളക്ക് ശേഷം. ശാരീരികമായ അരിഷ്ടതകളെ അസാധ്യമായ മന:ശക്തി കൊണ്ടും സഹജമായ നര്‍മ്മബോധം കൊണ്ടും അളവറ്റ ശുഭപ്രതീക്ഷ കൊണ്ടും മറികടക്കുന്നു അദ്ദേഹം. എങ്കിലും, സിനിമയിലെ പുതിയ ചില പ്രവണതകളുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തതിലുള്ള ദുഃഖമുണ്ടായിരുന്നില്ലേ അദ്ദേഹത്തിന്റെ വാക്കുകളില്‍? നിരാശയുടെ നേര്‍ത്തൊരു ലാഞ്ഛന?
മുഖ്യ പ്രഭാഷണം അവസാനിപ്പിക്കും മുന്‍പ് ഇത്രയെങ്കിലും പറയാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക്: ``പാട്ടെഴുതാന്‍ അവസരം കുറഞ്ഞതില്‍ ദുഃഖിക്കേണ്ട കാര്യമേയില്ല കൈതപ്രം. ഒരു പുരുഷായുസ്സില്‍ എഴുതാവുന്നിടത്തോളം നല്ല ഗാനങ്ങള്‍ എഴുതി നമുക്ക് സമ്മാനിച്ചു കഴിഞ്ഞിരിക്കുന്നു അദ്ദേഹം. ജോണ്‍സണ്‍, രവീന്ദ്രന്‍, ബോംബെ രവി, ഔസേപ്പച്ചന്‍, എസ്പി വെങ്കിടേഷ്, എംജി രാധാകൃഷ്ണന്‍, വിദ്യാസാഗര്‍, മോഹന്‍ സിതാര, യേശുദാസ്, ചിത്ര, ജയചന്ദ്രന്‍, സുജാത, എംജി ശ്രീകുമാര്‍, വേണുഗോപാല്‍... ഇവരുടെയൊക്കെ സുവര്‍ണ്ണ കാലത്ത് അവരുടെ ഏറ്റവും മികച്ച സൃഷ്ടികളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞു എന്നത് തന്നെ അപൂര്‍വ സൗഭാഗ്യമല്ലേ? തലമുറകള്‍ ഏറ്റുപാടുകയും ഹൃദയത്തില്‍ കൊണ്ടുനടക്കുകയും ചെയ്ത ആ ഗാനങ്ങള്‍ മതി കൈതപ്രത്തെ കാലങ്ങളോളം സാധാരണക്കാരനായ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍...''
``മാത്രമല്ല, പാട്ടെഴുത്തുകാരാണ് സമകാലീന മലയാള സിനിമയിലെ ഏറ്റവും പീഡിത വര്‍ഗ്ഗം. പ്രതിഭാശാലികളായ ഗാനരചയിതാക്കളെ പോലും വെറും കൂലിയെഴുത്തുകാരായി കാണുന്നവരുടെ കാലമാണിത്. പാട്ടിന്റെ സൃഷ്ടിയില്‍ അനിവാര്യതയേ അല്ലാതായി മാറിയിരിക്കുന്നു അവര്‍. നിര്‍മാതാവിന്റെയും സംവിധായകന്റെയും സംഗീത സംവിധായകന്റെയും മുഖ്യ നടന്റെയുമൊക്കെ സര്‍ഗാത്മക ഇടപെടല്‍ കഴിഞ്ഞ് കബന്ധമായി മാറിക്കഴിഞ്ഞ ഒരു ഈണമാണ് പലപ്പോഴും എഴുത്തുകാരന് മുന്നില്‍ വന്നു വീഴുക. വലിയ കവിതയൊന്നും വേണ്ട കേട്ടോ, വല്ല ഞഞ്ഞാമിഞ്ഞയും എഴുതിത്തന്നാല്‍ മതി എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. ഇവിടെ കൈതപ്രത്തെയും ഗിരീഷ് പുത്തഞ്ചേരിയെയും പോലുള്ളവര്‍ക്ക് എന്ത് പ്രസക്തി...?''
ശരിയല്ലേ? വിചിത്രമാണ് പല ഗാനരചയിതാക്കളും പറഞ്ഞുകേട്ട കഥകള്‍: ജിംബൂംബാ എന്ന വാക്കു വെച്ചൊരു പാട്ട് വേണമെന്ന് സംഗീത സംവിധായകന്‍. ട്ട, ഴ, ണ്ട തുടങ്ങിയ അക്ഷരങ്ങള്‍ പാട്ടില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് സംവിധായകന്‍. ചക്കയെ കുറിച്ചൊരു റാപ് കൂടി ചേര്‍ത്താല്‍ പാട്ടിനൊരു പഞ്ച് കിട്ടുമെന്ന് പ്രോഗ്രാമര്‍; മേമ്പൊടിക്ക് തമിഴ് വാക്കുകള്‍ ഇടയ്ക്കിടെ വരണമെന്ന് മുഖ്യ നടന്‍. അമ്മാവന്റെ മകള്‍ രാധികയുടെ പേര് ചരണത്തില്‍ വരണമെന്ന് നിര്‍മ്മാതാവ്....ഇതെല്ലാം ഗൗരവത്തോടെ ഉള്‍ക്കൊണ്ട് പാട്ടെഴുതാനിരിക്കുന്ന ഗാനരചയിതാവിന്റെ ഗതികേട് ഓര്‍ത്തുനോക്കൂ. ഇങ്ങനെ അതി സാഹസികമായി എഴുതപ്പെടുന്ന പാട്ട് ഒടുവില്‍ സിനിമയില്‍ ഇടം നേടണമെന്ന് നിര്‍ബന്ധവുമില്ല. വന്നാല്‍ വന്നു, അത്രതന്നെ.
അതുകൊണ്ട്, തെല്ലും നിരാശ വേണ്ട, കൈതപ്രം. ദേവാങ്കണങ്ങളും, രാജഹംസവും, ഗോപികാവസന്തവും, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനും, അഴകേ നിന്‍ മിഴിനീര്‍ മണിയും, കണ്ണീര്‍ പൂവും ജീവനോടെ ഉണ്ടാകും; മലയാളസിനിമയില്‍ പാട്ടുകാലം അസ്തമിച്ചാലും.
Content Highlights: Kaithapram Damodaran Namboothiri Ennennum Kannettante Jerry Amaldev Ravi Menon