അറുപതിന്റെ യൗവനകാന്തിയിൽ ജ്വലിച്ചുനിൽക്കുന്ന  പ്രിയ വേണുവിന് ആശംസകൾ.... 

``താനേ പൂവിട്ട മോഹം''

ഹെഡ്ഫോൺ ‍ എന്റെ കാതിൽ വെച്ചു തന്നു അഖ്‌തർ  അലി. ഒഴുകിവന്നത് ജി വേണുഗോപാലിന്റെ വിഷാദമധുരമായ   ശബ്ദം: താനേ പൂവിട്ട മോഹം , മൂകം വിതുമ്പുന്ന നേരം...``സസ്നേഹ''ത്തിനു വേണ്ടി പി.കെ.ഗോപിയും ജോൺസണും ചേർന്ന് സൃഷ്ടിച്ച  ആ പാട്ടിലൂടെ മനസ്സ് ഒരു ഇളംതൂവൽ പോലെ ഒഴുകിപ്പോകവേ, ഹിന്ദി കലർന്ന ഇംഗ്ലീഷിൽ അഖ്തർ പറഞ്ഞു: ``വിശ്വസിക്കുമോ? ഇന്നലെ രാത്രി ഈ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങിയത്...''

അത്ഭുതം തോന്നി. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള ദേവ്കലി എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടി ദുബായിൽ ജോലിയെടുക്കുന്ന ഈ ചെറുപ്പക്കാരൻ എങ്ങനെ  ജി വേണുഗോപാലിന്റെ ആരാധകനായി? ഫുട്ബോൾ റിപ്പോർട്ടിംഗിനായുള്ള ഒരു കൊൽക്കത്ത യാത്രയ്ക്കിടെ ചെന്നൈ -- ഹൌറാ  കോറമണ്ഡൽ എക്സ്പ്രസ്സിന്റെ രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റിൽ  ഇരുന്ന്, വഷങ്ങൾക്കു മുൻപ്  അഖ്‌തർ   വിവരിച്ച ആ കഥ ഇന്നും ഓർമ്മയിലുണ്ട്: ``ദുബായിൽ ഒപ്പം ജോലി ചെയ്യുന്ന മലയാളി സുഹൃത്തിന്റെ ഭാര്യ സമ്മാനിച്ചതാണ്‌ ഈ കാസറ്റ്. സത്യം പറഞ്ഞാൽ സിനിമാപ്പാട്ട് കേൾക്കാറില്ല ഞാൻ. സൂഫി സംഗീതത്തോടാണ്  പ്രിയം. ഒരു കൊല്ലത്തോളം ഈ കാസറ്റ് പൊടിപിടിച്ചു കിടക്കുകയായിരുന്നു  എന്റെ സൂട്ട്കേസിൽ. പിന്നീടെന്നോ ഒരു നാൾ, ഇതുപോലൊരു യാത്രയിൽ ആദ്യമായി ആ പാട്ടുകൾ കേട്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നി-- ഒരക്ഷരം പോലും മനസ്സിലാകാതിരുന്നിട്ടു പോലും. പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടം. ഒരു പക്ഷെ ഈ പാട്ടുകാരന്റെ ശബ്ദത്തിൽ അലിഞ്ഞു  ചേർന്നിരുന്ന നേർത്ത വേദനയാകാം എന്നെ ആകർഷിച്ചത്.'' ഒരു നിമിഷത്തെ മൗനത്തിനു ശേഷം അഖ്‌തർ  കൂട്ടിച്ചേർത്തു: ``ലോകത്ത് എവിടെ പോകുമ്പോഴും ഈ കാസറ്റ് കൊണ്ടുപോകാറുണ്ട് ഞാൻ.''

`താനേ പൂവിട്ട മോഹം' എന്ന ഗാനത്തിന്റെ പല്ലവി എനിക്ക് വേണ്ടി മൂളുന്നു അഖ്‌തർ. എല്ലാ ഉച്ചാരണ വൈകല്യങ്ങൾക്കും അപ്പുറത്ത്,  ഭാഷയെ പോലും അപ്രസക്തമാക്കുന്ന സവിശേഷമായ ഒരു ഭാവഭംഗി ആ ഗാനത്തിന് ഉണ്ടെന്നു തിരിച്ചറിയുന്നത്‌ അന്നാണ്. ``ഈ പാട്ടിന്റെ  വരികൾ ഏകാന്തതയെ കുറിച്ചാണോ?,'' കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അഖ്‌തറിന്റെ ചോദ്യം. ഒപ്പം ഒരു ആത്മഗതവും: ``എന്തോ എനിക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന ഒരാൾക്കേ അത് എളുപ്പം മനസ്സിലാകൂ.''  മൊബൈൽ ഫോൺ -- ഇന്റർനെറ്റ്‌ യുഗത്തിനും എത്രയോ മുൻപ്  യാദൃഛികമായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അഖ്തറിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. പക്ഷെ സസ്നേഹത്തിലെ പാട്ട് എപ്പോൾ കേൾക്കുമ്പോഴും തിളങ്ങുന്ന ആ കണ്ണുകൾ ഓർമ്മവരും. സംഗീതാസ്വാദനശീലം  കാസറ്റ് യുഗത്തിൽ നിന്ന്  നിന്ന് സി ഡി യും ഇന്റർനെറ്റും  ഐ പോഡും ഒക്കെ പിന്നിട്ട് പുതുപുത്തൻ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോഴും  തന്റെ പ്രിയഗായകനെ അഖ്തർ അലി ഇന്നും കൂടെ കൊണ്ട് നടക്കുന്നുണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു ഞാൻ. 

അഖ്‌തർ  അലി ഒറ്റപ്പെട്ട ഉദാഹരണമല്ല. ഏകാകിയുടെ വ്യഥകളും വികാരങ്ങളും പ്രതിഫലിക്കുന്ന ശബ്ദവും ആലാപനവുമാണ് വേണുവിന്റെത് എന്ന് മറ്റു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. തലത്ത് മഹമൂദിന്റെയും മുകേഷിന്റെയും ഭുപീന്ദർ സിംഗിന്റെയും ജനുസ്സിൽ പെടുത്താവുന്ന  ശബ്ദം. മുകേഷ് ആംസൂ ഭരീ ഹേ യെ ജീവൻ കെ രാഹേം എന്ന് വിതുമ്പുമ്പോൾ, തലത്ത് ഹം സെ ആയാ ന ഗയാ  തും സേ ബുലായാ നാ ഗയാ എന്ന് മന്ത്രിക്കുമ്പോൾ ,  ഭുപീന്ദർ ഏക്‌ അകേലാ ഇസ്‌ ശഹർ മേ എന്ന്  നൊമ്പരപ്പെടുമ്പോൾ ഏതോ എകാന്തപഥികന്റെ ആത്മഗതമായി നമ്മുടെ മനസ്സിൽ വന്നു നിറയുന്നു ആ പാട്ടുകൾ. ``കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ'' എന്ന് സിനിമക്ക് വേണ്ടി  പാടുമ്പോഴും,  എൻ.എൻ. കക്കാടിന്റെ ``ആർദ്രമീ  ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ'' എന്ന കവിതയ്ക്ക് പതിഞ്ഞ ശബ്ദചിറകുകൾ നല്കുമ്പോഴും അതേ വൈകാരിക തലത്തിലൂടെയാണ് വേണു ശ്രോതാവിനെ കൈപിടിച്ചു കൊണ്ടുപോകുക. മറ്റൊരർത്ഥത്തിൽ,  മലയാള സിനിമാ സംഗീതത്തിലെ ഏകാന്തപഥികനാണ് വേണുഗോപാൽ. പൂർവമാതൃകകളില്ലാത്ത ഒരു ആലാപന ശൈലിയുടെ ഉടമ.

വേണുവിനെ കുറിച്ചുള്ള എന്റെ ആദ്യ ലേഖനത്തിന് (1980 കളുടെ മദ്ധ്യം) കലാകൌമുദി ഫിലിം മാഗസിൻ നൽകിയ തലക്കെട്ട് ഓർമ്മയുണ്ട്: ``ആയിരം ക്ലോണുകൾക്കിടയിൽ ഒരു ഒറിജിനൽ.'' ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ താരാട്ടിന് പിന്നിലെ സൗമ്യമധുരമായ ശബ്ദത്തെ മലയാളികൾ കൌതുകത്തോടെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നതെയുള്ളൂ. തൂവെള്ള ഷർട്ടും പാന്റ്സുമിട്ട് `ഇടയകന്യകേ'  പാടി ഗാനമേള തുടങ്ങുന്ന കാക്കത്തൊള്ളായിരം യേശുദാസ് അനുകർത്താക്കളാൽ നിബിഡമായിരുന്ന   നമ്മുടെ സംഗീതലോകത്ത് വ്യക്തിത്വമാർന്ന ശബ്ദവുമായി തലയുയർത്തിനിന്നു  ആ ചെറുപ്പക്കാരൻ. പിന്നീട് എത്രയെത്ര മനോഹര ഗാനങ്ങൾ. പാടിയ പാട്ടുകളുടെ എണ്ണമല്ല,  അവയോരോന്നും ആസ്വാദക ഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്ന  പ്രതീക്ഷകളും നൊമ്പരങ്ങളും പ്രണയവും ഒക്കെയാകും   വേണുഗോപാലിന്റെ പേരിനു കീഴെ കാലം എഴുതിച്ചേർക്കുക.

മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സിനിമാ ജീവിതത്തിന്റെ ഓർമ്മകളിലൂടെ തിരിച്ചു നടക്കുമ്പോൾ ഒരു പാട് മുഖങ്ങൾ വേണുവിന്റെ മനസ്സിൽ തെളിയുന്നു. അവരിൽ പാട്ടിന്റെ വഴിയിലൂടെ ആദ്യമായി കൈ പിടിച്ചു നടത്തിച്ച വല്യമ്മമാരുണ്ട്; സ്നേഹം ചൊരിഞ്ഞ സുഹൃത്തുക്കളുണ്ട്; അനുഗ്രഹം പകർന്ന ഗുരുഭൂതന്മാരുണ്ട്; വിസ്മയിപ്പിച്ച എഴുത്തുകാരും മഹാസംഗീതകാരന്മാരുമുണ്ട്....ഈ വ്യക്തികളിലൂടെ, അവരുടെ ദീപ്ത സ്മരണകളിലൂടെ സംഭവ ബഹുലമായ ഒരു കാലഘട്ടം വീണ്ടെടുക്കുകയാണ് ``ഓർമ്മച്ചെരാതുകളി''ലൂടെ വേണുഗോപാൽ. ലളിത സുന്ദരമായ രചനാ ശൈലിയുമായി    ഈ സ്മൃതിയാത്രയിൽ വേണുവിനെ അനുഗമിക്കുന്നു, പത്രപ്രവർത്തകനും സംഗീതപ്രേമിയുമായ ശ്രീജിത്ത് വാര്യർ; നിശബ്ദനായി; ഒരു ആസ്വാദകന്റെ തെളിഞ്ഞ  മനസ്സോടെ.

വെറുമൊരു ആത്മകഥയല്ല ഇത്. മലയാള സിനിമാ സംഗീത ചരിത്രത്തിലെ സംഭവബഹുലമായ   ഒരു അദ്ധ്യായം കൂടിയാണ്. സിനിമയിലെന്ന പോലെ സംഗീതത്തിലും വിപ്ലവാത്മകമായ മാറ്റങ്ങളുടെ കാലമായിരുന്നു കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ. അനലോഗിൽ നിന്ന് റെക്കോർഡിംഗ്  ഡിജിറ്റൽ കാലത്തേക്ക് വളർന്നതും  ഗാനസൃഷ്ടി വിശാലമായ  സ്റ്റുഡിയോകളിൽ നിന്ന്  ലാപ്‌ടോപ്പിന്റെ കീബോർഡിലേക്ക് ചുരുങ്ങിയതും സാങ്കേതികതയുടെ കുതിച്ചു ചാട്ടമായി ഉദ്ഘോഷിക്കാം നമുക്ക്. പക്ഷെ,  കണ്ണഞ്ചിക്കുന്ന വേഗത്തിലുള്ള ഈ കുതിപ്പിനിടയിൽ എങ്ങോ വെച്ച് നഷ്ടപ്പെട്ടുപോയ ഗാനങ്ങളുടെ ആത്മാവിനെ കുറിച്ച്  ആരോർക്കുന്നു? ഗാനസൃഷ്ടി ഒരു സർഗ പ്രക്രിയ എന്നതിനേക്കാൾ തികച്ചും യാന്ത്രികമായ ഒരു  സാങ്കേതികവിദ്യ ആയിമാറിക്കൊണ്ടിരിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത് എന്നോർക്കുക. ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്ന  അർത്ഥദീപ്തമായ ലളിത ഗാനങ്ങൾ ഉറക്കമിളച്ചിരുന്നു കേട്ടും ആസ്വദിച്ചും പാടിയും വളർന്ന തലമുറയുടെ പ്രതിനിധി എന്ന നിലയിൽ  ആ സംഗീത ശാഖയുടെ അപചയത്തിൽ വേണുവിനു ദുഃഖം തോന്നുക സ്വാഭാവികം. ഒരു പരിധി വരെ ഇത്തരം ആശങ്കകളും  പങ്കുവെക്കുന്നുണ്ട് വേണുഗോപാൽ  ഈ ഓർമ്മക്കുറിപ്പുകളിൽ: ``അഴിമുഖത്തെ നദീജലത്തിന്റെ വേർതിരിവ് എന്നെ ഇപ്പോഴും ആകർഷിച്ചിട്ടുണ്ട്. എല്ലാ നദികൾക്കും അവയുടേതായ പ്രത്യേകതകൾ അഴിമുഖം വരെ പ്രദർശിപ്പിക്കാൻ സാധിക്കുന്നു. സിനിമാ സംഗീതത്തിലെ പിന്നണി ശബ്ദങ്ങളും ഇത്തരത്തിലായിരുന്നു ഒരു കാലം വരെ. അവരുടെ വ്യത്യസ്തവും വ്യതിരിക്തവുമായ വഴികൾ അവർ പ്രദർശിപ്പിച്ചു; സാഗരമായ സിനിമാ സംഗീതത്തിൽ ലയിക്കും വരെ. ഇന്ന് പലപ്പോഴും അഴിമുഖത്തിന്റെ സൌന്ദര്യം നഷ്ടമാകുന്നില്ലേ എന്ന് സംശയം. സിനിമാ സംഗീതമാകുന്ന ഒരു പരന്ന സാഗരം മാത്രം. അഴിമുഖം എവിടെ? ഉള്ളിലെ ഹൃദയ നൊമ്പരങ്ങളെയും പ്രണയ പ്രതീക്ഷകളെയും അങ്ങ് ദൂരെ ഭക്തിയുടെ അപാരതീരങ്ങളെയും, ഇതാ ഇവിടെ ഈ കയ്യെത്തും ദൂരത്തിനരികെ എന്ന് ചൂണ്ടിക്കാണിച്ചിരുന്ന ആ ശബ്ദങ്ങൾ ഇനി വീണ്ടും ജനിക്കുമോ? ലളിത ഗാനത്തിന് ഇനിയുമൊരു നവോത്ഥാന കാലമുണ്ടാകുമോ?''

സിനിമാപ്പാട്ടുകാരനായ വേണുഗോപാലിനെ മാത്രമല്ല സിനിമക്കപ്പുറത്തെ വേണുവിനെയും നാം കണ്ടുമുട്ടുന്നു ഈ താളുകളിൽ. കാൻസർ ബാധിച്ച കുട്ടികൾക്ക് സാന്ത്വനവുമായി ആർ സി സിയുടെ പടവുകൾ കയറിയിറങ്ങുന്ന വേണുഗോപാൽ; തമാശക്കൂട്ടങ്ങളും സൌഹൃദങ്ങളും ഇഷ്ടപ്പെടുന്ന വേണുഗോപാൽ; വായനയുടെ ലോകത്ത് സ്വയം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്ന വേണുഗോപാൽ; റിയാലിറ്റി ഷോകളുടെ കെട്ടുകാഴ്ചകൾക്കിടയിലും സംഗീതത്തോടുള്ള പ്രതിബദ്ധത കെടാതെ സൂക്ഷിക്കാൻ ശ്രമിക്കുന്ന വേണുഗോപാൽ...  ആത്മഗതങ്ങളെ ആത്മപരിശോധനയ്ക്ക് കൂടി വേദിയാക്കുന്ന തികച്ചും വ്യത്യസ്തനായ ഒരു കലാകാരനായി നിറഞ്ഞു നില്ക്കുന്നു വേണു എന്ന വ്യക്തി ഈ ``ഓർമ്മച്ചെരാതുക''ളിൽ. 
``നിരത്തിൽ അംബാസഡർ കാറും ഫിയറ്റ് കാറും കുട്ടിബസ്സുകളും മാത്രമുള്ള കാലത്ത് ബാല്യം കടന്നുപോന്ന ആളാണ്‌ ഞാൻ. സിനിമാ സംഗീത ചരിത്രത്തോടൊപ്പം ഇത്ര കാലവും നടക്കാൻ കഴിഞ്ഞത് കഴിവിനേക്കാൾ ഭാഗ്യമാണ്. ഈ മുപ്പതു വർഷവും ഏതോ അദൃശ്യ കരങ്ങൾ എന്നെ താങ്ങുന്നതായി തോന്നിയിട്ടുണ്ട്; അദൃശ്യമായ കാലടികൾ എന്നെ പിന്തുടരുന്നതായും. ഒരു തികഞ്ഞ ഭക്തനല്ലാത്ത എന്റെ വഴികളിൽ മൂർത്ത പ്രണയത്തിന്റെ മലരുകൾ വിതറി, ഈ നിഗൂഡ സഞ്ചാരിയും എന്നും ഉണ്ടായിരുന്നെന്ന തോന്നൽ ...'' വേണുവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. ആ അദൃശ്യ കരങ്ങൾക്ക് നന്ദി പറയുക നാം. ഒപ്പം ആ കരസ്പർശമേറ്റ ശബ്ദത്തിനും. 

- രവിമേനോൻ (ജി വേണുഗോപാലിന്റെ ഓർമ്മച്ചെരാതുകൾ എന്ന പുസ്തകത്തിന്റെ അവതാരിക)

Content Highlights: G venugopal, Malayalam singer 60th birthday, evergreen hits of G venugopal