ഐ വി ശശിയുടെ ജന്മദിനം മാർച്ച് 27

ശശിയേട്ടാ, എങ്ങനെ മറക്കും ഡയലോഗെഴുതിച്ച നിങ്ങളെ?

തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന കിടിലൻ പഞ്ച് ഡയലോഗുകളാണ് എഴുതിവിടേണ്ടത്; അതും ഐ വി ശശി എന്ന സൂപ്പർഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ. കോട്ടക്കൽ ലീനയിലും ചുണ്ടേൽ രോഷനിലും കൽപ്പറ്റ അനന്തപത്മയിലുമെല്ലാം ഇടിച്ചുകയറി ശശിച്ചിത്രങ്ങൾ കണ്ട് രോമാഞ്ചമണിഞ്ഞ ബാല്യത്തിന്റെ ഓർമ്മയിൽ ജീവിക്കുന്ന ചെക്കന് ആനന്ദലബ്ധിക്കിനി എന്തുവേണം?

2015 ലെന്നാണ് ഓർമ്മ. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ നിന്ന് ശശിയേട്ടന്റെ ഫോൺ: ``വൈകുന്നേരം ഒന്ന് നേരിൽ കാണണം. ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ്.'' അത്ഭുതം തോന്നി. പരിചയമുണ്ടെന്നല്ലാതെ അടുത്ത സൗഹൃദമൊന്നുമില്ല ശശിയേട്ടനുമായി. ചക്കരപ്പന്തൽ എന്ന ടെലിവിഷൻ പരിപാടി ഷൂട്ട് ചെയ്യാൻ പദ്മരാജന്റെ മകൻ അനന്തപദ്മനാഭനോടൊപ്പം ചെന്നൈയിൽ ചെന്നപ്പോഴാണ് പരിചയപ്പെട്ടത്. അതിനുമുൻപ് ഒരിക്കലേ കണ്ടിട്ടുള്ളു അദ്ദേഹത്തെ. കോഴിക്കോട്ട് ``അപാരത'' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ. കയ്യിലൊരു മെഗാഫോണുമായി വലിയൊരു ആൾക്കൂട്ടത്തെ നിയന്ത്രിച്ചു നിർത്തുന്ന ഗോൾഫ് ക്യാപ്പുകാരന്റെ മാജിക് ദൂരെ നിന്ന് അത്ഭുതത്തോടെ കണ്ടുനിന്നത് ഓർമ്മയുണ്ട്. സിനിമയിൽ തിരക്ക് കുറഞ്ഞിരുന്നെങ്കിലും ലൊക്കേഷനിൽ രാജകുമാരൻ തന്നെയായിരുന്നു അന്നും ശശിയേട്ടൻ. ``ലൈറ്റ്സ്, ക്യാമറ, ആക്ഷൻ'' എന്ന് അത്രയും ആധികാരികമായി മറ്റൊരു സംവിധായകനും ഗർജ്ജിച്ചു കേട്ടിട്ടില്ല.

ഹോട്ടൽ ഗീതിലെ (ഇപ്പോൾ ദി ക്യാപിറ്റൽ) സ്ഥിരം മുറിയിൽ ചെന്നപ്പോൾ സൗമ്യമായ പുഞ്ചിരിയോടെ എതിരേറ്റു ശശിയേട്ടൻ. ``പദ്മരാജന്റെ മകൻ പപ്പനാണ് രവിയുടെ പേര് സജസ്റ്റ് ചെയ്തത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു സഹായമുണ്ട്. മുടക്കം പറയരുത്.'' ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു ഞാൻ. മലയാളസിനിമയുടെ വാണിജ്യ സമവാക്യങ്ങൾ തന്നെ തിരുത്തിക്കുറിച്ച ചലച്ചിത്രകാരന് കേവലമൊരു സാധാ പ്രേക്ഷകൻ മാത്രമായ എന്നെക്കൊണ്ട് എന്തുപകാരം?

പതിഞ്ഞ ശബ്ദത്തിൽ, ചുരുങ്ങിയ വാക്കുകളിൽ ശശിയേട്ടൻ കാര്യം പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം പുതിയൊരു സിനിമയുടെ വർക്കിലാണ് അദ്ദേഹം. ``വെള്ളത്തൂവലി''ന് (2009) ശേഷമുള്ള തിരിച്ചുവരവ്. തിരക്കഥാകൃത്തും സംഭാഷണ രചയിതാവും പടത്തിന്റെ നിർമ്മാതാവ് തന്നെ. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും സംഘർഷങ്ങളുമൊക്കെയുള്ള ടിപ്പിക്കൽ ഐ വി ശശിച്ചിത്രമെങ്കിലും മേമ്പൊടിക്ക് ഇത്തിരി സസ്പെൻസും ആക്ഷനുമുണ്ട്. സിനിമയിലെ ചില പ്രത്യേക സന്ദർഭങ്ങളിൽ വരുന്ന പഞ്ച് ഡയലോഗുകൾ ഇംഗ്ലീഷിലാക്കണം. വെറും ഇംഗ്ലീഷല്ല. നല്ല ഉശിരും പുളിയുമുള്ള ഇംഗ്ലീഷ്. ആളുകൾ അതുകേട്ട് കയ്യടിക്കണം.
അതെന്തിന്?-- എന്റെ ചോദ്യം. ``മലയാളത്തിൽ പറഞ്ഞാലും ഏശില്ലേ?''

ശശിയേട്ടന് അത്ഭുതം. ``നിങ്ങൾ എന്റെ അങ്ങാടി സിനിമ കണ്ടിട്ടില്ലേ? അതിൽ ജയൻ പറയുന്ന ഇംഗ്ലീഷ് ഡയലോഗ് ഓർമ്മയില്ലേ? ആ ഒരൊറ്റ ഡയലോഗ് കേൾക്കാൻ വേണ്ടി അങ്ങാടി അൻപതും നൂറും വട്ടം കണ്ടിട്ടുള്ളവർ ഉണ്ട് എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കണം. ഞാൻ നേരിട്ടറിഞ്ഞ കാര്യമാണ്...ഇന്നുമുണ്ട് അതിന് ആരാധകർ.''

ശരിയാണ്. അന്നത്തെ കാലത്ത് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട് ദാമോദരൻ മാഷ് എഴുതിയ ആ സംഭാഷണ ശകലം. വള്ളിപുള്ളി വിടാതെ ഇന്നും ഓർക്കുന്നു രവികുമാറിനെ നോക്കിയുള്ള ജയന്റെ ഗർജ്ജനം: ``വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മേ ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ്... ബട്ട് നോട്ട് ബെഗ്ഗേഴ്സ്. യു എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ് ഓഫ് ഔർ സ്വെറ്റ് ആൻഡ് ബ്ലഡ്. ലെറ്റ് ഇറ്റ് ബി ദി ലാസ്റ്റ് ടൈം. ഇഫ് യു ഡെയർ ടു സേ ദാറ്റ് വേർഡ് വൺസ് മോർ, ഐ വിൽ പുൾ ഔട്ട് യുവർ ബ്ലഡി ടങ്!''

മിമിക്രി വേദികളിലെ കാക്കത്തൊള്ളായിരം ജയൻ അനുകർത്താക്കൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഡയലോഗ്.
``അത്തരം ഡയലോഗുകളുടെ കാലം കഴിഞ്ഞില്ലേ ശശിയേട്ടാ? ഇപ്പൊ ജനം അതുകേട്ട് കയ്യടിക്കുമോ?,''-- എന്റെ സംശയം. ``പുതിയ പയ്യന്മാർ സംസാരിക്കുന്നതുതന്നെ ഇംഗ്ലീഷിലാണ്. കയ്യടി കിട്ടണണമെങ്കിൽ മലയാളം പറയണം എന്നാണ് സ്ഥിതി.''
എന്നാൽ ശശിയേട്ടന് സംശയമൊന്നും ഉണ്ടായിരുന്നില്ല. കഥയുടെ നിർണ്ണായക ഘട്ടങ്ങളിൽ നല്ല മൂർച്ചയുള്ള, തീപ്പൊരി പറത്തുന്ന ഇംഗ്ലീഷ് ഡയലോഗുകൾ വന്നാൽ സാധാരണക്കാർ ഇന്നും അറിയാതെ കയ്യടിച്ചു പോകും. ``ശശിയുടെ ചിത്രം എന്ന് പറയുമ്പോൾ നാട്ടുകാർ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഈ പഞ്ച് ഡയലോഗ്. ദാമോദരൻ മാഷും ഞാനും രാവും പകലുമിരുന്ന് തലപുകച്ചാണ് അത്തരം സംഭാഷണങ്ങൾ ഉണ്ടാക്കിയിരുന്നത്. തിയേറ്ററിൽ അതിന്റെ ഫലവും കണ്ടിട്ടുണ്ട്. മാത്രമല്ല നമ്മുടെ സിനിമയിലെ ഹീറോ പുറത്തൊക്കെ പോയി പഠിച്ച ആളുമാണ്.. ''

ഞാനെന്തു പറയാൻ? പതിറ്റാണ്ടുകളോളം മലയാള സിനിമയെ ചൊൽപ്പടിക്ക് നിർത്തിയ സംവിധായകന്റെ സാക്ഷ്യമാണ്. ഐ വി ശശിയോളം സിനിമയുടെ കച്ചവട സാദ്ധ്യതകളും സിനിമാസ്വാദകന്റെ മനഃശാസ്ത്രവും തിരിച്ചറിഞ്ഞിട്ടുള്ള മറ്റാരുണ്ട്? ``ശരി ശശിയേട്ടാ, ഒരു കൈ നോക്കാം. പക്ഷേ ദാമോദരൻ മാഷിന്റെ വെടിക്കെട്ടൊന്നും എന്റെ എഴുത്തിൽ പ്രതീക്ഷിച്ചു കളയരുത്..'' ശശിയേട്ടൻ ചിരിച്ചു. പിന്നെ കൈ തന്നു.

പിറ്റേന്ന് തന്നെ തിരക്കഥയുമായി മല്പിടുത്തം തുടങ്ങുന്നു ഞാൻ. ബുദ്ധിരാക്ഷസനും അത്യാവശ്യം റിബലുമായ ഒരു കോളേജ് അധ്യാപകനാണ് സിനിമയിലെ നായകൻ. നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്ന ഒരാൾ. വിദ്യാർത്ഥികൾക്ക് പ്രിയങ്കരൻ. മോഹൻലാലിനെയാണ് ആ റോളിനായി ശശിയേട്ടൻ കണ്ടുവെച്ചിരുന്നത്. ``ലാൽ സമ്മതിക്കും എന്നാണ് പ്രതീക്ഷ. ദേവാസുരം ഒക്കെ അയാൾക്ക് മറക്കാൻ പറ്റുമോ? അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമല്ലേ?''-- നിഷ്കളങ്കതയോടെ ശശിയേട്ടന്റെ ചോദ്യം.അങ്ങനെ സംഭവിക്കട്ടെ എന്ന് നിശ്ശബ്ദമായി പ്രാർത്ഥിക്കുക മാത്രം ചെയ്തു ഞാൻ.

സംഭാഷണങ്ങൾ വായിച്ചു നോക്കിയ ശേഷം ഇംഗ്ളീഷിലേക്ക് ഭാഷാന്തരം നടത്തേണ്ട ഭാഗങ്ങൾ അണ്ടർലൈൻ ചെയ്തുതരും ശശിയേട്ടൻ. അതനുസരിച്ചുള്ള ഇംഗ്ലീഷ് ഡയലോഗുകൾ ഞാൻ മറ്റൊരു കടലാസ്സിൽ അക്കമിട്ട് എഴുതിവെക്കും. അതായിരുന്നു പ്രവർത്തനരീതി. തർജ്ജമക്ക് വീര്യം പോരെന്നു തോന്നിയാൽ ഉടനടി ഇടപെടും ശശിയേട്ടൻ. ``ഇവിടെ ഇത്തിരി സർക്കാസം കൊണ്ടുവരാം, ഇവിടെ മൂർച്ച പോരാ, ഇവിടെ പാതി പറഞ്ഞുനിർത്തണം, ഇവിടെയൊരു ഷിറ്റ് ആകാം....''. അങ്ങനെയങ്ങനെ തുടർച്ചയായ ശശിയൻ സ്റ്റൈൽ ഇടപെടലുകൾ.

ഇടയ്ക്ക് മുറിയിലെ കോഫീ മേക്കറിൽ ശശിയേട്ടൻ തന്നെ കാപ്പി ഉണ്ടാക്കും. നല്ല രസികൻ കാപ്പി. നവോഢയായ വധുവിനെപ്പോലെ കയ്യിൽ കാപ്പിയുമായി കുണുങ്ങി നടന്നുവരുന്ന ശശിയേട്ടനെ നോക്കി ഞാൻ പറയും: ``നിങ്ങളെ ഒന്ന് നേരിൽ കാണാനും പറ്റുമെങ്കിൽ സംസാരിക്കാനും കൊതിച്ചു കാത്തുകാത്തിരുന്ന്, ആ സ്വപ്നം സഫലമാക്കാൻ കഴിയാതെ മരിച്ചുപോയവർ എത്രയുണ്ടെന്നറിയുമോ? ആ നിങ്ങളാണ് ഇവിടെ എനിക്ക് കാപ്പിയുണ്ടാക്കി കൊണ്ടുതരുന്നത്. മുജ്ജന്മസുകൃതം എന്നല്ലാതെ എന്തുപറയാൻ?'' ശശിയേട്ടൻ പൊട്ടിച്ചിരിക്കും അപ്പോൾ. ``ഈ സിനിമയൊന്ന് ഹിറ്റായിക്കിട്ടിയാൽ നിങ്ങൾക്ക് കാപ്പി മാത്രമല്ല എന്തും ഉണ്ടാക്കിത്തരും ഞാൻ.. കുടി നിർത്തിയതുകൊണ്ട് കള്ള് മാത്രം പ്രതീക്ഷിക്കേണ്ട.''

ആരോഗ്യ പ്രശ്നങ്ങൾ കാരണം മദ്യപാനം പൂർണ്ണമായിത്തന്നെ ശശിയേട്ടൻ ഉപേക്ഷിച്ച നാളുകളായിരുന്നു അവ. ഇടയ്ക്കിടെ ചെന്നൈയിൽ നിന്ന് ഭാര്യ സീമയുടെ ഫോൺ വരുമ്പോൾ ശശിയേട്ടൻ ശബ്ദം താഴ്ത്തി പറയും: ``ഞാൻ വാക്കു തെറ്റിക്കുന്നുണ്ടോ എന്നറിയാൻ വിളിക്കുകയാണ് ബുദ്ധിമതിയായ ഭാര്യ. എന്റെ കാര്യത്തിൽ മുമ്പത്തേക്കാൾ ശ്രദ്ധയാണിപ്പോൾ....'' ചാൻസ് ചോദിച്ചുവന്ന നാടോടിക്കാറ്റിലെ ശ്രീനിവാസനെ `ശശിയേട്ടൻ ഭരണിയിലാണ്' എന്നു പറഞ്ഞു ഇറക്കിവിടുന്ന സീമയുടെ ചിത്രമായിരുന്നു മനസ്സിൽ.

സംഭാഷണമെഴുത്തിന്റെ ഇടവേളയിൽ സിനിമാനുഭവങ്ങൾ രസകരമായി വിവരിക്കും ശശിയേട്ടൻ. അധികവും ഇത്തിരി കുസൃതി കലർന്ന കഥകൾ. പഴയ പ്രണയങ്ങൾ, പ്രണയകലഹങ്ങൾ. പാട്ടുകളെ പറ്റി പറയുമ്പോൾ വാചാലനാകും അദ്ദേഹം. ``നല്ലത് എന്ത് കണ്ടാലും സ്വന്തമാക്കാനല്ലേ നമ്മൾ ആഗ്രഹിക്കുക? ഞാനും അങ്ങനെയാണ്. ഏതെങ്കിലും ഒരു ഹിന്ദി പാട്ടോ തമിഴ് പാട്ടോ ഇഷ്ടപ്പെട്ടാൽ അത് എങ്ങനെ മലയാളത്തിലേക്ക് റാഞ്ചും എന്നതിനെ കുറിച്ചാണ് ചിന്തിക്കുക. എ ടി ഉമ്മർ ആണ് എന്റെ മനസ്സ് ശരിക്കും അറിഞ്ഞ മ്യൂസിക് ഡയറക്റ്റർ. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്തുകൊള്ളും. ശ്യാമിന് കുറച്ചൊരു മടിയുണ്ട്. എന്നാലും ഞാൻ നിർബന്ധിച്ചു ചെയ്യിക്കും. അത്തരം പാട്ടുകളൊക്കെ ഒറിജിനലുകളേക്കാൾ സൂപ്പർ ഹിറ്റാകാറുമുണ്ട്.'' -- ശശിയേട്ടൻ പറയും. ``ഉദാഹരണം തരാം. സ്വാമിയിൽ ലതാ മങ്കേഷ്കർ പാടിയ 'പൽഭർ മേ യേ' എന്ന പാട്ട് ആരുടെയെങ്കിലും ഓർമ്മയിലുണ്ടോ? അതിൽ നിന്നുണ്ടായ രാകേന്ദു കിരണങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. ആദ്യമാദ്യം കുറച്ചു മുറുമുറുപ്പൊക്കെ കാണും. പിന്നെ ജനം അതങ്ങ് ഏറ്റെടുക്കും. സൂപ്പർഹിറ്റാക്കും.'' ശരാശരി പ്രേക്ഷകന്റെ മനഃശാസ്ത്രം ലളിതമായി വരച്ചുകാട്ടുകയായിരുന്നു മലയാളത്തിലെ മെഗാ ഹിറ്റ്മേക്കർ.

രണ്ടാഴ്ചയോളം നീണ്ട ഡയലോഗെഴുത്തിന് ശേഷം ഹോട്ടലിന്റെ ലോബി വരെ അനുഗമിച്ചു യാത്രയാക്കവേ ശശിയേട്ടൻ പറഞ്ഞു: ``നിങ്ങളിനി സ്ക്രിപ്റ്റ് എഴുതിത്തുടങ്ങണം. ആദ്യത്തേത് എനിക്കുവേണ്ടിത്തന്നെ ആകട്ടെ. ഒരു ലോബഡ്ജറ്റ് പ്രണയകഥ. പാട്ടിന് പ്രാധാന്യം വേണം.'' അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സിനിമയുടെ ദൃശ്യഭാഷയുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നും സങ്കോചത്തോടെ ഏറ്റുപറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് ശശിയേട്ടൻ പറഞ്ഞു: `` പല പുതിയ എഴുത്തുകാരും ഇതേ കാര്യം പറഞ്ഞുകേട്ടിട്ടുണ്ട്. എഴുത്ത് തുടർന്നുകൊണ്ടുപോവാൻ ആവാതെ ടെൻഷനടിച്ചു ഒളിച്ചോടിയവർ വരെയുണ്ട്. അത്തരക്കാരെ പിടികൂടി തിരികെ കൊണ്ടുവന്ന് എഴുതിച്ചവനാണ് ഞാൻ. പേടിക്കൊടലന്മാരായിരുന്ന അവർ പലരും ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ്. അറിയുമോ?'' മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി നൂറ്റി അൻപതോളം ചിത്രങ്ങൾ ഒരുക്കുകയും, അവയിൽ നല്ലൊരു ശതമാനവും ബോക്സോഫീസ് വിജയങ്ങളാക്കുകയും ചെയ്ത സംവിധായകനെ അത്ഭുതത്തോടെ, ആരാധനയോടെ നോക്കിനിന്നു ഞാൻ. ``സംവിധാനം ഐ വി ശശി'' എന്ന് ടൈറ്റിലിൽ കണ്ട് ലീനാ തിയേറ്ററിലിരുന്ന് കയ്യടിച്ച ആ പഴയ സ്കൂൾ കുട്ടിയെ അത്രയെളുപ്പം ഇറക്കിവിടാനാവില്ലല്ലോ ഉള്ളിൽ നിന്ന്.

അടുത്ത ദിവസം ചെന്നൈയിലേക്ക് തിരിച്ചുപോയ ശശിയേട്ടൻ പിന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രോജക്ട് പല കാരണങ്ങളാലും നടന്നതുമില്ല. അപൂർവമായി ഫോൺ വിളിക്കുമ്പോൾ ശശിയേട്ടൻ ആശ്വസിപ്പിക്കും. ``എഴുതിക്കൂട്ടിയതൊക്കെ പാഴായി എന്ന തോന്നൽ വേണ്ട. അടുത്തൊരു പടത്തിന് നമ്മൾ ഇനിയും ഒത്തുകൂടും..നല്ലൊരു പ്രൊഡ്യൂസറെ ഒത്തുകിട്ടട്ടെ.'' അതൊരു സ്വപ്നം മാത്രമായിരുന്നു. 2017 ഒക്ടോബർ 14 ന് ശശിയേട്ടൻ യാത്രയായി; ഒരിക്കലും വരാത്ത അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു പാട് പ്രതീക്ഷകൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്.

content highlights : IV Sasi birthday Special Feature Movie Ravi Menon