ടിയും രാഷ്ട്രീയക്കാരിയും തീപ്പൊരി പ്രാസംഗികയുമൊക്കെയായ ജയലളിതയെ അറിയാത്തവരില്ല. പക്ഷേ പിന്നണിപ്പാട്ടുകാരിയായ ജയയെ എത്രപേര്‍ ഓര്‍ക്കുന്നു? 'അതിജീവനത്തിനായുള്ള  പോരാട്ടവഴികളിലെങ്ങോവെച്ച് ഉള്ളിലെ സംഗീതം കളഞ്ഞുപോയി; ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം. അതാണെന്റെ ഏറ്റവും വലിയ ദുഃഖം.' പുരട്ച്ചി തലൈവിയുടെ വികാരനിര്‍ഭരമായ വാക്കുകള്‍. 

കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ, ക്ലാസിക്കല്‍ സംഗീതത്തിലും പ്രാവീണ്യംനേടിയിട്ടുള്ള ജയലളിതക്ക് ആ കഴിവുകള്‍ സിനിമയില്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ അവസരങ്ങള്‍ ലഭിച്ചില്ലയെന്നത് തമിഴകത്തിന്റെകൂടി നഷ്ടം. എങ്കിലും പ്രഗല്ഭരായ കുറെ സംഗീത സംവിധായകര്‍ക്കുവേണ്ടി പാടാന്‍കഴിഞ്ഞത് സുകൃതമായി കരുതി അവര്‍. ടി. ആര്‍. പാപ്പ, കെ.വി. മഹാദേവന്‍, എം.എസ്. വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ് തുടങ്ങി വയലിന്‍ ഇതിഹാസം കുന്നക്കുടി വൈദ്യനാഥന്‍ വരെയുണ്ടായിരുന്നു ആ പട്ടികയില്‍. അനുഗൃഹീത ഗായകരായ ടി.എം. സൗന്ദരരാജനും എസ്.പി. ബാലസുബ്രഹ്മണ്യത്തിനും പി. സുശീലയ്ക്കും എല്‍.ആര്‍. ഈശ്വരിക്കും എല്ലാം ഒപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞുവെന്നത്  മറ്റൊരു അസുലഭഭാഗ്യം. 

ജയലളിതയിലെ പാട്ടുകാരിയെ യാദൃച്ഛികമായി `കണ്ടെത്തി'യതും സ്റ്റുഡിയോയിലെ വോയ്സ് ബൂത്തില്‍ എത്തിച്ചതും പ്രിയനായകന്‍എം.ജി.ആര്‍. തന്നെ. പി. നീലകണ്ഠന്‍ സംവിധാനംചെയ്ത 'കണ്ണന്‍ എന്‍ കാതലന്‍' (1968) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനിലെത്തിയ എം.ജി. ആറിനെ വരവേറ്റത് മന്ദ്രമധുരമായ ഒരു മീരാ ഭജന്റെ ശീലുകള്‍. സെറ്റിലെ തിരക്കിലും ബഹളത്തിലും നിന്നകലെ കൊറിയോഗ്രാഫര്‍ സമ്പത്തുമൊത്തിരുന്ന് സ്വയംമറന്ന് പാടുന്ന ജയയെ കൗതുകത്തോടെ നോക്കിനിന്നു മക്കള്‍തിലകം. ശ്രുതിശുദ്ധിയും ഉച്ചാരണ സ്ഫുടതയും ഒത്തുചേര്‍ന്ന ആലാപനം. ജയയിലെ പാട്ടുകാരിയെയും പ്രണയിച്ചു തുടങ്ങിയിരിക്കണം അതോടെ എം.ജി. ആറിലെ നിത്യകാമുകന്‍. സിനിമയിലെ തന്റെനായികക്ക് പാട്ടു പാടാനും അവസരം നല്‍കണമെന്ന് 'കണ്ണന്‍ എന്‍ കാതല'ന്റെ സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥനോട് ആവശ്യപ്പെടുന്നു  അദ്ദേഹം. പടത്തിലെ പാട്ടുകളെല്ലാം അതിനകം റെക്കോഡ് ചെയ്തുകഴിഞ്ഞിരുന്നതിനാല്‍ ഇനിയൊരു അവസരത്തിലാകാമെന്ന് എം. എസ്.വി.യുടെ മറുപടി.

ഒരു വര്‍ഷത്തിനകം, എം.ജി.ആര്‍. നിര്‍മിച്ച 'അടിമൈപ്പെണ്‍' (1969) എന്ന ചിത്രത്തിലൂടെ ജയലളിത പിന്നണിഗായികയായി അരങ്ങേറുന്നു. എം.ജി. ആറിന്റെ പ്രേരണയില്‍ കെ.വി. മഹാദേവനാണ് ജയയ്ക്ക് ആദ്യത്തെ സോളോ സമ്മാനിച്ചത്  'അമ്മ എന്‍ട്രാല്‍ അന്‍പ്.' വാലിയുടെ വരികളെന്നപോലെ കെ.വി. എമ്മിന്റെ ഈണവും തികച്ചും ലളിതം. പദ്യം ചൊല്ലുംപോലെ പാടിയാല്‍മതി. ജയയെ പാട്ട് പാടിപ്പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് കെ.വി. എമ്മിന്റെ വിശ്വസ്ത  അസിസ്റ്റന്റ് പുകഴേന്തിയാണ്. 'പരിഭ്രമത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു ജയലളിതയുടെ ആലാപനത്തില്‍.' ആ അനുഭവത്തെക്കുറിച്ച് പിന്നീട് പുകഴേന്തി പറഞ്ഞു. `എം.ജി.ആര്‍. ഉള്‍പ്പെടെ പലപ്രമുഖരും റെക്കോഡിങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നത് കൊണ്ടാവാം. എങ്കിലും അധികം ടേക്കുകള്‍ വേണ്ടിവന്നില്ല പാട്ട് ഓക്കേ ആകാന്‍. 

പാടിക്കൊടുക്കുന്ന ഭാഗം ഒപ്പിയെടുത്ത് അതേപടി പുനരവതരിപ്പിക്കുന്നതില്‍ അവര്‍ കാണിച്ച മിടുക്കാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.' അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി പത്താം വയസ്സ് മുതല്‍ ഗോപാലകൃഷ്ണ ശര്‍മയുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചതിന്റെ ഗുണം. റെക്കോഡിങ്ങിനുശേഷം 'ഗുരുവായ പുകഴേന്തിക്ക് നന്ദിസൂചകമായി നല്ലൊരുതുക പാരിതോഷികം നല്‍കാനുംമറന്നില്ല ജയലളിത.

ആദ്യഗാനത്തോടെ പാട്ടിന്റെ ലോകത്തോട്  വിടവാങ്ങാമെന്ന് തീരുമാനിച്ചതാണ് ജയലളിത. പക്ഷേ എം.ജി. ആറുണ്ടോ സമ്മതിക്കുന്നു. സുഹൃത്തുക്കളായ പല സംവിധായകരോടും ജയയുടെ സംഗീത പാടവത്തെക്കുറിച്ച് വാചാലനായി അദ്ദേഹം. മുക്താ ശ്രീനിവാസന്‍ തന്റെ സൂര്യകാന്തി (1973) എന്ന ചിത്രത്തില്‍ ജയലളിതയെ ഗായികയായി പരീക്ഷിക്കുന്നത് അങ്ങനെയാണ്. 'രണ്ടുപാട്ടുകള്‍ ജയയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു ഞാന്‍. പക്ഷേ സംഗീതസംവിധായകന്‍ എം. എസ്.വി.ക്ക് ജയയുടെ പാടാനുള്ളകഴിവില്‍ അത്രവിശ്വാസംപോരാ' - മുക്താ ശ്രീനിവാസന്‍. 'സുശീലയോ എല്‍.ആര്‍ ഈശ്വരിയോ പാടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവില്‍ എന്റെ വാശി തന്നെ ജയിച്ചു.' ടി.എം. എസ്സിനോടും (ഓ മേരി ദില്‍റുബാ) എസ്.പി. ബിയോടും (നാന്‍ എന്‍ട്രാല്‍) ഒപ്പം രണ്ടുയുഗ്മഗാനങ്ങളാണ് ജയ പാടിയത്. 

മുത്തുരാമന്‍ നായകനായ 'സൂര്യകാന്തി'യിലെ സൂപ്പര്‍ ഹിറ്റ് ഗാനം പക്ഷേ മറ്റൊന്നായിരുന്നു: കണ്ണദാസന്‍ പാടി അഭിനയിച്ച 'പരമശിവന്‍ കഴുത്തിലിരുന്ത് പാമ്പ് കേട്ടത് ഗരുഡാ സൗഖ്യമാ'' (ഗായകന്‍: ടി.എം.എസ്.).  `വന്താലേ മഹാരാശി'യില്‍ ശങ്കര്‍ഗണേഷ് ചിട്ടപ്പെടുത്തിയ  ചടുലതയാര്‍ന്ന ഒരു നൃത്തഗാനമാണ് പിന്നീട് ജയ പാടിയത്; ടി.എം. എസിനൊപ്പം 'കണ്‍കളില്‍ ആയിരം സ്വീറ്റ് ഡ്രീംസ്'. തുടര്‍ന്ന് ഒരു പിടി ശ്രദ്ധേയ ഗാനങ്ങള്‍ കൂടി: ഇരുമാങ്കനി പോല്‍ (ചിത്രം: വൈരം; സംഗീതം: ടി.ആര്‍. പാപ്പ), ചിത്തിര മണ്ഡപത്തില്‍ (അന്‍പേ തേടി; എം. എസ്.വി), മദ്രാസ് മെയില് (ഉന്നൈ സുട്രും ഉലകത്തില്‍, ശങ്കര്‍ ഗണേഷ്)...... 'തിരുമാംഗല്യ' (1974) ത്തിന് വേണ്ടി എം.എസ്.വി.യുടെ ഈണത്തില്‍ പാടിയ 'ഉലകം ഒരു നാള്‍ പിറന്തത്' എന്ന ഗാനത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുവെച്ചു  ജയലളിത.

 കണ്ണദാസ രചനയുടെ  ദാര്‍ശനികതലം  തന്നെയാകാം ആ പാട്ടിനെ ജയയ്ക്ക് പ്രിയങ്കരമാക്കിയത്. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ജയക്ക് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു മുത്തുരാമന്‍ നായകനായ 'തിരുമാംഗല്യം'. 1970 കളുടെ അവസാനത്തോടെ പിന്നണിഗാനരംഗത്തുനിന്ന് പിന്മാറിയ ജയലളിതയുടെ വ്യത്യസ്തശബ്ദം  പിന്നീട് കേട്ടത് ചില ഭക്തിഗാന സമാഹാരങ്ങളിലാണ്. കുന്നക്കുടി സംഗീതം നല്‍കിയ മാരിയമ്മന്‍ ഗാനങ്ങളുടെ ആല്‍ബം ഉദാഹരണം. രാഷ്ട്രീയത്തില്‍ സജീവമായതോടെ സംഗീതത്തില്‍നിന്ന് പതുക്കെ അകന്നു ജയലളിത; സംഗീതം ജയയില്‍നിന്നും. 

എങ്കിലും പാട്ടുകളോടുള്ള പ്രണയം ഒരിക്കലും കൈവിട്ടില്ല ജയലളിത. പാശ്ചാത്യസംഗീതവും കര്‍ണാടക സംഗീതവും ചലച്ചിത്രഗാനങ്ങളും ഒരു പോലെ ആസ്വദിച്ചു അവര്‍. 1994-ലെ കലൈമാമണി അവാര്‍ഡ് സമ്മാനിച്ചശേഷം ഗായിക പി. ലീലയോട് ജയ പറഞ്ഞു: 'എന്റെ അമ്മയുടെ ആത്മാവ് ഏറ്റവുമധികം സന്തോഷിക്കുന്ന ദിവസമായിരിക്കും ഇന്ന്. അത്രയും ഇഷ്ടമായിരുന്നു അമ്മയ്ക്ക് നിങ്ങളുടെ പാട്ടുകള്‍. എന്നെങ്കിലും ലീലാമ്മയെപ്പോലെ പ്രശസ്തയായ ഒരു പാട്ടുകാരിയായി ഞാന്‍വളരണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.'നിശ്ശബ്ദമായ ഒരു വിങ്ങലുണ്ടായിരുന്നു ആ വാക്കുകളിലെന്ന് ലീല.