ഏത് സംഗീത സംവിധായകന്റെയും സൗണ്ട് എഞ്ചിനീയറുടെയും സൗഭാഗ്യമാണ് യേശുദാസ് എന്ന് പറയും പ്രശസ്ത ശബ്ദലേഖകൻ അമീർ. എല്ലാം തികഞ്ഞ ശബ്ദത്തിന്റെ ഉടമ. നാദഗാംഭീര്യവും നാദ സൗന്ദര്യവും കണക്കിലെടുക്കുമ്പോൾ യേശുദാസിന് അടുത്തെത്താൻ കഴിഞ്ഞിട്ടുള്ളത് ബ്രഹ്മാനന്ദന് മാത്രം.
മൈക്കുമായി അപൂർവമായ ഒരു ``ഹൃദയബന്ധം'' ഉണ്ട് ബ്രഹ്മാനന്ദന്റെ ശബ്ദത്തിന്. ഏത് ആംഗിളിൽ നിന്ന് പാടിയാലും, എത്ര അകലെനിന്ന് പാടിയാലും ആ ശബ്ദം അനായാസം പിടിച്ചെടുക്കും മൈക്രോഫോൺ. കൺസോളിൽ ഇരുന്ന് ബ്രഹ്മാനന്ദന്റെ ശബ്ദം കേൾക്കുമ്പോൾ അമീർ അത്ഭുതപ്പെട്ടിട്ടുണ്ട് -ഈ ഗായകനെ മലയാള സിനിമ പൂർണ്ണമായി ഉപയോഗപ്പെടുത്തിയില്ലല്ലോ എന്ന്. ``തെറ്റ് അദ്ദേഹത്തിന്റെ ഭാഗത്തും ഉണ്ടാകാം. സിനിമ വലിയ ഒരു ഒഴുക്കാണ്. ആ ഒഴുക്കിൽ പെട്ട് വഴി തെറ്റാതെ പോകുക എന്നതാണ് കലാകാരന്റെ ഏറ്റവും വലിയ വെല്ലുവിളി. ഞാൻ ഉൾപ്പെടെയുള്ള എത്രയോ പേർ വഴി തെറ്റിയവരാണ്... മദ്യമായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ വില്ലൻ. ഇന്നോർക്കുമ്പോൾ പശ്ചാത്താപമുണ്ട്. പക്ഷെ എന്ത് ഫലം. സമയം വൈകിപ്പോയില്ലേ ?'' അമീർ നിശബ്ദനാകുന്നു.
അമീറിനെ കുറിച്ച് കേട്ടറിഞ്ഞ കഥകൾ ഓർത്തെടുക്കുകയായിരുന്നു ഞാൻ. തെന്നിന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെക്കോർഡിസ്റ്റുകളിൽ ഒരാൾ. യേശുദാസിന്റെയും ജാനകിയുടെയും രവീന്ദ്രന്റെയും ജോൺസന്റെയും എസ് .പി. ബിയുടെയും ബാലമുരളീകൃഷ്ണയുടെയുമൊക്കെ പ്രിയങ്കരൻ. മലയാളികൾ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുന്ന നൂറു നൂറു ഗാനങ്ങളുടെ ``സ്രഷ്ടാവ്'' -ഏഴു സ്വരങ്ങളും, ചൈത്രം ചായം ചാലിച്ചു , ചെമ്പകപുഷ്പ സുവാസിത യാമം, മിഴികളിൽ നിറകതിരായി, റസൂലേ നിൻ കനിവാലെ, നീൾമിഴിപ്പീലിയിൽ, നാഥാ നീ വന്നേരും, മൗനമേ നിറയും മൗനമേ, ദേവദുന്ദുഭീ സാന്ദ്രലയം, കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ, പാദരേണു തേടിയലഞ്ഞു, ഒരു നാൾ വിശന്നേറെ തളർന്നേതോ , ഒരു മയിൽ പീലിയായ് ഞാൻ, ഏതോ ജന്മ കൽപ്പനയിൽ , സ്വപ്നങ്ങളെ വീണുറങ്ങൂ , സുഖമോ ദേവീ .... രവീന്ദ്രന്റെയും ജോൺസന്റെയും ആദ്യകാല ചിത്രങ്ങളിലെ പാട്ടുകളിൽ നല്ലൊരു പങ്കും റെക്കോർഡ് ചെയ്തത് അമീർ ആണ്--ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ. സലിൽ ചൗധരി, കെ. ജെ ജോയ് , ശ്യാം, ഇളയരാജ, എ ടി ഉമ്മർ, കണ്ണൂർ രാജൻ, ഔസേപ്പച്ചൻ, ജെറി അമൽദേവ്....അമീറിന്റെ ആലേഖന വൈദഗ്ദ്യം പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകരുടെ നിര ഇനിയും നീളും.
Content Highlights :K P Brahmanandan death anniversary Yesudas Ravi Menon Paattuvazhiyorathu