റോഡരികിലെ ഏതോ കടയിൽ നിന്ന് കാതിലേക്കും മനസ്സിലേക്കും ഒഴുകിവന്ന ``ചൗദ്‌ വീ കാ ചാന്ദി''ന്റെ അലൗകിക ഭംഗിയിൽ മുഴുകി തരിച്ചുനിന്ന പയ്യന് അന്നറിയില്ലായിരുന്നു, ആ ഗാനത്തിന്റെ ശില്പി ഒരിക്കൽ തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന്. തിരിച്ചും.

ക്ലാസിക് പാട്ടുകൾ നിരവധി ചെയ്തിട്ടും  ഹിന്ദി സിനിമയുടെ പുറമ്പോക്കിൽ ചെന്നൊടുങ്ങിയ രവി എന്ന രവിശങ്കർ ശർമ്മയെ മുഖ്യധാരയിലേക്ക് -- പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കും -- കൈപിടിച്ച് നിർത്തിയത് ഹരിഹരനാണ്. മലയാളിയുടെ പ്രിയങ്കരനായ ബോംബെ രവിയാക്കി  അദ്ദേഹത്തെ മാറ്റിയതും...

നഖക്ഷതങ്ങൾ, പഞ്ചാഗ്നി, വടക്കൻ വീരഗാഥ, സർഗം, പരിണയം, മയൂഖം ...രവിയും ഹരിഹരനും ഒന്നിച്ച പടങ്ങളെല്ലാം മികച്ച ഗാനങ്ങളാൽ സമൃദ്ധം. ``രവിയെ ചൗദ് വീ കാ ചാന്ദ് എന്ന ഗാനത്തിലൂടെ കുട്ടിക്കാലം മുതലേ അറിയാം. ഹിന്ദിയിൽ മറ്റു പല സംഗീത സംവിധായകരുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷെ ചെയ്ത പാട്ടുകൾ ഭൂരിഭാഗവും ഇന്നും നമ്മൾ ഓർക്കുന്നു -- `ദില്ലി കാ തഗ്ഗി'ലെ യേ  രാതേ യെ മൌസം നദി കാ കിനാരാ, `ഉസ്താദോം കേ  ഉസ്താദി'ലെ സൌ ബാർ ജനം ലേംഗേ, `ഹംറാസി'ലെ  നീലേ ഗഗൻ കേ തലേ ...എല്ലാം എന്റെ ഇഷ്ടഗാനങ്ങൾ. രവിയെ സംഗീത സംവിധായകനായി കൊണ്ടുവന്നാലോ എന്ന് ആദ്യം ആരാഞ്ഞത് എം ടിയോടാണ്. എം ടിക്ക് പൂർണ്ണ സമ്മതം.  മുംബൈയിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയല്ല തന്റേതെന്ന് തുടക്കത്തിൽ  തന്നെ വ്യക്തമാക്കി അദ്ദേഹം. വരികൾ ആദ്യം കിട്ടണം. അർഥം അറിയണം. കഥാപശ്ചാത്തലം വിവരിച്ചു കേൾക്കണം...എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ഞങ്ങൾക്ക്  സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.''

`നഖക്ഷതങ്ങളി'ലെ മഞ്ഞൾ പ്രസാദം ആണ് രവി ആദ്യം ചിട്ടപ്പെടുത്തിയതെന്നോർക്കുന്നു  ഹരിഹരൻ. ``ഓ എൻ വി പല തവണ മാറ്റിയെഴുതിയ പാട്ടാണത്. സ്വയം തൃപ്തി തോന്നാതെ വീണ്ടും വീണ്ടും എഴുതുകയായിരുന്നു. ആദ്യമെഴുതിയത് മനോഹരമായ കവിത തന്നെ. പക്ഷെ സിനിമയിൽ ആ കവിതയുടെ രചയിതാവായി വരുന്ന വിനീതിന്റെ കഥാപാത്രം പത്താം ക്ലാസുകാരനാണ്. ബാലപംക്തിയിൽ എഴുതുന്ന ആ പതിനഞ്ചു വയസ്സുകാരന്റെ   കഴിവിനും ഭാവനക്കും ഒത്ത ഗാനമേ അവിടെ വേണ്ടൂ.  ഉള്ളിലെ മഹാകവിയെ ബോധപൂർവം മാറ്റിനിർത്തി ഒരു ഗ്രാമീണബാലനായി മാറിയാണ് ഓ എൻ വി മഞ്ഞൾ പ്രസാദം എഴുതിയത് എന്നു തോന്നിയിട്ടുണ്ട്. അത്രയും ലളിതവും സുന്ദരവുമാണ് ആ രചന.'' വരികൾ എഴുതിക്കിട്ടിയപ്പോൾ രവി ആദ്യം അന്വേഷിച്ചത് ഗാനത്തിന്റെ ലൊക്കേഷനായ ഗുരുവായൂരിനെ കുറിച്ചാണ്. അവിടത്തെ അന്തരീക്ഷം എങ്ങനെ എന്ന് അറിയണം അദ്ദേഹത്തിന്. 

``ഉടനെ   അസിസ്റ്റന്റ് ഡയറക്റ്റർ   ശ്രീക്കുട്ടനെ വിളിച്ചു വരുത്തി ഗുരുവായൂരിലേക്ക് അയച്ചു ഞാൻ. ക്ഷേത്ര പരിസരത്തെ മുഴുവൻ ശബ്ദങ്ങളും ഒരു ദിവസം   മുഴുവൻ ഇരുന്നു ടേപ്പ് റെക്കോർഡറിൽ പകർത്തി ശ്രീക്കുട്ടൻ. നട തുറക്കുന്നത് മുതൽ അടയ്ക്കും വരെയുള്ള ശബ്ദങ്ങൾ മുഴുവൻ ശ്രദ്ധിച്ചു കേട്ട ശേഷമാണു രവി കമ്പോസിംഗ് തുടങ്ങിയത്.'' ഒരു രഹസ്യം കൂടി പങ്കുവെക്കുന്നു ഹരിഹരൻ. `` ഞാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂഡ്‌ എങ്ങനെ ആവണം എന്ന് നേരത്തെ അന്വേഷിച്ചറിയാറുണ്ട് രവിജി.   നമ്മുടെ ഓർമ്മയിൽ നിന്ന്   ഏതെങ്കിലും പാട്ട് മാതൃകയായി നിർദേശിക്കാം. മഞ്ഞൾ പ്രസാദത്തിനു വേണ്ടി ഞാൻ നിർദേശിച്ച ഗാനം രവി തന്നെ ഗുംറാ എന്ന പടത്തിനു വേണ്ടി ചെയ്തതായിരുന്നു - ആജാ ആജാരെ തുജ്കോ മേരെ പ്യാർ പുകാരേ... ആ പാട്ടിന്റെ ഘടനയും മൂഡും    മനസ്സിൽ  കണ്ടു ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു  മഞ്ഞൾപ്രസാദം.   മോനിഷയുടെ നിഷ്കളങ്കമുഖം  മനസ്സിൽ തെളിയും ഇന്നും ആ പാട്ട് കേൾക്കുമ്പോൾ. ''

ഒന്നിനൊന്നു മികച്ച ഗാനങ്ങൾ പിന്നാലെ വന്നു --  ആരെയും  ഭാവ ഗായകനാക്കും , നീരാടുവാൻ നിളയിൽ നീരാടുവാൻ.. പിന്നെ ജയചന്ദ്രൻ പാടിയ കേവല മർത്ത്യ ഭാഷ കേൾക്കാത്ത.. ``സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിഞ്ഞുപോയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ആറു പാട്ടുകൾ വെച്ചൊരു സിനിമ ചെയ്യുന്നു എന്ന് കേട്ടപ്പോൾ നിർമാതാവും വിതരണക്കാരും സിനിമയിലെ മറ്റു സുഹൃത്തുക്കളും ഒക്കെ നിരുൽസാഹപ്പെടുത്തി. ഹരൻ, എന്തിനാ ഇത്രയും പാട്ട്? അത് സിനിമയുടെ  ഒഴുക്കിനെ ബാധിക്കില്ലേ? ജനം ബോറടിച്ചു എഴുന്നേറ്റു പോകില്ലേ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. പക്ഷെ പടം റിലീസായതോടെ എല്ലാവരും  അഭിപ്രായം മാറ്റി. ഒരിക്കലും സിനിമയിൽ പാട്ടിനു വേണ്ടി പാട്ട് തിരുകിക്കയറ്റുന്ന ശീലം എനിക്കില്ല. തിരക്കഥയിൽ  അനുയോജ്യമായ സിറ്റുവേഷൻ ഉണ്ടെങ്കിലെ പാട്ട് ഉൾപ്പെടുത്തു. കഥയുമായി അവ ഇഴുകിച്ചേർന്ന് നിൽക്കണം എന്ന നിർബന്ധമുണ്ട്. അനുയോജ്യമായ സന്ദർഭങ്ങൾ ഇല്ലാത്ത സിനിമകളിൽ പാട്ട് വേണ്ടെന്നു വെക്കാൻ മടിച്ചിട്ടില്ല.'' അമൃതംഗമയയിൽ ഒരൊറ്റ പാട്ട് പോലും ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കുന്നു ഹരിഹരൻ. എം ബി എസ്സിന്റെ  പശ്ചാത്തല സംഗീതമായിരുന്നു  ആ പടത്തിന്റെ ജീവൻ.

``വടക്കൻ വീരഗാഥ''യിലും പാട്ടുകൾ  അധികപ്പറ്റാവും എന്നായിരുന്നു എം ടി വാസുദേവൻ നായരുടെയും നായകനായ മമ്മുട്ടിയുടെയും കാഴ്ചപ്പാട്. തിരക്കഥ വായിച്ച ശേഷം മമ്മുട്ടി പറഞ്ഞു: ``പഴുതുകൾ ഒന്നുമില്ലാത്ത, നല്ല ഒഴുക്കുള്ള തിരക്കഥയാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ടുകൾ വന്നാൽ അത് കഥാഗതിയെ ബാധിക്കും. പാട്ട് പൂർണ്ണമായും ഒഴിവാക്കണം എന്നാണു എന്റെ പക്ഷം.''   ആ അഭിപ്രായം മുഴുവനായി ഉൾക്കൊള്ളാൻ പ്രയാസം തോന്നി സംവിധായകന്. പടം ഹരിഹരന്റേതാകുമ്പോൾ ജനം കുറച്ചു നല്ല പാട്ട് പ്രതീക്ഷിക്കും എന്ന് ഉറപ്പ്. പോരാത്തതിന് ഇതൊരു വടക്കൻ പാട്ട് ചിത്രവും.  തിരക്കഥ പലയാവർത്തി ശ്രദ്ധയോടെ വായിച്ചപ്പോൾ രണ്ടോ മൂന്നോ സിറ്റുവേഷനിൽ ഗാനങ്ങൾ ഉണ്ടാവുന്നത് അഭംഗി ആവില്ല എന്ന് തോന്നി ഹരിഹരന്. കഥയുമായി ഒത്തുപോകുന്നിന്നില്ലെങ്കിൽ   ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തി വെക്കാൻ എം ടിയിൽ നിന്ന് സമ്മതം വാങ്ങുന്നു ഹരൻ.

സിനിമയിലെ ഗുരുവായ എം കൃഷ്ണൻ നായരുടെ മകൻ കെ ജയകുമാറിനെയാണ് ഹരിഹരൻ പാട്ടെഴുതാനുള്ള  ചുമതല ഏൽപ്പിച്ചത്. കോഴിക്കോട് കളക്റ്ററാണ് അന്ന് ജയകുമാർ. ഔദ്യോഗിക ചുമതലകളുമായി   ശ്വാസം വിടാൻ പോലും സമയമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. നിമിഷങ്ങൾക്ക് പോലും പൊന്നുവിലയുള്ള കാലം. തിരക്കുകളുടെ നടുവിൽ   നിന്ന് ഒരു നാൾ ജയകുമാറിനെ ``വടക്കൻ വീരഗാഥ''യുടെ നിർമാതാവ് പി വി ഗംഗാധരൻ  അളകാപുരിയിലേക്ക് ``റാഞ്ചി''ക്കൊണ്ട് വരുന്നു. കഥാ സന്ദർഭം വിവരിച്ചു കേട്ട ശേഷം  അളകാപുരിയിലെ ഒരു കോട്ടേജിൽ കയറി വാതിലടക്കുന്നു അദ്ദേഹം.  പത്തേ പത്തു മിനുട്ടേ വേണ്ടിവന്നുള്ളൂ പല്ലവി എഴുതിത്തീർക്കാൻ: ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ....ആദ്യ വരി വായിച്ചപ്പോഴേ എം ടി പറഞ്ഞു: നന്നായിരിക്കുന്നു; ഉണ്ണിയാർച്ചയുടെ സൌന്ദര്യം മുഴുവൻ വന്നിട്ടുണ്ട്. ഇനി ബാക്കി കൂടി എഴുതാം. ``സാധാരണ ഏതു പാട്ടും കയ്യിൽ കിട്ടിയാൽ നാലും അഞ്ചും തവണ മാറ്റിയെഴുതിച്ചാലേ എനിക്ക് തൃപ്തി വരൂ. പക്ഷെ ജയകുമാർ  എഴുതിയ പാട്ടിൽ ഒരക്ഷരം മാറ്റേണ്ടി വന്നില്ല.,'' ഹരിഹരൻ പറയുന്നു.  അടുത്തൊരു ദിവസം പിന്നെയും ജയകുമാറിനെ മുറിയിലിട്ട് അടച്ചു മറ്റൊരു പാട്ട് കൂടി എഴുതിച്ചെടുത്തു ഹരിഹരൻ : കളരി വിളക്ക്‌ തെളിഞ്ഞതാണോ.... നിമിഷങ്ങൾക്കകം പിറന്നു വീണതു തന്നെ അതും.

കൈതപ്രം രചിച്ച  ``ഇന്ദുലേഖ കൺതുറന്നൂ'' എന്നൊരു മനോഹര ഗാനം കൂടിയുണ്ട് ആ ചിത്രത്തിൽ.  രവി ഈണമിട്ട ആ പാട്ടുകൾ എല്ലാം ഇന്നും മലയാളികൾ മൂളി നടക്കുന്നു.  പടം റിലീസായ ദിവസം  സംവിധായകന്  ലഭിച്ച ആദ്യത്തെ ഫോൺ കോളുകളിൽ ഒന്ന് മമ്മുട്ടിയുടെതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ മമ്മുട്ടി  പറഞ്ഞു: ``സാർ , പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് ആളുകൾ പറയുന്നു.  എന്റെ പഴയ അഭിപ്രായം ഞാൻ പിൻ‌വലിക്കുകയാണ്.'' ആശ്വാസവും  സന്തോഷവും  തോന്നിയെന്ന് ഹരിഹരൻ: ``മലയാളി പ്രേക്ഷകരെ കുറിച്ചുള്ള എന്റെ വിലയിരുത്തൽ തെറ്റാറില്ല  എന്ന് ഒരിക്കൽ കൂടി തെളിഞ്ഞ സന്ദർഭം.

ഇന്ന്   കാണുമ്പോഴും പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ വടക്കൻ വീരഗാഥ  അപൂർണ്ണമായേനെ എന്ന് തോന്നാറുണ്ട്.  മമ്മുട്ടിയുടെ അഭിനയമികവും സൗന്ദര്യവും ഇന്ദുലേഖ എന്ന ഗാനത്തിന്റെ  പ്രണയ ഭാവവും പൂനിലാവൊഴുകുന്ന രാത്രിയും ഒന്നുമില്ലാതെ  വടക്കൻ വീരഗാഥ എന്ന സിനിമയുണ്ടോ?'' നിലാവുള്ള രാത്രിയാണ് പഞ്ചാഗ്നിയിലെ ``സാഗരങ്ങളെ'' എന്ന  പാട്ടിന്റെ അന്തരീക്ഷവും; കഥാ സന്ദർഭം വ്യത്യസ്തമാണെങ്കിലും. ``പൊതുവെ സിനിമയിൽ പാട്ടുകൾ ഉപയോഗിക്കുന്നതിൽ താൽപര്യമില്ലാത്ത  എം ടി പോലും ആ ഗാനത്തെ ശ്ലാഘിച്ചു കേട്ടിട്ടുണ്ട്.  ഒരു വീടിന്റെ മുറ്റത്ത്    രണ്ടു കഥാപാത്രങ്ങളെ മാത്രം വെച്ച് ചെയ്ത ആ ഗാനരംഗം കഥയുടെ എല്ലാ വൈകാരിക ഭാവവും  ഉൾക്കൊണ്ടു എന്ന് എം ടി അഭിപ്രായപ്പെട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.   സിനിമാജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ ഒരു അവാർഡ് ആയിരുന്നു അത്.''

Content Highlights : Hariharan Bombay Ravi MT Vasudevan Nair Nakhakshathangal Movie Songs