• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ചു: 'ഇത് മുഴുവന്‍ സെക്‌സാണല്ലോ തമ്പി, ഞാന്‍ കുറച്ചു കുഴയും'

Ravi Menon
പാട്ടുവഴിയോരത്ത്
# രവി മേനോൻ | ravi.menon@clubfm.in
Nov 30, 2017, 06:25 PM IST
A A A

നമ്മുടെ പുരാണങ്ങളിലും ചരിത്രത്തിലും ഇലഞ്ഞിക്കുള്ള സ്ഥാനംഅറിയാത്തതുകൊണ്ടാണ് അത്തരത്തിലുള്ള സന്ദേഹങ്ങള്‍

# രവി മേനോന്‍
sreekumaran thampi and devarajan
X

Photo Courtesy: Mathrubhumi Archives, Youtube

പലരും ശ്രീകുമാരന്‍ തമ്പിയോട് ചോദിച്ചിട്ടുണ്ട്, ആര്‍ദ്രമായ ഒരു പ്രണയഗാനത്തിന് എന്തുകൊണ്ട് ഇലഞ്ഞിപ്പൂമണം നല്‍കി എന്ന്. പ്രണയഭരിതമായ മനസ്സിന്റെ അവസ്ഥയോട്‌ചേര്‍ത്തുവെക്കാനാണെങ്കില്‍ എത്രയെത്ര സുന്ദരസുരഭില പുഷ്പങ്ങളുണ്ട് നമുക്ക് ചുറ്റും? പനിനീര്‍പ്പൂ മുതല്‍ പാരിജാതം വരെ, മുല്ല മുതല്‍ മല്ലികപ്പൂ വരെയുള്ള റൊമാന്റിക് പുഷ്പജാലത്തെ മുഴുവന്‍അവഗണിച്ച് ഒട്ടും ആകര്‍ഷകമല്ലാത്തഇലഞ്ഞിയുടെ ഗന്ധം തേടിപോയതെന്തിന് എന്നായിരുന്നു അടുത്തിടെ പരിചയപ്പെട്ട ഒരു സ്ത്രീയുടെ നിഷ്‌കളങ്കമായ ചോദ്യം. ''നമ്മുടെ പുരാണങ്ങളിലും ചരിത്രത്തിലും ഇലഞ്ഞിക്കുള്ള സ്ഥാനംഅറിയാത്തതുകൊണ്ടാണ് അത്തരത്തിലുള്ള സന്ദേഹങ്ങള്‍'' തമ്പി പറയുന്നു. ''ഇത്രയും കാമോദ്ദീപകമായ ഗന്ധമുള്ളപുഷ്പങ്ങള്‍ അധികമില്ല. അയല്‍ക്കാരി എന്ന സിനിമയിലെ ഗാനസന്ദര്‍ഭം ഓര്‍മയില്ലേ? നിലാവുള്ള രാത്രിയില്‍ വിന്‍സന്റിന്റെ കാമുക കഥാപാത്രം കാമുകിയായ ജയഭാരതിയെ ഓര്‍ത്ത് പാടുകയാണ്. ഇരുവരും ഒരു പോലെ വികാരവിവശര്‍. പാട്ടു കേട്ട് വീടിന്റെ മട്ടുപ്പാവില്‍ നിശാവസ്ത്രമണിഞ്ഞു നില്‍ക്കുന്ന ജയഭാരതിയുടെ ശരീരഭാഷയില്‍ തന്നെയുണ്ട് തീവ്ര പ്രണയദാഹം. നിസ്വാര്‍ഥവും നിഷ്‌കളങ്കവുമായ പ്രേമാഭ്യര്‍ഥനയ്ക്ക് പ്രസക്തിയില്ല അവിടെ. ശൃംഗാര കല്‍പനകള്‍ നിറഞ്ഞ, ആസക്തി നിറഞ്ഞ ഗാനമാണ് വേണ്ടത്...'' എഴുതിക്കൊടുത്ത പാട്ടിന്റെ വരികളിലൂടെ കണ്ണോടിച്ചശേഷം സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ച ചോദ്യം ഇന്നുമുണ്ട് കവിയുടെ കാതുകളില്‍: ''ഇത് മുഴുവന്‍ സെക്‌സാണല്ലോ തമ്പീ. ഞാന്‍ കുറച്ചു കുഴയും..'' സാഹിത്യബോധമുള്ള സംഗീതജ്ഞനായതുകൊണ്ടാണ് രചനയുടെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു തമ്പി. അതിലടങ്ങിയ സെക്‌സിന്റെ അംശം ആദ്യവായനയില്‍ സാധാരണക്കാരന് തിരിച്ചറിയാന്‍ കഴിയണം എന്നില്ല. മനോഹരമായ ഒരു ഈണത്തിന്റെ തലോടലേറ്റപ്പോഴാണ് ഇലഞ്ഞിപ്പൂമണം ശരിക്കും കാമസുഗന്ധിയായത് എന്നര്‍ഥം. 

കേരളീയരുടെ വിശ്വാസങ്ങളിലും സങ്കല്‍പങ്ങളിലും ഇലഞ്ഞി എന്നും രതികാമനകളുടെ ഭാഗമായിരുന്നു എന്ന് ഓര്‍മിപ്പിക്കുന്നു തമ്പി. ''ഒരു കാലത്ത് കാവുകളുടെ നാടായിരുന്നു കേരളം. തറവാടുകളുടെയും അമ്പലങ്ങളുടെയും പരിസരത്ത് കാവുകള്‍ നിര്‍ബന്ധം. പ്രകൃതിയുമായി മനുഷ്യനെ കൂട്ടിയിണക്കിയിരുന്ന ഏറ്റവും ദൃഢമായ കണ്ണിയായിരുന്നു കാവ്. വര്‍ഷം തോറും അവിടെ പൂജ നടക്കും. ഭൂമിയുടെ  ഉര്‍വരത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് കാവിലെ പൂജ. മണ്ണ് ഫലഭൂയിഷ്ഠമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇത്തരം പൂജകളില്‍ ഒരൊറ്റ പൂവേ ഉപയോഗിക്കാറുള്ളൂ ഇലഞ്ഞിപ്പൂ. ഇലഞ്ഞിക്ക് ലൈംഗികോത്തേജക ശക്തിയുണ്ട് എന്ന വിശ്വാസമാണ് അതിനു പിന്നില്‍. കന്യകമാര്‍ ഇലഞ്ഞിമരച്ചോട്ടില്‍ നില്‍ക്കുന്നത് വിലക്കുമായിരുന്നു പഴയ കാലത്തെ തറവാട്ടു കാരണവന്മാര്‍.

അയല്‍ക്കാരിയിലെ ഗാനസന്ദര്‍ഭം വിവരിച്ചു കേട്ടപ്പോള്‍ആദ്യം മനസ്സില്‍ കടന്നുവന്നത് ഇലഞ്ഞിയുടെ ഗന്ധം തന്നെ. ബോധപൂര്‍വമാണ് അത് പാട്ടില്‍ ഉപയോഗിച്ചതും. അല്ലാതെ സുഗന്ധവാഹികളായ മറ്റു പുഷ്പങ്ങളുടെ കാര്യം ഓര്‍മവരാത്തതുകൊണ്ടല്ല..'' 

ഇവിടെ മറ്റൊരു കൗതുകം കൂടി: ''പുഷ്പഗന്ധി''യായ ഗാനങ്ങള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് ശ്രീകുമാരന്‍ തമ്പി ആയിരിക്കണം. അവയില്‍ ഒട്ടുമുക്കാലുംജനപ്രിയമായിരുന്നു താനും. പൂക്കളുടെ റാണിയായ താമര മുതല്‍ അത്ര സുലഭമല്ലാത്ത നന്ത്യാര്‍വട്ടം വരെ പൂത്തുവിടര്‍ന്നു നില്‍ക്കുന്നു ആ ഗാനങ്ങളില്‍. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം തന്നെ ''താമരത്തോണിയില്‍ താലോലമാടി'' (കാട്ടുമല്ലിക) ആണെന്നോര്‍ക്കുക. തുടര്‍ന്ന് എത്രയെത്ര പുഷ്പസുരഭില രചനകള്‍: ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്‌സി കാര്‍), നന്ത്യാര്‍വട്ട പൂ ചിരിച്ചു (പൂന്തേനരുവി),മല്ലികപ്പൂവിന്‍മധുരഗന്ധം (ഹണിമൂണ്‍) , ഇലവംഗപ്പൂവുകള്‍ (ഭക്തഹനുമാന്‍), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, പനിനീര്‍ കാറ്റിന്‍ (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിര്‍മണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീര്‍ പൂവിന്റെ പട്ടുതാളില്‍ (അഞ്ജലി), ജാതിമല്ലി പൂമഴയില്‍, കണിക്കൊന്നയല്ല ഞാന്‍ കണികാണുന്നതെന്‍ (ലക്ഷ്മി), താമരമലരിന്‍ തങ്കദളത്തില്‍ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങള്‍ വിടര്‍ന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാന്‍ സാവിത്രി), പവിഴമല്ലി പൂവിനിപ്പോള്‍ പിണക്കം (അജയനും വിജയനും), പാതിവിടര്‍ന്നൊരു പാരിജാതം (അനാഥ ശില്‍പ്പങ്ങള്‍), രാജമല്ലികള്‍പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവള്‍)... ഈ പൂക്കളൊന്നും വെറുതെ വിരിഞ്ഞുനില്‍ക്കുന്നതല്ല തമ്പിയുടെ പാട്ടുകളില്‍. മനുഷ്യ ജീവിതത്തിന്റൈ വെവിധ്യമാര്‍ന്ന ഭാവങ്ങളേയു ംവികാരങ്ങളേയും അടയാളപ്പെടുത്തുന്നുണ്ട്അവയോരോന്നും. കഥാപശ്ചാത്തലവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന ഘട്ടങ്ങളിലേ പാട്ടുകളില്‍ പൂക്കളെ കൊണ്ടുവന്നിട്ടുള്ളൂ എന്ന് തമ്പി.

''അയല്‍ക്കാരി'' ഇറങ്ങിയ കാലത്ത് അത്രയേറെ ശ്രദ്ധിക്കപ്പെട്ട പാട്ടല്ല ''ഇലഞ്ഞിപ്പൂമണം''. യേശുദാസ് തന്നെ പാടിയ 'വസന്തം നിന്നോട് പിണങ്ങി' എന്ന പാട്ടിനായിരുന്നു ആരാധകര്‍ കൂടുതല്‍. പക്ഷേ ഇന്ന് ആ ചിത്രം ഓര്‍ക്കപ്പെടുന്നതു പോലും ഇലഞ്ഞിപ്പൂമണം എന്ന ഒരൊറ്റ പാട്ടിന്റെ പേരിലാവണം. കാലൊച്ച കേള്‍പ്പിക്കാതെ മന്ദമന്ദം കടന്നുവന്ന് എന്നെന്നേക്കുമായി ജനഹൃദയങ്ങളില്‍ കൂടുകൂട്ടുകയായിരുന്നുആ ഗാനം. തമ്പിയുടെ ഏറ്റവും മികച്ച പ്രണയഗാനമായി ഇലഞ്ഞിപ്പൂവിനെ വിശേഷിപ്പിക്കുന്നവര്‍ നിരവധി. പടം ഹിറ്റായിട്ടും പ്രതീക്ഷിച്ച പോലെ ആ പാട്ട് സ്വീകരിക്കപ്പെടാത്തതില്‍ ദുഃഖം തോന്നിയിരുന്നു ഒരിക്കല്‍ അതിന്റെ രചയിതാവിന്. പ്രതീക്ഷയോടെ ചെയ്ത പാട്ടായതുകൊണ്ടാണ്. ''ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി കേള്‍പ്പിച്ചപ്പോഴേ എന്റെ മനസ്സു പറഞ്ഞതാണ് കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന സൃഷ്ടിയായി മാറും ഇതെന്ന്. ഇലഞ്ഞിപ്പൂവിന്റെ മണം എന്തെന്നറിയാത്തവരെ പോലും സംഗീതത്തിലൂടെ നിഗൂഢമായ ആ ഗന്ധം അനുഭവിപ്പിക്കുന്നു മാസ്റ്റര്‍.  വരികളിലെ നിലാവും കുളിരുമെല്ലാം ആ ഈണത്തിലുണ്ട്; യേശുദാസിന്റെ ആലാപനത്തിലും. അന്നത്തെ സാങ്കേതിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് റെക്കോര്‍ഡ് ചെയ്ത പാട്ടാണെന്നു കൂടി ഓര്‍ക്കണം. ദേവരാജനെ പോലൊരു മഹാപ്രതിഭക്ക് മാത്രം കഴിയുന്ന ഇന്ദ്രജാലം.'' 

''ഇലഞ്ഞിപ്പൂമണ''ത്തിന്റെ പിറവിയെ കുറിച്ച്  അയല്‍ക്കാരിയുടെ സംവിധായകന്‍ ഐ വി ശശി ഒരു കൂടിക്കാഴ്ചയില്‍ പങ്കുവെച്ച രസകരമായ അനുഭവം കൂടി ഓര്‍മവരുന്നു. ഇപ്പോള്‍ നാം കേള്‍ക്കുന്ന ഈണത്തിലല്ല മാസ്റ്റര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയിരുന്നതത്രേ. ''ആദ്യം കേള്‍പ്പിച്ചത് ആകര്‍ഷകമായ ട്യൂണ്‍ തന്നെയായിരുന്നെങ്കിലും പാട്ടിന്റെ വരികള്‍ക്കും മൂഡിനും ഇണങ്ങുന്നതല്ല അതെന്നൊരു തോന്നല്‍. കേള്‍വിക്കാരന് ഫീല്‍ ചെയ്യേണ്ടത് നിലാവുള്ള രാത്രിയുടെ തണുപ്പാണ്. ഈണത്തില്‍ ആ തണുപ്പ് അനുഭവപ്പെടുന്നേയില്ല.'' മടിച്ചുമടിച്ചാണെങ്കിലും മനസ്സില്‍ തോന്നിയത് ശശി തുറന്നു പറഞ്ഞു. പ്രതീക്ഷിച്ച പോലെ പൊട്ടിത്തെറിച്ചില്ല ദേവരാജന്‍. പകരം പിറ്റേന്ന് തന്നെ പുതിയൊരു ഈണം പാടിക്കേള്‍പ്പിച്ചു അദ്ദേഹം. ശശിയുടെ ഭാഷയില്‍ 'സുഖശീതള'മായ ഒരു ഈണം. തന്റെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം അപ്പുറത്തായിരുന്നുആ ട്യൂണ്‍ എന്ന് തുറന്നു സമ്മതിക്കാന്‍ മടിയില്ല ശശിക്ക്. എങ്കിലും, മാസ്റ്റര്‍ ആദ്യമിട്ട ഈണം അങ്ങനെയങ്ങു മറന്നുകളയാന്‍ കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. അടുത്ത വര്‍ഷം താന്‍ തന്നെ സംവിധാനം ചെയ്ത 'ഇന്നലെ ഇന്ന്' എന്ന ചിത്രത്തില്‍ അതേ ഈണം ഉപയോഗിക്കാന്‍ ദേവരാജനെ പ്രേരിപ്പിക്കുന്നു അദ്ദേഹം. യേശുദാസ് പാടിയ ആ ഗാനവും ഹിറ്റായി എന്നതാണ് ചരിത്രം ''പ്രണയസരോവര തീരം പണ്ടൊരു പ്രദോഷസന്ധ്യാ നേരം..''

കവിതയുടെ ആത്മാവിനു പോറലേല്‍പിക്കാതെ പാട്ടുകള്‍ സ്വരപ്പെടുത്തുന്നതാണ് ദേവരാജന്റെ ശൈലി. ഭാഷയെയും സാഹിത്യത്തെയും അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഒരു സഹൃദയന്‍ എന്നും അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ടുള്ളഗുണം.  ഗാനത്തില്‍ ഒളിഞ്ഞിരിക്കുന്ന ആശയം മനസ്സിലാക്കാനും ഈണത്തില്‍ അതാവിഷ്‌കരിക്കാനും ദേവരാജന് എളുപ്പം കഴിഞ്ഞതും അതുകൊണ്ടുതന്നെ. ബുദ്ധിയും വികാരവും ഇഴചേര്‍ന്നു നില്‍ക്കുന്നു അദ്ദേഹത്തിന്റെ ഗാനസൃഷ്ടിയില്‍. ഇലഞ്ഞിപ്പൂമണത്തിന്റെ രൂപഘടന ശ്രദ്ധിച്ചാല്‍ ഇതെളുപ്പം മനസ്സിലാകും. രതിയുടെ താളമാണ് ആ പാട്ടിന് മാസ്റ്റര്‍ നല്‍കിയിരിക്കുന്നത്. മന്ദ്രസ്ഥായിയില്‍ തുടങ്ങി താരസ്ഥായിയിലേക്ക് സഞ്ചരിച്ച ശേഷം വീണ്ടും മന്ദ്രസ്ഥായിയില്‍ തിരിച്ചെത്തുന്ന ഗാനം. പല്ലവി മൃദുമന്ത്രണം പോലെ; ചരണങ്ങള്‍ രണ്ടും താരസ്ഥായിയിലും. ''സാധാരണക്കാരായ മനുഷ്യരാണ് ഈ പാട്ടുകളൊക്കെ കേള്‍ക്കുന്നതും ആസ്വദിക്കുന്നതും. അതുകൊണ്ടു തന്നെ വരികളിലെ ആശയം ഏറ്റവും എളുപ്പത്തില്‍ വിനിമയം ചെയ്യാന്‍ പറ്റിയ മാര്‍ഗം അതാണെന്ന് തോന്നി.'' ഇലഞ്ഞിപ്പൂവിന്റെ സൃഷ്ടിയെ കുറിച്ച് പിന്നീടൊരിക്കല്‍ അദ്ദേഹം പറഞ്ഞു.

Content Highlights: Ilanji Poomanam Ozhukivarunnu  Ayalkkaari G Devarajan Sreekumaran Thampi PranayaSarovara Theeram IV Sasi Malayalam Music

(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പാട്ടെഴുത്ത് കോളത്തില്‍ നിന്ന്)

PRINT
EMAIL
COMMENT
Next Story

ഇല്ല…ദേവാങ്കണങ്ങൾ കയ്യൊഴിയില്ല ഈ താരകത്തെ 

പദ്മശ്രീ നേടിയ കൈതപ്രത്തിന് ആശംസകൾ നട്ടപ്പാതിരയ്ക്കായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. .. 

Read More
 

Related Articles

ഇല്ല…ദേവാങ്കണങ്ങൾ കയ്യൊഴിയില്ല ഈ താരകത്തെ 
Movies |
Movies |
' രാസാത്തീ , നീ റൊമ്പ നന്നായി പാടിയിരിക്ക് ''
Movies |
മുകേഷ്ജിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ റേഡിയോക്ക് മുന്നില്‍ തപസ്സിരുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്‍
Books |
ആരാധന തീര്‍ന്നു നടയടച്ചു, ആല്‍ത്തറ വിളക്കുകള്‍ കണ്ണടച്ചു..
 
More from this section
kaithapram
ഇല്ല…ദേവാങ്കണങ്ങൾ കയ്യൊഴിയില്ല ഈ താരകത്തെ 
KS Chithra
' രാസാത്തീ , നീ റൊമ്പ നന്നായി പാടിയിരിക്ക് ''
chndrasekhar & mukesh
മുകേഷ്ജിയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ റേഡിയോക്ക് മുന്നില്‍ തപസ്സിരുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്‍
KJ Yesudas singer Birthday special evergreen songs Malayala Cinema
യേശുദാസിനെ തളര്‍ത്തിയ സൗണ്ട് എഞ്ചിനീയര്‍
Yesudas
സംവിധായകനാകാൻ മോഹിച്ച യേശുദാസും ഉപേക്ഷിക്കപ്പെട്ട പ്രിയസഖിക്കൊരു ലേഖനവും ശ്രുതിലയവും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.