ആരെങ്കിലുമൊക്കെ ഹൃദയം നൽകി മിനഞ്ഞെടുത്ത ഗാനശില്പങ്ങൾ ഒടിച്ചും മടക്കിയും വളച്ചും ചതച്ചും നീട്ടിയും കുറുക്കിയും  തന്നിഷ്ടപ്രകാരം സംഗതികൾ കുത്തിത്തിരുകിയും  പുതിയ പിഞ്ഞാണത്തിലാക്കി വിളമ്പുന്നതാണോ ``കവർ വേർഷൻ'' ?
അങ്ങനെ അല്ലെന്ന് തെളിയിച്ച ഒരു ഗായികയിതാ -- ഭദ്ര രാജിൻ.

കവർ വേർഷനുകളോട് ഒട്ടും അലർജിയില്ല. പാടിപ്പതിഞ്ഞ പാട്ടുകൾക്കെല്ലാം പുതിയ ഭാഷ്യങ്ങൾ വരട്ടെ. പുതുതലമുറ എങ്ങനെ അവയെ സമീപിക്കുന്നു എന്നറിയുന്നതിലുമുണ്ടല്ലോ ഒരു കൗതുകം. പഴയ ഗാനങ്ങളുടെ  ഔചിത്യമാർന്ന, ഭംഗി ചോരാത്ത പുനരവതരണങ്ങൾ സ്റ്റേജിലായാലും ടെലിവിഷനിലായാലും യുട്യൂബിലായാലും സ്വാഗതാർഹം. നിർഭാഗ്യവശാൽ  അത്തരം ജിജ്ഞാസയുണർത്തുന്ന പരീക്ഷണങ്ങൾ അപൂർവമായി വരുന്നു. ഒറിജിനലിനോട് തെല്ലും നീതി പുലർത്തുന്നവയല്ല പല പുനഃസൃഷ്ടികളും. ചിലതൊക്കെ മൂലകൃതിയെ നോക്കി കൊഞ്ഞനം കുത്തുന്നവ. ദേവരാജനും ബാബുരാജൂം ജോൺസണും രവീന്ദ്രനുമൊക്കെ ഉണ്ടാക്കിവെച്ച പാട്ടുകൾ അത്ര പോരാ, അവയിൽ കയറിയൊന്ന് മേഞ്ഞുകളയാം എന്ന മട്ടിലാണ് പലരുടേയും  ``സർഗാത്മക'' ഇടപെടലുകൾ. ഈ ജീനിയസ്സുകളാരും  ജീവിച്ചിരിപ്പില്ല എന്നത്  കയ്യേറ്റക്കാരുടെ  ഭാഗ്യം; നമ്മൾ കേൾവിക്കാരുടെ നിർഭാഗ്യവും.

ആൾക്കൂട്ടത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരുടെ കൂട്ടത്തിലാണ് ഭദ്രയുടെ സ്ഥാനം. മ്യൂസിക് മോജോയിൽ ഭദ്ര പുനരവതരിപ്പിച്ചത് ചില്ലറപ്പാട്ടുകളല്ല. പതിറ്റാണ്ടുകളായി മലയാളികളുടെ ചുണ്ടിലും മനസ്സിലുമുള്ള ഈണങ്ങൾ. അനുഭവങ്ങൾ പാളിച്ചകളിലെ ``കല്യാണി കളവാണി'', തച്ചോളി ഒതേനനിലെ `` കൊട്ടും ഞാൻ കേട്ടില്ല''; പിന്നെ വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ, നേരം പോയ് തുടങ്ങിയ നാടകഗാനങ്ങൾ. അധികമാരും വേദികളിൽ പാടാൻ ധൈര്യപ്പെടാത്ത പാട്ടുകൾ. അത്തരം വേറിട്ട ശബ്ദങ്ങളും ആലാപനശൈലികളും വാർപ്പു മാതൃകകൾക്ക് വഴങ്ങുന്നതല്ല എന്നതാവാം ഒരു കാരണം.

ഭദ്രയുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നത്  എന്താവാം? ആർഭാടപൂർണ്ണമായ വാദ്യവിന്യാസമോ കണ്ണഞ്ചിക്കുന്ന ദൃശ്യവൽക്കരണമോ മറ്റു കെട്ടുകാഴ്ചകളോ ഒന്നുമല്ല; ആ പാട്ടുകൾക്ക് ഗായിക പകർന്നു നൽകിയ ഭാവദീപ്തി തന്നെ. മുന്നിലെ സദസ്സിനു വേണ്ടിയല്ല തനിക്ക് വേണ്ടിത്തന്നെ പാടുമ്പോഴാണ് ഏത്  ഗായകന്റെയും ആലാപനം ശ്രോതാവിന്റെ ഹൃദയത്തെ ചെന്ന് തൊടുക എന്ന് പറഞ്ഞിട്ടുണ്ട് ഗസലിന്റെ ചക്രവർത്തിയായ മെഹ്ദി ഹസൻ. ഇവിടെ ഭദ്ര ചെയ്യുന്നതും അതുതന്നെ. ആത്മവിസ്മൃതിയുടെ തലങ്ങളിലൂടെയാണ് ഗായികയുടെ യാത്ര. വയലാറും പി ഭാസ്കരനും ഒ എൻ വിയും എഴുതിവെച്ച വരികളുടെ അർത്ഥവും ആശയവും ഉൾക്കൊണ്ട്, ദേവരാജന്റെയും ബാബുരാജിന്റെയും ഈണങ്ങളുടെ ഐന്ദ്രജാലികപ്രഭയ്ക്ക് മങ്ങലേൽപ്പിക്കാതെ വ്യക്തിത്വമാർന്ന ശൈലിയിൽ  ഭദ്ര ആ പാട്ടുകൾക്ക് ജീവൻ പകരുമ്പോൾ പോയി മറഞ്ഞ ഒരു കാലം മനസ്സിൽ പുനർജ്ജനിക്കുന്നു. പലപ്പോഴും ഔചിത്യരഹിതമായി മാറുകയും പാട്ടിന്റെ ആർദ്ര ഭാവത്തോട് ഇടഞ്ഞുനിൽക്കുകയും ചെയ്യുന്ന  പശ്ചാത്തല ശബ്ദഘോഷങ്ങൾ പോലും ആലാപനചാരുതയാൽ അപ്രസക്തമാക്കുന്നു ഈ ഗായിക. 


വരട്ടെ, കൂടുതൽ ഭദ്രമാർ. സിനിമയിൽ അരപ്പാട്ടോ മുറിപ്പാട്ടോ പാടി വിസ്മൃതിയിൽ മറഞ്ഞുപോകുന്നതിനേക്കാൾ, സംഗീതത്തിന്റെ അനന്ത വിസ്തൃത പഥങ്ങളിലൂടെ സ്വന്തം തേരോടിച്ചുപോകുന്നതിലല്ലേ യഥാർത്ഥ ത്രിൽ?

Content Highlights: Bhadra Rajin Malayalam Old Melodies Cover Version Mucis mojo