നിർമ്മാതാവിന് സിനിമാപ്പാട്ടെഴുതാൻ മോഹം. വെറും പാട്ടല്ല; കാലത്തെ അതിജീവിക്കുന്ന അതിവിശിഷ്ടമായ ഒരു ഗാനം. സ്വപ്നസാഫല്യത്തിനായി സുഹൃത്ത് കൂടിയായ പാട്ടെഴുത്തുകാരനെ അഭയം പ്രാപിക്കുന്നു അദ്ദേഹം. ``എന്റെ പേരിലൊരു ക്ലാസിക് ഗാനം വേണം സിനിമയിൽ, ജനം എക്കാലവും മൂളിനടക്കുന്ന പാട്ട്. വിരോധമില്ലെങ്കിൽ താങ്കൾ തന്നെ അതെഴുതിത്തരുകയും വേണം. ''-- നിർമ്മാതാവിന്റെ അഭ്യർത്ഥന.

കാനത്തിനെന്ത് വിരോധം? സൗഹൃദങ്ങൾക്ക് അങ്ങേയറ്റം വിലകല്പിക്കുന്ന കവി നിമിഷങ്ങൾക്കകം പാട്ടെഴുതിക്കൊടുക്കുന്നു. പ്രായഭേദമന്യേ ഏത് ശ്രോതാവിനെയും ആകർഷിക്കുന്ന രചന. സംഗീതസംവിധായകൻ ഹൃദയം നൽകിത്തന്നെ ആ വരികൾ ചിട്ടപ്പെടുത്തുന്നു, ഗായകൻ മനസ്സറിഞ്ഞു പാടുന്നു. നിർമ്മാതാവ് മോഹിച്ചപോലെ സ്വന്തം പേരിൽ കാലാതിവർത്തിയായി മാറുന്നു ആ പാട്ട്. പതിറ്റാണ്ടുകൾക്കിപ്പുറവും ഓർക്കപ്പെടുന്നു.
``അന്യാധീന''പ്പെട്ടുപോയ സ്വന്തം രചനയെ ഓർത്ത് കാനം എന്നെങ്കിലും ദുഖിച്ചിട്ടുണ്ടോ? ഇല്ലെന്ന് പറയും കവിയുടെ മകൾ സേബ ജോയ്. ``സൗഹൃദങ്ങൾക്ക് വളരെയധികം വിലകല്പിക്കുന്നയാളാണ് അപ്പച്ചൻ; കൊടുത്ത വാക്കിനും. മരണം വരെ അതൊരു രഹസ്യമായിത്തന്നെ സൂക്ഷിച്ചു അദ്ദേഹം. എഴുതിയത് വീട്ടിലിരുന്നായതുകൊണ്ട് ഞങ്ങൾ അക്കാര്യം അറിഞ്ഞെന്നു മാത്രം. ഏതു പാട്ടും ആദ്യം വായിച്ചുകേൾക്കുക ഞങ്ങളാണല്ലോ.'' മലയാളത്തിലെ എത്രയോ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതുകയും ആ പടങ്ങളിൽ പലതിലും അപൂർവ്വസുന്ദര ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത കാനത്തിന് അതൊരു വലിയ നഷ്ടമായി അനുഭവപ്പെട്ടിരിക്കില്ല എന്നത് മറ്റൊരു വസ്തുത.

ചുരുക്കം പാട്ടുകളേ എഴുതിയിട്ടുള്ളു കാനം ഇ ജെ സിനിമക്ക് വേണ്ടി. എങ്കിലെന്ത്? അവയിൽ ഒന്നുപോലുമില്ല നിലവാരം കുറഞ്ഞതായി. ആ പാട്ടുകളോരോന്നും ഇന്നും ആവർത്തിച്ച് കേൾക്കുന്നു ഞാൻ. പലതും ബാല്യ-കൗമാര സ്മരണകളുടെ ഭാഗമായതുകൊണ്ടാവാം. ``രത്നരാഗമുണർന്ന നിൻ കവിളിൽ ലജ്ജയിൽ മുത്തുകളൊഴുകി'' (യാമിനി- സംഗീതം: അർജ്ജുനൻ) എന്ന പാട്ടിനൊപ്പം മനസ്സിൽ തെളിയുക ഇരുവശവും തേയിലക്കാടുകളുള്ള വയനാട്ടിലെ ഒരു ചെമ്മൺ പാതയാണ്. രണ്ടു നാഴിക അകലെയുള്ള സ്കൂളിലേക്ക് ദിവസവും ഒറ്റയ്ക്ക് മനസ്സിലൊരു മൂളിപ്പാട്ടുമായി നടന്നുപോയിരുന്ന വഴി. പുസ്തകക്കെട്ട് മാറോടടുക്കി വഴിയരികിലൂടെ തലകുനിച്ചു നടന്നുവരുന്നു, ക്രീം നിറമുള്ള ഷർട്ടും പച്ച പാവാടയുമണിഞ്ഞ ഒരു ഇരുനിറക്കാരി പെൺകുട്ടി. അടുത്തെത്തുമ്പോൾ ഏതോ ഞെട്ടലിലെന്നോണം തലയുയർത്തി നോക്കവേ, ആ കണ്ണുകളിൽ തെളിയുന്ന പരിഭ്രമം, ലജ്ജ....

ഇന്നോർക്കുമ്പോൾ ചിരി വരും. അന്തർമുഖത്വം മുഖമുദ്രയാക്കിയ ഏഴാം ക്ലാസുകാരന്റെ കണ്ണിലും മനസ്സിലും ആ കാഴ്ച്ച ആദ്യമായി വന്നു തടയുമ്പോൾ അന്തരീക്ഷത്തിൽ ഈറൻ കാറ്റിനൊപ്പം കാനത്തിന്റെ പാട്ടുമുണ്ടായിരുന്നു -- ``രത്നരാഗമുണർന്ന നിൻ കവിളിൽ.'' എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ``പാടി''കളിൽ എവിടെയോ ഒരു കുറിക്കല്യാണം , അഥവാ ചായപ്പയറ്റ്, നടക്കുകയായിരിക്കണം അപ്പോൾ. മലഞ്ചരിവിലെങ്ങോ ഏതോ മരത്തിൽ വലിച്ചുകെട്ടിയ കോളാമ്പിയിൽ നിന്ന് കാറ്റിന്റെ ചിറകിലേറി ഒഴുകിവന്ന യേശുദാസ് ശരിക്കും ഒരു കാമുകനായി മാറി അപ്പോൾ. അങ്ങനെ ഓരോ പാട്ടും ഓരോ ഓർമ്മ.....

``അച്ചാച്ചിയുടെ ഉള്ളിൽ പ്രണയമുണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ ഇത്രയും പ്രണയസുരഭില ഗാനങ്ങൾ എഴുതാൻ എങ്ങനെ കഴിയും?''-- കവിയും ഗാനരചയിതാവുമായ സേബ ജോയിയുടെ ചോദ്യം. ``രത്നരാഗം എന്ന പാട്ട് വീട്ടിലിരുന്ന് എഴുതിത്തീർന്ന ശേഷം സ്വന്തം ഈണത്തിൽ ഞങ്ങളെ പാടിക്കേൾപ്പിച്ചത് ഓർമ്മയുണ്ട്. അന്ന് പ്രീഡിഗ്രി വിദ്യാർത്ഥിനിയാണ് ഞാൻ. ചിത്രമൃഗമിഴി എൻ മനതാരിൽ എത്ര കവിതകളെഴുതി എന്ന വരിയെത്തിയപ്പോൾ ഞങ്ങൾ മക്കൾ ചിരിയോടെ അമ്മയെ നോക്കിയതും അമ്മയുടെ മുഖം ലജ്ജാവിവശമായതും എങ്ങനെ മറക്കാൻ? പ്രണയവിവാഹമായിരുന്നല്ലോ അവരുടേത്.''

വേറെയുമുണ്ട് ഹൃദയം കവർന്ന പാട്ടുകൾ: ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി, നിദ്രോദയത്തിൽ നിന്റെ ശ്രീകോവിലിൽ സ്വപ്നോത്സവമല്ലോ (അവൾ വിശ്വസ്തയായിരുന്നു) എന്ന ഗാനം പി ഭാസ്കരന്റെയോ ശ്രീകുമാരൻ തമ്പിയുടേയോ ആണെന്ന് കരുതിയിരുന്നു ഒരിക്കൽ. കാനത്തിന്റെ ഉദാത്ത രചനയാണതെന്ന് അറിഞ്ഞത് പിന്നീടാണ്. ``നിശയുടെ മാറിൽ വിടർന്നുനിൽക്കും നിശാഗന്ധികൾ നമ്മൾ അവളുടെ വാർമുടിച്ചുരുളിൽ ചൂടും അല്ലിപ്പൂമൊട്ടുകൾ, നിശീഥിനി നിശീഥിനി നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ മനുഷ്യജീവിതമുണ്ടോ'' എന്ന വരികളിലെ ദർശനം എത്ര ലളിതം, സുന്ദരം.

അതേ സിനിമയിലെ ``തിരയും തീരവും ചുംബിച്ചുറങ്ങി'' എന്ന ഗാനവും ഏറെ ഇഷ്ടം. കാനത്തിന്റെ വരികളിൽ ഒഴുകിനിറയുന്ന രതികല്പനകൾ അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിൽ, യേശുദാസിന്റെ ആലാപനത്തിൽ പകരം വെക്കാനില്ലാത്ത അനുഭൂതിയായി മാറുന്നു. (വാണിജയറാമും ഈ ഗാനം പാടിയിട്ടുണ്ട്). നീലപ്പൂഞ്ചോലയാൽ മാറിടം മറച്ചു വേളിക്കസവിട്ട മണവാട്ടി, കടലിന്റെ കൈകളാൽ നഖക്ഷതമേൽക്കുമ്പോൾ തീരങ്ങളെ നീ ഓർക്കുമോ തിരയുടെ വേദന മറക്കുമോ എന്ന ചരണം മനസ്സിൽ വിരിയിക്കുന്ന ദൃശ്യം എത്ര മോഹനം, എത്ര കാല്പനികം. ``മറ്റാരുമായും താരതമ്യമില്ല കാനത്തിന്റെ രചനാശൈലിക്ക്. ഈണമിടാൻ ഏറ്റവും എളുപ്പമുള്ള പാട്ടുകളാണ് അദ്ദേഹം എഴുതിത്തരിക. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ. ഒരക്ഷരം മാറ്റേണ്ടിവരില്ല. മനസ്സിലെ ഈണം അദ്ദേഹം നല്ല ഭാവത്തോടെ പാടി കേൾപ്പിച്ചുതരികയും ചെയ്യും.'' -- സിനിമക്ക് വേണ്ടി കാനമെഴുതിയ എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയ അർജ്ജുനൻ മാസ്റ്ററുടെ വാക്കുകൾ.

പ്രണയഗാനങ്ങളിൽ, പ്രത്യേകിച്ച് രതിയുടെ താളമുള്ള രചനകളിൽ കാനത്തിലെ കവി പൂത്തുലയുന്നു. ``യാമിനി'' (1973) യിലെ പുഞ്ചിരിപ്പൂവുമായ് പഞ്ചമിചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി എന്ന പാട്ടിന്റെ ചരണമോർമ്മയില്ലേ? ``ഈ മനോജ്ഞനികുഞ്ജ നിരയിൽ ഈ മദാലസ നിശയിൽ വിടർന്നു നിൽക്കും വസന്തലഹരിയിൽ വിചാരമഞ്ജരി നിറഞ്ഞു എന്റെ വികാരമഞ്ജുഷ കവിഞ്ഞു..'' അർജ്ജുനൻ മാസ്റ്ററുമായുള്ള പിതാവിന്റെ ആത്മബന്ധം തന്നെയാവണം ആ പാട്ടുകളെല്ലാം ഇത്രയും ഹൃദയഹാരിയാകാൻ കാരണമെന്ന് വിശ്വസിക്കുന്നു സേബ ജോയ്. ``കോട്ടയത്ത് ഹോട്ടൽ അംബാസഡറിലോ ഐഡയിലോ മുറിയെടുത്താണ് ഇരുവരും പാട്ടുണ്ടാക്കാനിരിക്കുക. മാസ്റ്ററുടെ മനസ്സ് അച്ചാച്ചിക്കും അച്ചാച്ചിയുടെ മനസ്സ് മാസ്റ്റർക്കും നന്നായി അറിയുന്നതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ പാട്ടുകൾ പിറക്കും. താൻ കഥയും തിരക്കഥയുമെഴുതിയ സിനിമകൾക്ക് വേണ്ടിയേ അച്ചാച്ചി പാട്ടുകളെഴുതിയിട്ടുള്ളു. കഥാസന്ദർഭം പൂർണ്ണമായും ഉൾക്കൊണ്ട് എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാണ്.''

``യാമിനി'യിലെ സ്വയംവര കന്യകേ സ്വപ്നഗായികേ, ``അഷ്ടമംഗല്യ''ത്തിലെ ഉഷസ്സിൽ നീയൊരു തുഷാരബിന്ദു, ഇന്ദുകമലം ചൂടി സിന്ധുഭൈരവി പാടി, ചിത്രശലഭം ചോദിച്ചു, ``ഹർഷബാഷ്പ''ത്തിലെ വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്, ``മനസ്സൊരു മഹാസമുദ്ര''ത്തിലെ സുരവല്ലി വിടരും, മനസ്സൊരു സമുദ്രം മഹാസമുദ്രം എന്നീ പാട്ടുകളിലെല്ലാമുണ്ട് കാനത്തിന്റെ കാവ്യഭാവനയുടെ അനുസ്യൂതമായ ഒഴുക്ക്. വരികളിലെ ആശയം ഗാനത്തിന്റെ ഘടനയിൽ നിന്ന് ഒരിക്കലും വഴുതിമാറരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ആദ്യവരിയിൽ നിന്ന് അവസാനവരിയിലേക്കുള്ള ആ സ്വച്ഛപ്രയാണം എല്ലാ രചനകളിലും നിലനിർത്താൻ ശ്രമിച്ചു കാനം.

``ആശയത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല അദ്ദേഹം.''-- സേബ ഓർക്കുന്നു. ``രാത്രി ഞങ്ങളെല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ് അച്ചാച്ചി പാട്ടെഴുതുക. കൂട്ടിന് അമ്മയും ഉണ്ടാകും. പ്രിയപ്പെട്ട ദിനേശ് ബീഡി പുകച്ച് സ്വന്തം മുറിയിലെ തുറന്നിട്ട ജനാലയിലൂടെ അനന്തതയിലേക്ക് നോക്കിനിൽക്കും കുറെ നേരം. മനസ്സിൽ പാട്ട് രൂപമെടുത്തുകഴിഞ്ഞാൽ ഉടൻ മേശപ്പുറത്തെ ഡയറിയിൽ എഴുതിവെക്കും. പിന്നെ സ്വന്തം ട്യൂണിൽ അതൊന്നു മൂളി നോക്കി, ഈണത്തിലൊതുങ്ങാത്ത വാക്കുകൾ ഉണ്ടെങ്കിൽ തിരുത്തും. മിക്കപ്പോഴും അമ്മയായിരിക്കും ആ പാട്ടുകളുടെ ആദ്യ ശ്രോതാവ്..'' കട്ടപിടിച്ച ആ ഇരുട്ടിലേക്ക് നോക്കിയാണ് രാത്രിയെക്കുറിച്ചു മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് കാനം മനസ്സിൽ കുറിച്ചത്: ``ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി.''

ഇലവുങ്കൽ ജോൺ ഫിലിപ്പ് എന്നാണ് കാനം ഇ ജെയുടെ യഥാർത്ഥ പേര്. കോട്ടയത്തെ കാനം എന്ന കൊച്ചുഗ്രാമത്തെ മലയാളികൾക്കിടയിൽ പ്രശസ്തമാക്കിയത് സ്വന്തം പിതാവാണെന്നതിൽ അഭിമാനിക്കുന്നു സേബ. പട്ടാളജീവിതവും സ്കൂളധ്യാപക ജീവിതവുമൊക്കെ കടന്നായിരുന്നു കാനത്തിന്റെ സിനിമാപ്രവേശം. പുസ്തകമായി ആദ്യം പുറത്തുവന്നത് ഒരു ക്രിസ്തീയ ഭക്തിഗാന സമാഹാരമാണ് -- ഗാനാഞ്ജലി (1964). സിനിമയിൽ അരങ്ങേറ്റം ഉദയായുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ ഭാര്യ (1962) ക്ക് കഥയും തിരക്കഥയും രചിച്ചുകൊണ്ട്. തുടർന്ന് കളിയോടം, കാട്ടുമല്ലിക, അധ്യാപിക, തിരിച്ചടി, ജ്വാല, ദത്തുപുത്രൻ, യാമിനി, അവൾ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല തുടങ്ങി മമ്മുട്ടി നായകനായ സന്ധ്യക്കെന്തിനു സിന്ദൂരം (1984) വരെ ഇരുപത്തഞ്ചോളം ചിത്രങ്ങൾ. എസ് എൽ പുരവും തോപ്പിൽ ഭാസിയുമുണ്ട് കാനത്തിന്റെ കഥകൾക്ക് തിരക്കഥാരൂപം നൽകിയവരിൽ. 1960 കളിൽ മലയാളത്തിലെ ജനപ്രിയ നോവൽ ശാഖ രൂപപ്പെടുത്തിയതിൽ മുട്ടത്തുവർക്കിക്ക് ഒപ്പം നിർണ്ണായക പങ്കുവഹിച്ച എഴുത്തുകാരൻ കൂടിയാണ് കാനം. കഥ വായിച്ചും പാട്ടുകൾ കേട്ടും നിരവധി ആരാധികമാർ അച്ചാച്ചിക്ക് കത്തെഴുതുമായിരുന്നുവെന്ന് സേബ. ``ഞങ്ങൾ ഒരുമിച്ചിരുന്നാണ് ആ സന്ദേശങ്ങൾ വായിച്ചു രസിക്കുക.'' സേബക്ക് പുറമെ സോഫി, സാലി, സാജൻ, സൂസി എന്നീ മക്കൾ കൂടിയുണ്ട് കാനം -- ശോശാമ്മ ദമ്പതികൾക്ക്.

അറുപത് വയസ്സ് തികയുന്ന ദിനമായിരുന്നു കാനത്തിന്റെ വേർപാട് -- 1987 ജൂൺ 13 ന്. ജന്മദിനവും സ്മൃതിദിനവും ഒന്നാകുക എന്ന അപൂർവതയും അങ്ങനെ കാനത്തിന്റെ ജീവിതകഥയുടെ ക്ളൈമാക്സിന്റെ ഭാഗമായി; വിധിനിയോഗം പോലെ. ``നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ മനുഷ്യജീവിതമുണ്ടോ'' എന്നെഴുതിയതും അദ്ദേഹമാണല്ലോ.

content highlights : Elavunkal Joseph Philip EJ Kanam MK Arjunan Movies Songs