ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഒരു ദശകം:

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററിന്റെ മോര്‍ച്ചറിയില്‍ ജോണ്‍സണ്‍ മാസ്റ്ററെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരില്‍ ഗായിക ചിത്രയും ഉണ്ടായിരുന്നു. ചില്ലുപെട്ടിക്കുള്ളില്‍ കൊച്ചുകുഞ്ഞിനെ പോലെ കണ്ണടച്ച് ശാന്തമായി ഉറങ്ങുന്ന മാസ്റ്ററെ നിർന്നിമേഷയായി നോക്കി നിന്നു ചിത്ര. ദീപ്തമായ ഒരു കാലം മുഴുവൻ മനസ്സിൽ വന്നു നിറഞ്ഞു അപ്പോൾ.

അശാന്തിയുടെ തീരത്തുകൂടി ഒരു അവധൂതനെ പോലെ അലയുമ്പോഴും സംഗീതത്തില്‍ പൂര്‍ണതയ്ക്കു വേണ്ടിയുള്ള അവിരാമമായ അന്വേഷണം തുടര്‍ന്ന സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യനായിരുന്നു ജോൺസൺ. വാശിക്കാരനായ ഒരു കുട്ടി എന്നും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിൽ. ``മനസ്സില്‍ ഉദ്ദേശിച്ചത് പൂര്‍ണമായി ആലാപനത്തില്‍ നിന്നു ലഭിക്കാതെ വരുമ്പോള്‍ അസ്വസ്ഥനാകുന്ന മാസ്റ്ററെ പല തവണ കണ്ടിട്ടുണ്ട്. പെര്‍ഫക്ഷന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു അദ്ദേഹം. മാസ്റ്ററിലെ മിതഭാഷിയായ ആ കര്‍ക്കശക്കാരനെയാണ് ഞാന്‍ ആദ്യം പരിചയപ്പെട്ടത്‌‍. തെല്ലു ഭയം കലര്‍ന്ന ആദരവോടെ മാത്രമേ അന്നൊക്കെ അദ്ദേഹത്തെ നോക്കി നിന്നിട്ടുള്ളൂ. പിന്നെ പിന്നെ ഭയം സ്നേഹത്തിനു വഴിമാറി. ഹൃദയത്തിന്റെ ഭാഷയിലേ അദ്ദേഹം സംസാരിച്ചു കേട്ടിട്ടുള്ളൂ. സ്നേഹവും കോപവും വാത്സല്യവും എല്ലാം മാറി മാറി വരും ആ സംഭാഷണത്തില്‍..''-- ചിത്രയുടെ വാക്കുകൾ.

ആദ്യ കൂടിക്കാഴ്ച അത്ര മധുരമുള്ള ഓര്‍മയായിരുന്നില്ല ഗായികക്കും സംഗീതസംവിധായകനും. കേള്‍ക്കാത്ത ശബ്ദത്തിന് വേണ്ടി ``മാണിക്യപ്പുന്നാരപ്പെണ്ണ് വന്ന്'' എന്ന ഗാനത്തില്‍ ഒരു വരി ഹമ്മിംഗ് പാടാന്‍ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു സിനിമയില്‍ താരതമ്യേന തുടക്കക്കാരിയായ ചിത്ര. ഉള്ളില്‍ വേണ്ടത്ര വേവലാതിയുണ്ട്. സാക്ഷാല്‍ യേശുദാസിന് ഒപ്പമാണ് പാടേണ്ടത്; അതും ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതത്തില്‍. ``മൂന്നാമത്തെ ബി ജി എം കഴിഞ്ഞു ഹമ്മിംഗ് വരണം. എന്ത് ചെയ്യാം, ആ ഭാഗമെത്തുമ്പോള്‍ കൃത്യമായി ഞാന്‍ ഹമ്മിംഗിന്റെ തുടക്കം മറക്കും. വീണ്ടും ടേക്ക്. മൂന്നോ നാലോ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ മാസ്റ്റര്‍ സ്വാഭാവികമായും ക്രുദ്ധനായി. എന്നെ നേരിട്ട് ചീത്ത പറയുന്നതിന് പകരം കണ്‍സോളില്‍ നിന്നു അദ്ദേഹം വിളിച്ചു പറയുകയാണ്‌: ദാസേട്ടാ, ആ കുട്ടിയോട് ഒന്ന് മര്യാദയ്ക്ക് പാടാന്‍ പറയൂ.''

കരച്ചിലിന്റെ വക്കോളമെത്തിയ ആ നിമിഷങ്ങളില്‍ ക്ഷമയോടെ തന്നെ പ്രോത്സാഹിപ്പിച്ചത് യേശുദാസ് ആണെന്നോര്‍ക്കുന്നു ചിത്ര. തുടര്‍ച്ചയായ ടേക്കുകള്‍ക്ക് ഒടുവില്‍ പാട്ട് ഓക്കേ ആയപ്പോള്‍ ചിത്ര സകലദൈവങ്ങള്‍ക്കും നന്ദി പറഞ്ഞുപോയി. മലയാളികള്‍ക്ക് ഒരു അപൂര്‍വ ഗാനവസന്തം തന്നെ സൃഷ്ടിച്ചു നല്‍കിയ പ്രശസ്തമായ കൂട്ടുകെട്ടിന്റെ ജൈത്രയാത്രയുടെ തുടക്കം ആ `കല്ലുകടി'യില്‍ നിന്നായിരുന്നു.

മൂന്നു വര്‍ഷം പിന്നെയും കാത്തിരിക്കേണ്ടി വന്നു മാസ്റ്റര്‍ക്ക് വേണ്ടി ഒരു മുഴുനീള ഗാനം പാടാന്‍ -- മകന്‍ എന്‍റെ മകന്‍ എന്ന സിനിമയിലെ ആരോമലേ എന്‍ ആരോമലേ (യേശുദാസിന് ഒപ്പം). പിന്നീടങ്ങോട്ട് എത്രയെത്ര സുന്ദര ഗാനങ്ങള്‍? ``എന്റെ സംഗീത ജീവിതം രൂപപ്പെടുത്തിയതില്‍ രവീന്ദ്രന്‍ മാസ്റ്ററോളം തന്നെ പങ്കുണ്ട് ജോണ്‍സണ്‍ മാസ്റ്റര്‍ക്കും''-- ചിത്ര പറയുന്നു. ``ലാളിത്യമായിരുന്നു ആ പാട്ടുകളുടെ മുഖമുദ്ര. മാസ്റ്ററുടെ വ്യക്തിത്വം പോലെ തന്നെ സുതാര്യമായിരുന്നു അദ്ദേഹത്തിന്റെ സംഗീതസംവിധാന ശൈലിയും.'' രാജഹംസമേ (ചമയം). പാലപ്പൂവേ (ഞാന്‍ ഗന്ധര്‍വന്‍), കുന്നിമണി ചെപ്പു തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്‌), തങ്കത്തോണി (മഴവില്‍ക്കാവടി), കണ്ണാടിക്കയ്യില്‍ (പാവം പാവം രാജകുമാരന്‍), മായപ്പൊന്മാനെ (തലയണമന്ത്രം), മൗനസരോവര (സവിധം), ശ്രീരാമനാമം (നാരായം), അറിയാതെ അറിയാതെ (ഒരു കഥ ഒരു നുണക്കഥ), പഞ്ചവര്‍ണ പൈങ്കി ളി പെണ്ണെ (സല്ലാപം) തുടങ്ങിയ വ്യക്തിഗത ഗാനങ്ങള്‍, പൊന്നില്‍ കുളിച്ചു നിന്ന (സല്ലാപം), മഴവില്ലിന്‍ മലര്‍ തേടി (കഥ ഇതുവരെ), മന്ദാര ചെപ്പുണ്ടോ (ദശരഥം), ആദ്യമായി കണ്ടനാള്‍ (തൂവല്‍ കൊട്ടാരം), പുലര്‍വെയിലും (അങ്ങനെ ഒരു അവധിക്കാലത്ത്‌), കതിരോല പന്തലൊരുക്കി (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍), രാഗദേവനും (ചമയം), പീലിക്കണ്ണെഴുതി (സ്നേഹസാഗരം), വട്ടയില പന്തലിട്ടു (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്) തുടങ്ങിയ യുഗ്മ ഗാനങ്ങള്‍....

``ഗാനത്തിന്റെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് മാസ്റ്റര്‍ പാടിത്തരിക'' --ചിത്ര പറയുന്നു. ``റെക്കോര്‍ഡിംഗ് ‌ കഴിഞ്ഞാല്‍ മാസ്റ്ററുടെ പ്രതികരണം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. ഒരു നേര്‍ത്ത പുഞ്ചിരി. അല്ലെങ്കില്‍ കൊള്ളാം എന്ന ധ്വനിയുള്ള ഒരു തലയാട്ടല്‍-- അത്ര മാത്രം.'' ഒരേ ഒരിക്കലേ ആ പതിവ് തെറ്റിച്ചിട്ടുള്ളൂ അദ്ദേഹം. ചെങ്കോല്‍ എന്ന സിനിമയിലെ മധുരം ജീവാമൃതബിന്ദു എന്ന പാട്ട് പാടാന്‍ പ്രസാദ്‌ ലാബില്‍ എത്തിയതായിരുന്നു ചിത്ര‍. യേശുദാസ് നേരത്തെ പാടി റെക്കോര്‍ഡ്‌ ചെയ്ത പാട്ടാണ്. പാട്ട് പഠിപ്പിച്ചു കൊടുക്കും മുന്‍പ് മാസ്റ്റര്‍ ചിത്രയോടു പറഞ്ഞു: `` ദാസേട്ടന്റെ വെര്‍ഷനാണ് സിനിമയില്‍ ഉപയോഗിക്കുക. നിന്റെ പാട്ട് കാസറ്റില്‍ മാത്രമേ കാണൂ. ദാസേട്ടന്റെ റെയ്ഞ്ചില്‍ ചിട്ടപ്പെടുത്തിയ ഗാനമായതിനാല്‍ സ്ത്രീശബ്ദത്തിന് ഇത് എളുപ്പം വഴങ്ങാന്‍ ഇടയില്ല. എങ്കിലും കഴിവിനൊത്തു ശ്രമിച്ചു നോക്കൂ.''

ചിത്രയിലെ ഗായിക ആ വെല്ലുവിളി പൂര്‍ണമനസ്സോടെ ഏറ്റെടുക്കുക തന്നെ ചെയ്തു. പാട്ട് പാടിത്തീര്‍ന്നപ്പോള്‍ പരിപൂര്‍ണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയില്‍. ``റെക്കോര്‍ഡിംഗ് കഴിഞ്ഞ ഉടന്‍ മാസ്റ്റര്‍ ബൂത്തില്‍ കയറിവന്ന് എനിക്ക് കൈ തന്നു. അത്തരമൊരു പ്രതികരണം അതിനു മുന്‍പോ പിന്‍പോ അദ്ദേഹത്തില്‍ നിന്നു ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഇരുവരും വികാരാധീനരായിപ്പോയ നിമിഷമായിരുന്നു അത്. '' ഞാന്‍ ഗന്ധര്‍വനിലെ ``പാലപ്പൂവേ'' ആണ് മറ്റൊരു ഹൃദയസ്പര്‍ശിയായ ഓര്‍മ. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഓര്‍ക്കസ്ട്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു ചെന്ന് മാസ്റ്റര്‍ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി. ഒരു സംഗീതശില്പിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം.

പാട്ട് പാടിക്കൊടുക്കുന്നത് അതേ പോലെ മനസ്സില്‍ പകര്‍ത്താനും എത്ര കാലം കഴിഞ്ഞായാലും ഓര്‍മയില്‍ നിന്നെടുത്തു വീണ്ടും പാടി കേള്‍പ്പിക്കാനുമുള്ള ചിത്രയുടെ കഴിവ് ജോണ്‍സണ് എന്നും അത്ഭുതമായിരുന്നു. ``ഒരിക്കല്‍ അദ്ദേഹം എന്നോട് തമാശയായി പറഞ്ഞ കാര്യം ഓര്‍മ വരുന്നു: ഏതെങ്കിലും കാലത്ത് പാടാനുള്ള അവസരങ്ങള്‍ കുറഞ്ഞു പോയാലും നീ വിഷമിക്കേണ്ട. ഉടനടി എന്‍റെ അസിസ്റ്റന്റ്‌ ആയി നിന്നെ ഞാന്‍ നിയമിക്കും. ഞാന്‍ പാടുന്ന ഈണങ്ങള്‍ ഒപ്പിയെടുത്തു ഓര്‍മയില്‍ സൂക്ഷിക്കുകയായിരിക്കും നിന്റെ ജോലി .'' പാട്ട് പാടിപ്പഠിപ്പിച്ചു നിരവധി തവണ റിഹെഴ്സല്‍ ചെയ്ത ശേഷം മാത്രം റെക്കോര്‍ഡ്‌ ചെയ്യുന്ന പഴയ ദേവരാജന്‍ ശൈലി തന്നെയായിരുന്നു ജോണ്‍സന്റെതും. ട്രാക്ക് എടുത്തു വെക്കുന്ന ശീലമില്ല. ``ആ പതിവ് മുടങ്ങിയത് അടുത്ത കാലത്ത് ഫോട്ടോഗ്രാഫറിലെയും ഗുല്‍മോഹറിലെയും പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്തപ്പോള്‍ മാത്രം. എങ്കിലും അവസാനമായി അദ്ദേഹത്തിന് വേണ്ടി പാടിയ സിനിമാ ഗാനം പഴയ രീതിയില്‍ ലൈവ് ആയി തന്നെയാണ് ഞാനും വിജുവും (വിജയ്‌ യേശുദാസ്) റെക്കോര്‍ഡ്‌ ചെയ്തത്. അന്ന് ദുഖകരമായ ഒരനുഭവം ഉണ്ടായി. ഇടയ്ക്കു വെച്ചു മാസ്റ്റര്‍ക്ക് ശബ്ദം അടഞ്ഞു. പാടിത്തരാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഒരവസ്ഥ അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഗിത്താറും ഹാര്‍മോണിയവും ഉപയോഗിച്ചു വളരെ പണിപ്പെട്ടു പാട്ട് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാസ്റ്ററെ കണ്ടപ്പോള്‍ എനിക്ക് സങ്കടംസഹിക്കാനായില്ല.'' -- ചിത്ര പറഞ്ഞു.

മകള്‍ നന്ദനയുടെ വേര്‍പാടില്‍ ആകെ തകര്‍ന്നു പോയ തന്നെ ആശ്വസിപ്പിക്കാന്‍ ജോണ്‍സണ്‍ വീട്ടില്‍ എത്തിയ ദിവസം ചിത്ര ഓര്‍ക്കുന്നു. ``എനിക്കും വിജയന്‍ ചേട്ടനും ഓരോ കൊന്ത നല്‍കിയാണ്‌ അദ്ദേഹം തിരിച്ചുപോയത്. ഇത് നിങ്ങളുടെ തലയണക്കടിയില്‍ ഇപ്പോഴും സൂക്ഷിക്കുക. ദൈവം നമ്മോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസം ഉണ്ടാകുന്നത് നല്ലതല്ലേ? അത് മനസ്സിന് വലിയ ധൈര്യം പകരും.'' തിരിച്ചു പോകുമ്പോള്‍ എന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചു അദ്ദേഹം പറഞ്ഞു: ``ദൈവം നിശ്ചയിച്ചതല്ലേ; നമ്മള്‍ വിട്ടുകൊടുത്തേ പറ്റൂ. എല്ലാവരും ഒരിക്കല്‍ പിരിയേണ്ടവരല്ലേ ?'' ആ പിരിഞ്ഞുപോകല്‍ ഇത്ര വേഗം ഉണ്ടാകുമെന്ന് ആരറിഞ്ഞു? 2011 ആഗസ്റ്റ് 18 ന് മെലഡിയുടെ ആ നിത്യകാമുകൻ യാത്രയായി; സ്വന്തം ഹൃദയം പകുത്തു നൽകി മിനഞ്ഞെടുത്ത നൂറു നൂറു ഈണങ്ങൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്...

Content Highlights : Johnson Master Death Anniversary KS Chithra Johnson Master Songs