പ്രണയലഹരിയിൽ മതിമറന്ന് ഷീല മലർന്നുകിടന്ന പുഷ്പശയ്യാതലങ്ങളിൽ ഇപ്പോൾ പൂക്കളുടെ പൊട്ടും പൊടിയും മാത്രം. മുഴുക്കയ്യൻ ഷർട്ടും പാൻറ്സുമിട്ട്  സത്യൻ മാഷിലെ കാമുകൻ പാട്ടുപാടിയോടിനടന്ന വഴികളിൽ കാടും പടലും. കോരിത്തരിപ്പോടെ ആ പ്രേമരംഗത്തിന് സാക്ഷ്യം വഹിച്ച  ജലാശയമാകട്ടെ, പൊരിവെയിലിൽ ദാഹിച്ചു തളർന്നു മയങ്ങുന്നു....

ഇത് പീച്ചി ഡാം. ആറു പതിറ്റാണ്ടോളം മുൻപ് ഡോക്ടർ (1963) എന്ന സിനിമയിലെ  ``കൽപ്പനയാകും യമുനാനദിയുടെ അക്കരെയക്കരെ അക്കരെ'' എന്ന മനോഹര പ്രണയഗാനം ചിത്രീകരിക്കപ്പെട്ട സ്ഥലം.  അണക്കെട്ടിന് സമീപമുള്ള  ഉദ്യാനത്തിൽ കഴിഞ്ഞ ദിവസം  ചെന്നുനിന്നപ്പോൾ, ഓർമ്മകളിൽ ഒഴുകിയെത്തിയത് മറക്കാനാവാത്ത ആ ഗാനരംഗം തന്നെ.  ``കൽപ്പടവിങ്കൽ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം'' എന്ന് ഷീല. ``വെണ്ണിലാവാൽ മെഴുകിമിനുക്കിയ വെണ്ണക്കല്ലിൻ കൊട്ടാരം...'' എന്ന് സത്യൻ. പി ഭാസ്കരൻ -- ദേവരാജൻ സഖ്യത്തിന് വേണ്ടി യേശുദാസും പി സുശീലയും ചേർന്ന് പാടിയ സുന്ദരഗാനം.

ഗാനചിത്രീകരണത്തെ കുറിച്ച് ``ഡോക്ടർ'' സിനിമയുടെ കൊറിയോഗ്രാഫർ ഗുരു ഗോപാലകൃഷ്ണൻ പറഞ്ഞുകേട്ടതോർമ്മയുണ്ട്: ``കാലത്ത് തുടങ്ങിയ ഷൂട്ടിങ് നട്ടുച്ച വരെ നീണ്ടു. സീൻ എടുത്തു തീരുമ്പോഴേക്കും വിയർപ്പിൽ മുങ്ങിയിരുന്നു ഇരുവരും. നൃത്തം ചെയ്തു ശീലമില്ലെങ്കിലും നല്ല താളബോധമുള്ള നടനാണ് സത്യൻ. അതുകൊണ്ടുതന്നെ ക്യാമറാമാൻ യു രാജഗോപാലിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല....'' 

``ഡോക്ടറി''ലെ ഗാനരംഗത്ത് കണ്ട പീച്ചി ഡാമിന്റെ അവശിഷ്ടങ്ങളേ ഉള്ളൂ ഇപ്പോഴവിടെ. ചുറ്റും പുതിയ കെട്ടിടങ്ങൾ ധാരാളം. ഉദ്യാനത്തിന് നടുവിലെ വെൺമണ്ഡപം പഴയപടി തലയുയർത്തിനിൽക്കുന്നു. സത്യനും ഷീലയും പാടി വലംവെച്ച ജലധാരാസ്തൂപങ്ങളിൽ   ചിലതൊക്കെ ഇപ്പോഴുമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. മാഞ്ഞുപോയ ഒരു കാലത്തിന്റെ ``പ്രേത''ങ്ങൾ പോലെ കുറെ കൽത്തൂണുകൾ കാണാം  അങ്ങിങ്ങായി .ഡാമിന് സമീപമുള്ള പീച്ചി ഹൗസിന്റെ ആറര പതിറ്റാണ്ടോളം പഴക്കമുള്ള  കൽപ്പടവുകൾ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ചുറുചുറുക്കോടെ  ഈ പടവുകളിറങ്ങി ചിരിച്ചുകൊണ്ടോടി വരുന്ന  ഷീലയുടെ ചിത്രമായിരുന്നു ഓർമ്മയിൽ....

മലയാളത്തിലെ പ്രശസ്തങ്ങളായ ഗാനരംഗങ്ങൾ ചിത്രീകരിച്ച ലൊക്കേഷനുകൾ ഇതിനുമുൻപും  തേടിച്ചെന്നിട്ടുണ്ട്. സ്‌കൂൾ കുട്ടിയുടെ കൗതുകത്തോടെ, ജിജ്ഞാസയോടെ അന്തംവിട്ട് നോക്കിനിന്നിട്ടുമുണ്ട്. ചിലപ്പോൾ വല്ലാത്ത നിരാശ തോന്നും; വെള്ളിത്തിരയിൽ കണ്ട ദൃശ്യങ്ങളുടെ നിഴൽ മാത്രമായിക്കഴിഞ്ഞിരിക്കുമല്ലോ പല സ്ഥലങ്ങളും. 

ബോൾഗാട്ടിയിൽ ചെല്ലുമ്പോഴെല്ലാം മനസ്സിൽ തെളിയുക കമലഹാസനും വിധുബാലയും ഇഴുകിച്ചേർന്നഭിനയിച്ച ആ സുന്ദര പ്രണയഗാനരംഗമാണ്: ``ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി...'' അല്ലെങ്കിൽ നിറക്കൂട്ടിലെ ``പൂമാനമേ ഒരു രാഗമേഘം താ..'' മമ്മൂട്ടിയുടേയും സുമലതയുടെയും അദൃശ്യ സാന്നിധ്യം അനുഭവപ്പെടുത്തുന്ന മുളങ്കാടുകൾ ഇപ്പോഴുമുണ്ടവിടെ.  മുകേഷും നദിയ മൊയ്തുവും ``പൂങ്കാറ്റേ പോയി ചൊല്ലാമോ'' പാടി പ്രണയിച്ചതും ഇവിടെയല്ലേ?  മലയാളത്തിൽ ഏറ്റവുമധികം പ്രണയ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ട ലൊക്കേഷനുകളിൽ ഒന്ന് ബോൾഗാട്ടിയായിരിക്കും.

മൈസൂരുവിലെ  വൃന്ദാവൻ ഗാർഡൻസിൽ എപ്പോൾ ചെന്നുനിന്നാലും   ``നൈൻ സൊ നൈൻ'' എന്ന അനശ്വര ഗാനമാണ് കാതിൽ മുഴങ്ങുക. അറുപത്തഞ്ചു വർഷം മുൻപ് ``ജനക് ജനക് പായൽ ബാജേ''യിൽ ഗോപീകൃഷ്ണയും സന്ധ്യയും ചേർന്ന് നൃത്തം ചെയ്ത് അനശ്വരമാക്കിയ ആ വിഖ്യാത ടെക്നികളർ ഗാനരംഗം ചിത്രീകരിക്കപ്പെടുമ്പോഴത്തെ വൃന്ദാവൻ അല്ല ഇന്ന് നാം കാണുന്ന വൃന്ദാവൻ.``സൂരജ്'' എന്ന ചിത്രത്തിൽ രാജേന്ദ്ര കുമാറും വൈജയന്തിമാലയും പ്രത്യക്ഷപ്പെട്ട ``ഇത്നാ ഹേ തുംസെ പ്യാർ മുജേ'' എന്ന ഗാനരംഗത്തും കാണാം പഴയ വൃന്ദാവന്റെ ബഹുവർണ്ണ പ്രൗഢി. 

നൂറ്റാണ്ടുകളുടെ ചരിത്രം വീണുമയങ്ങുന്ന  ഖുത്ബ്   മിനാറിന്റെ മുന്നിൽ ആദ്യമായി  ചെന്ന് നിന്നപ്പോൾ  ഓർമ്മവന്നത് രണ്ടു പേരെയാണ്  --  ദേവാനന്ദിനേയും നൂതനേയും. ആറു പതിറ്റാണ്ടോളം  മുൻപ് ``ദിൽ കാ ഭംവർ കരേ പുകാർ പ്യാർ കാ രാഗ് സുനോ, പ്യാർ കാ രാഗ് സുനോരേ..'' എന്ന അനശ്വര  ഗാനത്തിന്റെ ഈരടികൾ  മൂളി   ഇതിലേ പ്രണയിച്ചു  നടന്നവരല്ലേ  അവർ? ആദ്യമായും, ഒരു പക്ഷേ അവസാനമായും ഖുത്ബ്  മിനാറിന്റെ നിഗൂഢമായ അകത്തള ഭംഗിയുടെ   ചെറിയൊരു അംശമെങ്കിലും സാധാരണക്കാരന് കാണിച്ചുതന്ന ഗാനരംഗം. (``തെരെ ഘർ കെ സാംനെ'' (1963) എന്ന ചിത്രത്തിൽ മുഹമ്മദ് റഫി പാടിയ ആ നിത്യഹരിത പ്രണയ ഗാനം പൂർണ്ണമായും ചിത്രീകരിച്ചത് ഖുത്ബ് മിനാറിലല്ല; മുംബൈയിലെ സ്റ്റുഡിയോയിൽ  സെറ്റിട്ടാണ്.) 

പണിതീരാത്ത വീടിലെ ``നീലഗിരിയുടെ സഖികളേ'' എന്ന പാട്ടാണ് എനിക്ക് ഊട്ടി. സുപ്രഭാതത്തിന്റെ  വിശുദ്ധി മുഴുവൻ അനുഭവിപ്പിക്കുന്ന ഗാനവും രംഗവും. ഏറ്റവുമൊടുവിൽ  രണ്ടു വർഷം മുൻപ് ഊട്ടി സന്ദർശിച്ചപ്പോഴും മനസ്സ് അറിയാതെ മൂളിക്കൊണ്ടിരുന്നത് ജയചന്ദ്രന്റെ ആ ക്ലാസിക്ക് ഗാനം തന്നെ. ഊട്ടിയിലെ തന്നെ  ബൊട്ടാണിക്കൽ ഗാർഡനിൽ  ആദ്യം ചെല്ലുമ്പോൾ ``ഊഞ്ചേ ലോഗി''ലെ ആജാരെ മേരെ പ്യാർ കാ രാഹി എന്ന ഗാനരംഗം കണ്ടിട്ടില്ല. ഫിറോസ് ഖാനും  കെ ആർ വിജയയും  പൈൻ മരങ്ങൾക്കിടയിലൂടെ ഓടിനടന്ന് പ്രണയിക്കുന്ന രംഗം വെള്ളിത്തിരയിൽ കണ്ട ശേഷം കഥ മാറി. ബൊട്ടാണിക്കൽ ഗാർഡന്റെ പ്രശാന്തതയിലേക്ക് പിന്നീടെപ്പോഴും ഒഴുകിയെത്തുക മഹേന്ദ്ര കപൂറും ലതയും പാടിയ ആ പാട്ടാണ്.

 കൊച്ചിയിലെ സുഭാഷ് പാർക്കിന് മുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം  ഒരു പാട്ടിന്റെ ഓർമ്മയിൽ ചുണ്ടിൽ ചിരി പൊടിയും: സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ``പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം..'' അനുഭവങ്ങൾ പാളിച്ചകളിലെ  ``പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ'' എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ കയ്യും വീശി നെഞ്ചു വിരിച്ചു സത്യൻ നടന്നുപോയ  ഷൺമുഖം റോഡ് പഴയ രൂപത്തിൽ ഇപ്പോഴില്ല എന്നറിഞ്ഞപ്പോൾ ശരിക്കും ദുഃഖം തോന്നി. ഒരിക്കലെങ്കിലും ആ വഴിയിലൂടെ നടന്നുപോകാൻ കൊതിച്ചിട്ടുണ്ട് മനസ്സ്. ഇന്നും കണ്ടു മതിവരാത്ത ഗാനരംഗം.


അഭിനയിച്ച ലൊക്കേഷനുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ നടീനടന്മാർക്ക് എന്തുതോന്നും? പലപ്പോഴും ദുഖമാണ് തോന്നുകയെന്ന് ഷീല. കേരളത്തിൽ വരുമ്പോൾ അത്തരം ലൊക്കേഷനുകൾ തേടി യാത്ര ചെയ്യാറുണ്ട് അവർ; വെറുതെ ഒരു കൗതുകത്തിനു വേണ്ടി. വല്ലാത്ത നിരാശയും നഷ്ടബോധവും  തോന്നും അപ്പോൾ. `` കരിമുകിൽ കാട്ടിലെ എന്ന ഗാനരംത്ത്,  കായലോരത്തെ തെങ്ങിൻ തോപ്പിൽ  വിങ്ങുന്ന മനസ്സുമായി കാമുകനെ കാത്തുനിൽക്കുന്ന കള്ളിച്ചെല്ലമ്മയിലെ   എന്റെ കഥാപാത്രത്തെ ഓർമ്മയില്ലേ? ഈയിടെ അത് ഷൂട്ട് ചെയ്ത വെള്ളായണിയിൽ   ചെന്നപ്പോൾ ദുഃഖം തോന്നി. ആ പഴയ സുന്ദരിയായ വെള്ളായണിയെ ഓർമ്മിപ്പിക്കുന്ന ഒന്നുമില്ല ഇന്നവിടെ.  തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു അവിടമെല്ലാം. പണ്ട് പച്ച പുതച്ചു  നിന്ന പലയിടങ്ങളിലും ഇന്ന്  കെട്ടിടങ്ങൾ മാത്രം.  പഴയ  സിനിമകളിലെ  ഗാനരംഗങ്ങളിൽ മാത്രമാണ് കേരളത്തിലെ പ്രകൃതിരമണീയത അവശേഷിക്കുന്നത് എന്ന് തോന്നാറുണ്ട്. ഭാരതപ്പുഴയുടെ കാര്യവും അതുതന്നെ.'' 

`മനസ്സിനക്കരെ'യുടെ ഷൂട്ടിംഗിനായുള്ള യാത്രക്കിടെ ഒരിക്കൽ ഉദയാ സ്റ്റുഡിയോയിൽ കയറിയതാണ് മറ്റൊരോർമ്മ. വലിയ പ്രതീക്ഷയോടെയാണ് ചെന്നത്. എത്രയെത്ര സിനിമകളിൽ എത്രയെത്ര ഗാനരംഗങ്ങൾ അഭിനയിച്ച സ്ഥലമാണ്. പക്ഷെ ആ പഴയ ഉദയായുടെ നിഴലേയുള്ളൂ ഇപ്പോൾ അവിടെ. ``കുടമുല്ലപ്പൂവിനും  മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ എന്ന് പാടി ഞാനും നസീറും ചുറ്റിനടന്ന ആ താമരക്കുളമൊക്കെ കണ്ടപ്പോൾ സങ്കടം വന്നു.  വടക്കൻപാട്ടിലെ വീരയോദ്ധാക്കളുടെ ഉറുമിയൊച്ചകളും രാജാക്കന്മാരുടെ കുതിരക്കുളമ്പടികളും ഒക്കെ  ഓർമ്മയായി.  എങ്ങും നിശബ്ദത മാത്രം. അവിടത്തെ മാതാവിന്റെ  പ്രതിമക്കുമുന്നിൽ ചെന്ന് നിന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു ഞാൻ. എന്നെങ്കിലും ഈ മഹാസ്ഥാപനത്തെ  പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരണേ എന്ന്....'' 
ഭാരതപ്പുഴയുടെ ഓരത്തുകൂടി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ  മുറപ്പെണ്ണിലെ ``കരയുന്നോ പുഴ ചിരിക്കുന്നോ'' എന്ന പാട്ടിലേക്ക് മനസ്സുകൊണ്ടെങ്കിലും  മടങ്ങിപ്പോകാത്തവരുണ്ടാകുമോ ആ തലമുറക്കാരിൽ? സംശയമാണ്.

തീർന്നില്ല... മറക്കാനാവാത്ത ഗാനചിത്രീകരണ വേദികൾ വേറെയുമുണ്ട്-- നൂറുകണക്കിന്.  പഴയ ഓരോ ഗാനരംഗവും കാണുമ്പോൾ അവയുടെ ലൊക്കേഷനുകൾ ഇപ്പോൾ എങ്ങനെയായിരിക്കും എന്നോർക്കാറുണ്ട്, വെറുതെ ഒരു രസത്തിന്. കാലത്തിന്റെ കുത്തൊഴുക്കിൽ അവ  എങ്ങനെയൊക്കെ  മാറിപ്പോയിരിക്കും? ചിലപ്പോൾ കിറുക്കാകാം. ഇത്തരം കിറുക്കുകളാണല്ലോ ഈ ദുരന്തകാലത്തും സ്വപ്നജീവികളായി നമ്മെ നിലനിർത്തുന്നത്...

Content Highlights : Doctor Movie Song location, Peechi Dam, Sheela sathyan