നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

തന്റെ ആ പഴയ മഞ്ഞുമാസപ്പക്ഷി''യാണ് അരൂരിലെ പുതിയ എം എല്‍ എ എന്നറിഞ്ഞപ്പോള്‍ വിദ്യാസാഗറിന് അത്ഭുതം. ദലീമ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും നിയമസഭയിലേക്ക് മത്സരിച്ചതുമൊന്നും അറിഞ്ഞിട്ടില്ല അദ്ദേഹം. തുടക്കക്കാരിയുടെ ആകാംക്ഷയോടെ വര്‍ഷവല്ലകി സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ നിശ്ചലയായി നിന്ന് പാടുന്ന ആ പഴയ പാട്ടുകാരിയാണ് ഇന്നും വിദ്യയുടെ ഓര്‍മ്മയിലെ ദലീമ.  കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്'' (1997) എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച മഞ്ഞുമാസപ്പക്ഷി മണിത്തൂവല്‍ കൂടുണ്ടോ'' എന്ന ഗാനം യേശുദാസിനൊപ്പം പാടിയ ഗായിക. സിനിമക്കും ആല്‍ബങ്ങള്‍ക്കും വേണ്ടി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും മലയാളി  സംഗീതാസ്വാദകരുടെ മനസ്സില്‍ ദലീമയ്ക്ക് ഇടം നേടിക്കൊടുത്തത് മഞ്ഞുമാസപ്പക്ഷി'' തന്നെ.

ഇഷ്ടഗായികയായ എസ് ജാനകിയുടെ ശബ്ദത്തില്‍ വേണം ആ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ എന്നായിരുന്നു വിദ്യാസാഗറിന്റെ മോഹം. ഏതെങ്കിലും പാട്ടുകാരനെ അല്ലെങ്കില്‍ പാട്ടുകാരിയെ മനസ്സില്‍ കണ്ട് പാട്ട് ചിട്ടപ്പെടുത്തുന്ന പതിവില്ല എനിക്ക്. കമ്പോസിംഗ് കഴിഞ്ഞ ശേഷമാണ് അനുയോജ്യമായ ശബ്ദം നിശ്ചയിക്കുക. പാട്ടിന്റെ ഭാവത്തിനും റേഞ്ചിനും ഇണങ്ങുന്ന ശബ്ദമാകണമല്ലോ. ഈ ഗാനത്തിന് ജാനകിയുടെ ശബ്ദം മാത്രമേ യോജിക്കൂ എന്നായിരുന്നു എന്റെ വിശ്വാസം.''- വിദ്യ.

എസ് ജാനകിയുടെ ശബ്ദസൗകുമാര്യത്തോടും ആലാപനശൈലിയോടും ആദ്യകാലം മുതലേ സവിശേഷമായ  ആഭിമുഖ്യമുണ്ട് വിദ്യാസാഗറിന്. മലരേ മൗനമാ'' ആ ആത്മബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. മഞ്ഞുമാസപ്പക്ഷി ജാനകിയമ്മയുടെ അല്ലാതെ മറ്റാരുടെയും ശബ്ദത്തില്‍ സങ്കല്പിക്കാനാവില്ലായിരുന്നു എനിക്ക്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് അവര്‍ സ്ഥലത്തില്ല. മടങ്ങിവരാന്‍ സമയമെടുക്കും. പാട്ട് ഉടന്‍ റെക്കോര്‍ഡ് ചെയ്യുകയും വേണം. ശരിക്കും ധര്‍മ്മസങ്കടത്തിലായി ഞാന്‍.''

ആയിടയ്ക്കാണ് ജാനകിയെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദമുള്ള ഒരു ഗായികയുടെ പേര് ആരോ വിദ്യയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പാട്ടു കേട്ടപ്പോള്‍ എനിക്കും കൗതുകം തോന്നി. ജാനകിയമ്മയുടെ ശബ്ദം എന്നൊന്നും പറയാന്‍ വയ്യ. എങ്കിലും എവിടെയൊക്കെയോ ഒരു സാമ്യമുണ്ട്. പ്രത്യേകിച്ച് വാക്കുകള്‍ ഉച്ചരിക്കുന്നതില്‍. പെട്ടെന്ന് കേട്ടാല്‍ ജാനകിയമ്മയെ ഓര്‍മ്മവന്നേക്കാം. ചെന്നൈയില്‍ വിളിച്ചുവരുത്തി അവരെക്കൊണ്ടു പാടിച്ചു നോക്കി. ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ല എന്നായിരുന്നു എന്റെ തോന്നല്‍. കൃഷ്ണഗുഡിയുടെ സംവിധായകന്‍ കമലും എതിര്‍ത്തൊന്നും പറഞ്ഞില്ല.''

മഞ്ഞുമാസപ്പക്ഷി'' ദലീമ പാടി റെക്കോര്‍ഡ് ചെയ്യുന്നത് അങ്ങനെയാണ്. സിനിമയില്‍ അതിനു മുന്‍പ് അധികം പാട്ടൊന്നും പാടിയിട്ടില്ല അവര്‍. ഒരു മഞ്ഞുതുള്ളിപോലെ, ഹിറ്റ് ലിസ്റ്റ്, കല്യാണപ്പിറ്റേന്ന് എന്നീ ചിത്രങ്ങളില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില പാട്ടുകള്‍ മാത്രം. കല്യാണപ്പിറ്റേന്നില്‍ കൃഷ്ണചന്ദ്രനോടൊപ്പം പാടിയ തെച്ചിമലര്‍ക്കാടുകളില്‍ എന്ന ശീര്‍ഷകഗാനം ചിട്ടപ്പെടുത്തിയത് രവീന്ദ്രന്‍ മാസ്റ്റര്‍ ആണെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ സിനിമയില്‍ ദലീമയുടെ ബ്രേക്ക് മഞ്ഞുമാസപ്പക്ഷി'' തന്നെ. ആ പാട്ടിലൂടെ കൈവന്ന ഭാഗ്യം പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞോ എന്നത് മറ്റൊരു ചോദ്യം.

സോളോ ആയാണ് റെക്കോര്‍ഡ് ചെയ്തതെങ്കിലും സുമനേശരഞ്ജിനി ഉള്‍പ്പെടെ പല രാഗങ്ങളുടെ മിശ്രിതമായിരുന്ന ആ പാട്ട് ഭകൃഷ്ണഗുഡി''യില്‍ ഉപയോഗിച്ചത്  യേശുദാസിനൊപ്പമുള്ള യുഗ്മഗാനമായാണ്.  ഈണത്തിന് അനുസരിച്ച് കാവ്യഭംഗിയാര്‍ന്ന വരികളാണ് ഗിരീഷ് എഴുതിത്തന്നത്. ഏതു സംഗീത സംവിധായകനേയും പ്രചോദിപ്പിക്കാന്‍ പോന്ന വരികള്‍. അതുകൊണ്ടുതന്നെ ഗിരീഷിന്റെ മരിക്കാത്ത ഓര്‍മ്മ കൂടിയാണ് എനിക്കാ പാട്ട്.'' - വിദ്യ പറയുന്നു.

ഏതാണ്ടതേ കാലത്താണ് ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി'' എന്ന  സംഗീതപരമ്പരയില്‍ പാടാന്‍ ദലീമ എത്തുന്നതും. ദൂരദര്‍ശനു വേണ്ടി എന്റെ രചനയില്‍ എം എസ് നസീം ഒരുക്കിയ മെഗാ പരമ്പര. ജാനകിയമ്മയുടെ നിത്യഹരിത ഗാനങ്ങളാണ് ദലീമ ആ പരിപാടിയില്‍ പാടിയത്. പിന്നീട് നസീമിന്റെ തന്നെ സ്മരണാഞ്ജലി എന്ന ദൂരദര്‍ശന്‍ പരമ്പരയിലും കേട്ടു ദലീമയുടെ ശബ്ദം. വിനയമാണ് ഈ ഗായികയുടെ മുഖമുദ്ര; എസ് ജാനകിയോടുള്ള അഗാധമായ ആരാധനയും. രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്ന ദലീമയ്ക്ക് ആശംസകള്‍.


Content Highlights: Daleema Singer politician, kerala Assembly election