വിടവാങ്ങി ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ദേവരാജന്‍ മാസ്റ്ററുടെ ചരമദിനം സംബന്ധിച്ച 'ദുരൂഹത' നീങ്ങുന്നില്ല. നിത്യജീവിതത്തിലെന്ന പോലെ സംഗീത സപര്യയിലും കൃത്യതയുടെയും പൂര്‍ണതയുടെയും ഉപാസകനായിരുന്ന മാസ്റ്റര്‍ക്ക് മരണാന്തരം ഇങ്ങനെയൊരു ദുര്യോഗം വന്നുപെട്ടത് തികച്ചും നിര്‍ഭാഗ്യകരം.

2006 മാര്‍ച്ച് 14 ന് രാത്രി പത്തരയ്ക്കും പതിനൊന്ന് മണിക്കുമിടയിലായിരുന്നു ചെന്നൈ കാംദാര്‍ നഗറിലെ വസതിയില്‍ വെച്ച് മാസ്റ്ററുടെ അന്ത്യം. അന്ന് വൈകീട്ട് ഏഴു മണിക്ക് വിജയ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വന്നിരുന്നതേയുള്ളു മാസ്റ്റര്‍ എന്നോര്‍ക്കുന്നു പത്‌നി ലീലാമണി ദേവരാജന്‍. ''ആന്‍ജിയോപ്ലാസ്റ്റി തല്ക്കാലം ആവശ്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിധി. പത്തു ദിവസം കഴിഞ്ഞു പരിശോധനക്ക്  വരണമെന്ന നിബന്ധനയോടെ വിട്ടയക്കുകയായിരുന്നു  അവര്‍ മാസ്റ്ററെ. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഏതാണ്ട് ഏഴര. പൗര്‍ണമിയായിരുന്നു അന്ന് എന്നോര്‍മ്മയുണ്ട്.  വീട്ടിലെത്തിയ ശേഷം കുറച്ചു നേരം വിശ്രമിച്ചു മാസ്റ്റര്‍. ഇടയ്ക്ക് ഒ എന്‍ വിയുമായി ഫോണില്‍ സംസാരിച്ചു. കിടക്കും മുന്‍പ് ബാത്‌റൂമില്‍ പോയി വരുന്ന പതിവുണ്ട് അദ്ദേഹത്തിന്. തിരിച്ചുവന്ന് കിടക്കാന്‍ ഒരുങ്ങുമ്പോള്‍ കിഴക്കു ഭാഗത്തേക്ക്  തലവെക്കുന്നതിന് പകരം മാസ്റ്റര്‍  നേരെ പിന്നിലേക്ക് ചായുകയായിരുന്നു. നിമിഷങ്ങള്‍ക്കകം  എല്ലാം കഴിഞ്ഞു.  എല്ലാവരും ചേര്‍ന്ന് ഉടനെ വിജയ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.''  

മാര്‍ച്ച് 14 ന് പതിനൊന്ന് മണിയോടടുപ്പിച്ചായിരുന്നു  വിയോഗമെങ്കിലും, പിറ്റേന്ന് അതികാലത്ത് അന്തരിച്ചു എന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വസ്തുതാവിരുദ്ധമായ അതേ പരാമര്‍ശം  മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചത് സ്വാഭാവികം. വിക്കിപീഡിയ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലെ പല ''വിജ്ഞാനസ്രോതസ്സു''കളിലും  മരണം നടന്നത് അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞു 12.30 ന് എന്നാണ് നാം കാണുക -അതായത് മാര്‍ച്ച് 15 ന് പുലര്‍ച്ചെ.  (അബദ്ധം ആരുടെയൊക്കെയോ ശ്രദ്ധയില്‍ പെട്ടതിനാല്‍ ആവണം, വിക്കിപീഡിയ ഇപ്പോള്‍ ചരമദിനം തിരുത്തിയിട്ടുണ്ടെങ്കിലും മരണസമയം പഴയതുതന്നെ. വായിക്കുന്നവര്‍ വീണ്ടും ആശയക്കുഴപ്പത്തില്‍ പെട്ടുപോകുമെന്നുറപ്പ്) തിരുവനന്തപുരം ആകാശവാണിയേപ്പോലുള്ള  ആധികാരിക സ്ഥാപനങ്ങള്‍ പോലും ഇതേ അബദ്ധം ആവര്‍ത്തിച്ചു എന്നതാണ് വിചിത്രം. യഥാര്‍ത്ഥ ചരമദിനം മാര്‍ച്ച് 15 തന്നെ എന്ന് ''കാര്യകാരണ സഹിതം'' വാദിച്ചുകൊണ്ട് ഫോണ്‍ വിളിക്കുന്നവരോട് മറുപടി പറഞ്ഞു മടുത്തതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ്.
ദേവരാജന്‍ മാസ്റ്ററുടെ ആത്മാവ് പൊറുക്കട്ടെ.

Content Highlights: Devarajan Master, Music dircetor, death and controversy, Malayala Cinema, evergreen hits of master