``ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം'' എന്ന പാട്ടിന്റെ പല്ലവി  ആറു വ്യത്യസ്ത ഈണങ്ങളില്‍ പാടിക്കേള്‍പ്പിച്ചു   വിസ്മയിപ്പിച്ചിട്ടുണ്ട്  ഒരിക്കല്‍ ജോണ്‍സണ്‍ മാസ്റ്റര്‍. ഹിന്ദുസ്ഥാനിയുടെയും കര്‍ണാട്ടിക്കിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയുമെല്ലാം  സ്വരബിന്ദുക്കളെ ചുംബിച്ചൊഴുകുന്ന  ഈണങ്ങള്‍. ഓരോന്നിനും ഓരോ താളം, ഓരോ ഭാവം. ഏറ്റവുമൊടുവില്‍, നമ്മളിപ്പോള്‍ സിനിമയില്‍ കേള്‍ക്കുന്ന ``ദേവാങ്കണം'' ഗിറ്റാര്‍ മീട്ടി പാടിക്കേള്‍പ്പിച്ച ശേഷം മാസ്റ്റര്‍ പറഞ്ഞു: ``ഇതാണ് ഈ പാട്ടിന്റെ  ട്യൂണ്‍. ഈ ട്യൂണിനു വേണ്ടി ജനിച്ച പാട്ടാണിത്. മറ്റൊരു ട്യൂണും ഇതിന്  ചേരില്ല. സംശയമുണ്ടോ?'' മറുപടിയൊന്നും പറയാതെ ഇല്ലെന്ന്  തലയാട്ടുക മാത്രം ചെയ്തപ്പോള്‍ ജോണ്‍സണ്‍ സ്വരം താഴ്ത്തി പറഞ്ഞു: ''എത്രയോ വര്‍ഷമായി ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്; മറിച്ചൊരുത്തരം കിട്ടിയിട്ടില്ല ഇന്നുവരെ.''

സന്തത സഹചാരിയായ പ്രിയഗിറ്റാറിന്റെ തന്ത്രികള്‍ മെല്ലെ തഴുകി, ഹോട്ടല്‍ മുറിയിലെ സോഫയില്‍ ചമ്രം പടിഞ്ഞിരുന്ന് ജോണ്‍സണ്‍ ആ കഥ പറഞ്ഞു; `ഞാന്‍ ഗന്ധര്‍വന്‍' (1991) എന്ന സിനിമക്ക് വേണ്ടി ഹൃദയം മുഴുവന്‍ സമര്‍പ്പിച്ച് പ്രതീക്ഷയോടെ മിനഞ്ഞെടുത്ത ``ദേവാങ്കണങ്ങ''ളുടെ ട്യൂണ്‍ മാറ്റിചെയ്യണമെന്ന് നിര്‍മാതാവും സംവിധായകനും നിര്‍ബന്ധം പിടിച്ച കഥ. പാട്ടിന് ശാസ്ത്രീയ സംഗീത സ്പര്‍ശം പോരെന്നായിരുന്നു നിര്‍മാതാവിന്റെ അഭിപ്രായം. സ്വരങ്ങളൊക്കെ വിസ്തരിച്ചുകൊണ്ടുള്ള ഒരു പൂര്‍ണ അര്‍ദ്ധശാസ്ത്രീയ ഗാനമാക്കി മാറ്റണം അതിനെ സ്വര്‍ഗനന്ദിനിയും കാട്ടിലെ പാഴ്മുളംതണ്ടിലും ഒക്കെ പോലെ. രണ്ടു മൂന്ന് ട്യൂണ്‍ കൂടി പരീക്ഷിച്ചു നോക്കാതിരുന്നില്ല ജോണ്‍സണ്‍. ഓരോ തവണയും പഴയ ഈണത്തില്‍ തന്നെ  തിരിച്ചെത്തികൊണ്ടിരുന്നു അദ്ദേഹം. മനം മടുത്ത്  ഒടുവില്‍  രണ്ടു പേരോടുമായി ജോണ്‍സണ്‍ പറഞ്ഞു: ``ഇനിയൊരു ഈണം ഈ പാട്ടിന് കണ്ടെത്താന്‍ ദയവായി എന്നെ നിര്‍ബന്ധിക്കരുത്. വേണമെങ്കില്‍ നിങ്ങള്‍ എന്നെ മാറ്റി മറ്റൊരാളെ കൊണ്ട് ട്യൂണ്‍ ചെയ്യിച്ചുകൊള്ളൂ. വിരോധമില്ല. എനിക്കിതേ പറ്റൂ..'' 

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുതിര്‍ന്ന വാക്കുകള്‍. ഹാര്‍മോണിയം അടച്ചുവെച്ച്, പൊടിയും തട്ടി പിറ്റേന്ന് കാലത്ത് കോയമ്പത്തൂര്‍ വഴി നേരെ ചെന്നൈയിലേക്ക് തിരിച്ചുപോന്നു മാസ്റ്റര്‍. പാട്ടെഴുതിയ കൈതപ്രവും ഉണ്ടായിരുന്നു കൂടെ. ``അടുത്ത രാത്രിയും അതിനടുത്ത രാത്രിയും ഞാന്‍ ആവശ്യത്തിലേറെ മദ്യപിച്ചു. ആരോടൊക്കെയോ പകവീട്ടാന്‍  എന്നവണ്ണം. മനസ്സ് അത്രയേറെ കലുഷമായിരുന്നു.'' ജോണ്‍സണ്‍ പറഞ്ഞു. ``സിനിമയുടെ വഴികളുമായി പൊരുത്തപ്പെടാന്‍ പറ്റില്ല എന്ന് തോന്നിത്തുടങ്ങിയത് അന്നാണ്. നമ്മള്‍ വളരെ പ്രതീക്ഷയോടെ രക്തവും വിയര്‍പ്പും നല്‍കി ഉണ്ടാക്കുന്ന പാട്ട് നിഷ്‌കരുണം തിരസ്‌കരിക്കപ്പെടുമ്പോള്‍ ജീവിതത്തോട് തന്നെ വെറുപ്പു തോന്നും. സത്യത്തില്‍ അതിന്റെ ആവശ്യമില്ലാത്തതാണ്. സിനിമയില്‍ സംവിധായകന്റെതാണ് അവസാന വാക്ക് എന്നറിയാഞ്ഞിട്ടല്ല. എന്തുചെയ്യാം. ഞാന്‍ ഇങ്ങനെയായിപ്പോയി. ഹൈലി ഇമോഷണല്‍...'' പാതി വളര്‍ന്ന താടി തടവിക്കൊണ്ടുള്ള ജോണ്‍സണ്‍ മാസ്റ്ററുടെ പൊട്ടിച്ചിരി ഇതാ ഈ നിമിഷവും മുഴങ്ങുന്നു കാതില്‍. ജോണ്‍സണിലെ ഗാനസ്രഷ്ടാവിന്റെ ആത്മവേദന വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കണം ഗുഡ്നൈറ്റ് മോഹനും പദ്മരാജനും. ആദ്യം ചിട്ടപ്പെടുത്തിയ പാട്ട് അതേപടി സിനിമയില്‍ ഉള്‍പ്പെടുത്താനുള്ള ഹൃദയവിശാലത കാണിച്ചല്ലോ അവര്‍. 

ജോണ്‍സണ്‍ മാസ്റ്റര്‍ വിടവാങ്ങി. ഗാനലേഖന വേളയില്‍ ഓര്‍ക്കസ്ട്ര നിയന്ത്രിച്ച രാജാമണിയും പാട്ടു ചിത്രീകരിച്ച സംവിധായകന്‍ പദ്മരാജനുമെല്ലാം ഓര്‍മ്മയായി. പക്ഷേ ദേവാങ്കണങ്ങള്‍ ഇന്നും ജീവിക്കുന്നു; പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും. പുതുതലമുറ പോലും എത്ര സ്‌നേഹാദരങ്ങളോടെയാണ് ആ പാട്ടിനെ നെഞ്ചോടു ചേര്‍ക്കുന്നതെന്ന് ജനപ്രിയ സംഗീത  ബാന്‍ഡുകളുടെ പ്രകടനം ശ്രദ്ധിച്ചാല്‍ അറിയാം. ``ജോണ്‍സണ്‍ എനിക്ക് വേണ്ടി സൃഷ്ടിച്ച ഏറ്റവും മികച്ച ഗാനം'' എന്ന് സാക്ഷാല്‍ യേശുദാസ് ഒരു ഓര്‍മ്മക്കുറിപ്പില്‍  ആ പാട്ടിനെ വിശേഷിപ്പിച്ചത് അടുത്തിടെയാണ്.  ജോണ്‍സന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഒരു പടി കൂടി മുന്നോട്ടു പോയി. ``എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്  ദുഃഖം തോന്നുന്ന അത്യപൂര്‍വം പാട്ടുകളേ ഉള്ളൂ. അവയിലൊന്നാണ് ദേവാങ്കണങ്ങള്‍. മലയാളത്തിലെ ക്ലാസിക് പാട്ടുകളില്‍ ഒന്നാണത്. തലച്ചോറില്‍ നിന്നല്ല  ഹൃദയത്തില്‍ നിന്നേ അത്തരം പാട്ടുകള്‍ ഒഴുകിയെത്തൂ. പാട്ടിന്റെ വരികളുടെ അര്‍ത്ഥഭംഗി  പൂര്‍ണ്ണമായി ദ്യോതിപ്പിക്കുന്ന സംഗീതം. ഒപ്പം അത് രാഗഭാവത്തെ അതീവഹൃദ്യമായി ശ്രോതാക്കളില്‍ എത്തിക്കുന്നുമുണ്ട്. യാതൊരു വിധ നാട്യങ്ങളോ പ്രകടനപരതയോ ഇല്ലാതെയാണ് ആ ഗാനം ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പിന്നെ, യേശുദാസിന്റെ അതിഗംഭീരമായ ആലാപനവും. ഇത്രയും തികവാര്‍ന്ന ഗാനങ്ങള്‍ അധികമുണ്ടാവില്ല നമ്മുടെ ഭാഷയില്‍.'' പ്രഗത്ഭനായ ഒരു സംഗീത സംവിധായകന്  സമകാലികനായ മറ്റൊരു സംഗീതശില്‍പ്പിയില്‍ നിന്ന് ലഭിക്കാവുന്ന ഏറ്റവും ഉദാത്തമായ പ്രണാമമാണിത്. 

ഹിന്ദുസ്ഥാനി സ്പര്‍ശം  

ചെന്നൈയിലെ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലില്‍ ``ഞാന്‍ ഗന്ധര്‍വ''നിലെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ ചെന്നിരുന്നപ്പോള്‍ പദ്മരാജന്‍ പറഞ്ഞ വാക്കുകള്‍ ചെറുപുഞ്ചിരിയോടെ എന്നും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു ജോണ്‍സണ്‍. ``ഒരു ഗന്ധര്‍വന് മാത്രം പാടാന്‍ കഴിയുന്ന പാട്ടാണ് വേണ്ടത്. ശാസ്ത്രീയത ഉണ്ടാവണം. പക്ഷേ അമിതമാവേണ്ട. അല്‍പം ഹിന്ദുസ്ഥാനി ടച്ച്  ഉണ്ടെങ്കില്‍ നല്ലത്.'' എടുത്തടിച്ചപോലെ ജോണ്‍സന്റെ മറുപടി: ``അതിനെനിക്ക് ഹിന്ദുസ്ഥാനി അറിയില്ലല്ലോ..'' ഒരു നിമിഷം ജോണ്‍സന്റെ മുഖത്ത് ഉറ്റുനോക്കി പദ്മരാജന്‍ പറഞ്ഞു: ``തനിക്ക് കര്‍ണാട്ടിക്കും അറിയില്ലല്ലോ. അപ്പോള്‍ കുഴപ്പമില്ല...'' ആ വാക്കുകള്‍ കൊളുത്തിയ കൂട്ടചിരിയില്‍ നിന്നായിരുന്നു മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന പാട്ടുകളിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. ജോണ്‍സണ്‍ മൂളിക്കൊടുത്ത ഈണം മനസ്സില്‍ ഏറ്റുപാടി കൈതപ്രം പല്ലവിയുടെ വരികള്‍ കുറിക്കുന്നു: ``ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവില്‍ വിലോല മേഘമായ്, അഴകിന്‍ പവിഴം പൊഴിയും നിന്നില്‍ അമൃതകണമായ് സഖീ ധന്യനായ്... ``പാട്ടുണ്ടാക്കാന്‍ ഇരിക്കും മുന്‍പ് തന്നെ പപ്പേട്ടന്‍ എനിക്കും ജോണ്‍സണും തിരക്കഥ മുഴുവനായി വായിക്കാന്‍ തന്നിരുന്നു.,' കൈതപ്രം. ``ഭൂമിയിലും ആകാശത്തിലും ഇടമില്ലാത്ത ആളാണ് കഥയിലെ ഗന്ധര്‍വന്‍. മേഘമായും നക്ഷത്രമായും മഴത്തുള്ളിയായുമെല്ലാം രൂപം മാറാന്‍ കഴിയുന്ന ഒരാള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് നരേന്ദ്രപ്രസാദ് സാറിന്റെ സൗപര്‍ണിക നാടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യമായി ഗന്ധര്‍വനെ പരിചയപ്പെടുന്നത്. തീര്‍ച്ചയായും ആ സ്വാധീനം പാട്ടിന്റെ രചനയിലും ഉണ്ടായിരുന്നിരിക്കാം.'' 

കല്യാണി (ഹിന്ദുസ്ഥാനി യമന്‍) രാഗത്തിന്റെ സൗന്ദര്യം മുഴുവന്‍ സ്വാംശീകരിച്ച  പല്ലവിയും ആദ്യചരണവും  കടന്ന് പാട്ട് രണ്ടാമത്തെ ചരണത്തിലേക്ക് പ്രവേശിക്കുന്നതോടെ  ഈണത്തില്‍ പുരിയാധനശ്രീ വന്നു നിറയുന്നു. ``വ്യത്യസ്ത രാഗങ്ങളില്‍ വേണം  എന്ന് ഉദ്ദേശിച്ചു ചെയ്ത പാട്ടല്ല അത്.''ജോണ്‍സണ്‍. ``ചെയ്തു വന്നപ്പോള്‍ അങ്ങനെ ആയിപ്പോയതാണ്. കൈതപ്രത്തിന്റെ രചനയുടെ പിന്തുണയും ഉണ്ടായിരുന്നു എനിക്ക്. സംഗീതത്തില്‍ നല്ല അറിവുള്ള ആളായിരുന്നതുകൊണ്ട് പദ്മരാജന് ആ പരീക്ഷണം എളുപ്പം ഉള്‍ക്കൊള്ളാനായി. രാഗ വൈവിധ്യം ഗാനത്തിന്റെ സുഗമമായ ഒഴുക്കിനെ ബാധിച്ചുകൂടാ എന്നേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ഒരു രാഗത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ചുവടുമാറ്റംസ്വാഭാവികവും ആയാസരഹിതവുമാവണം. ആ നിര്‍ദേശം അക്ഷരംപ്രതി പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.'' കല്യാണി രാഗത്തില്‍ വേറെയും മനോഹര ഗാനങ്ങള്‍ ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും (അനുരാഗിണീ ഇതായെന്‍, പൂത്താലം വലം കയ്യിലേന്തി, പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ, ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍, ഇനിയൊന്നു പാടൂ ഹൃദയമേ, പാതിരാപ്പാല്‍ക്കടവില്‍ അമ്പിളിപ്പൂന്തോണി..) രാഗഭാവം ഇത്രയും പ്രകടമല്ല അവയിലൊന്നും. ``പൊതുവെ രാഗത്തിന്റെ സൗന്ദര്യം ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങളില്‍ മറഞ്ഞുകിടക്കുകയാണ് പതിവ്. ഹിഡന്‍ ബ്യൂട്ടി എന്നൊക്കെ പറയും പോലെ. എന്നാല്‍ ദേവാങ്കണങ്ങളില്‍ രാഗ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്നു അദ്ദേഹം. ഒരു ഗസലിന്റെ രൂപഭാവങ്ങളാണ് ആ ഗാനത്തിന് മാസ്റ്റര്‍ നല്‍കിയിരിക്കുന്നത്. അതു ബോധപൂര്‍വമാകാനേ വഴിയുള്ളു.'' കര്‍ണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സന്‍ ജെ മേനോന്റെ നിരീക്ഷണം.

രാഗഭാവം  ഉള്‍ക്കൊണ്ടുകൊണ്ടാവില്ല  പലപ്പോഴും ശ്രോതാവ് ഗാനം ആസ്വദിക്കുക. അത്തരം സാങ്കേതിക വശങ്ങളിലേക്ക് കടന്നുചെല്ലാനുള്ള അറിവ് സാധാരണക്കാരനായ ആസ്വാദകന് ഉണ്ടാവണമെന്നുമില്ല. ആദ്യശ്രവണമാത്രയില്‍ തന്നെ പാട്ട്  അയാളുടെ ഹൃദയത്തെ സ്പര്‍ശിക്കണം. അതാണ്  പ്രധാനം. വരികളുടെ അര്‍ത്ഥഭംഗി ഒരിക്കലും ഈണത്തിന്റെ ആര്‍ഭാടത്തില്‍ മുങ്ങിപ്പോകരുത്. ഇന്ന രാഗത്തില്‍ ചിട്ടപ്പെടുത്തണം എന്ന് മനസ്സില്‍ ഉറച്ചുകൊണ്ട് ഒരു ഗാനത്തെയും സമീപിച്ചിട്ടില്ല താനെന്ന് ഒരിക്കല്‍ ജോണ്‍സണ്‍ പറഞ്ഞുകേട്ടതോര്‍ക്കുന്നു. ``ഗാനം സ്വരപ്പെടുത്തിയ ശേഷമാണ് പലപ്പോഴും രാഗസാന്നിധ്യം തിരിച്ചറിയുക.  പതിവായി പ്രയോഗിക്കപ്പെടുന്ന രാഗമാണെങ്കില്‍ ചെറിയൊരു ആശങ്ക തോന്നും. ഈ ഈണത്തിന് മുന്‍പ് കേട്ട ഏതെങ്കിലും പാട്ടുമായി സാമ്യമുണ്ടോ? ഞാന്‍ തന്നെ ചെയ്ത ഏതെങ്കിലും പാട്ടിന്റെ നിഴല്‍ ഇതില്‍ പതിഞ്ഞുകിടക്കുന്നുണ്ടോ? ഇങ്ങനെ പലവിധ സംശയങ്ങള്‍ കൊണ്ടു മനസ്സ് അസ്വസ്ഥമാകും. ദേവാങ്കണങ്ങള്‍ ചിട്ടപ്പെടുത്തിയ ശേഷം ചുറ്റുമിരുന്നവരോട് ഞാന്‍ ആദ്യം ചോദിച്ചത് കല്യാണി രാഗത്തില്‍ മുന്‍പ് കേട്ട ഏതെങ്കിലും ഗാനം  ഓര്‍മ്മ വരുന്നുണ്ടോ എന്നാണ്. ഇല്ല എന്ന മറുപടി ലഭിച്ചപ്പോള്‍ ആശ്വാസം തോന്നി.''  പക്ഷേ ഇതേ ചിത്രത്തിലെ ദേവീ ആത്മരാഗമേകാന്‍  എന്ന ഗാനത്തിന്റെ സൃഷ്ടിയില്‍ അതുപോലൊരു പരീക്ഷണം നേരിടേണ്ടിവന്നില്ല ജോണ്‍സണ്. മിയാ കി മല്‍ഹര്‍ രാഗത്തില്‍ മലയാളത്തില്‍ അധികം ഗാനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് തന്നെ കാരണം.  

ദേവാങ്കണങ്ങളുടെ റെക്കോര്‍ഡിംഗ്  മറക്കാനാവാത്ത അനുഭവമായിരുന്നു. കൈതപ്രത്തിനും. ``ജോണ്‍സണും ദാസേട്ടനും തമ്മില്‍ എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പാട്ട് പിറവിയെടുക്കുന്ന വേളയില്‍ അവര്‍ ഹൃദയം കൊണ്ടു ഒന്നാകുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജോണ്‍സണിലെ സംഗീത സംവിധായകന്റെ മനസ്സ് സഞ്ചരിക്കുന്ന ഓരോ വഴിയും ദാസേട്ടനിലെ ഗായകന് നന്നായി അറിയാം. അതുപോലെ ദാസേട്ടന്റെ ശബ്ദത്തിന്റെയും ആലാപനത്തിന്റെയും സാധ്യതകള്‍ ജോണ്‍സണും. പരസ്പരമുള്ള ഈ നിശബ്ദമായ ആശയവിനിമയത്തില്‍ നിന്നാണ് മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങള്‍ പലതും ഉണ്ടായിട്ടുള്ളത്.'' ചെന്നൈയിലെ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോയിലായിരുന്നു `ഞാന്‍ ഗന്ധര്‍വ'ന്റെ ഗാനലേഖനം. സൗണ്ട് എന്‍ജിനീയര്‍ പ്രശസ്തനായ ശ്രീധര്‍. രാജാമണിയാണ് ഓര്‍ക്കസ്ട്ര നിയ്രന്തിച്ചത്. ട്രാക്ക് പാടിയത് നടേശനും. വിരലിലെണ്ണാവുന്ന വാദ്യകലാകാരന്മാരുടെ സാന്നിധ്യം  മാത്രമേ ദേവാങ്കണങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കുന്നു  `ഞാന്‍ ഗന്ധര്‍വ'നിലെ ഗാനങ്ങളുടെ പിന്നണിയില്‍ വയലിനും വയോളയും കൈകാര്യം ചെയ്ത റെക്‌സ് ഐസക്‌സ്.  ബാലന്‍ (തബല),  പണ്ഡിറ്റ് ജനാര്‍ദ്ദന്‍ (സിതാര്‍), ശശികുമാര്‍ (ഫ്‌ലൂട്ട്), ജീവ (വൈബ്രോഫോണ്‍) എന്നിവരുടെ  സംഭാവനകള്‍ ഒഴിച്ചുനിര്‍ത്തി ദേവാങ്കണങ്ങളെ കുറിച്ചു ചിന്തിക്കാനാവില്ല. ``കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍  വാദ്യോപകരണ ബാഹുല്യംആവശ്യമില്ല എന്നു തെളിയിച്ച സംഗീത സംവിധായകനാണ് ജോണ്‍സണ്‍. ദേവരാജന്‍ മാസ്റ്റര്‍ ആയിരിക്കണം ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ  പൂര്‍വമാതൃക. പശ്ചാത്തലത്തിലെ ഓരോ ശബ്ദവും,  എത്ര നേരിയതാണെങ്കില്‍ പോലും,  ഗാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതാവണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന് .'' ജോണ്‍സന്റെ നിരവധി ഗാനലേഖനങ്ങളില്‍ പങ്കാളിയായ റെക്‌സ് പറയുന്നു. ``രാഗത്തിന്റെ അപ്രതീക്ഷിതമായ ഗതിമാറ്റം വളരെ സൂക്ഷമമായി അനുഭവപ്പെടുത്തുന്ന ഒരു ഭാഗമുണ്ട് ആ ഗാനത്തില്‍. അതൊരു പുതുമയാര്‍ന്ന അനുഭവമായി തോന്നി സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും. ജോണ്‍സന്റെ അസാമാന്യ പ്രതിഭയെ നമിച്ചുപോയ നിമിഷം. '' ഞാന്‍ ഗന്ധര്‍വനിലെ മറ്റു ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും ഭാഗഭാക്കായിരുന്ന മറ്റു വാദ്യകലാകാരന്മാരുടെ പേരുകളും റെക്‌സ് ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുത്തു തന്നു. എല്ലാവരും അവരവരുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍: ഗിറ്റാര്‍ (ജോണ്‍ ആന്റണി), ബാസ് ഗിറ്റാര്‍ (ചിത്തി പ്രകാശ്), ഖാനൂന്‍ (ലോകേഷ്), കീബോര്‍ഡ് (മുരളി), തബല/ഡോലക് (ബാല), വയലിന്‍ (മാനുവല്‍ പീറ്റര്‍ എന്ന മണി, രാമചന്ദ്രന്‍, ഹേമന്ത്, ശശി, ദാസ്, പരമ, ചാക്കോ, രമേശ്, സുബ്രഹ്മണ്യം, ദേബാശിഷ്..), വയോള (സെബാസ്റ്റ്യന്‍, കേരള കുമാര്‍, നാരായണന്‍, അനന്തോ, സുബ്രതോ), ചെല്ലോ (ജോണ്‍, ബിശ്വാസ്), ഡബിള്‍ ബാസ് (ബിദ്യുത്). മൂന്ന് അപൂര്‍വ സുന്ദരഗാനങ്ങളുടെ  പിറവിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും -- ദേവാങ്കണങ്ങള്‍, ദേവീ, പാലപ്പൂവേ.

സൗണ്ട് എഞ്ചിനീയര്‍ പറഞ്ഞറിഞ്ഞ മറ്റൊരു കൗതുകകരമായ കാര്യം കൂടി കൈതപ്രത്തിന്റെ ഓര്‍മയിലുണ്ട്. ``ദേവാങ്കണങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു തിരിച്ചുപോയ ശേഷം രാത്രി ഏറെ വൈകി ദാസേട്ടന്‍ സ്റ്റുഡിയോയില്‍ വിളിച്ചത്രേ. പാട്ടില്‍ എന്തോ ഒരു കറക്ഷന്‍ വരുത്തേണ്ടതുണ്ടെന്നും ഉടന്‍ താന്‍ അങ്ങോട്ടു വരികയാണെന്നും പറയാന്‍ വേണ്ടിയായിരുന്നു ആ വിളി. ഏറെ വൈകിയ സ്ഥിതിക്ക് ഇനി പിറ്റേന്ന് കാലത്തു വന്നു കറക്ട് ചെയ്താല്‍ പോരേ എന്ന് എന്‍ജിനീയര്‍. പക്ഷെ പാടിയ പാട്ടിനെ കുറിച്ച് മനസ്സില്‍ നേരിയ സംശയമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍  ഉറക്കം വരില്ല അന്ന് എന്നറിയാമായിരുന്നു ദാസേട്ടന്. അല്‍പസമയത്തിനകം സ്വന്തം കാറില്‍ അദ്ദേഹം സ്റ്റുഡിയോയില്‍ എത്തി. സംശയമുള്ള ഭാഗങ്ങള്‍  ആവര്‍ത്തിച്ചു പാടി  പെര്‍ഫെക്ട് ആക്കി അദ്ദേഹം തിരിച്ചു പോകുമ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. കറകളഞ്ഞ ആ അര്‍പ്പണ ബോധം തന്നെയാകാം ദേവാങ്കണങ്ങളെ കാലത്തിന് അതീതമായ ശ്രവ്യാനുഭവമാക്കി വളര്‍ത്തിയത്..''               

പടത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഒരു പ്രശ്‌നം: പാട്ടുകള്‍ക്ക്, പ്രത്യേകിച്ചു ദേവാങ്കണങ്ങള്‍ എന്ന പാട്ടിന്,  നിലവാരം പോരെന്ന് നിര്‍മാതാവിന് അഭിപ്രായം. ആ പാട്ടെങ്കിലും ഒന്നു മാറ്റിച്ചെയ്യണം. ``റെക്കോര്‍ഡിംഗ്കഴിഞ്ഞ സ്ഥിതിക്ക് അക്കാര്യം നേരിട്ട് പദ്മരാജനോട് പറയാന്‍  ഗുഡ്‌നൈറ്റ് മോഹന്  ഒരു വല്ലായ്മ.''-- രാധാലക്ഷ്മി പദ്മരാജന്‍ ഓര്‍ക്കുന്നു.  ``സുഹൃത്തായ ഗാന്ധിമതി ബാലനെ വിളിച് അദ്ദേഹം കാര്യം പറഞ്ഞു. ബാലനും ധൈര്യമില്ല സംവിധായകനോട് നേരിട്ട് കാര്യം പറയാന്‍. അങ്ങനെയാണ് അദ്ദേഹം എന്നെ ഫോണില്‍ വിളിക്കുന്നത്. ചേച്ചി എങ്ങെനെയെങ്കിലും പപ്പേട്ടനോട് കാര്യം പറഞ്ഞു സമ്മതം വാങ്ങിത്തരണം  എന്നായി ബാലന്‍. എനിക്കും അത് വലിയ വിഷമമുള്ള കാര്യമായിരുന്നു; പദ്മരാജന് സംഗീതത്തോടുള്ള സ്‌നേഹത്തെ കുറിച്ചു നല്ല ബോധ്യമുള്ളതു കൊണ്ട് പ്രത്യേകിച്ചും.'' എന്തായാലും രണ്ടും കല്‍പ്പിച്ചു ഭര്‍ത്താവിനെ വിളിച്ചു കാര്യം പറയുന്നു രാധാലക്ഷ്മി. ``അദ്ദേഹത്തിന് വിഷമം തോന്നാത്ത വിധത്തിലാണ് പറഞ്ഞത്. പടത്തിന്റെ നിലവാരം കൂട്ടാന്‍ വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിര്‍മ്മാതാവ് ഇതുപോലൊരു ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ നമ്മള്‍ എതിരു നില്‍ക്കേണ്ടതുണ്ടോ എന്ന എന്റെ ചോദ്യം അദ്ദേഹത്തെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും പാട്ടിന്റെ ട്യൂണ്‍ മാറ്റാന്‍ അദ്ദേഹം സമ്മതിച്ചത് അങ്ങനെയാണ്. വളരെ ശാന്തമായിട്ടായിരുന്നു  പ്രതികരണമെങ്കിലും ആ മനസ്സിലെ വിങ്ങല്‍ എനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു.'' രാധാലക്ഷ്മിയുടെ വാക്കുകള്‍.

പിറ്റേന്നു തന്നെ കൈതപ്രത്തിനും ജോണ്‍സണും ഫോണ്‍ സന്ദേശം  ലഭിച്ചു: ഉടന്‍ തൃശൂരിലെ  ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ചേരുക. ചെന്നൈയില്‍ ഏതോ പടത്തിന്റെ കമ്പോസിംഗ് തിരക്കിലായിരുന്നു ഇരുവരും. ``കോയമ്പത്തൂരില്‍ വിമാനമിറങ്ങി കാര്‍ പിടിച്ചു തൃശൂരില്‍ എത്തുകയായിരുന്നു ഞങ്ങള്‍.'' കൈതപ്രം ഓര്‍ക്കുന്നു. എത്തിയ ഉടന്‍ ജോണ്‍സണെ വിളിച്ച് ഗുഡ്‌നൈറ്റ് മോഹന്‍ കാര്യം പറഞ്ഞു. ഞെട്ടിപ്പോയിരിക്കണം ജോണ്‍സണ്‍. ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവമാണ്. ദേവാങ്കണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു കേട്ടവരെല്ലാം അതിഗംഭീരം എന്ന അഭിപ്രായമേ പറഞ്ഞുകേട്ടിട്ടുള്ളൂ. ``ജോണ്‍സന്റെ മുഖത്തുനിന്ന് ഉള്ളിലെ സംഘര്‍ഷം എനിക്ക് വായിച്ചെടുക്കാമായിരുന്നു.  ആകെ അസ്വസ്ഥനായിരുന്നു പപ്പേട്ടനും.  ആദ്യം കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്  ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്.  മോഹന്‍ മാത്രം  മറിച്ചു ചിന്തിക്കാന്‍  കാരണം എന്തെന്നോര്‍ത്ത്  അത്ഭുതം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ സുഹൃത്തുക്കളില്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങിയതാവാം. സ്വരങ്ങളൊക്കെ ചേര്‍ത്ത് മറ്റൊരു പാട്ട് വേണം എന്നു പറഞ്ഞപ്പോള്‍ അതു  ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ശൈലിയാണ്, എന്റേതല്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു ജോണ്‍സണ്‍. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.''  (പദ്മരാജന്റെയും ഗുഡ്നൈറ്റ് മോഹന്റെയും ഉറ്റ സുഹൃത്തായ ഗാന്ധിമതി ബാലന്‍  ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നു: `നല്ല സംഗീതത്തെ ഇഷ്ടപ്പെടുന്നയാളാണ് മോഹന്‍.  ഈ പാട്ടിന്റെ പേരില്‍ മാത്രം അദ്ദേഹത്തെ ഇങ്ങനെയൊരു നിലപാടിന് പ്രേരിപ്പിച്ചത് ചില സഹപ്രവര്‍ത്തകരുണ്ടാക്കിയ തെറ്റിദ്ധാരണകള്‍ തന്നെയാവണം.) 

അപശകുനങ്ങള്‍  

ഇനിയുള്ള കഥ ``ഞാന്‍ ഗന്ധര്‍വ''ന്റെ സഹസംവിധായകന്‍ ജോഷി മാത്യുവിന്റെ വാക്കുകളില്‍: ``നിര്‍ബന്ധം സഹിക്കവയ്യാതെ ജോണ്‍സണ്‍ ഹാര്‍മോണിയവുമായി വീണ്ടും കമ്പോസിംഗിന് ഇരുന്നു. ട്യൂണുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും തൃപ്തി വരുന്നില്ല അദ്ദേഹത്തിന്. ഞാനാണ് പ്രോത്സാഹനവുമായി കൂടെയിരിക്കുക. വൈകുന്നേരമായപ്പോള്‍ ഹാര്‍മോണിയം ഒരരികിലേക്ക് നീക്കിവെച്ച് ജോണ്‍സണ്‍ പറഞ്ഞു: ഈ സിറ്റ്വേഷന് ഇതിലും നല്ലൊരു ട്യൂണ്‍ ചെയ്യാന്‍ എനിക്കാവില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കുക. ഇല്ലെങ്കില്‍ ഉപേക്ഷിച്ചേക്കുക.'' കൈതപ്രത്തെയും കൂട്ടി പിറ്റേന്നു രാവിലെ ചെന്നൈയിലേക്ക് തിരിച്ചുപോയ ജോണ്‍സണ്‍ പിന്നെ തിരിച്ചുവന്നതേയില്ല. മനസ്സില്ലാമനസ്സോടെ ആണെങ്കിലും പാട്ടു സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതം മൂളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു നിര്‍മ്മാതാവിന്. `` പദ്മരാജന് അതു വലിയൊരു ആശ്വാസമായി. അത്രയും നല്ലൊരു പാട്ടു സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നില്ലല്ലോ.''-- രാധാലക്ഷ്മി. ``  പൊതുവെ സിനിമയില്‍ കഥാപാത്രങ്ങള്‍ പാടുന്നതിനോട് താല്‍പ്പര്യമില്ലാത്ത ആളാണ്. നിത്യജീവിതത്തില്‍ ദുഃഖവും ആഹ്ലാദവും പ്രതിഷേധവും ഒക്കെ പ്രകടിപ്പിക്കാന്‍ നമ്മളാരും പൂര്‍ണ്ണ ഓര്‍ക്കസ്ട്രയോട് കൂടി പാടുന്ന പതിവില്ലല്ലോ എന്ന് തമാശയായി പറയാറുണ്ടായിരുന്നു അദ്ദേഹം.   സിനിമയുടെ വാണിജ്യ വഴികളുമായി പൊരുത്തപ്പെടേണ്ടി വന്നപ്പോഴാണ് പല സിനിമകളിലും പാട്ടുകള്‍ ഉള്‍പ്പെടുത്തിയത്. അവയില്‍ തന്നെ അധികവും  അശരീരിഗാനങ്ങള്‍ ആയിരുന്നു. പക്ഷേ ഞാന്‍ ഗന്ധര്‍വനില്‍ നായകകഥാപാത്രം നന്നായി പാടുന്ന ആള്‍ കൂടിയാണ്. ഗന്ധര്‍വനല്ലേ? സ്വാഭാവികമായും ഈ പടത്തില്‍ നല്ല പാട്ടുകള്‍ ഉണ്ടാവണം എന്നു  നിര്ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.''  

തൃശൂരിനടുത്ത് ഒല്ലൂരിലുള്ള ഒരു പഴയ തറവാട്ടു വീട്ടിലാണ് ദേവാങ്കണങ്ങളുടെ ചിത്രീകരണം. സുപര്‍ണ്ണ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ വീട്ടില്‍ യാദൃച്ഛികമായി എത്തിച്ചേരുകന്ന നിതീഷ് ഭരദ്വാജിന്റെ ഗന്ധര്‍വ്വന്‍  കാമുകിക്കും അമ്മക്കും (സുലക്ഷണ) മുത്തശ്ശിക്കും (ഫിലോമിന) വേണ്ടി തംബുരു മീട്ടി പാടുന്ന പാട്ട്. ``ഇന്നും ആ ഗാനരംഗം കാണുമ്പോള്‍ അത്ഭുതം തോന്നും. എത്ര തന്മയത്വത്തോടെയാണ് നിതീഷ് ആ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്.''-- ജോഷി മാത്യു. ``മലയാളമറിയുന്ന നടന്മാര്‍ക്ക് പോലും ഇത്രയും കൃത്യമായി ആ പാട്ടിനൊത്ത് ചുണ്ടനക്കാന്‍ കഴിയുമായിരുന്നോ എന്നു സംശയം. അഭിനയത്തെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന കലാകാരനാണ് നിതീഷ്. പാടാനുള്ള പാട്ട് തലേന്ന് തന്നെ അദ്ദേഹം എന്നോട് ഇംഗ്ലീഷില്‍ എഴുതിവാങ്ങി. പിന്നെ അത് രാത്രി മുഴുവന്‍ ഇരുന്നു പാടി പരിശീലിച്ചു. ചില വാക്കുകളുടെ അര്‍ത്ഥം വരെ ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ഷൂട്ടിംഗിന് ഇരുന്നത്. അധികം സമയമൊന്നും വേണ്ടിവന്നില്ല ആ പാട്ടെടുക്കാന്‍. പപ്പേട്ടന്‍ ഉദ്ദേശിച്ചതിലും അപ്പുറത്തായിരുന്നു ഗാനരംഗത്ത് നിതീഷിന്റെ പ്രകടനം.''

ചിത്രീകരണത്തിനിടെ ഒരു ``അത്യാഹിതം'' കൂടിയുണ്ടായി. പാട്ട് കേട്ട് സന്തുഷ്ടയായ മുത്തശ്ശി ഗന്ധര്‍വന് മുറുക്കാന്‍ വെറ്റില കൊടുക്കുന്ന രംഗമുണ്ട്. വെറ്റിലയും പാക്കും വാങ്ങാന്‍ ആളെ വിടുമ്പോള്‍ തന്നെ നിതീഷ് മുന്നറിയിപ്പ് നല്‍കിയതാണ്: ``പെട്ടെന്ന് മയങ്ങിപ്പോകുന്ന ഒരു തരം പുകയില ചേര്‍ത്ത പാക്ക് ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചു വേണം വാങ്ങാന്‍.'' ഗാനത്തിനൊടുവില്‍ മുത്തശ്ശി തന്ന പാക്ക് ആ ജനുസ്സില്‍ പെട്ടതാണെന്ന് പാവം നിതീഷുണ്ടോ അറിയുന്നു. പാക്ക് വായിലിട്ട് ചവച്ചുതുടങ്ങി നിമിഷങ്ങള്‍ക്കകം നിതീഷിന് തല കറങ്ങി. ശരീരം വിയര്‍പ്പില്‍ മുങ്ങി. ബോധഹീനനായി നിലത്തുവീണ നായകനെ കണ്ട് നായികയും സംവിധായകനും ഛായാഗ്രാഹകനുമെല്ലാം പകച്ചു. മണിക്കൂറുകള്‍ നീണ്ടു നിതീഷിന്റെ മയക്കം. പിറ്റേന്ന് രാവിലെയാണ് അദ്ദേഹം സാധാരണനിലയിലെത്തിയതെന്ന് രാധാലക്ഷ്മി. `` ഇത്തരം ദുരനുഭവങ്ങള്‍ ഒന്നും നിതീഷിനെ ബാധിച്ചില്ല എന്നതാണ് സത്യം. ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അക്കാര്യത്തില്‍ നിതീഷിന്റെ നേരെ വിപരീതദിശയിലായിരുന്നു നായികയായ സുപര്‍ണ്ണ.''ചിത്രീകരണവേളയില്‍ ഉടനീളം സംവിധായകന്റെ ക്ഷമ പരീക്ഷിച്ചു കൊണ്ടിരുന്നു ആ നടി. അഭിനയത്തോടുള്ള അവരുടെ സമീപനം ഒട്ടും പ്രൊഫഷണല്‍ ആയിരുന്നില്ല. പത്തും പതിനെട്ടും തവണ ആവര്‍ത്തിക്കേണ്ടി വന്നു ഓരോ ഷോട്ടും ഓക്കേ ആകാന്‍. ഒരു ഘട്ടത്തില്‍ സഹികെട്ട് പദ്മരാജന്‍ പൊട്ടിത്തെറിക്കുക വരെ ചെയ്തു. ബോംബെക്കുള്ള മടക്കടിക്കറ്റ് എടുത്തുകൊടുക്കാന്‍ പ്രൊഡക്ഷന്‍ മാനേജരോട് ആവശ്യപ്പെട്ടു അദ്ദേഹം. മറ്റേതെങ്കിലും നടിയെ വെച്ചു സുപര്‍ണ്ണയുടെ രംഗങ്ങള്‍ റീഷൂട്ട് ചെയ്യാനുള്ള തീരുമാനം പദ്മരാജന്‍ ഉപേക്ഷിച്ചത്, ആ നടി  മാപ്പപേക്ഷിച്ച ശേഷമാണ്.

ഗ്രഹപ്പിഴകളുടെ പരമ്പര അവിടെ തീര്‍ന്നില്ല. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ മിക്‌സിംഗ് കഴിഞ്ഞു ലാബില്‍  കണ്ടുനോക്കുമ്പോള്‍ എന്തോ സാങ്കേതിക പ്രശ്‌നം കാരണം ദേവാങ്കണങ്ങള്‍ എന്ന ഗാനരംഗം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. വളരെ ശ്രദ്ധാപൂര്‍വം എടുത്ത പാട്ടില്‍ പലയിടത്തും ചുണ്ടുകളുടെ ചലനം ഗാനവുമായി തെല്ലും യോജിക്കാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ ആ പാട്ടു സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടതാണ്. പക്ഷേ  തോറ്റു  പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു പദ്മരാജനിലെ സംവിധായകന്‍. ലഭ്യമായ സാങ്കേതിക വിദ്യയുടെ  സഹായത്തോടെ എല്ലാ പിഴവുകളും പരിഹരിച്ചു ഗാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ  സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന്. ഇന്നും `ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായി ആ ഗാനരംഗം നിലനില്‍ക്കുന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് പദ്മരാജനിലെ ഈ  പെര്‍ഫക്ഷനിസ്റ്റിനോട് തന്നെ. ``എഴുത്തു പോലെ തന്നെ സിനിമയും ഒരു വികാരമായിരുന്നു പപ്പേട്ടന്. സംഗീതത്തോടും ഉണ്ടായിരുന്നു ഈ വൈകാരികമായ അടുപ്പം. ഇല്ലെങ്കില്‍ ദേവാങ്കണം പോലൊരു പാട്ട് ജനിക്കുകയേ ഇല്ല.''-- കൈതപ്രം പറയുന്നു. 

കൈ മുറിച്ചു മാറ്റും പോലെ 

``ഞാന്‍ ഗന്ധര്‍വ്വന്‍''  പുറത്തിറങ്ങിയ  ശേഷവും `ദേവാങ്കണങ്ങ'ളെ ദുര്‍വിധി വിട്ടൊഴിഞ്ഞില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു ഗാന്ധിമതി ബാലന്‍. ``റിലീസ് കഴിഞ്ഞു ദിവസങ്ങള്‍ക്കകം പപ്പേട്ടന്‍ എന്നെ വിളിച്ചു.  ദേവാങ്കണങ്ങള്‍ എന്ന പാട്ട് തിയേറ്റര്‍ പ്രിന്റുകളില്‍ നിന്ന് എത്രയും വേഗം ഒഴിവാക്കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്  നിര്‍മ്മാതാവ്. പടത്തിന്റെ ചില ഭാഗങ്ങള്‍ക്ക്   വല്ലാതെ ഇഴച്ചില്‍ അനുഭവപ്പെടുന്നു  എന്നാണത്രെ നാട്ടിലുള്ള ചില സുഹൃത്തുക്കളില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച റിപ്പോര്‍ട്ട്. സ്വാഭാവികമായും തിയേറ്ററുകാര്‍ ആകെ അസ്വസ്ഥരാണ്. ദേവാങ്കണങ്ങള്‍ എന്ന ഗാനരംഗം മുറിച്ചുമാറ്റിയാല്‍ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാം. പാട്ട്  ഒഴിവാക്കുകയാണ്  ഏക പോംവഴിയെങ്കില്‍ അതിനെ എതിര്‍ക്കില്ലെന്ന് അറിയിക്കാനാണ് പപ്പേട്ടന്‍ വിളിച്ചത്. ഒരു കാര്യം കൂടി പറഞ്ഞു അദ്ദേഹം: സ്വന്തം കൈകളില്‍ ഒന്നു മുറിച്ചു മാറ്റുന്നതുപോലെ വേദനാജനകമായ അനുഭവമായിരിക്കും അതെന്ന് . നിരാശയും  ആത്മരോഷവും കലര്‍ന്ന വാക്കുകള്‍. ശരിക്കും വിഷമം തോന്നി.  പക്ഷേ എന്തുചെയ്യാന്‍.'' പിറ്റേന്ന് മുതല്‍ തന്നെ ഗാനരംഗം മുറിച്ചുമാറ്റിയ പ്രിന്റുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ആ വേദന ഉള്ളിലൊതുക്കികൊണ്ടാവണം പടത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള  തിയേറ്റര്‍ പര്യടനത്തിന് ഗുഡ്നൈറ്റ് മോഹന്‍, നിതീഷ് ഭരദ്വാജ്, ഗാന്ധിമതി ബാലന്‍ എന്നിവര്‍ക്കൊപ്പം പദ്മരാജന്‍ യാത്ര തിരിച്ചതും. പക്ഷേ  യാത്ര പൂര്‍ത്തിയാക്കാന്‍  വിധി അദ്ദേഹത്തെ അനുവദിച്ചില്ല.  ഉറക്കത്തില്‍ മരണം വന്ന് കൂട്ടിക്കൊണ്ടുപോകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനെ 1991 ജനുവരി 24 ന് കോഴിക്കോട്ടെ പാരമൗണ്ട് ടവര്‍ ഹോട്ടലില്‍  വെച്ച്. ``അത്ഭുതപ്പെടുത്തിയ ഒരു  കാര്യം, പപ്പേട്ടന്‍ മരിച്ചതിന്റെ മൂന്നാം നാള്‍ മുതല്‍ തിയേറ്ററുകളില്‍ ദേവാങ്കണങ്ങള്‍ എന്ന പാട്ടോടു കൂടിത്തന്നെ ഞാന്‍ ഗന്ധര്‍വ്വന്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി എന്നതാണ്. വിധിയുടെ കുസൃതിയാകാം.'' ബാലന്‍ പറയുന്നു. 

എല്ലാ തിരിച്ചടികളെയും അനിശ്ചിതത്വങ്ങളെയും അതിജീവിച്ചു `ദേവാങ്കണങ്ങള്‍' കാലത്തിനപ്പുറത്തേക്ക്  പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു.  ദേവാങ്കണങ്ങള്‍ മാത്രമല്ല  `ഞാന്‍ ഗന്ധര്‍വ'നിലെ  പാട്ടുകളെല്ലാം  ജനം ഹൃദയപൂര്‍വം സ്വീകരിച്ചു. ഇന്നുമുണ്ട് അവയ്ക്ക് ആരാധകര്‍.  ചിത്രക്ക് ഏറ്റവും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത പാട്ടാണ് പാലപ്പൂവേ. ``ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് വേണ്ടി പാടിയ പാട്ടുകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട  ഒന്ന്''- ചിത്ര പറയുന്നു. ``ആ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് മറക്കാനാവില്ല. തുടക്കത്തിലെ ഹമ്മിംഗ് ശ്വാസം വിടാതെ വേണം പാടാന്‍. റിഹേഴ്സലില്‍ രണ്ടു തവണയും എനിക്ക് പിഴച്ചു. മൂന്നാമത്തെ പ്രാവശ്യം  പാട്ടു തുടങ്ങാനുള്ള വണ്‍ ടു ത്രീ ഫോര്‍  സിഗ്‌നല്‍ കിട്ടും മുന്‍പ് തന്നെ ഞാന്‍ ശ്വാസം മുഴുവന്‍ അടക്കിപ്പിടിച്ചു തയ്യാറായികഴിഞ്ഞിരുന്നു. ഭാഗ്യത്തിന് ആ ശ്രമം പിഴച്ചില്ല.  എന്റെ വെപ്രാളം  കണ്ടു ആകെ പകച്ചു പോയിരുന്ന ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്.  ടേക്ക് എടുക്കുന്ന സമയത്തും  അസ്വസ്ഥനായിരുന്നു മാസ്റ്റര്‍.   പതിവിനു വിപരീതമായി മുഴുവന്‍ സമയവും അദ്ദേഹം നില്‍ക്കുകയായിരുന്നു. വളരെ പ്രതീക്ഷയോടെ ചെയ്ത പാട്ടായിരുന്നത് കൊണ്ടാവണം. റെക്കോര്‍ഡിംഗ്കഴിഞ്ഞപ്പോള്‍ പാട്ടു കേള്‍ക്കാന്‍ ഓര്‍ക്കസ്ട്രയിലെ എല്ലാ അംഗങ്ങളും കണ്‍സോളില്‍ കടന്നുവന്നു.  തബല വായിച്ച പ്രസാദ് സാറും വീണാ പാര്‍ത്ഥസാരഥി സാറും എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നത് ഓര്‍മ്മയുണ്ട്. ആകെ ഒരു ഉത്സവപ്രതീതിയായിരുന്നു. ഓര്‍ക്കസ്ട്രക്കാര്‍ പോയ ശേഷം പാട്ടിലെ എന്റെ ഭാഗം മാത്രം ക്ഷമയോടെ ഇരുന്ന് മാസ്റ്ററും പദ്മരാജന്‍ സാറും കേട്ടു. രണ്ടു പേരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും അവരുടെ   സംതൃപ്തി ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ''  ദേവീ എന്ന ഗാനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത  യേശുദാസ് ആ ഗാനത്തിന് പകര്‍ന്നു നല്‍കിയ ഭാവചാരുത തന്നെ. ഒരേ സമയം ശാസ്ത്രീയ രാഗാധിഷ്ഠിതവും ഗസലിനെ പോലെ പ്രേമസുരഭിലവുമാണത്.

`ഞാന്‍ ഗന്ധര്‍വ''ന്റെ  പേരില്‍ ലഭിക്കേണ്ടിയിരുന്ന മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേരിയ വ്യത്യാസത്തില്‍ കൈതപ്രത്തെ ഒഴിഞ്ഞുപോയത്  മറ്റൊരു ഭാഗ്യദോഷത്തിന്റെ കഥ. ``അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്ന് ഡല്‍ഹിയില്‍ നിന്ന് വി കെ മാധവന്‍ കുട്ടി എന്നെ വിളിച്ചു. ദേവാങ്കണങ്ങള്‍ അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അധികപക്ഷവും  അവാര്‍ഡ് എനിക്കായിരിക്കുമെന്നും  അറിയിക്കാനായിരുന്നു ആ വിളി. അവിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പിറ്റേന്ന് പത്രം വന്നപ്പോള്‍ ഗുല്‍സാറിനാണ് അവാര്‍ഡ്. നിരാശ തോന്നി എന്നു സത്യം. എങ്കിലും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കവിയോടാണല്ലോ പന്തയത്തില്‍ തോറ്റത് എന്നൊരു ആശ്വാസമുണ്ടായിരുന്നു. ജൂറി ചെയര്‍മാന്‍ അശോക് കുമാര്‍ ആണത്രേ ഗുല്‍സാറിന് വേണ്ടി ശക്തമായി വാദിച്ചത്. എന്തായാലും നിരാശാബോധത്തില്‍  നിന്ന് ഉടനെ പുറത്തുകടന്നേ പറ്റൂ. നേരെ മൂകാംബികയിലേക്കാണ് പോയത്. ദിവസം മുഴുവന്‍ അവിടെയിരുന്നു ദേവിയെ ഭജിച്ചു. നീ ഇപ്പോള്‍ രണ്ടാം സ്ഥാനക്കാരനല്ലേ? ഒന്നാം സ്ഥാനത്തിന് അര്‍ഹത ലഭിക്കുമ്പോള്‍ പറയാം എന്ന് ആരോ കാതില്‍ മന്ത്രിച്ച പോലെ. ദര്‍ശനം കഴിഞ്ഞു പുറത്തുവന്നപ്പോഴേക്കും എന്റെ എല്ലാ നിരാശയും അസ്തമിച്ചിരുന്നു. ഇന്ന് ആ നഷ്ടത്തെ കുറിച്ചു ഞാന്‍ ആലോചിക്കാറേയില്ല.'' ഒരു നിമിഷം നിര്‍ത്തി കൈതപ്രം കൂട്ടിച്ചേര്‍ക്കുന്നു: ``ന്യൂ വുഡ്?ലാന്‍ഡ് ഹോട്ടലില്‍ ജോണ്‍സണുമൊത്തിരുന്നു പാട്ടുണ്ടാക്കുമ്പോള്‍  കാല്‍ നൂറ്റാണ്ടു കഴിഞ്ഞും അതു ചര്‍ച്ച ചെയ്യപ്പെടും എന്നൊന്നും ചിന്തിച്ചിട്ടില്ല. ജോണ്‍സണ്‍ മരിച്ചു. പപ്പേട്ടനും ഓര്‍മയായി.  ഇനി ഈ ഞാനും  അതു പാടിയ ദാസേട്ടനും ഒക്കെ ഈ ഭൂമിയില്‍ നിന്നു യാത്രയായാലും ആ പാട്ട് ജീവനോടെയുണ്ടാകും.  ഏതു ദേശീയ അവാര്‍ഡിനേക്കാള്‍  മൂല്യമില്ലേ ആ അനശ്വരതക്ക്?''ശരിയാണ്. ദേശീയ അവാര്‍ഡ് നേടിയ എത്ര ഗാനങ്ങള്‍ നാം ഇന്നോര്‍ക്കുന്നു?