`മരുന്ന് വേഗമുണ്ടാക്കി പരീക്ഷിച്ചു നോക്കണം. വരാൻ പോകുന്നത് പാട്ടിന്റെ കാലമാണ്'

പറയുന്നത് ചില്ലറക്കാരനല്ല; ആയുർവേദാചാര്യനും മഹാപണ്ഡിതനുമായ ഡോ പി കെ വാര്യരാണ്. കോട്ടക്കൽ ആര്യവൈദ്യ ശാല ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയും. വാര്യർ സാറിന്റെ തൊണ്ണൂറ്റി ഒമ്പതാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമിയുടെ എഡിറ്റ് പേജിൽ ഡോ കെ മുരളീധരൻ എഴുതിയ ലളിതസുന്ദരമായ കുറിപ്പ് ഹൃദയസ്പർശിയായി.

ആര്യവൈദ്യശാലയിലെ അഡീഷണൽ ചീഫ് ഫിസിഷ്യൻ കൂടിയായ മുരളിയേട്ടന്റെ ലേഖനത്തിൽ നിന്ന്:

കഴിഞ്ഞ ദിവസം അദ്ദേഹം വിളിപ്പിച്ചു. മുറിയിൽ ചെന്നപ്പോൾ സംഗീതം ശ്രദ്ധിച്ചു കണ്ണടച്ചിരിക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ടിട്ടാകാം, പതുക്കെ കണ്ണുകൾ തുറന്നു. മുഖത്ത് പതിവുപോലെ പ്രകാശമുള്ള ചിരി. പെട്ടെന്നാണ് പറഞ്ഞു തുടങ്ങിയത്:

``അതേയ്, ഞാൻ ആലോചിക്കുകയായിരുന്നു. ഈ പാട്ടുകാരൊക്കെ അത്യദ്ധ്വാനം ചെയ്ത് പാടിക്കൊണ്ടിരിക്കുകയാണ്. അവരുടെ അദ്ധ്വാനം നമുക്ക് ആനന്ദം പകരുന്നു. ശബ്ദത്തിന്റെ അതിയോഗമല്ലേ അത്? കുറച്ചു കഴിഞ്ഞാൽ ഇവർക്കൊക്കെ വയ്യാണ്ടാവില്ലേ? അവരെ സഹായിക്കാൻ നമുക്ക് മരുന്ന് കൊടുക്കാറാകണം. മുടി വളരാനും കണ്ണ് തെളിയാനും മരുന്നുകൾ ഉള്ളതുപോലെ സ്വരസംരക്ഷണത്തിനും മരുന്ന് വേണം.''

``ദാ, അഷ്ടാംഗഹൃദയത്തിൽ ഇതിന് ചികിത്സ പറയുന്നുണ്ട്. ഞാനത് കുറിച്ചു വെച്ചിട്ടുണ്ട്.''-- ആരോടൊക്കെയോ ഉള്ള വാത്സല്യം ആ വാക്കുകളിൽ തിളങ്ങിനിന്നിരുന്നു. അഷ്ടാംഗഹൃദയപാരായണം ഒരു ഉപാസന പോലെ നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണുകളും വിരലുകളും മനസ്സും തൊടാത്ത ഒരു വരി പോലും അതിൽ ഉണ്ടാവില്ല.

ഒരു ഔഷധം കൂടി ജനിക്കുന്നു. സംഗീതോപാസകരോടുള്ള ആചാര്യന്റെ കാരുണ്യവും കരുതലും....

``വരാൻ പോകുന്നത് പാട്ടിന്റെ കാലം'' -പ്രവചന സ്വഭാവമുള്ള ആ നിരീക്ഷണം മനസ്സിനെ തൊട്ടു. ശരിയല്ലേ? പ്രതീക്ഷകൾക്ക് അനുദിനം തിളക്കം നഷ്ടപ്പെടുന്ന ഈ കാലത്തും എന്നെ പോലെ നിരവധി പേരെ ശുഭാപ്തിവിശ്വാസികളാക്കുന്നത് സംഗീതമാണ്. ഇഷ്ടഗാനങ്ങളിലൂടെയുള്ള സ്മൃതിയാത്രകളാണ്. നന്മ നിറഞ്ഞ ഇന്നലെകളിലേക്കുള്ള മടക്കയാത്രകളാണ്.

ഉറച്ച വിശ്വാസമുണ്ട് -- പാട്ടിന്റെ കൈപിടിച്ച് ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടം മറികടക്കാനാവുമെന്ന്. കേട്ടാൽ ചിലർക്കെങ്കിലും ചിരി വരുമെങ്കിലും...

വിധിയുടെ കടുത്ത പരീക്ഷണങ്ങൾക്കെതിരെ പൊരുതി ജീവിതം തന്നെ പാട്ടിലൂടെ വീണ്ടെടുത്ത ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ കഥ വിവരിച്ചിട്ടുണ്ട് ``പൂർണേന്ദുമുഖി'' എന്ന പുസ്തകത്തിൽ. ആളുടെ പേര് സുബ്രഹ്മണ്യൻ. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. പത്തു വർഷത്തോളമായി ചെന്നൈയിൽ നിന്ന് സ്ഥിരമായി ഫോണിൽ വിളിക്കും. ഇഷ്ടപ്പെട്ട പാട്ടുകൾ പാടും; ഒപ്പം സംഗീതലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കും.

ഇടയ്ക്കെപ്പോഴോ ആ വിളി നിലച്ചു. ദീർഘമായ ഒരു ഇടവേള. മനസ്സിൽ നിന്ന് ആ ശബ്ദം പതുക്കെ മാഞ്ഞു തുടങ്ങുമ്പോൾ, ഒരു നാൾ നിനച്ചിരിക്കാതെ സുബ്രഹ്മണ്യൻ വീണ്ടും വിളിക്കുന്നു: ``പിന്നേയ്, ഞാൻ ജീവനോടെ ഉണ്ട് ട്ടോ. കുറച്ചു കാലം വെളിവില്ലാതെ കിടന്നുപോയി.''

ആ ഇടവേളയുടെ കഥ വികാരഭരിതമായ വാക്കുകളിൽ സുബ്രഹ്മണ്യൻ വിവരിക്കേ, വിസ്മയത്തോടെ കേട്ടിരുന്നു ഞാൻ. വടപളനിയിൽ വെച്ച് ഒരു വൈകുന്നേരം സുബ്രഹ്മണ്യന്റെ ബൈക്കിൽ ഒരു കാർ വന്നിടിക്കുന്നു. പിന്നൊന്നും ഓർമ്മയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു തുടർന്നുള്ള സഞ്ചാരമെന്ന് അറിഞ്ഞത് ബോധം തെളിഞ്ഞ ശേഷമാണ്. ജീവച്ഛവം പോലെ മലർന്നു കിടക്കുകയായിരുന്നുവത്രേ കിടക്കയിൽ. ശ്വാസോഛ്വാസമുണ്ട്. പക്ഷെ കണ്ണിലെ കൃഷ്ണമണി പോലും അനങ്ങില്ല. ശബ്ദവും ഇല്ല. തോരാത്ത കണ്ണീരോടെ ഭാര്യയും ഒരേയൊരു മകനും കിടയ്ക്കകരികിൽ കാത്തിരുന്നു-ആറു മാസക്കാലം.

പിന്നീടെപ്പോഴോ ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ബോധം തിരിച്ചു വന്നപ്പോൾ തമിഴത്തിയായ ഭാര്യ വിചിത്രമായ ഒരനുഭവം വിവരിച്ചു: ``നിശ്ചലനായി, നിശബ്ദനായി കിടന്ന കാലത്തും എസ്.ജാനകിയുടെ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കൈവിരലുകളും കണ്ണുകളും ചുണ്ടുകളും അനങ്ങുമായിരുന്നുവത്രേ. ഈശ്വരന് സ്തുതി; ജാനകിയമ്മക്കും. അവരുടെ പാട്ടുകൾ കേട്ടുവളർന്ന ബാല്യമാണ് എന്റേത്. ഇന്നും ഉറക്കത്തിൽ പോലും എന്നെ വന്നു തഴുകും അവ. എന്നെങ്കിലും ജാനകിയമ്മയെ കാണുമ്പോൾ ഈ അനുഭവം അവരോട് പറയണം താങ്കൾ..

പറഞ്ഞു; ജാനകിയമ്മയോട് നേരിട്ട് തന്നെ. വിചിത്രമായ ആ കഥ കേട്ട് ഒന്നും മിണ്ടാതെ കൈകൾ കൂപ്പി കണ്ണടച്ചിരിക്കുക മാത്രം ചെയ്തു അവർ. സംഗീതത്തിൽ നിന്ന് ദൈവത്തിലേക്ക് ഏറെ അകലമില്ലല്ലോ എന്ന് തോന്നിയ അനേകം സന്ദർഭങ്ങളിൽ ഒന്ന്. നാം പാടുന്ന പാട്ട് നമ്മുടേത് മാത്രമല്ല എന്ന തിരിച്ചറിവ് നൽകിയ അനുഭവം.

അതേ പോലൊരു സ്മരണ കമുകറ പുരുഷോത്തമനും പങ്കുവെച്ചിട്ടുണ്ട്. ആത്മഹത്യയിൽ നിന്ന് മാത്രമല്ല ചിലപ്പോൾ കൊലപാതകത്തിൽ നിന്നുപോലും മനുഷ്യമനസ്സിനെ പിന്തിരിപ്പിക്കാൻ അർത്ഥഗാംഭീര്യമാർന്ന ഒരു ചലച്ചിത്ര ഗാനത്തിന് കഴിയുമെന്ന് അദ്ദേഹത്തെ പഠിപ്പിച്ച അനുഭവം. `` മധ്യകേരളത്തിലെ ഏതോ ഉൾനാടൻ ഗ്രാമത്തിൽ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളക്കു ചെന്നപ്പോൾ ഒരു കർഷകൻ കുടുംബസമേതം കാണാൻ വന്നു. അയൽക്കാരനുമായി കടുത്ത ശത്രുതയിലായിരുന്നുവത്രേ അയാൾ. വർഷങ്ങൾ പഴക്കമുള്ള ഒരു സ്വത്തുതർക്കം.

ഒരു ഘട്ടത്തിൽ ശത്രുവിനെ കൊന്നുകളയാൻ വരെ പദ്ധതി ആസൂത്രണം ചെയ്തതാണ്. മനസ്സിൽ ക്രോധം പുകഞ്ഞുകൊണ്ടിരുന്ന ആ നാളുകളിൽ യാദൃച്ഛികമായി `ഹരിശ്ചന്ദ്ര'യിലെ ``ആത്മവിദ്യാലയമേ'' എന്ന പാട്ട് റേഡിയോയിൽ കേൾക്കാൻ ഇടവരുന്നു അയാൾ. മുൻപും ആ ഗാനം പലതവണ കേട്ടിട്ടുണ്ടെങ്കിലും വരികളുടെ ആശയം ശ്രദ്ധിച്ചത് അന്നാണ്. പ്രത്യേകിച്ച് `ഉലകം വെല്ലാൻ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി' എന്ന വരി.'' ജീവിതത്തിന്റെ അർത്ഥശൂന്യതയെ കുറിച്ച് ഉൾക്കാഴ്ച നൽകിയ അനുഭവമായിരുന്നു അതെന്ന് ആ മനുഷ്യൻ പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നിയെന്ന് കമുകറ. പക ഉപേക്ഷിച്ചു അയൽക്കാരനുമായി രമ്യതയിലായ കഥ ഗായകനെ അറിയിക്കാനാണ് അയാൾ വന്നത്.''

അതേ ഗാനത്തിന്റെ വരികളിലെ സാരാംശം ഉൾക്കൊണ്ട് ആത്മഹത്യയിൽ നിന്ന് പിന്തിരിഞ്ഞ എത്രയോ പേർ നന്ദി അറിയിക്കാൻ വേണ്ടി കമുകറക്ക് കത്തെഴുതിയിട്ടുണ്ട്. ഭക്തകുചേലയിലെ ``ഈശ്വരചിന്തയിതൊന്നേ മനുജന്‌'' ആണ് പണ്ഡിതപാമര ഭേദമന്യേ മലയാളികളെ തീവ്രമായി സ്വാധീനിച്ച മറ്റൊരു പാട്ട്. സ്വത്തിനോടും ആഡംബരത്തോടുമുള്ള മനുഷ്യന്റെ ആർത്തി അതീവ ലളിതമായി ചിത്രീകരിച്ച അതിലെ വരികൾ എക്കാലവും ഹൃദയത്തോട് ചേർത്തുവെച്ചു കമുകറ: ``പത്തു ലഭിച്ചാൽ നൂറിന് ദാഹം, നൂറിനെ ആയിരം ആക്കാൻ മോഹം, ആയിരമോ പതിനായിരമാകണം, ആശയ്ക്കുലകിതിൽ അളവുണ്ടാമോ..'' ഒരു പാവം പാട്ടിന് അങ്ങനെ എത്രയെത്ര മാന്ത്രികസിദ്ധികൾ. (കമുകറ പുരുഷോത്തമൻ വിടവാങ്ങിയിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു).

``വരാൻ പോകുന്നത് പാട്ടിന്റെ കാലം'' എന്ന് ഇതിഹാസ തുല്യനായ പി കെ വാര്യർ പറയുമ്പോൾ എന്നേപ്പോലെ പാട്ടുപ്രാന്തന്മാരായ ചിലർക്കെങ്കിലും അത്ഭുതം തോന്നാത്തതും അതുകൊണ്ടു തന്നെ. എന്നും പാട്ടിന്റെ കാലമായിരുന്നല്ലോ ഞങ്ങൾക്ക്. പാട്ട് കേട്ടും ആസ്വദിച്ചും ഏറ്റുപാടിയും ശ്വസിച്ചും ജീവിച്ച കാലം...

Content Highlights  : doctor PK varrier S Janaki Ravi Menon pattuvazhiyorathu