പാട്ടുകൊണ്ട് കഞ്ഞികുടിച്ചു പോകുന്ന ഒരാള്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന ഒരുവന് കൂടി ഉള്ളിലുള്ളതുകൊണ്ട് ചോദിക്കാതിരിക്കാനും വയ്യ: നമ്മുടെ സിനിമയില്‍ പാട്ട് നിര്‍ത്തേണ്ട കാലമായില്ലേ?
പാട്ടുകള്‍ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ഒരിക്കല്‍. ഓരോ പടത്തിലും ആറും ഏഴും ഹിറ്റ് ഗാനങ്ങള്‍. ലക്ഷക്കണക്കിന് കോപ്പി വില്‍ക്കുന്ന ഓഡിയോ കാസറ്റുകള്‍. പാട്ടുകൊണ്ട് മാത്രം ബോക്സാഫീസ് വിജയം നേടുന്ന പടങ്ങള്‍...പഴയ പല പടങ്ങളും ഇന്ന് നമ്മള് യുട്യൂബില്‍ കാണുന്നതു തന്നെ അവയിലെ ഗാനങ്ങള്‍ ആസ്വദിക്കാനാണ്; ചിലപ്പോള്‍ ഗാനചിത്രീകരണങ്ങളും.
ഇന്നോ?
മലയാള സിനിമ ഏറെ വളര്‍ന്നു. സാങ്കേതികമായും പ്രമേയപരമായും സൗന്ദര്യശാസ്ത്രപരമായും ഒക്കെ ലോകോത്തര സിനിമകളോട് തോളുരുമ്മി നില്ക്കാന് പോന്ന അന്തസ്സും ആഭിജാത്യവും കൈവരിച്ചു. സ്വാഭാവികമായ അഭിനയവും കഥാസന്ദര്‍ഭങ്ങളുമായി നമ്മുടെ സിനിമയുടെ മുഖമുദ്ര. പശ്ചാത്തല സംഗീതം മുന്‍പെന്നത്തേക്കാള്‍ ഔചിത്യമാര്ന്നതും കഥാഗതിയുമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നതുമായി.
ഇതിനിടെ പാവം പിന്നണിഗാനത്തിന് പ്രസക്തിയെന്ത്? ഒരര്‍ത്ഥത്തില്‍ സിനിമയുടെ ഗുണനിലവാരത്തോട് തന്നെ ഇടഞ്ഞുനില്ക്കുന്നവയല്ലേ ഇന്നത്തെ പാട്ടുകള്‍ അധികവും? സിനിമയുടെ സൗമ്യസുന്ദരമായ ഒഴുക്കിന് പലപ്പോഴും വിഘാതമാകുന്നു അവ. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനേ കഴിയൂ അത്തരം പാട്ടുകള്‍ക്ക്.
ഉദാഹരണം തരാം. സിനിമ സസ്പെന്‍സ് ത്രില്ലറാണെന്ന് കരുതുക. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ. അനുനിമിഷം ത്രസിപ്പിക്കുന്ന ട്വിസ്റ്റുകള്‍. ഇതിനിടയിലേക്കാണ് ക്ഷണിക്കപ്പെടാത്ത അതിഥി പോലെ ഗാനം കടന്നുവരിക. ഭാഗ്യവശാല്‍, അതൊരു കഥാപാത്രം ചുണ്ടനക്കി പാടുന്നതല്ല; പശ്ചാത്തല ഗാനമാണ്. കഥയുമായോ കഥാസന്ദര്ഭവുമായോ പുലബന്ധം പോലുമില്ലാത്ത ഞഞ്ഞാമിഞ്ഞ വരികള്‍. ചക്കിക്കൊത്ത ചങ്കരന് മട്ടിലൊരു തണുപ്പന്‍ ഈണം. ഗാനം കടന്നുവരുന്നതോടെ പടത്തിന്റെ ത്രില്ലും സസ്പെന്‍സും അവയുടെ പാട്ടിന് പോകുന്നു. കഥയുടെ പിരിമുറുക്കത്തിന്മേല് ആരോ ഒളിഞ്ഞുനിന്ന് വെള്ളം കോരിയൊഴിച്ച പ്രതീതി. പാട്ടിനെ ശപിക്കാതിരിക്കുമോ പ്രേക്ഷകന്? തിയേറ്ററിലിരുന്നാണ് പടം കാണുന്നതെങ്കില്‍ പ്രത്യേകിച്ചും.
ഒടിടി പ്ലാറ്റുഫോമിലാണ് സിനിമ കാണുന്നതെങ്കില്‍ ഒരു ഗുണമുണ്ട്. പാട്ടുസീന്‍ നമുക്ക് ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യാം. പാട്ടിന് കഥയുമായി വലിയ ബന്ധമൊന്നുമില്ലാത്തതിനാല്‍ നിര്‍ണായകമായ എന്തെങ്കിലും രംഗങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം വേണ്ട.
അപ്പോള്‍ പിന്നെ ഇത്രയും തുക ചിലവാക്കി പാട്ടു റെക്കോര്‍ഡ് ചെയ്ത് സിനിമയില്‍ തിരുകിക്കയറ്റുന്നതെന്തിന് എന്ന ന്യായമായ ചോദ്യം ഉദിക്കുന്നു. പാട്ടില്ലെങ്കിലും സിനിമക്ക് ഒരു പിണ്ണാക്കും സംഭവിക്കില്ലെങ്കില്‍, പാട്ടിന്റെ അഭാവം സിനിമയുടെ ശില്പഭദ്രത കുറേക്കൂടി തികവാര്ന്നതാക്കുമെങ്കില്, ``പ്രതി''യെ പടിക്ക് പുറത്തു നിര്‍ത്തുകയല്ലേ ബുദ്ധി? അവാര്‍ഡുകള്‍ക്ക് അയക്കുമ്പോള്‍ ഗാനരംഗങ്ങള്‍ നിര്‍ദയം മുറിച്ചു നീക്കുകയാണ് നമ്മുടെ പല സീരിയസ് സിനിമാക്കാരുടെയും രീതി. ജനത്തിനും പാട്ട് അസഹ്യമായി തോന്നുകയാണെങ്കില്‍ പിന്നാര്ക്കുവേണ്ടിയാണ് ഈ സാഹസം? സിനിമയില്‍ അനിവാര്യമെങ്കില്‍ മാത്രം പോരേ പാട്ട് എന്ന് ചോദിച്ചുപോകുന്നു അറിയാതെ.
പ്രതിഭാശാലികളായ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും പഞ്ഞമില്ല നമ്മുടെ നാട്ടില്‍. ആവശ്യമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയാല്‍ ക്ലാസ്സിക് ഗാനശില്പങ്ങള് മിനഞ്ഞെടുക്കാന്‍ കഴിയുന്നവര്‍. നിര്‍ഭാഗ്യവശാല്‍ പലവിധ പരിമിതികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ ശ്വാസം മുട്ടി നിന്നുകൊണ്ടാണ് അവരുടെ ഗാനസൃഷ്ടി. ഉറക്കമിളച്ചുണ്ടാക്കുന്ന പാട്ടുകള്‍ സിനിമയില്‍ ഇടം നേടണം എന്ന് നിര്‍ബന്ധവുമില്ല. സ്വാഭാവിക പരിണാമമാണത് എന്ന് തോന്നുന്നു. കാലഘട്ടത്തിന്റെ അനിവാര്യത. മ്യൂസിക്കല്‍ സിനിമകളും കുടുംബ ചിത്രങ്ങളും പഴയ ശൈലിയിലുള്ള കാമ്പസ് പ്രണയചിത്രങ്ങളും അപ്രത്യക്ഷമായതോടെ പാട്ടുകള്‍ അപ്രസക്തമായി. പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി മിന്നി മറയുന്ന പാട്ടുതുണ്ടുകള് മാത്രമായി സിനിമയിലെ ആകെയുള്ള ഗാനസാന്നിധ്യം. അത്തരം പാട്ടുകള്‍ ആരും മൂളിക്കൊണ്ടു നടക്കാറില്ല. പാട്ടുകള്‍ കാവ്യാത്മകമായി ചിത്രീകരിച്ച വിന്‍സന്റ് മാസ്റ്ററും ഭരതനും ഹരിഹരനും ഐ വി ശശിയും മുതല്‍ പ്രിയദര്‍ശനും കമലും വരെയുള്ള സംവിധായകര്‍ക്ക് ഇനി പിന്ഗാമികളുണ്ടാകുമോ എന്ന് സംശയം.
മറ്റൊരു കൗതുകം കൂടിയുണ്ട് -നമ്മുടെ സിനിമകളില്‍ നിന്ന് ഹിറ്റ് ഗാനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കോവിഡ് ആ തിരോധാനത്തിന്റെ ആക്കം കൂട്ടിയെന്നു മാത്രം. വര്‍ഷാന്ത സംഗീത കണക്കെടുപ്പ് നടത്തുമ്പോള്‍ മികച്ച പത്തു പാട്ട്, അല്ലെങ്കില്‍ പതിനഞ്ചു പാട്ട് തിരഞ്ഞെടുക്കുക എന്ന ദൗത്യം അങ്ങേയറ്റം ദുഷ്കരമായിരിക്കുന്നു. ടോപ് ടെന്‍ എന്നൊരു ആശയം വെച്ച് റേഡിയോയിലും ടെലിവിഷനിലും വര്‍ഷാന്ത പരിപാടികള്‍ അവതരിപ്പിക്കേണ്ടി വരുമ്പോഴാണ് ഇതൊരു വലിയ വെല്ലുവിളിയായി മാറുക. അത്ര വലിയ ഹിറ്റുകളല്ല എന്നറിഞ്ഞുകൊണ്ടുതന്നെ എണ്ണം തികയ്ക്കാന്‍ ചില ശരാശരി പാട്ടുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ സ്ഥിതിയാണിത്. ഇനിയെത്രകാലം ഈ ടോപ് ടെന്‍ ഏര്‍പ്പാട് തുടരും എന്ന് പ്രവചിക്കുക വയ്യ. 1980 കളിലും 90 കളിലുമൊക്കെ ഫിലിം മാഗസിനും വെള്ളിനക്ഷത്രത്തിനും വേണ്ടി ഇതേ ദൗത്യം നിര്‍വഹിക്കുമ്പോള്‍ ടോപ് ടെന്നില്‍ നിന്ന് ഏതു പാട്ട് ഒഴിവാക്കും എന്നതായിരുന്നു വെല്ലുവിളി. ഗത്യന്തരമില്ലാതെ ടോപ് 25 വരെ തിരഞ്ഞെടുക്കേണ്ടിവന്ന വര്‍ഷങ്ങളുണ്ട്. എന്നിട്ടും നല്ല പാട്ടുകള്‍ പലതും പുറത്തുനില്‍ക്കും. അതൊരു കാലം.
മറ്റു ജനുസ്സില്പെട്ട ഗാനങ്ങള്‍ക്കാണ് ഇപ്പോള്‍ ശ്രോതാക്കള്‍ (പ്രേക്ഷകരും) കൂടുതല്‍; പ്രത്യേകിച്ച് പഴയ സിനിമാ ഹിറ്റുകളുടെ കവര്‍ വേര്‍ഷനുകള്‍ക്ക്. ബാബുരാജിന്റെയും ദേവരാജന്റെയുംജോണ്സന്റെയും രവീന്ദ്രന്റെയും വിദ്യാസാഗറിന്റെയും എം ജി രാധാകൃഷ്ണന്റെയും ഒക്കെ ക്ലാസിക് ഗാനങ്ങള്‍ പല രൂപങ്ങളില്‍, ഭാവങ്ങളില്‍ പുനരവതരിച്ചുകൊണ്ടേയിരിക്കുന്നു. മൗലികമായ പുതിയ സൃഷ്ടികളൊരുക്കാന്‍ മ്യൂസിക് ബാന്‍ഡുകള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെയും പ്രധാന മേച്ചില്‍പ്പുറം പഴയ പാട്ടുകള്‍ തന്നെ. ഗാനമേളക്കാരുടെയും റിയാലിറ്റി ഷോകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ആളുകള്‍ക്ക് ഇപ്പോഴും പഴയ പാട്ടുകള്‍ കേള്‍ക്കാനാണ് ഇഷ്ടമെന്ന് സാക്ഷ്യപ്പെടുത്തുന്നു ഗാനമേളാ സംഘാടകരും ടെലിവിഷന്‍ അധികൃതരും.
തിരിച്ചു വരുമോ പാട്ടുകളുടെ ആ സുവര്‍ണകാലം എന്നോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യമില്ല. സിനിമാസങ്കല്പങ്ങള് തന്നെ മാറിമറിയുമ്പോള്‍, സംഗീതം മാത്രമെന്തിന് ഒഴിഞ്ഞുനില്ക്കണം? ആസ്വദിക്കാന്‍ ആയിരക്കണക്കിന് പാട്ടുകളുണ്ടല്ലോ നമ്മുടെ വിരല്‍ത്തുമ്പില്‍. ഒരു മനുഷ്യായുസ്സ് മതിയാകുമോ അവ തന്നെ കേട്ടുതീരാന്?
ഭിന്നാഭിപ്രായങ്ങള്‍ക്കും സുസ്വാഗതം...
Content Highlights: Malayalam Movie Songs