മാര്‍ച്ച് 26 ജോണ്‍സണ്‍ മാസ്റ്ററുടെ ജന്മവാര്‍ഷികം 

ഫ്‌ളാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ ശൂന്യത മാത്രം. മൗനമുഖരിതമായ ശൂന്യത. വിജനമായ നിരത്തുകള്‍, ബാല്‍ക്കണികള്‍, കിളിക്കൊഞ്ചലും കളിചിരിയുമൊഴിഞ്ഞ പാര്‍ക്കുകള്‍.....മൗനം ഘനീഭവിച്ചു നില്‍ക്കുന്നു എങ്ങും. അസ്വസ്ഥമായ മൗനം.

മനസ്സ് നേര്‍ത്തൊരു നൊമ്പരത്തോടെ ജോണ്‍സണ്‍ മാസ്റ്ററുടെ പഴയൊരു ഈണം മൂളുന്നു: ``പൂവിന്‍ ചൊടിയിലും മൗനം, ഭൂമിദേവി തന്‍ ആത്മാവില്‍ മൗനം, വിണ്ണിന്റെ കണ്ണുനീര്‍ തുള്ളിയിലും കൊച്ചു മണ്‍തരിച്ചുണ്ടിലും മൗനം... എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നൂ, പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറിപ്പറന്നു വന്നൂ..''

ജോണ്‍സണ്‍ മാസ്റ്ററുടെ, എന്റെ പ്രിയപ്പെട്ട ജോണ്‍സേട്ടന്റെ, പിറന്നാളാണ്. ജീവിതത്തിന്റെ അപ്രതീക്ഷിത ശ്രുതിഭേദങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഏറ്റവും പ്രിയപ്പെട്ട ജോണ്‍സണ്‍ ഗാനം തന്നെ ചുണ്ടിലും മനസ്സിലും വന്നു നിറഞ്ഞത് എത്ര യാദൃച്ഛികം. ആ ഗാനത്തിന്റെ വരികളില്‍, ഈണത്തില്‍ നേര്‍ത്തൊരു ഗദ്ഗദമുണ്ട്. വിഷാദമധുരം എന്ന് വിളിക്കാമോ അതിനെ? അറിയില്ല. പ്രകൃതിയും പ്രണയവുമൊക്കെ വിരഹത്തിന്‍, വിഷാദത്തില്‍ കുതിര്‍ന്നു നില്‍ക്കുന്നു ഒ എന്‍ വിയുടെ വരികളില്‍, ജോണ്‍സന്റെ ഈണത്തില്‍, യേശുദാസിന്റെ ആലാപനത്തില്‍.

ഒ എന്‍ വി ആ പാട്ടെഴുതിക്കൊടുത്തപ്പോള്‍ അനുയോജ്യമായ ഈണത്തിനു വേണ്ടി അധികം ചിന്തിച്ചു തലപുണ്ണാക്കേണ്ടി വന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് മാസ്റ്റര്‍. ``ആദ്യ വായന തന്നെ നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഈണത്തിലായിരുന്നു, ചില പാട്ടുകള്‍ അങ്ങനെയാണ്. പ്രത്യേകിച്ച് ഒ എന്‍ വി സാറിന്റെ കാവ്യഭംഗിയുള്ള പാട്ടുകള്‍. അവയില്‍ അന്തര്‍ലീനമായ ഒരു വൃത്തമുണ്ട്, താളമുണ്ട്, ഈണമുണ്ട്. അത് കണ്ടുപിടിച്ചാല്‍ മതി നമുക്ക്...'' -- മാസ്റ്ററുടെ വാക്കുകള്‍. ``പക്ഷേ എല്ലാ പാട്ടുകളിലും ഈ ഭാഗ്യം കിട്ടില്ല. ചില പാട്ടുകള്‍ക്ക് യോജിക്കുന്ന ഈണത്തിനായി ദിവസങ്ങളോളം ഭ്രാന്തനെ പോലെ തലപുകച്ചു നടന്നിട്ടുണ്ട് -- നസീമയിലെ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ അത്തരമൊരു പാട്ടായിരുന്നു.''

അഗാധമായ മൗനമാണ് ``എന്റെ മണ്‍വീണയില്‍'' എന്ന പാട്ടിന്റെ ആധാരശ്രുതി. ``ആ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ ഗുരുവായ ദേവരാജന്‍ മാഷ് പറഞ്ഞ ഒരു കാര്യമായിരുന്നു മനസ്സില്‍. മൗനം എന്നൊരു വാക്കിന് സംഗീതം നല്‍കുമ്പോള്‍ അതില്‍ മൗനത്തിന്റെ സാന്നിധ്യം വേണം; ആഴം വേണം. ശ്രോതാക്കള്‍ ആ മൗനത്തിന്റെ ശക്തി തിരിച്ചറിയണം; ഉള്‍ക്കൊള്ളണം. അല്ലാതെ മൗനം ഒരിക്കലും ശബ്ദമുഖരിതമായിക്കൂടാ. മാഷെ മനസ്സില്‍ ധ്യാനിച്ചാണ് ആ പാട്ടിന് ഞാന്‍ ഈണമിട്ടത്. ഒ എന്‍ വി സാറും ഞാനും മനസ്സില്‍ കണ്ട മൗനം അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടെയും ആലാപനത്തില്‍ കൊണ്ടുവന്നു ദാസേട്ടന്‍. പല്ലവിയുടെ തുടക്കത്തില്‍ മൗനം എന്ന വാക്ക് അദ്ദേഹം ഉച്ചരിക്കുന്നത് കേട്ടാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും. ''

സിത്താറിന്റെ നാദവീചികള്‍ മാത്രമേ പ്രധാനമായും പാട്ടിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സണ്‍ ഉപയോഗിച്ചിട്ടുള്ളൂ. ഗാനം ഒരിക്കലും ശബ്ദബഹുലമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വാദ്യഘോഷം കൊണ്ട് വരികളെ നോവിക്കരുതെന്നും. എന്നിട്ടും ആ ഗാനം പ്രതീക്ഷിച്ച പോലെ ഹിറ്റായില്ല എന്ന ദുഃഖം പലതവണ സംഭാഷണങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട് മാസ്റ്റര്‍. ``സാരമില്ല. നമ്മള്‍ക്ക് വലിയ സംഭവമായി തോന്നുന്ന പാട്ട് കേള്‍ക്കുന്നവര്‍ക്ക് അങ്ങനെയാവണം എന്നില്ലല്ലോ. ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത പാട്ടാകും സൂപ്പര്‍ഹിറ്റാകുക..'' പിന്നെ, തന്നിലേക്ക് തന്നെ നോക്കിക്കൊണ്ടുള്ള നിഷ്‌കളങ്കമായ ആ പൊട്ടിച്ചിരി. ``ഓരോ പാട്ടിനും ഓരോ തലവിധിയുണ്ടല്ലോ'' എന്നൊരു ആത്മഗതം കൂടി.

പക്ഷേ മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യഗീതികളില്‍ ഒന്നുതന്നെയാണ് എന്റെ മണ്‍വീണയില്‍ എന്ന് വിശ്വസിക്കുന്നു ഞാന്‍. ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ പുതിയ അര്‍ത്ഥതലങ്ങളിലൂടെ, അനുഭൂതികളിലൂടെ നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്ന സൃഷ്ടി.

ഇനിയെന്നാണ് അതുപോലൊരു പാട്ടുണ്ടാകുക? അതുപോലൊരു സംഗീത ശില്പിയും?

Content highlights : Johnson Master Birthday March 26 Ravi Menon Paattuvazhiyorathu