എഴുപത്താറാം പിറന്നാളിനോടനുബന്ധിച്ച് അഞ്ചിടങ്ങളിലായി സംഗീത ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് ഇളയരാജ. `സംഗീതത്തെ പോലെ ഹൃദയത്തെ സ്പര്‍ശിക്കുന്ന, മനസ്സുകളുടെ മുറിവുണക്കുന്ന മറ്റേത് കലയുണ്ട്?'-- ഇസൈജ്ഞാനിയുടെ ചോദ്യം. ഗായകന് ജയചന്ദ്രന് വിവരിച്ച രണ്ട് അനുഭവങ്ങള്‍ ഓര്‍മവന്നു ആ വാക്കുകള്‍ കേട്ടപ്പോള്‍; ഹൃദയത്തെ തൊട്ട അനുഭവങ്ങള്‍..
1980 കളിലെ കഥ. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ടി നഗറിലെ തന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചതായിരുന്നു ഭാവഗായകന്. ``വീട്ടിന് മുന്നിലെത്തിയപ്പോള്‍ കീശയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഞാന്‍ ഡ്രൈവര്‍ക്ക് നേരെ നീട്ടി. ചില്ലറയില്ലായിരുന്നു. അത്ഭുതത്തോടെ നോട്ടിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി അയാള്‍. എന്നിട്ട് വികാരഭരിതനായി നീട്ടിയൊരു വിളി: ``സാ..........ര്‍''. ഒപ്പം ഒരു പൊട്ടിക്കരച്ചിലും. കരച്ചിലിനിടെ എന്റെ കൈ മുറുകെ പിടിച്ചു അയാള്‍..''
ഇതെന്തു കഥ എന്നോര്‍ത്ത് അമ്പരന്നു നില്‍ക്കുകയാണ് ജയചന്ദ്രന്. കരച്ചിലിനിടയിലൂടെ ഓട്ടോറിക്ഷക്കാരന് പറഞ്ഞു: `സാര്‍ പാടിയ ആ പാട്ടില്ലേ? വൈദേഹി കാത്തിരുന്താളിലെ ``കാത്തിരുന്ത് കാത്തിരുന്ത് കാലങ്കള്‍ പോവുതെടി, പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോകുതെടീ... അതില്‍ എന്റെ ലൈഫുണ്ട് സാര്‍. വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം. ഇനിയൊരിക്കലും അവള് തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടു തന്നെ.''
പ്രിയഗായകനെ റോഡരികില്‍ നിര്‍ത്തി കണ്ണീരോടെ അയാള്‍ തന്റെ ജീവിതകഥ പറഞ്ഞു. പ്രേമനൈരാശ്യവും വഞ്ചനയുമെല്ലാം നിറഞ്ഞ കഥ. ഒടുവില്‍ കയ്യിലുള്ള പത്തു രൂപാ നോട്ടില്‍ തന്റെ ഓട്ടോഗ്രാഫും വാങ്ങിയാണ് ഡ്രൈവര്‍ യാത്രയായതെന്നോര്ക്കുന്നു ജയചന്ദ്രന്.
`നമ്മള് ഏതോ സിനിമക്ക് വേണ്ടി റെക്കോര്‍ഡിംഗ് റൂമിന്റെ ഏകാന്തതയില്‍ നിന്നുകൊണ്ട് തിടുക്കത്തില്‍ പാടിത്തീര്‍ക്കുന്ന പാട്ട് ഒരു സാധാരണക്കാരന്റെ മനസ്സിനെ എത്ര അഗാധമായി സ്വാധീനിക്കുന്നു എന്ന തിരിച്ചറിവാണ് ആ അനുഭവം എനിക്ക് നല്‍കിയത്. പാട്ടെഴുതിയ കവിഞ്ജര്‍ വാലിയേയും ശിവരഞ്ജിനി രാഗത്തില്‍ അത് മനസ്സറിഞ്ഞു സ്വരപ്പെടുത്തിയ ഇളയരാജയെയും നന്ദിയോടെ ഓര്‍ത്തു അപ്പോള്‍.'-ജയചന്ദ്രന്.
മറ്റൊരോര്‍മ ഇളയരാജ തന്നെ പങ്കുവെച്ചതാണ്. കഥാപാത്രങ്ങള്‍ മനുഷ്യരായിരുന്നില്ല എന്ന് മാത്രം. ജയചന്ദ്രന്റെ വാക്കുകള്‍: `തേനിയില്‍ ഇളയരാജക്ക് ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയില്‍ വൈദേഹി കാത്തിരുന്താള്‍ പ്രദര്‍ശിപ്പിക്കുന്നു. പടത്തില്‍ `രാസാത്തി ഉന്നെ കാണാത നെഞ്ചം' എന്ന പാട്ടിന്റെ സന്ദര്‍ഭം എത്തുമ്പോള്‍ ഉള്‍ക്കാട്ടില്‍ നിന്ന് ആനകള്‍ വരിവരിയായി ഇറങ്ങിവരും. പാട്ടു തീരും വരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞ ശേഷം ആനക്കൂട്ടം തിരിച്ചു പോകുകയും ചെയ്യും. തേനിയില്‍ ആ സിനിമ പ്രദര്‍ശിപ്പിച്ച കാലം മുഴുവന്‍ ഈ പതിവ് ആവര്‍ത്തിച്ചിരുന്നുവെന്നും രാജ പറഞ്ഞു. മൃഗങ്ങളേയും സംഗീതം സ്വാധീനിക്കും എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം വിശദീകരിച്ചത്.'
അത്ഭുതം തോന്നിയിരിക്കില്ല ഇളയരാജക്ക്. ആ പാട്ടിന് കാടുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിനല്ലേ അറിയൂ? `വൈദേഹി കാത്തിരുന്താള്‍' എന്ന പടത്തിനു വേണ്ടി രാജ ചിട്ടപ്പെടുത്തിയതല്ല ആ ഗാനങ്ങളൊന്നും എന്നറിയുക. ആ ഗാനങ്ങളില്‍ നിന്നുണ്ടായതാണ് വൈദേഹി കാത്തിരുന്താള്‍ എന്നതാണ് സത്യം.
മുതുമലൈ ഫോറസ്ററ് ഡിവിഷന്റെ ഗസ്റ്റ് ഹൗസില്‍ കാക്കി സട്ടൈ (1985) എന്ന സിനിമയുടെ കമ്പോസിംഗിലാണ് ഇളയരാജ. മൂന്ന് ദിവസത്തെ ഷെഡ്യൂള്‍ അര ദിവസം കൊണ്ട് തീര്‍ന്നു. അഞ്ച് പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടും സമയം ഇഷ്ടം പോലെ ബാക്കി. അവസരം പാഴാക്കാതെ ആറ് ഈണങ്ങള്‍ കൂടി തയ്യാറാക്കി വെച്ചു രാജ. കാടിന്റെ കാതടപ്പിക്കുന്ന നിശബ്ദത മാത്രമായിരുന്നു പശ്ചാത്തല സംഗീതം. യാദൃച്ഛികമായി ആ ഈണങ്ങള്‍ കേട്ട നിര്‍മാതാവ് പഞ്ചു അരുണാചലത്തിന് ഒരാഗ്രഹം: അവയിലൊന്ന് തന്റെ അടുത്ത പടത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കണം...
`എന്തിന് ഒന്നില്‍ നിര്‍ത്തണം. ആറ് ട്യൂണും എടുത്തോളൂ. അവയെല്ലാം ഉള്‍പ്പെടുത്താന്‍ പോന്ന ഒരു കഥയും ആലോചിച്ചോളൂ..' രാജയുടെ മറുപടി.
സന്തോഷത്തോടെ ആ `വെല്ലുവിളി' സ്വീകരിക്കുന്നു പഞ്ചു അരുണാചലം. `വൈദേഹി കാത്തിരുന്താള്‍' എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ്.
(ഹൃദയഗീതങ്ങള്‍)