ആദ്യമായി സിനിമയിൽ പാടി നാട്ടിൽ തിരിച്ചെത്തിയ ജ്യേഷ്ഠനെ കൊതിയോടെ നോക്കിനിന്നിട്ടുണ്ട് ചന്ദ്രമോഹൻ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പൂമാലകളുമായി കാത്തുനിന്ന ആരാധകർക്കിടയിലൂടെ രാജകുമാരനെ പോലെ നടന്നു നീങ്ങുന്ന ജ്യേഷ്ഠൻ. എന്നെങ്കിലും ഏട്ടനെ പോലെ പിന്നണിഗായകനാവണം എന്ന മോഹം ഉള്ളിൽ മൊട്ടിട്ടത് അന്നാണ്.
കെ പി ഉദയഭാനു ആയിരുന്നു ആ ജ്യേഷ്ഠൻ. മലയാള സിനിമയിൽ വേറിട്ട ആലാപനശൈലിയുമായി കടന്നുവന്ന് സ്വന്തമായ ഇടം കണ്ടെത്തിയ ഗായകൻ. പ്രതിഭാവിലാസത്താൽ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ ജ്യേഷ്ഠനെ പിന്തുടർന്ന് അധികം വൈകാതെ അനിയനും സിനിമാനഗരത്തിലെത്തി. ഗാനഭൂഷണം പരീക്ഷയിൽ ഒന്നാം ക്ലാസോടെ നേടിയ ഡബിൾ പ്രൊമോഷനും അസാമാന്യമായ ആത്മവിശ്വാസവുമായിരുന്നു കൈമുതൽ. പക്ഷേ അത്ര സുഗമമായിരുന്നില്ല ചന്ദ്രമോഹന്റെ യാത്ര. അവസരങ്ങൾക്കായി രാപ്പകലെന്നില്ലാതെ കോടമ്പാക്കത്ത് അലഞ്ഞുനടന്നു അദ്ദേഹം. ഇടക്ക് പട്ടിണി കിടന്നു; ജീവിക്കാൻ വേണ്ടി ഗാനമേളകളിൽ പാടി. ഉദയഭാനുവിന്റെ സഹോദരൻ എന്ന പദവിയുണ്ടായിട്ടും നാൽപ്പതു വർഷത്തിനിടെ ആകെ പാടിയത് രണ്ടുമൂന്ന് ഭേദപ്പെട്ട സിനിമാപ്പാട്ടുകളും കുറെ കോറസ് ഗാനങ്ങളും മാത്രം. തകർന്ന സ്വപ്നങ്ങളുമായി ഒടുവിൽ നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും കാലം ഏറെ കടന്നുപോയിരുന്നു; പ്രായവും... ഒടുവിൽ അധികമാരുമറിയാതെ മരണം.
``ഗാനഭൂഷണം മികച്ച നിലയിൽ പാസായിട്ടും സിനിമയിൽ പോയി ജീവിതം പാഴാക്കിയതിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?'' -- ചന്ദ്രമോഹനോട് ചോദിച്ചിട്ടുണ്ട് ഒരിക്കൽ. ഉറക്കെയുള്ള പതിവു ചിരിയായിരുന്നു മറുപടി. ``അതെന്തിന്? ജീവിതത്തിൽ ഒന്നിലും പശ്ചാത്തപിക്കാത്ത ആളാണ് ഞാൻ. എല്ലാം നല്ലതിനായിരുന്നു എന്നാണെന്റെ വിശ്വാസം. പത്തു നാൽപ്പത് കൊല്ലം കോടമ്പാക്കത്ത് അലഞ്ഞതുകൊണ്ട് കുറെ വലിയ മനുഷ്യരെ പരിചയപ്പെടാൻ പറ്റി. ആഗ്രഹിച്ച പോലൊന്നും പാടി പേരെടുക്കാൻ പറ്റിയില്ലെങ്കിലും ഒരു പാട്ടിലൂടെ എന്നെ തിരിച്ചറിയുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം. ജീവിതം എനിക്ക് ഇത്രയൊക്കെയേ കരുതിവെച്ചിട്ടുണ്ടാവുള്ളു..'' നിശബ്ദമായ ഒരു നൊമ്പരമുണ്ടായിരുന്നോ ആ ചിരിക്ക് പിന്നിൽ? തിക്കുറിശ്ശി സുകുമാരൻ നായരുടെ വാക്കുകളാണ് ഓർമ്മവന്നത്: ``അതികാലത്ത് എണീറ്റ് പെട്ടിയും വട്ടിയുമായി സ്റ്റേഷനിൽ എത്തി കാത്തിരിപ്പ് തുടങ്ങിയ ആളാണ് ചന്ദ്രൻ; യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനുമൊക്കെ എത്തുന്നതിനു മുൻപ്. ബുദ്ധിമാന്മാരായ ദാസും ജയനും ബ്രഹ്മാനന്ദനും ആദ്യം കിട്ടിയ വണ്ടി പിടിച്ച് ലക്ഷ്യത്തിലെത്തി. പാവം ചന്ദ്രന്റെ വണ്ടി മാത്രം എന്നിട്ടും വന്നില്ല. ഒരിക്കലും വരാത്ത വണ്ടിക്കു വേണ്ടി കാത്തിരിപ്പ് തുടരുകയാണ് അവൻ..'' കളിയും കാര്യവും കലർന്ന ആ തമാശ ഓർത്തെടുത്ത് തന്നിലേക്ക് തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചന്ദ്രമോഹന്റെ ചിത്രം എങ്ങനെ മറക്കാനാകും?
ചന്ദ്രമോഹനെ മലയാളസിനിമയിൽ അടയാളപ്പെടുത്തിയ ആ പാട്ട് ഏതെന്നുകൂടി അറിയുക: ``പ്രഭു'' (1979) എന്ന സിനിമയിൽ ശങ്കർ ഗണേഷ് ചിട്ടപ്പെടുത്തിയ ``മുണ്ടകൻ കൊയ്ത്തിന് പോയേ ഏനൊരു മൂപ്പനെ കൂട്ടിനെടുത്തേ, മൂപ്പന് വെറ്റിലച്ചെല്ലം കൊണ്ടൊരു മുപ്പത്തി കൂട്ടിന് വന്നേ..'' രചന: ഏറ്റുമാനൂർ ശ്രീകുമാർ. സിനിമയിൽ അടൂർ ഭാസിയും പ്രേംനസീറും മാറി മാറി പാടുന്ന ഈ പാട്ട് ആകാശവാണി സ്ഥിരമായി പ്രക്ഷേപണം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇറങ്ങിയ കാലത്ത് ഗാനമേളാ വേദികളിലും ഹിറ്റായിരുന്നു മുണ്ടകൻ കൊയ്ത്ത്. ശങ്കർ ഗണേഷിന്റെ പേരിലാണ് പുറത്തുവന്നതെങ്കിലും പാട്ടിന്റെ ഈണത്തിന്റെ നല്ലൊരു പങ്കും തനിക്ക് അവകാശപ്പെട്ടതാണെന്ന് ചന്ദ്രമോഹൻ പറഞ്ഞുകേട്ടിട്ടുണ്ട്. ``മലയാളിത്തമുള്ള, ഫോക് സ്പർശമുള്ള ഈണമാണ് വേണ്ടിയിരുന്നത്. തമിഴന്മാരായ സംഗീത സംവിധായകർക്ക് നമ്മുടെ തനത് സംഗീതത്തിൽ അത്ര ഗ്രാഹ്യമില്ല. സ്വാഭാവികമായും അവർക്ക് എന്റെ സഹായം തേടേണ്ടിവന്നു.''-- ചന്ദ്രമോഹൻ പറഞ്ഞു.
``നാട്ടിൽ വന്നാൽ എനിക്കൊരു പതിവുണ്ട്. പൊറാട്ടു പോലുള്ള നാടൻ കലകൾ കാണാൻ പോകും. ഒരിക്കൽ സുഹൃത്തിനൊപ്പം വടക്കന്തറയിലേക്ക് കാറിൽ പോകുമ്പോൾ വഴിക്കെവിടെയോ പൊറാട്ട് നാടകം നടക്കുന്നു. കൗതുകം തോന്നിയതുകൊണ്ട് അപ്പോൾ തന്നെ കാർ നിർത്തി ഞാൻ അത് കാസറ്റിൽ റെക്കോർഡ് ചെയ്‌തുവെച്ചു. മാത്രമല്ല, പിറ്റേന്ന് പല്ലാവൂർ കുഞ്ചു എന്ന പൊറാട്ട് കലാകാരനെ വീട്ടിൽ വിളിച്ചുവരുത്തി അതേ ഈണം പാടിച്ചു കാസറ്റിൽ പകർത്തി വെക്കുകയും ചെയ്തു.'' അതുകൊണ്ട് ഉപകാരമുണ്ടായത് വർഷങ്ങൾക്ക് ശേഷം ``പ്രഭു''വിന്റെ റെക്കോർഡിംഗ് സമയത്താണ്. മുണ്ടകൻ കൊയ്ത്ത് കംപോസ് ചെയ്യുന്ന സമയത്ത് ഈ കാസറ്റ് ചന്ദ്രമോഹൻ ശങ്കർ ഗണേഷിനെ കേൾപ്പിക്കുന്നു. അതേ ഈണം പാട്ടിന് വേണ്ടി ഉപയോഗിക്കുകയാണ് അവർ ചെയ്തത്. പാട്ട് ഒറ്റത്തവണ കേട്ടപ്പോഴേ സംവിധായകൻ ബേബി സന്തുഷ്ടൻ. യേശുദാസും മറ്റും പാടിയ പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രഭുവിൽ എളുപ്പം ഹിറ്റായത് ചന്ദ്രമോഹന്റെ പാട്ടാണ്.
അതിനും 14 വർഷം മുൻപ് പിന്നണി ഗാനരംഗത്ത് അരങ്ങേറിയതാണ് ചന്ദ്രമോഹൻ. ആദ്യം റെക്കോർഡ് ചെയ്തത് ``കോട്ടയം കൊലക്കേസ്'' എന്ന ചിത്രത്തിലെ ``വെള്ളാരം കുന്നിന് മുഖം നോക്കാൻ വെൺമേഘം കണ്ണാടി'' എന്ന യുഗ്മഗാനം. കൂടെ പാടിയത് പി ലീല. വയലാറും ചിദംബരനാഥും ചേർന്നൊരുക്കിയ ആ ഗാനം മോശമായിരുന്നില്ലെങ്കിലും പുതുഗായകന് കാര്യമായ ഗുണമൊന്നും ചെയ്തില്ല. ഇടയ്ക്കും തലയ്ക്കുമായി ചില അരപ്പാട്ടുകളും മുറിപ്പാട്ടുകളും വീണുകിട്ടിയെങ്കിലും (അയലത്തെ സുന്ദരിയിലെ സ്വർണചെമ്പകം, സ്ത്രീധനത്തിലെ മോഹമല്ലികേ...) സിനിമയുടെ മുഖ്യധാരയിൽ ഇടം നേടാൻ ഒരിക്കലും ഭാഗ്യമുണ്ടായില്ല ചന്ദ്രമോഹന്.
അവസരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടപ്പോൾ ചന്ദ്രമോഹന് ഒന്നു ബോദ്ധ്യമായി: ബന്ധുവീട്ടിൽ ശാപ്പാടും നാട്ടിൽ നിന്ന് അമ്മാവൻ അപ്പുക്കുട്ടമേനോൻ (കെ പി കേശവമേനോന്റെ സഹോദരൻ) അയച്ചുകൊടുത്തിരുന്ന പോക്കറ്റ് മണിയും കൊണ്ട് അധികകാലം കഴിഞ്ഞുകൂടാൻ പറ്റില്ല. അങ്ങനെയാണ് ഗാനമേളാവേദിയിലേക്ക് ചുവടുമാറ്റുന്നത്. താമസിയാതെ ചെന്നൈയിലെ സാമാന്യം തിരക്കുള്ള ഗാനമേളക്കാരനായി മാറി ചന്ദ്രമോഹൻ. ഓണത്തിനും അയ്യപ്പൻ വിളക്കിനും ചന്ദ്രമോഹന്റെ ഗാനമേള ഒഴിച്ചുകൂടാൻ വയ്യാത്ത ഇനമായി.
പല്ലാവരത്തെ ഒരമ്പലത്തിൽ ഓണപ്പരിപാടി നടത്താൻ മലയാളി സമാജം പ്രസിഡണ്ട് സിഎ ബാലന്റെ ക്ഷണം ലഭിച്ചത് ആയിടെയാണ്. `` പുതിയൊരു ഓർക്കസ്ട്ര വന്നിട്ടുണ്ട്. തമിഴന്മാരാണ്. ഒന്ന് പരീക്ഷിച്ചുകൂടെ?'' എന്ന് ബാലന്റെ ചോദ്യം. ചന്ദ്രമോഹൻ ആദ്യം മടിച്ചു. തമിഴന്മാരായതു കൊണ്ട് പുതിയ മലയാളം പാട്ടുകൾ പഠിപ്പിച്ചെടുക്കാൻ പ്രയാസമാകും. എങ്കിലും ഒരു പരീക്ഷണം നടത്തിനോക്കാൻ തീരുമാനിക്കുന്നു ചന്ദ്രൻ. വരദരാജൻ എന്ന മൂത്ത ജ്യേഷ്ഠന്റെ നേതൃത്വത്തിലാണ് ട്രൂപ്പ്. അനിയന്മാരിലൊരാളായ രാജയ്യ നന്നായി ഹാർമോണിയം വായിക്കും. ഇളയവനായ അമരൻ ഗിറ്റാറും. കറുത്ത് മെലിഞ്ഞ ഹാർമോണിയക്കാരനാണ് വിസ്മയിപ്പിച്ചത്. പാട്ടിന്റെ നൊട്ടേഷൻ പറഞ്ഞുകൊടുത്താൽ നിമിഷങ്ങൾക്കകം പഠിച്ചെടുത്തു വായിച്ചിരിക്കും പയ്യൻ. ശരിക്കും ഒരു അത്ഭുത പ്രതിഭാസം.
ഗാനമേള വൻ വിജയമായി മാറിയതോടെ രാജയ്യ ചന്ദ്രമോഹന്റെ സുഹൃത്തായി; സന്തതസഹചാരിയും. കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ ആ പയ്യൻ ലോകമറിയുന്ന സംഗീത സംവിധായകനായി വളർന്നു- ഇശൈജ്ഞാനി ഇളയരാജ. അന്ന് ഗിറ്റാർ വായിച്ച സഹോദരനും മോശക്കാരനായിരുന്നില്ല-ഗംഗൈ അമരൻ.
അടുത്ത സുഹൃത്തുക്കളെങ്കിലും ഇരുവരുടെയും അടുത്ത് പാടാൻ അവസരമൊന്നും തേടിച്ചെല്ലാൻ മിനക്കെട്ടില്ല ചന്ദ്രമോഹൻ. ``ഒരിക്കലും സ്വകാര്യ നേട്ടങ്ങൾക്ക് വേണ്ടി സൗഹൃദങ്ങൾ ദുരുപയോഗം ചെയ്യരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലർക്കും സിനിമാ ജീവിതത്തിൽ ഞാനൊരു തുണയും തണലുമൊക്കെ ആയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ പ്രശസ്തരായ ശേഷം അവരിൽ നിന്ന് മാറിനടക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളു. നല്ല സൗഹൃദങ്ങൾ എന്തിന് നശിപ്പിക്കണം?''' ചുരുക്കം വാക്കുകളിൽ വലിയൊരു ജീവിത ദർശനം വരച്ചിടുകയായിരുന്നു ചന്ദ്രമോഹൻ.
1980 കളോടെ നാട്ടിൽ തിരിച്ചെത്തിയ ചന്ദ്രമോഹൻ വളരെ വൈകിയാണ് വിവാഹിതനായത്. ചില്ലറ ഗാനമേളകളും സംഗീത ക്ളാസുകളുമൊക്കെയായി തിരുവില്വാമലയിൽ ഏറെക്കുറെ അജ്ഞാതനായി കഴിഞ്ഞുകൂടവേ നിനച്ചിരിക്കാതെ മരണം വന്ന് ചന്ദ്രമോഹനെ കൂട്ടിക്കൊണ്ടുപോകുന്നു. പത്രങ്ങളുടെ ചരമക്കോളത്തിൽ അപ്രധാന വാർത്തയായി ഒതുങ്ങിപ്പോയ മരണം.
മരിക്കുന്നതിന് ദിവസങ്ങൾ മാത്രം മുൻപ് വിളിച്ചപ്പോഴും ശുഭ പ്രതീക്ഷയായിരുന്നു ചന്ദ്രേട്ടന്റെ ശബ്ദം നിറയെ: ``ഇനിയും ഞാൻ സിനിമയിൽ പാടും. ഇതുവരെ പാടിയ പാട്ടുകളെ ഒക്കെ അതിശയിക്കുന്ന ഒരു മെലഡി. അത് കൂടി പാടിയിട്ട് വേണം സലാം പറയാൻ..''
സ്വപ്നഗാനം പാടും മുൻപേ മുൻപേ യാത്ര പറഞ്ഞു പിരിഞ്ഞു ചന്ദ്രമോഹൻ; ജീവിതത്തോട് തന്നെ...
Content Highlights: Chandramohan Ilayaraja Malayalam Film Song Tamil Movie, Ravi Menon