ലഘട്ടമായി ഏഴുപതിറ്റാണ്ടോളമാണ് ഓള്‍ ഇന്ത്യ റേഡിയോ ഹാര്‍മോണിയത്തെ പടിക്കുപുറത്ത് നിര്‍ത്തിയത്. ചരിത്രത്തിന്റെ ഭാഗമായ ആ നിരോധനത്തിന് പൂര്‍ണവിരാമമിട്ടുകൊണ്ട് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് ആകാശവാണിയുടെ ദേശീയ സംഗീതപരിപാടിയില്‍ സോളോ ഹിന്ദുസ്ഥാനി ഹാര്‍മോണിയം കച്ചേരി അവതരിപ്പിച്ച രവീന്ദ്ര ഗുരുരാജ് കാട്ടോടിക്ക് പക്ഷേ, പരിഭവമൊന്നുമില്ല: ''വിധിനിയോഗമായേ ഞാനതിനെ കാണുന്നുള്ളൂ. നിലവിലുള്ള വ്യവസ്ഥിതിക്ക് ഉള്ളില്‍നിന്നുകൊണ്ട് മറ്റെന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഇത്ര കാലത്തിനുശേഷം ഹാര്‍മോണിയത്തെ അംഗീകരിക്കാന്‍ ആകാശവാണി തയ്യാറായി എന്നതാണ് പ്രധാനം. അതിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.''

പണ്ഡിറ്റ് ഭീംസെന്‍ ജോഷിയും ഗംഗുബായ് ഹംഗലും പണ്ഡിറ്റ് ജസ്‌രാജും ഉള്‍പ്പെടെ ഇതിഹാസതുല്യരായ സംഗീതജ്ഞര്‍ക്കൊപ്പം വേദിപങ്കിട്ടിട്ടുള്ള രവിജിക്ക് ഒരു കാര്യത്തിലേയുള്ളു ദുഃഖംപഴയ തലമുറയില്‍പ്പെട്ട എത്രയോ മഹാന്മാരായ ഹാര്‍മോണിയം കലാകാരന്മാര്‍ക്ക് റേഡിയോയിലൂടെ സ്വന്തം പ്രതിഭ ലോകത്തെ അറിയിക്കാനുള്ള അവസരം നഷ്ടമായി; സംഗീതപ്രേമികള്‍ക്ക് അവരുടെ പ്രകടനം ആസ്വദിക്കാനുള്ള ഭാഗ്യവും. ഹാര്‍മോണിയം ഭാരതീയസംഗീതത്തിന്റെ തനിമ നശിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് മഹാകവി ടാഗോറാണ്. 'അകമ്പടിവാദ്യമായി നമ്മുടെ സംഗീതജ്ഞര്‍ ഹാര്‍മോണിയം ഉപയോഗിക്കുന്നതിന് ഞാന്‍ പണ്ടേ എതിരാണ്' 1940 ജനുവരി 17ന് കൊല്‍ക്കത്ത റേഡിയോനിലയത്തിന്റെ  ഡയറക്ടര്‍ അശോക് കുമാര്‍ സെന്നിന് അയച്ച കത്തില്‍ ഗുരുദേവ് എഴുതി. 'ശാന്തിനികേതനില്‍ പൂര്‍ണമായിത്തന്നെ ഹാര്‍മോണിയം നിരോധിച്ചു കഴിഞ്ഞു. നിങ്ങളും ആ വഴി തിരഞ്ഞെടുക്കുകയാണെങ്കില്‍ നമ്മുടെ സംഗീതത്തിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും മഹത്തായ സേവനമായിരിക്കും അത്...'

പിന്നാലെവന്നൂ പണ്ഡിറ്റ് നെഹ്രുവിന്റെ രൂക്ഷവിമര്‍ശം. ഹാര്‍മോണിയത്തില്‍ നിന്ന് ഒഴുകുന്ന നാദവീചികളെ അസഹനീയമെന്ന് വിശേഷിപ്പിക്കാന്‍ മടിച്ചില്ല സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. (സംഗീതനിരൂപകന്‍ സുരേഷ് ചക്രവര്‍ത്തിയുടെ ലേഖനം: 'ശുദ്ധസാഗര്‍ തീരേ', ദേശ് വാരിക 1979) കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഹാര്‍മോണിയത്തിന്റെ അകമ്പടിയോടെ വേദിയില്‍ അരങ്ങേറിയിരുന്ന ദേശഭക്തി ഗാനാവതരണത്തിലെ അപശ്രുതി പ്രളയമായിരിക്കണം നെഹ്രുവിനെ ഈ കാഴ്ചപ്പാടിലേക്ക് നയിച്ചത്. എതിര്‍പ്പുകളുയര്‍ത്തിയത് അതികായന്മാരായതിനാല്‍ ഹാര്‍മോണിയത്തെ  റേഡിയോയില്‍ നിന്ന് ഇറക്കിവിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു അന്നത്തെ പ്രക്ഷേപണ മേധാവി ലയണല്‍ ഫെല്‍ഡന്. 1940 മാര്‍ച്ച് ഒന്നിന് അങ്ങനെ ഹാര്‍മോണിയം എ.ഐ.ആറില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. സോളോ കച്ചേരികള്‍ക്ക് മാത്രമല്ല അകമ്പടിവാദ്യമായിപ്പോലും ഹാര്‍മോണിയം ഉപയോഗിച്ചുകൂടാ എന്നായിരുന്നു നിബന്ധന.

എന്തായിരുന്നു സംഗീതപണ്ഡിതരുടെ കടുത്ത 'പെട്ടിവിരോധ'ത്തിനുപിന്നില്‍? യൂറോപ്പില്‍ നിന്ന്  ഇറക്കുമതി ചെയ്യപ്പെട്ട ഈ ഉപകരണം ഇന്ത്യന്‍ സംഗീതഭാവുകത്വത്തിന് തെല്ലും ഇണങ്ങുകയില്ലെന്ന് ഉറച്ചുവിശ്വസിച്ചു പാരമ്പര്യവാദികള്‍ (ഫ്രഞ്ചുകാരന്‍ അലക്‌സാണ്ടര്‍ ഡിബെയ്ന്‍ ആണ് ഹാര്‍മോണിയത്തിന് ആ പേരിട്ടതും 1840ല്‍ പേറ്റന്റ് സമ്പാദിച്ചതും). വേറെയുമുണ്ടായിരുന്നു പരാതികള്‍: ശാസ്ത്രീയരാഗങ്ങളുടെ സൂക്ഷ്മഘടകങ്ങള്‍ ഒരിക്കലും ഒപ്പിയെടുക്കാനാവില്ല ഹാര്‍മോണിയത്തിന്. ഗമകങ്ങളും 'മീണ്ടു'കളും അതിന് വഴങ്ങുകയേയില്ല. ഒരു സ്വരത്തില്‍ നിന്ന് അടുത്ത സ്വരത്തിലേക്ക് ചാടിച്ചാടി പോകാനേ കഴിയൂ ഹാര്‍മോണിയത്തിന്. അതൊരിക്കലും സ്വാഭാവികമായ ഒരു ഒഴുക്കാവില്ല.

'പാശ്ചാത്യസംഗീതത്തിന്റെ അടിസ്ഥാനം  ഹാര്‍മണിയമാണ്; ഇന്ത്യന്‍ സംഗീതത്തിന്റേത് മെലഡിയും. ഒരു കൈകൊണ്ട് ഹാര്‍മോണിയത്തിന്റെ ബെല്ലോസ് ചലിപ്പിക്കുകയും മറ്റേ കൈകൊണ്ട് മെലഡി വായിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന് പൂര്‍ണതയുണ്ടാവില്ല' പ്രക്ഷേപണരംഗത്തെ കുലപതിയായ  ലയണല്‍ ഫെല്‍ഡന്‍ എഴുതി. ഹാര്‍മോണിയത്തിന്റെ ശ്രുതിശുദ്ധിയിലും ഉണ്ടായിരുന്നു പലര്‍ക്കും സംശയം. എന്നിട്ടും പ്രഗല്ഭരായ പല സംഗീതജ്ഞരും കച്ചേരികളില്‍ അകമ്പടിക്ക് ഹാര്‍മോണിയത്തെ ആശ്രയിച്ചു എന്നത് വിരോധാഭാസമായി തോന്നാം. ഉസ്താദ് ബഡേഗുലാം അലി ഖാന്‍, പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ബേഗം അക്തര്‍, അമീര്‍ ഖാന്‍, ഫയാസ് ഖാന്‍ തുടങ്ങിയ ഹിന്ദുസ്ഥാനി ഗായകര്‍; ചെമ്പൈ, എസ്.ജി. കിട്ടപ്പ, രാജ അയ്യങ്കാര്‍ തുടങ്ങിയ കര്‍ണാടക സംഗീതജ്ഞര്‍...

ഇന്ത്യ സ്വതന്ത്രയായിട്ടും ഹാര്‍മോണിയത്തിന്റെ അസ്പൃശ്യത അവസാനിച്ചില്ല. 1952ല്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയായി ചുമതലയേറ്റ ബാലകൃഷ്ണ വിശ്വനാഥ് കേസ്‌കര്‍ നിരോധനം കുറേക്കൂടി കര്‍ശനമാക്കി. ജനപ്രിയസംഗീതം ശാസ്ത്രീയസംഗീതത്തെ നശിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് ചലച്ചിത്രഗാനങ്ങളെവരെ റേഡിയോയില്‍നിന്ന് പടിയിറക്കിവിട്ട വിദ്വാനാണ് കേസ്‌കര്‍ എന്നോര്‍ക്കുക. ഹാര്‍മോണിയം കലാകാരന്മാര്‍ക്ക് ഓഡിഷനുള്ള അവസരം പോലുമുണ്ടായിരുന്നില്ല അക്കാലത്ത്. ഈ അവഗണനയോട് പല്ലും നഖവും ഉപയോഗിച്ച് പൊരുതിയവരാണ് മോണ്‍ടു ബാനര്‍ജിയെയും മനീന്ദ്ര മോഹന്‍ ബാനര്‍ജിയെയുംപോലുള്ള പ്രതിഭാശാലികള്‍. സുദീര്‍ഘമായ ആ പോരാട്ടം ഫലംകണ്ടത് 1971 ഒക്ടോബറില്‍ മോണ്‍ടു ബാനര്‍ജിക്ക് സോളോ കച്ചേരി അവതരിപ്പിക്കാന്‍ കൊല്‍ക്കത്ത ആകാശവാണി അനുമതി നല്‍കിയപ്പോഴാണ്.

nehru and tagore

പതുക്കെ ഹിന്ദുസ്ഥാനി കച്ചേരികളില്‍ അകമ്പടിവാദ്യമായി ഹാര്‍മോണിയം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പക്ഷേ, ആ സുവര്‍ണകാലവും അധികം നീണ്ടില്ല. 1974ല്‍ വീണ്ടും നിരോധനം പ്രാബല്യത്തില്‍വരുന്നു. പിന്നെയും ശൂന്യത. 42 വര്‍ഷത്തെ ആ ഇടവേള അവസാനിപ്പിച്ചത് ധാര്‍വാര്‍ നിലയത്തില്‍ 2016 ജൂലായ് 10ന് രവീന്ദ്ര കട്ടോടി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സോളോ കച്ചേരിയാണ്. രണ്ടുവര്‍ഷത്തിനുശേഷം ദേശീയ സംഗീതപരിപാടിയില്‍ രവിജിയുടെ കച്ചേരി ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടതോടെ ഹാര്‍മോണിയത്തിന്റെ 'സ്വാതന്ത്ര്യപ്രഖ്യാപനം' പൂര്‍ണമായി.

ഒട്ടും സുഗമമായിരുന്നില്ല സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള രവീന്ദ്ര കാട്ടോടിയുടെ ഏകാംഗപ്രയാണം. പ്രധാന കടമ്പ ഓഡിഷന്‍തന്നെ.  ഹാര്‍മോണിയത്തിന് ഗ്രേഡിങ് സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല ആദ്യകാലത്ത്. അത് നടപ്പില്‍വന്ന 1997ല്‍ തന്നെ രവിജി ബി ഹൈ ഗ്രേഡ് നേടി. എ ഗ്രേഡിനുള്ള നീണ്ട കാത്തിരിപ്പായിരുന്നു പിന്നെ. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ ആ നേട്ടം കൈവരിച്ചപ്പോള്‍ ആകാശവാണിയുടെ ചരിത്രത്തില്‍ത്തന്നെ എ ഗ്രേഡ് നേടുന്ന ആദ്യ ഹാര്‍മോണിയം കലാകാരനായി മാറി അദ്ദേഹം.

പക്ഷേ, അതൊന്നും റേഡിയോയില്‍ ഒരു ഹിന്ദുസ്ഥാനി സോളോകച്ചേരി നടത്താനുള്ള യോഗ്യതയായിരുന്നില്ല. ഗത്യന്തരമില്ലാതെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയെയും എ.ഐ.ആറിന്റെ ഡയറക്ടര്‍ ജനറലിനെയും സമീപിക്കേണ്ടിവരുന്നു രവിജിക്ക്. ''പരീക്ഷണാടിസ്ഥാനത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ വഴിയൊരുക്കിയത് അവരുടെ ഇടപെടലാണ്. എന്തായാലും ആകാശവാണിയുടെ ഈ പുതിയ തുടക്കം ഹാര്‍മോണിയത്തില്‍ പ്രതിഭ തെളിയിച്ചുവരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. പാട്ടുപെട്ടിയുടെ തൊട്ടുകൂടായ്മ ഇതോടെ അസ്തമിച്ചെന്നുവേണം കരുതാന്‍.''

പൂര്‍ണമായി അസ്തമിച്ചോ? സംശയമാണ്. ഹാര്‍മോണിയവിരോധികള്‍ ഇന്നും കുറവല്ല സംഗീതലോകത്ത്. പെട്ടിയെ അധഃകൃതവാദ്യമായി കരുതുന്നവര്‍. അവര്‍ക്കുനല്‍കാന്‍ ചുട്ടമറുപടികളുണ്ട് രവിജിയുടെ പക്കല്‍.''പരിമിതികള്‍ ഏറെയുള്ള ഉപകരണമാണ് ഹാര്‍മോണിയമെന്ന് പലരും പറയുന്നു. ഏത് ഉപകരണത്തിനാണ് പരിമിതികളില്ലാത്തത്. ജല്‍തരംഗില്‍നിന്ന് നിങ്ങള്‍ക്ക് മീണ്ട് സൃഷ്ടിക്കാനാകുമോ? പരിമിതികളെ അതിജീവിക്കുകയെന്നത് ആര്‍ട്ടിസ്റ്റിന്റെ ദൗത്യമാണ്. അല്ലാതെ ഉപകരണത്തിന്റെയല്ല. ഡോ. ബാലമുരളീകൃഷ്ണ ഒരിക്കല്‍ പറഞ്ഞപോലെ നിലവാരമില്ലാത്ത സംഗീതജ്ഞരെവേണം  നിരോധിക്കാന്‍; അല്ലാതെ ഉപകരണത്തെ നിരോധിക്കുന്നതില്‍ എന്തുണ്ട് നീതി?''രവിജിയുടെ ചോദ്യം. ഹാര്‍മോണിയത്തെ വരുതിയിലാക്കാന്‍ ആദ്യം അതിന്റെ ഭാഷ ഹൃദിസ്ഥമാക്കണം. ഛന്ദസ്സിനെക്കുറിച്ച് അറിയണം. കണക്കുകളുടെയും അളവുകളുടെയും വ്യാകരണത്തിന്റെയും അടിസ്ഥാനത്തിലല്ല  സംഗീതോപകരണങ്ങളെ  വിലയിരുത്തേണ്ടതെന്ന് രവിജി ഓര്‍മിപ്പിക്കുന്നു.

ഭാവാവിഷ്‌കാരമാണ് പ്രധാനം. ഗമകം, മീണ്ട് തുടങ്ങിയ സാങ്കേതികഘടകങ്ങളെല്ലാം ഒത്തുവന്നാലും നമ്മള്‍ അവതരിപ്പിക്കുന്ന സംഗീതത്തില്‍ ആത്മാവില്ലാതെ വന്നാല്‍ എന്ത് പ്രയോജനം? കീബോര്‍ഡിന്റെ വരവാണ്  ഒരു പരിധിവരെ ഇന്ത്യന്‍സംഗീതത്തിന്റെ തനിമ നശിപ്പിച്ചതെന്ന കാര്യത്തില്‍ സംശയമില്ല രവിജിക്ക്: ''ഹാര്‍മോണിയത്തെ മാത്രമല്ല, മറ്റെല്ലാ തനത് ഇന്ത്യന്‍ വാദ്യങ്ങളെയും നിര്‍ദയം തുടച്ചുനീക്കിക്കളഞ്ഞു കീബോര്‍ഡ്. സിന്തറ്റിക് ശബ്ദവും സ്വരങ്ങളും പതിറ്റാണ്ടുകളോളം നമ്മുടെ സംഗീതത്തിന്റെ മുഖമുദ്രയായി. എത്രയോ കഴിവുള്ള കലാകാരന്മാര്‍ തൊഴില്‍രഹിതരായി. ഭാഗ്യവശാല്‍ ഇത്രകാലം തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്തെന്ന്  തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു നമ്മുടെ സംഗീതജ്ഞര്‍. മൗലികമായ വാദ്യോപകരണങ്ങളിലേക്ക് തിരിച്ചുപോകുകയാണ് പലരും. അതൊരു നല്ല സൂചനയാണ്.''

കര്‍ണാടകയിലെ ബെല്‍ഗാമില്‍ ജനിച്ച രവീന്ദ്ര കാട്ടോടി എട്ടാം വയസ്സിലാണ് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഹാര്‍മോണിയം അഭ്യസിച്ചുതുടങ്ങിയത്. മഹാസംഗീതജ്ഞനായ രാംഭാവു ബീജാപുരേ ആയിരുന്നു ഗുരു. ''സാങ്കേതികജ്ഞാനംമാത്രം പോരാ, അളവറ്റ മനോധര്‍മംകൂടി വേണം നല്ലൊരു ഹാര്‍മോണിസ്റ്റിനെന്ന് ആദ്യം മനസ്സിലാക്കിത്തന്നത് ഗുരുവാണ്.'' ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സര്‍വ മേഖലകളെയും തഴുകിയൊഴുകുന്നു ഇന്ന്  രവിജിയുടെ സംഗീതസപര്യഖയാല്‍, തുംരി, ധുന്‍, നാട്യഗീത് എന്നിങ്ങനെ. പരീക്ഷണങ്ങളോട് ഒരിക്കലും മുഖംതിരിച്ചുനിന്നിട്ടില്ല അദ്ദേഹം. കര്‍ണാടക സംഗീതജ്ഞരുമായി ചേര്‍ന്ന് ഒട്ടേറെ ജുഗല്‍ബന്ദികള്‍ നടത്തി. മറക്കാനാവാത്ത അനുഭവം ചെന്നൈ മ്യൂസിക് അക്കാദമിയിലെ ചൗഡയ്യ ഹാളില്‍ അവതരിപ്പിച്ച 'ജേണി ഇന്‍ ഹാര്‍മണി' എന്ന പരിപാടിയായിരുന്നു മെലഡിയും ഹാര്‍മണിയും സമന്വയിച്ച ഒരു സംഗീതയജ്ഞം. 'ഹാര്‍മോണിയത്തെ ഒരു അകമ്പടി വാദ്യത്തില്‍നിന്ന് മുന്‍നിര വാദ്യമാക്കാന്‍ കഴിഞ്ഞു എന്നതാണ് അതുകൊണ്ടുണ്ടായ നേട്ടം. വയലിന്‍, വയോള, ചെല്ലോ, ഗിറ്റാര്‍ തുടങ്ങിയ മുഖ്യധാരാ വാദ്യോപകരണങ്ങള്‍ ഹാര്‍മോണിയത്തെ പിന്തുടര്‍ന്നപ്പോള്‍ അതൊരു പുത്തന്‍ സംഗീതാനുഭവമായി.

Content Highlights: Harmonium Air Nehru Tagore Bheemsen Joshi Ravindra Gururaj Katoti