ജോൺസൺ മാസ്റ്ററുടെ ജന്മവാർഷികം മാർച്ച് 26

ചെന്നൈ  ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിന്റെ മോർച്ചറിയിൽ ജോൺസൺ മാസ്റ്ററെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവരിൽ ഗായിക ചിത്രയും ഉണ്ടായിരുന്നു. ചില്ലുപെട്ടിക്കുള്ളിൽ  കൊച്ചുകുഞ്ഞിനെ പോലെ കണ്ണടച്ച് ശാന്തമായി ഉറങ്ങുന്ന മാസ്റ്ററെ നിർന്നിമേഷയായി നോക്കി നിന്നു ചിത്ര. ദീപ്തമായ ഒരു കാലം മുഴുവൻ മനസ്സിൽ വന്നു നിറഞ്ഞു അപ്പോൾ. 

അശാന്തിയുടെ തീരത്തുകൂടി ഒരു അവധൂതനെ പോലെ അലയുമ്പോഴും സംഗീതത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള അവിരാമമായ അന്വേഷണം തുടർന്ന  സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യനായിരുന്നു ജോൺസൺ. വാശിക്കാരനായ ഒരു കുട്ടി എന്നും  ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ  ഉള്ളിൽ. ``മനസ്സിൽ ഉദ്ദേശിച്ചത് പൂർണമായി ആലാപനത്തിൽ നിന്നു ലഭിക്കാതെ വരുമ്പോൾ അസ്വസ്ഥനാകുന്ന മാസ്റ്ററെ പല തവണ കണ്ടിട്ടുണ്ട്. പെർഫക്ഷന്റെ കാര്യത്തിൽ യാതൊരു  വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു  അദ്ദേഹം. മാസ്റ്ററിലെ മിതഭാഷിയായ ആ കർക്കശക്കാരനെയാണ്  ഞാൻ ആദ്യം പരിചയപ്പെട്ടത്‌‍. തെല്ലു  ഭയം കലർന്ന ആദരവോടെ മാത്രമേ അന്നൊക്കെ അദ്ദേഹത്തെ നോക്കി നിന്നിട്ടുള്ളൂ.  പിന്നെ പിന്നെ ഭയം സ്നേഹത്തിനു വഴിമാറി. ഹൃദയത്തിന്റെ ഭാഷയിലേ അദ്ദേഹം സംസാരിച്ചു കേട്ടിട്ടുള്ളൂ. സ്നേഹവും കോപവും വാത്സല്യവും എല്ലാം മാറി മാറി വരും ആ സംഭാഷണത്തിൽ..''-ചിത്രയുടെ വാക്കുകൾ.

ആദ്യ കൂടിക്കാഴ്ച അത്ര മധുരമുള്ള ഓർമയായിരുന്നില്ല ഗായികക്കും സംഗീതസംവിധായകനും. കേൾക്കാത്ത ശബ്ദത്തിന്  വേണ്ടി  ``മാണിക്യപ്പുന്നാരപ്പെണ്ണ് വന്ന്'' എന്ന ഗാനത്തിൽ ഒരു വരി ഹമ്മിംഗ് പാടാൻ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ എത്തിയതായിരുന്നു   സിനിമയിൽ താരതമ്യേന തുടക്കക്കാരിയായ ചിത്ര. ഉള്ളിൽ  വേണ്ടത്ര വേവലാതിയുണ്ട്. സാക്ഷാൽ യേശുദാസിന് ഒപ്പമാണ് പാടേണ്ടത്; അതും ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ. ``മൂന്നാമത്തെ ബി ജി എം കഴിഞ്ഞു  ഹമ്മിംഗ് വരണം. എന്ത് ചെയ്യാം, ആ ഭാഗമെത്തുമ്പോൾ കൃത്യമായി ഞാൻ ഹമ്മിംഗിന്റെ തുടക്കം മറക്കും. വീണ്ടും ടേക്ക്. മൂന്നോ നാലോ തവണ ഇതാവർത്തിച്ചപ്പോൾ മാസ്റ്റർ സ്വാഭാവികമായും ക്രുദ്ധനായി. എന്നെ നേരിട്ട് ചീത്ത പറയുന്നതിന് പകരം കൺസോളിൽ നിന്നു അദ്ദേഹം വിളിച്ചു പറയുകയാണ്‌: ദാസേട്ടാ, ആ കുട്ടിയോട് ഒന്ന് മര്യാദയ്ക്ക് പാടാൻ പറയൂ.''

കരച്ചിലിന്റെ വക്കോളമെത്തിയ ആ നിമിഷങ്ങളിൽ ക്ഷമയോടെ തന്നെ പ്രോത്സാഹിപ്പിച്ചത്  യേശുദാസ് ആണെന്നോർക്കുന്നു ചിത്ര. തുടർച്ചയായ ടേക്കുകൾക്ക് ഒടുവിൽ  പാട്ട് ഓക്കേ ആയപ്പോൾ ചിത്ര സകലദൈവങ്ങൾക്കും നന്ദി പറഞ്ഞുപോയി. മലയാളികൾക്ക് ഒരു അപൂർവ ഗാനവസന്തം തന്നെ സൃഷ്ടിച്ചു നൽകിയ പ്രശസ്തമായ കൂട്ടുകെട്ടിന്റെ ജൈത്രയാത്രയുടെ തുടക്കം ആ `കല്ലുകടി'യിൽ നിന്നായിരുന്നു.  മൂന്നു വർഷം പിന്നെയും കാത്തിരിക്കേണ്ടി വന്നു മാസ്റ്റർക്ക് വേണ്ടി ഒരു മുഴുനീള ഗാനം പാടാൻ -മകൻ എൻറെ മകൻ എന്ന സിനിമയിലെ   ആരോമലേ എൻ ആരോമലേ (യേശുദാസിന് ഒപ്പം). പിന്നീടങ്ങോട്ട് എത്രയെത്ര സുന്ദര ഗാനങ്ങൾ? ``എന്റെ സംഗീത ജീവിതം രൂപപ്പെടുത്തിയതിൽ രവീന്ദ്രൻ മാസ്റ്ററോളം തന്നെ പങ്കുണ്ട് ജോൺസൺ മാസ്റ്റർക്കും''-ചിത്ര പറയുന്നു.

``ലാളിത്യമായിരുന്നു ആ പാട്ടുകളുടെ മുഖമുദ്ര. മാസ്റ്ററുടെ വ്യക്തിത്വം പോലെ തന്നെ സുതാര്യമായിരുന്നു അദ്ദേഹത്തിന്റെ സംഗീതസംവിധാന ശൈലിയും.'' രാജഹംസമേ (ചമയം). പാലപ്പൂവേ (ഞാൻ ഗന്ധർവൻ), കുന്നിമണി ചെപ്പു തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്‌), തങ്കത്തോണി (മഴവിൽക്കാവടി), കണ്ണാടിക്കയ്യിൽ (പാവം പാവം രാജകുമാരൻ), മായപ്പൊന്മാനെ (തലയണമന്ത്രം), മൗനസരോവര (സവിധം), ശ്രീരാമനാമം (നാരായം), അറിയാതെ അറിയാതെ (ഒരു കഥ ഒരു നുണക്കഥ), പഞ്ചവർണ പൈങ്കി ളി പെണ്ണെ (സല്ലാപം) തുടങ്ങിയ വ്യക്തിഗത ഗാനങ്ങൾ, പൊന്നിൽ കുളിച്ചു നിന്ന (സല്ലാപം), മഴവില്ലിൻ മലർ തേടി (കഥ ഇതുവരെ), മന്ദാര ചെപ്പുണ്ടോ (ദശരഥം), ആദ്യമായി കണ്ടനാൾ (തൂവൽ കൊട്ടാരം), പുലർവെയിലും (അങ്ങനെ ഒരു അവധിക്കാലത്ത്‌), കതിരോല പന്തലൊരുക്കി (പെരുവണ്ണാപുരത്തെ വിശേഷങ്ങൾ), രാഗദേവനും (ചമയം), പീലിക്കണ്ണെഴുതി (സ്നേഹസാഗരം), വട്ടയില പന്തലിട്ടു (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്) തുടങ്ങിയ യുഗ്മ ഗാനങ്ങൾ.... 

``ഗാനത്തിന്റെ ഭാവം മുഴുവൻ ഉൾക്കൊണ്ടാണ് മാസ്റ്റർ പാടിത്തരിക'' -ചിത്ര പറയുന്നു. ``റെക്കോർഡിംഗ് ‌  കഴിഞ്ഞാൽ മാസ്റ്ററുടെ പ്രതികരണം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. ഒരു നേർത്ത പുഞ്ചിരി. അല്ലെങ്കിൽ കൊള്ളാം എന്ന ധ്വനിയുള്ള ഒരു തലയാട്ടൽ-അത്ര മാത്രം.''  ഒരേ ഒരിക്കലേ  ആ പതിവ് തെറ്റിച്ചിട്ടുള്ളൂ അദ്ദേഹം. ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃതബിന്ദു എന്ന പാട്ട് പാടാൻ  പ്രസാദ്‌ ലാബിൽ എത്തിയതായിരുന്നു ചിത്ര‍. യേശുദാസ്  നേരത്തെ പാടി റെക്കോർഡ്‌ ചെയ്ത പാട്ടാണ്. പാട്ട് പഠിപ്പിച്ചു കൊടുക്കും മുൻപ് മാസ്റ്റർ ചിത്രയോടു പറഞ്ഞു: `` ദാസേട്ടന്റെ വെർഷനാണ്   സിനിമയിൽ ഉപയോഗിക്കുക. നിന്റെ പാട്ട്  കാസറ്റിൽ   മാത്രമേ കാണൂ. ദാസേട്ടന്റെ  റെയ്ഞ്ചിൽ ചിട്ടപ്പെടുത്തിയ ഗാനമായതിനാൽ   സ്ത്രീശബ്ദത്തിന് ഇത് എളുപ്പം വഴങ്ങാൻ ഇടയില്ല. എങ്കിലും കഴിവിനൊത്തു ശ്രമിച്ചു നോക്കൂ.''

ചിത്രയിലെ ഗായിക ആ വെല്ലുവിളി പൂർണമനസ്സോടെ ഏറ്റെടുക്കുക തന്നെ ചെയ്തു. പാട്ട് പാടിത്തീർന്നപ്പോൾ പരിപൂർണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയിൽ.  ``റെക്കോർഡിംഗ് കഴിഞ്ഞ ഉടൻ  മാസ്റ്റർ ബൂത്തിൽ കയറിവന്ന് എനിക്ക് കൈ തന്നു.  അത്തരമൊരു പ്രതികരണം അതിനു മുൻപോ പിൻപോ അദ്ദേഹത്തിൽ നിന്നു ഉണ്ടായിട്ടില്ല. ഞങ്ങൾ ഇരുവരും വികാരാധീനരായിപ്പോയ നിമിഷമായിരുന്നു അത്. '' ഞാൻ ഗന്ധർവനിലെ ``പാലപ്പൂവേ'' ആണ് മറ്റൊരു ഹൃദയസ്പർശിയായ ഓർമ. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ ഓർക്കസ്ട്രക്കാർ ഒന്നടങ്കം എഴുന്നേറ്റു ചെന്ന് മാസ്റ്റർക്ക് ഷേക്ക്‌ ഹാൻഡ്‌ നൽകി. ഒരു സംഗീതശില്പിക്ക്  ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം.

പാട്ട് പാടിക്കൊടുക്കുന്നത്  അതേ പോലെ മനസ്സിൽ പകർത്താനും എത്ര കാലം കഴിഞ്ഞായാലും  ഓർമയിൽ നിന്നെടുത്തു വീണ്ടും പാടി കേൾപ്പിക്കാനുമുള്ള ചിത്രയുടെ കഴിവ്  ജോൺസണ് എന്നും അത്ഭുതമായിരുന്നു. ``ഒരിക്കൽ അദ്ദേഹം എന്നോട് തമാശയായി പറഞ്ഞ കാര്യം ഓർമ വരുന്നു:  ഏതെങ്കിലും കാലത്ത് പാടാനുള്ള അവസരങ്ങൾ കുറഞ്ഞു പോയാലും നീ വിഷമിക്കേണ്ട.  ഉടനടി എൻറെ അസിസ്റ്റന്റ്‌ ആയി നിന്നെ ഞാൻ നിയമിക്കും. ഞാൻ പാടുന്ന ഈണങ്ങൾ  ഒപ്പിയെടുത്തു  ഓർമയിൽ സൂക്ഷിക്കുകയായിരിക്കും നിന്റെ ജോലി .'' പാട്ട് പാടിപ്പഠിപ്പിച്ചു നിരവധി തവണ റിഹെഴ്സൽ ചെയ്ത ശേഷം മാത്രം റെക്കോർഡ്‌ ചെയ്യുന്ന പഴയ ദേവരാജൻ ശൈലി തന്നെയായിരുന്നു ജോൺസന്റെതും. ട്രാക്ക് എടുത്തു വെക്കുന്ന ശീലമില്ല. ``ആ പതിവ് മുടങ്ങിയത് അടുത്ത കാലത്ത് ഫോട്ടോഗ്രാഫറിലെയും ഗുൽമോഹറിലെയും പാട്ടുകൾ റെക്കോർഡ്‌ ചെയ്തപ്പോൾ മാത്രം. എങ്കിലും അവസാനമായി അദ്ദേഹത്തിന് വേണ്ടി പാടിയ സിനിമാ ഗാനം പഴയ രീതിയിൽ ലൈവ് ആയി തന്നെയാണ് ഞാനും വിജുവും (വിജയ്‌ യേശുദാസ്) റെക്കോർഡ്‌ ചെയ്തത്. അന്ന് ദുഖകരമായ ഒരനുഭവം ഉണ്ടായി. ഇടയ്ക്കു വെച്ചു മാസ്റ്റർക്ക് ശബ്ദം അടഞ്ഞു. പാടിത്തരാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഒരവസ്ഥ അദ്ദേഹത്തിന് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. ഗിത്താറും ഹാർമോണിയവും ഉപയോഗിച്ചു വളരെ പണിപ്പെട്ടു പാട്ട് പഠിപ്പിക്കാൻ ശ്രമിക്കുന്ന മാസ്റ്ററെ കണ്ടപ്പോൾ എനിക്ക് സങ്കടംസഹിക്കാനായില്ല.'' -- ചിത്ര പറഞ്ഞു.

മകൾ നന്ദനയുടെ വേർപാടിൽ ആകെ തകർന്നു പോയ തന്നെ ആശ്വസിപ്പിക്കാൻ ജോൺസൺ വീട്ടിൽ എത്തിയ ദിവസം ചിത്ര ഓർക്കുന്നു.  ``എനിക്കും വിജയൻ ചേട്ടനും ഓരോ കൊന്ത നൽകിയാണ്‌ അദ്ദേഹം തിരിച്ചുപോയത്.   ഇത് നിങ്ങളുടെ തലയണക്കടിയിൽ ഇപ്പോഴും സൂക്ഷിക്കുക. ദൈവം നമ്മോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസം ഉണ്ടാകുന്നത് നല്ലതല്ലേ?  അത് മനസ്സിന് വലിയ ധൈര്യം പകരും.'' തിരിച്ചു പോകുമ്പോൾ എൻറെ കൈകൾ ചേർത്തുപിടിച്ചു   അദ്ദേഹം പറഞ്ഞു: ``ദൈവം നിശ്ചയിച്ചതല്ലേ; നമ്മൾ വിട്ടുകൊടുത്തേ പറ്റൂ. എല്ലാവരും ഒരിക്കൽ പിരിയേണ്ടവരല്ലേ ?''  ആ പിരിഞ്ഞുപോകൽ  ഇത്ര വേഗം ഉണ്ടാകുമെന്ന് ആരറിഞ്ഞു? 2011 ആഗസ്റ്റ് 18 ന് മെലഡിയുടെ ആ നിത്യകാമുകൻ യാത്രയായി; സ്വന്തം ഹൃദയം പകുത്തു നൽകി മിനഞ്ഞെടുത്ത നൂറു നൂറു ഈണങ്ങൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്...
 

Content Highlights : Johnson Master death anniversary KS Chithra Johnson Movie Songs Ravi Menon Paattuvazhiyorathu