രു ഗിറ്റാർ കയ്യിലുണ്ടെങ്കിൽ എവിടെവെച്ചും ഏതു നേരവും ഈണമുണ്ടാക്കും എസ് പി വെങ്കിടേഷ് എന്ന് ഡെന്നിസ് ജോസഫ്.. 

``തുടർക്കഥ'' ഉദാഹരണം. ഒ എൻ വി ആയിരുന്നു ഗാനരചയിതാവ്. പടത്തിലെ നാല് ഗാനങ്ങളും (ആതിര വരവായി, അളകാപുരിയിൽ, മഴവില്ലാടും, ശരറാന്തൽ പൊന്നും പൂവും) എഴുതിത്തീർത്ത ശേഷം നാട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുകയാണ് അദ്ദേഹം. കമ്പോസിംഗ് കഴിഞ്ഞു എല്ലാവരും എ വി എം സ്റ്റുഡിയോയിലെ ഡൈനിങ് റൂമിൽ വന്നിരുന്നപ്പോൾ വെങ്കിടേഷിനോട് സംവിധായകൻ ഡെന്നിസ് ജോസഫ് ഒരാഗ്രഹം പറഞ്ഞു: ``ഗിറ്റാറിൽ എന്തെങ്കിലും ഒരു പീസ് വായിച്ചുകേൾപ്പിക്കണം.'' 

ഗിറ്റാറിന്റെ രാജകുമാരനാണ് വെങ്കിടേഷ്. സിത്താറിന്റെയും വീണയുടെയും ശബ്ദം വരെ ആ ഉപകരണത്തിൽ അദ്ദേഹം സൃഷ്ടിച്ചു കേട്ടിട്ടുണ്ടെന്ന് ഡെന്നിസ്. പറഞ്ഞപോലെ വെങ്കിടേഷ് അവിടെയിരുന്ന് ഗിറ്റാറിൽ ഒരു പീസ് വായിച്ചു കേൾപ്പിക്കുന്നു. ഒരു ചെറിയ മ്യൂസിക്കൽ ബിറ്റ്. വെറുതെ ഒരു രസത്തിനു വേണ്ടി വായിച്ചതെങ്കിലും ആ സംഗീത ശകലം ഡെന്നിസിന്റെ മനസ്സിനെ തൊട്ടു. ഇതൊരു പാട്ടാക്കി മാറ്റി സിനിമയിൽ ഉപയോഗിക്കണം എന്ന് ആ നിമിഷം ഉറച്ചു  കഴിഞ്ഞിരുന്നു അദ്ദേഹം.

എയർപോർട്ടിലേക്ക് തിടുക്കത്തിൽ പോകാൻ ഒരുങ്ങിനിന്ന ഒ എൻ വിയെ അനുനയിപ്പിച്ച് ഈണത്തിനനുസരിച്ച് ഒരു പല്ലവി  എഴുതിവാങ്ങുകയായിരുന്നു അടുത്ത ദൗത്യം. ആദ്യം തെല്ലൊന്ന്  മടിച്ചെങ്കിലും ഒടുവിൽ കവി വഴങ്ങി. നിന്ന നിൽപ്പിൽ തന്നെ ഈണം കേട്ട് രണ്ടു വരികൾ മൂളിക്കൊടുത്തു ഒ എൻ വി. ബാക്കി വരികൾ നാട്ടിലെത്തി ഫോണിൽ വിളിച്ചു പറയാം എന്ന വാഗ്ദാനവുമായി ഉടനടി സ്ഥലം വിടുകയും ചെയ്തു അദ്ദേഹം. 

കവി വാക്കു പാലിച്ചു. വെങ്കിടേഷിന്റെ ഇൻസ്റ്റന്റ് ഈണത്തിനൊത്ത് ഒ എൻ വി മനസ്സിൽ നിന്ന് മൂളിക്കൊടുത്ത പല്ലവി  ഇവയായിരുന്നു: ``മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ, കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...''. 1991 ലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്ന്. എം ജി ശ്രീകുമാറും ചിത്രയും പാടിയ ആ പാട്ടിന് ഇന്നത്തെ തലമുറയിൽ പോലുമുണ്ട് ആരാധകർ ...

എറണാകുളത്ത്  ``കിഴക്കൻ പത്രോസി''ന്റെ പൂജാവേളയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് വെങ്കിടേഷ് ഗിറ്റാറിൽ വായിച്ചുകേൾപ്പിച്ച ഒരുകൊച്ചു സംഗീതശകലത്തിൽ നിന്നാണ്  പാതിരാക്കിളി എന്ന ഹിറ്റ് ഗാനത്തിന്റെയും  പിറവി. ആ ഈണത്തിൽ നിന്നൊരു മുഴുനീള ഗാനമുണ്ടാക്കിയാലോ എന്ന ഡെന്നിസിന്റെ നിർദ്ദേശം ശിരസാവഹിക്കുന്നു ഇൻസ്റ്റന്റ് ട്യൂൺ മേക്കറായ വെങ്കിടേഷ്. ഒ എൻ വി കുറുപ്പിന്റെ ലളിതമായ വരികളും യേശുദാസിന്റെ ഗന്ധർവ നാദവും  കൂടി ചേർന്നതോടെ  1990 കളിൽ കേട്ട ഏറ്റവും ജനപ്രിയ ഓണപ്പാട്ടായി മാറി അത്.

പക്ഷേ ഒരു പ്രശ്‌നം. പാട്ടിനു പറ്റിയ സന്ദർഭമില്ല കഥയിൽ. ഇഷ്ടപ്പെട്ടുണ്ടാക്കിയ പാട്ട് ഉപേക്ഷിക്കാൻ മനസ്സൊട്ടു സമ്മതിക്കുന്നുമില്ല. ഒടുവിൽ ഡെന്നിസും സംവിധായകൻ സുരേഷ് ബാബുവും പാതിരാക്കിളിയെ സിനിമയുടെ ശീർഷക ഗാനമാക്കാൻ തീരുമാനിക്കുന്നു. അവസാനനിമിഷം, തികച്ചും യാദൃച്ഛികമായി സിനിമയിലേക്ക് ``ഇടിച്ചുകയറി''വന്ന  പാതിരാക്കിളിയാണ് കിഴക്കൻ പത്രോസിൽ ഏറ്റവും ഹിറ്റായത് എന്നത് മറ്റൊരു കൗതുകം. (നിർഭാഗ്യവശാൽ യൂട്യൂബിൽ ലഭ്യമായ സിനിമയുടെ വീഡിയോയിൽ നിന്ന് പ്രധാന ശീർഷകങ്ങൾക്കൊപ്പം ഗാനവും അപ്രത്യക്ഷമായിരിക്കുന്നു)

കഥ തീർന്നില്ല. പാട്ടുകേട്ട് ഡെന്നിസിനെ ആവേശപൂർവം വിളിച്ചവരിൽ ഒരാൾ സംവിധായകൻ പ്രിയദർശനായിരുന്നു. അത്രയും നല്ലൊരു പാട്ട് ടൈറ്റിലിൽ ഒതുക്കിക്കളഞ്ഞതിൽ പ്രതിഷേധമുണ്ടായിരുന്നു പ്രിയന്. ``എന്നെങ്കിലും ഒരിക്കൽ ഞാൻ ഈ ട്യൂൺ എന്റെ സിനിമയിൽ ഉപയോഗിക്കും. അപ്പോൾ നിങ്ങളാരും മറുത്തു പറയരുത്.''-- പ്രിയൻ. 

പറഞ്ഞപോലെ പ്രവർത്തിച്ചു പ്രിയദർശൻ. സംഗീതസംവിധായകൻ വെങ്കിടേഷിന്റെ അനുമതിയോടെ തന്നെ ``സാത്  രംഗ് കെ സപ്നേ'' എന്ന തന്റെ ചിത്രത്തിൽ പാതിരാക്കിളിയുടെ  ട്യൂൺ ഉപയോഗിച്ചു അദ്ദേഹം. ഉദിത് നാരായൺ പാടിയ ``ജൂട്ട് ബോൽനാ'' എന്ന ആ ഗാനം പുറത്തുവന്നത് നദീം ശ്രാവണിന്റെ ക്രെഡിറ്റിലാണെന്നു മാത്രം. പക്ഷേ പരാതിയൊന്നും പറഞ്ഞില്ല പൊതുവെ സമാധാനപ്രിയനായ വെങ്കിടേഷ്. ഗർദിഷിൽ തുടങ്ങി പ്രിയന്റെ എത്രയോ  ഹിന്ദി ചിത്രങ്ങൾക്ക് റീറെക്കോർഡിംഗ് നിർവഹിച്ചിട്ടുള്ളത് വെങ്കിടേഷാണല്ലോ. ബംഗാളി സിനിമയിലേക്ക് വെങ്കിടേഷിന് വഴി തുറന്നുകൊടുത്തതും ഈ ബോളിവുഡ് ബന്ധം തന്നെ.

Content Highlights : Dennis Joseph SP Venkatesh Hits Thudarkkatha Kizhakkan Pathrose Movie songs