ഗായകന്‍, ശാസ്ത്രീയ സംഗീതജ്ഞന്‍, സംഗീതസംവിധായകന്‍, നടന്‍...  പദ്മവിഭൂഷണ്‍ കെ ജെ യേശുദാസിന് അങ്ങനെ വിശേഷണങ്ങള്‍ നിരവധി. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു പദവി കൂടി - നര്‍ത്തകന്‍.

1963 ല്‍ പുറത്തിറങ്ങിയ ``ഡോക്ടര്‍'' എന്ന ചിത്രത്തില്‍ ``വരണൊണ്ട് വരണൊണ്ട് മണവാളന്‍'' (പി ഭാസ്‌കരന്‍-ദേവരാജന്‍) എന്ന ഗാനരംഗത്ത് പാടിയും  ആടിയും  അഭിനയിക്കുന്നത് ഗാനഗന്ധര്‍വന്‍ ആണെന്നാണ് വാട്‌സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന  കൗതുകമാര്‍ന്ന  ``വിജ്ഞാന ശകലം.''  ഗായകനായ യേശുദാസിലെ മെയ്വഴക്കമുള്ള നര്‍ത്തകനെ ``തിരിച്ചറിഞ്ഞു'' അന്തം വിടുന്നു  പലരും. 

യഥാര്‍ത്ഥത്തില്‍ ഈ നാടോടി നൃത്ത രംഗത്ത് അഭിനയിക്കുന്നത് ശിവശങ്കരന്‍ നായർ എന്ന പ്രൊഫഷണല്‍ നര്‍ത്തകനാണ്. ഒപ്പം ചെന്നൈ സ്വദേശിനി സരോജ എന്ന നടിയും. ``ഡോക്ടര്‍'' എന്ന ചിത്രത്തിന്റെ നൃത്ത സംവിധായകനായ ഗുരു ഗോപാലകൃഷ്ണന്റെ ഡാന്‍സ് ഗ്രൂപ്പിലെ അംഗമാണ്  ശിവശങ്കരന്‍ നായർ . ഒപ്പം നൃത്തമാടുന്ന സരോജയാകട്ടെ, തെന്നിന്ത്യന്‍ സിനിമാലോകത്ത് നിരവധി നൃത്ത രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കലാകാരിയും. കായംകുളം കൊച്ചുണ്ണിയിലെ ``സുറുമ നല്ല സുറുമ'' എന്ന ഗാനരംഗത്ത് ചില്ലറ ചുവടുകള്‍ പരീക്ഷിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു മുഴുനീള നൃത്തരംഗത്ത് അഭിനയിക്കുക എന്ന അതിസാഹസികതക്ക്  ഇത് വരെ മുതിര്‍ന്നു കണ്ടിട്ടില്ല മലയാളികളുടെ ദാസേട്ടന്‍. എന്നിട്ടും വിധി അദ്ദേഹത്തെ  ``നര്‍ത്തക''നാക്കി; ഈ എഴുപത്തെട്ടാം വയസ്സില്‍. 

ആദരണീയ സുഹൃത്ത് കൂടിയായിരുന്ന വിഖ്യാത നൃത്താധ്യാപകന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഗുരു ഗോപാലകൃഷ്ണനെ വീണ്ടും ഓര്‍ക്കാന്‍ ഇടയാക്കി ഈ ഗാനരംഗം. ഗുരു ഗോപിനാഥിന്റെ ശിഷ്യനായ ഗോപാലകൃഷ്ണനാണ് ഈ ചിത്രത്തിലെ ഗാന-നൃത്ത രംഗങ്ങള്‍ മുഴുവന്‍ ചിട്ടപ്പെടുത്തിയത്. ചെന്നൈ ന്യൂട്ടോണ്‍ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ``വിരലൊന്ന് മുട്ടിയാല്‍'' എന്ന നൃത്തരംഗവും  പീച്ചി ഡാം പശ്ചാത്തലമായ കല്‍പ്പനയാകും യമുനാ നദിയിലെ എന്ന യുഗ്മഗാനവും ഒന്നിനൊന്ന് ഹൃദ്യം. വരണൊണ്ട്   വരണൊണ്ട് (യേശുദാസ്, സുശീല) എന്ന നാടോടി നൃത്തരംഗവും ചിത്രീകരിച്ചത് പീച്ചി ഡാം പരിസരത്തുവെച്ചു തന്നെ.

ജെമിനിയുടെ പ്രശസ്തമായ  ചന്ദ്രലേഖ (1948) എന്ന ചിത്രത്തിലെ നൂറു കണക്കിന് ``ഡ്രം ഡാന്‍സര്‍മാ''രില്‍ ഒരാളായി സിനിമയില്‍ അരങ്ങേറിയ ഗോപാലകൃഷ്ണന്‍ പില്‍ക്കാലത്ത് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നര്‍ത്തകനും കൊറിയോഗ്രാഫറുമായി. മലയാളത്തില്‍  തുടക്കം കുറിച്ചത് ``അമ്മ '' (1952) യില്‍. ``ജീവിത നൗക''യിലെ മഗ്ദലനമറിയം നൃത്തനാടകരംഗത്ത് ഗുരുവായ ഗോപിനാഥിനൊപ്പം പ്രത്യക്ഷപ്പെട്ട ഗോപാലകൃഷ്ണന്‍ പില്‍ക്കാലത്ത് കൊറിയോഗ്രാഫി നിര്‍വഹിച്ച ഗാനരംഗങ്ങളില്‍  നീലക്കുയിലിലെ ജിഞ്ചകം താരോ, മുടിയനായ പുത്രനിലെ പൊട്ടിച്ചിരിക്കരുതേ ചിലങ്കേ, പരീക്ഷയിലെ ഒരു പുഷ്പം മാത്രമെന്‍, നിണമണിഞ്ഞ കാല്‍പ്പാടുകളിലെ മേ തോ ഗുംഗ്രൂ...എന്നിവ ഉള്‍പ്പെടുന്നു. വാഹിനി സ്റ്റുഡിയോയിലെ സെറ്റില്‍   മൂന്ന് ദിവസമെടുത്താണ്   ജിഞ്ചകം താരോ ചിത്രീകരിച്ചതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതോര്‍മ്മയുണ്ട്. 2012 ല്‍ ഗുരു ഗോപാലകൃഷ്ണന്‍ അന്തരിച്ചു. അനുഗൃഹീത നര്‍ത്തകിയായ കുസുമം  ആണ് ഗോപാലകൃഷ്ണന്റെ പത്‌നി.

doctor malayalam movie varanondu varanondu manavalan yesudas ravi menon pattuvazhiyorath