ഴുതേണ്ടത് ലക്ഷണമൊത്ത കെസ്സുപാട്ട്. എഴുതുന്നതാകട്ടെ ജീവിതത്തിലൊരിക്കലും മാപ്പിളപ്പാട്ടിൽ കൈവച്ചിട്ടില്ലാത്ത കുട്ടനാട്ടുകാരനും.
എം എസ്  ബാബുരാജാണ് സംഗീതസംവിധായകൻ. മലയാളികൾ എക്കാലവും മൂളിനടക്കുന്ന സൂപ്പർഹിറ്റ് കെസ്സുപാട്ടുകളുടെ ശില്പി. എളുപ്പമാവില്ല ദൗത്യം എന്നറിയാം മങ്കൊമ്പിന്.  തനിക്ക് ഒട്ടും പരിചിതമല്ലാത്ത മേഖലയല്ലേ? എങ്കിലും ഈ കളിയിൽ തോറ്റുകൊടുത്തുകൂടാ. ഭാസ്കരൻ മാഷും  ശ്രീമൂലനഗരം വിജയനും യൂസഫലിയുമൊക്കെ പയറ്റിത്തെളിഞ്ഞ കളരിയിൽ താരതമ്യേന പുതുമുഖമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആയുധം വെച്ച് കീഴടങ്ങുകയോ? ഛെ, മോശം. 

ഒരാഴ്ച്ചയോളം നീണ്ട യജ്ഞമായിരുന്നു പിന്നെ. കിട്ടാവുന്ന മാപ്പിളപ്പാട്ടു സാഹിത്യം മുഴുവൻ അരിച്ചുപെറുക്കി; മോയിൻകുട്ടി വൈദ്യരുടെ വിഖ്യാത കൃതികൾ ഉൾപ്പെടെ.  ഇത്തരം ഗാനങ്ങളിൽ കടന്നുവരാറുള്ള ചില പ്രത്യേക പദപ്രയോഗങ്ങളുടെ അർത്ഥം ചോദിച്ചറിഞ്ഞു. ബാക്കിയെല്ലാം എളുപ്പം. ഒറ്റയിരിപ്പിൽ എഴുതിത്തീർത്ത പാട്ടുമായി ചെന്നൈയിലെ ബി കെ പൊറ്റെക്കാടിന്റെ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ മങ്കൊമ്പിന്റെ മനസ്സിൽ എന്നിട്ടും ആശങ്ക ബാക്കി. മാപ്പിളസാഹിത്യം കലക്കിക്കുടിച്ചയാളാണ് സംവിധായകൻ പൊറ്റെക്കാട്. ബാബുരാജാകട്ടെ മാപ്പിളപ്പാട്ടിന്റെ ഉസ്താദും. രണ്ടുപേരിൽ ആർക്കെങ്കിലും തന്റെ രചന ഇഷ്ടപ്പെടാതെ പോയാലോ?

പക്ഷേ സംഭവിച്ചത് മറിച്ചാണ്. പാട്ടെഴുതിയ കടലാസിലേക്കും മങ്കൊമ്പിന്റെ മുഖത്തേക്കും മാറിമറിനോക്കി ബാബുരാജ്. പിന്നെ കവിക്ക് നേരെ കൈനീട്ടി പറഞ്ഞു: `` നല്ല ഏക്ലാസ് പാട്ട്. കൊട് കൈ.'' സംവിധായകന്റെ  ഊഴമായിരുന്നു അടുത്തത്. ആദ്യ വായനയിൽ തന്നെ പൊറ്റെക്കാടിന് പാട്ട് ഇഷ്ടപ്പെട്ടു എന്ന് മുഖഭാവം തെളിയിച്ചു. ``ബാബുക്കയുടെ നല്ലൊരു ട്യൂൺ കൂടി ചേർന്നാൽ ഈ പാട്ട് സൂപ്പർഹിറ്റ് -പൊറ്റെക്കാട് പറഞ്ഞു.
ആ വാക്കുകൾ സത്യമായി. ``സ്വർണ്ണമത്സ്യം'' (1975) എന്ന ശരാശരിച്ചിത്രം ഇന്ന് നാം ഓർക്കുന്നതുപോലും അതിലെ മങ്കൊമ്പ് -- ബാബുരാജ് ടീമിന്റെ കെസ്സുപാട്ടിന്റെ പേരിലാണ്: ``മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്, മനിസനെ മയക്കണ മൊഞ്ചൂറും മോറ്..'' യേശുദാസിന്റെ ശബ്ദത്തിൽ ജനപ്രിയമായ  ഗാനം.
സിനിമയിൽ ഒരു മാപ്പിളപ്പാട്ട് കൂടി വേണമെന്നത്  ബി എം പൊറ്റെക്കാടിന്റെ ആഗ്രഹമായിരുന്നു. വള്ളക്കാരൻ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചത്. രംഗത്ത്  പ്രത്യക്ഷപ്പെടുന്നത് ശ്രീലതയും ഹമീദ് കാക്കശ്ശേരിയും. പ്രത്യക്ഷത്തിൽ കഥാഗതിയുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ``സ്വർണ്ണമത്സ്യ''ത്തിൽ ആദ്യം ഹിറ്റായത് മാണിക്യപ്പൂമുത്ത് തന്നെ. യേശുദാസ് പാടിയ ``തുലാവർഷ മേഘമൊരു പുണ്യതീർത്ഥം'' ആയിരുന്നു മധു നായകനായ പടത്തിലെ മറ്റൊരു നല്ല ഗാനം.

ആദ്യത്തെ മാപ്പിളപ്പാട്ട് രചന തന്നെ ഹൃദയപൂർവം സ്വീകരിക്കപ്പെട്ടു എന്നത് മങ്കൊമ്പിന് ഇന്നും അഭിമാനം പകരുന്ന കാര്യം. മാണിക്യപ്പൂമുത്ത്, മാനിമ്പപ്പൂമോള്, മൊഞ്ചൂറും മോറ്, വില്ലൊത്ത് വളഞ്ഞുള്ള പുരികം, കടക്കണ്ണിലൊരു ജന്നത്ത് എന്നിങ്ങനെ പരമ്പരാഗത മാപ്പിളപ്പാട്ടുകളിൽ കാണാവുന്ന പല വാക്കുകളും അതിൽ ഉപയോഗിച്ചിട്ടുണ്ട്. എ വി എം സ്റ്റുഡിയോയിൽ വെച്ചുള്ള റെക്കോർഡിംഗും മറക്കാനാവില്ല. ഗാനത്തിന്റെ വരികളും ഈണവും ആസ്വദിച്ച്, അസാധ്യമായിത്തന്നെ യേശുദാസ് പാടി. മങ്കൊമ്പ് -- ബാബുരാജ് -- യേശുദാസ് കൂട്ടുകെട്ടിന്റെ ആദ്യസൃഷ്ടി ആയിരുന്നില്ല മാണിക്യപ്പൂമുത്ത്. തൊട്ടുമുൻപ് അവർ ഒരുമിച്ച സൗന്ദര്യപൂജയിലും ഉണ്ടായിരുന്നു ഹൃദയഹാരിയായ ഒരു പ്രണയഗാനം: ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളിൽ ഇളനീര്. ബാബുരാജിന്റെ അവസാനചിത്രമായ യാഗാശ്വത്തിലും പാട്ടെഴുതിയത് മങ്കൊമ്പ് തന്നെ.

പിൽക്കാലത്ത് അപൂർവം ചില മാപ്പിളപ്പാട്ടുകൾ കൂടി സിനിമക്ക് വേണ്ടി എഴുതി മങ്കൊമ്പ്. പക്ഷേ മാണിക്യപ്പൂമുത്തിന്റെ മാധുര്യം ഒന്നുവേറെ.

Content Highlights: Baburaj Mankombu Gopalakrishnan malayalam Movie Song