ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കൊച്ചുഗായിക ഇന്ന് രണ്ടു മക്കളുടെ അമ്മ. എങ്കിലും  ജീവിതത്തെ അളവറ്റ കൗതുകത്തോടെ, ജിജ്ഞാസയോടെ  നോക്കിക്കാണുന്ന ആ പഴയ  കുട്ടി ഇന്നുമുണ്ട് ശബ്‌നം റിയാസിന്റെ ഉള്ളിൽ.  സ്വപ്നജീവിയായ ഒരു കുട്ടി.

അധികം മലയാളി ഗായകർ, പ്രത്യേകിച്ച് വനിതകൾ, കടന്നുചെല്ലാത്ത ഖവാലിയുടെ വഴി  തിരഞ്ഞെടുക്കാൻ  ശബ്‌നത്തെ  പ്രേരിപ്പിച്ചതും ഉള്ളിലെ ആ സ്വപ്നസഞ്ചാരിയാകാം.  സൂഫി സംഗീതമാണ് ഇന്ന് ശബ്‌നത്തിന്റെ ലോകം. പാടാൻ മാത്രമല്ല പാട്ടിന് പിറകെ ഗവേഷണമനസ്സോടെ സഞ്ചരിക്കാനും  സമയം കണ്ടെത്തുന്നു  ഈ ഗായിക. 

ഏകാഗ്രമായ ആ തപസ്യയിൽ നിന്ന് അക്കാദമിക് പ്രാധാന്യമുള്ള ഒരു പുസ്തകം പിറവികൊണ്ടിട്ട്  അധികമായിട്ടില്ല, ``ഹിന്ദുസ്ഥാനി സംഗീതത്തിലും ഖവാലികളിലും  ഗസലുകളിലും മുൻപേ താൽപ്പര്യമുണ്ട്. സംഗീതത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തതോടെ ആ താല്പര്യം തീവ്രമായ  പ്രണയമായി വളർന്നു; അത്രമാത്രം.''-- ശബ്‌നം  ചിരിക്കുന്നു. 

ആദ്യമായി ശബ്‌നത്തെ  കണ്ടത് 1990 കളുടെ അവസാനമാവണം.  ദൂരദർശന് വേണ്ടി എം എസ് നസീമും ഞാനും ചേർന്നൊരുക്കിയ ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി എന്ന മെഗാ സംഗീത പരമ്പരയിൽ, രേണുകയുടെയും ലതയുടെയും കുട്ടിപ്പാട്ടുകൾ പാടാൻ വന്ന പന്ത്രണ്ടുകാരിയുടെ മുഖത്തെ നിഷ്കളങ്കഭാവം ഇന്നുമുണ്ട് ഓർമ്മയിൽ.   ``അഴകിയ രാവണനി''ൽ യേശുദാസിനൊപ്പം വെണ്ണിലാ ചന്ദനക്കിണ്ണം എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ശബ്‌നം.  ഗാനഗന്ധർവനൊപ്പം പാടിയ ``നിറ''ത്തിലെ ശുക്രിയാ ശുക്രിയാ പുറത്തുവരാനിരിക്കുന്നു. പക്ഷേ താരപരിവേഷമൊന്നും ഉണ്ടായിരുന്നില്ല ശബ്‌നത്തിന്റെ  പെരുമാറ്റത്തിൽ. അങ്ങേയറ്റം വിനയാന്വിത. മിതഭാഷി.

പിന്നെയെപ്പൊഴോ സിനിമയിൽ നിന്നും സിനിമാസംഗീതത്തിൽ നിന്നും അകലുന്നു  ശബ്‌നം. പാടിയ ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റാക്കിയ ഗായികക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആഗ്രഹം തോന്നിയത് സ്വാഭാവികം. ``കുറച്ചു പടങ്ങളിൽ കൂടി പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടവ അപൂർവമായിരുന്നു. സിനിമയല്ല എന്റെ മേഖല എന്ന് തോന്നി. സംഗീതം കുറേക്കൂടി ഗൗരവത്തോടെ പഠിക്കണം എന്ന ആഗ്രഹമാണ്  ബി എ മ്യൂസിക് കോഴ്‌സിന് ചേരാൻ പ്രേരിപ്പിച്ചത്. അവിടെ കാത്തിരുന്നത്  മറ്റൊരു ലോകമായിരുന്നു. അതു കഴിഞ്ഞു എം എ ചെയ്തു. ഇടക്ക് ചില ചാനലുകളിൽ മാപ്പിളപ്പാട്ടു മത്സരങ്ങളുടെ വിധികർത്താവായി പോയെങ്കിലും അതും തുടർന്നില്ല. ആ മേഖലയിൽ ഒതുങ്ങിപ്പോകാൻ ആഗ്രഹമുണ്ടായിരുന്നില്ല. വിമൻസ് കോളേജിൽ പി ജി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സൂഫി സംഗീതത്തിന്റെ ആകർഷണവലയത്തിൽ വീണുപോകുന്നത്. പലർക്കും അത്ഭുതമായിരുന്നു. സംശയവും -- കേരളത്തിൽ അത്തരമൊരു സംഗീത ശാഖ സ്വീകരിക്കപ്പെടുമോ എന്ന്. ഏത് വ്യത്യസ്‍തമായ സംഗീതരൂപത്തിനും നമ്മുടെ നാട്ടിൽ ശ്രോതാക്കളെ ലഭിക്കും എന്നാണ് എന്റെ അനുഭവം.''

കൊല്ലം ഉളിയകോവിൽ സ്വദേശിയായ ശബ്‌നം സിനിമയിൽ പാടിയത് യാദൃച്ഛികമായാണ്.  പാട്ടിനോട് കുട്ടിക്കാലംമുതലേ ഉണ്ടായിരുന്നു കമ്പം. മത്സരങ്ങളിലൊക്കെ സ്ഥിരമായി പങ്കെടുക്കും. കൊല്ലം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്   ആദ്യത്തെ ആൽബം പുറത്തുവന്നത് -- വസന്തകാലമേഘങ്ങൾ എന്ന പേരിൽ. ഉണ്ണിമേനോനും ശബ്‌നവുമാണ് ആ കാസറ്റിലെ പാട്ടുകൾ പാടിയത്. ഈണമിട്ടത്  ശബ്‌നത്തിന്റെ  സംഗീതഗുരു തന്നെ -- കേരളപുരം ശ്രീകുമാർ.‌

ആ തവണ ദോഹയിൽ നിന്ന്  നാട്ടിൽ വന്നു മടങ്ങുമ്പോൾ ശബ്‌നത്തിന്റെ സംഗീതപ്രേമിയായ അമ്മാവൻ എം എ ഷുക്കൂർ അനന്തരവളുടെ ഗാനങ്ങളടങ്ങിയ കാസറ്റും കയ്യിൽ കരുതി. യാദൃച്ഛികമായി ആ പാട്ടുകൾ ദോഹയിലെ ഷുക്കൂറിന്റെ വീട്ടിൽ വെച്ച് കേൾക്കാനിടയായ സുഹൃത്ത് ഡേവിസ് ആണ് ശബ്‌നത്തിന്റെ സിനിമാപ്രവേശത്തിന് വഴിയൊരുക്കിയത്. സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ ബന്ധുവാണ് ഡേവിസ്. ``അഴകിയ രാവണ''നിൽ  കാവ്യ മാധവന്റെ കഥാപാത്രത്തിന് വേണ്ടി പാടാൻ ഒരു കൊച്ചുഗായികയെ തേടിക്കൊണ്ടിരിക്കുകയാണ് സംവിധായകൻ കമലും കൂട്ടരും എന്ന്   ഔസേപ്പച്ചൻ പറഞ്ഞറിയാമായിരുന്നു ഡേവിസിന്. അങ്ങനെ ഡേവിസിന്റെയും ഔസേപ്പച്ചന്റെയും ശുപാർശയിൽ ``അഴകിയ രാവണനി''ൽ  പാടാൻ ചെന്നൈ എ വി എം സ്റ്റുഡിയോയിൽ എത്തുന്നു അന്ന് പത്തു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗായിക. 

വർഷം 1996.``കമൽ സാർ, വിദ്യാസാഗർ സാർ, ഔസേപ്പച്ചൻ സാർ, കൈതപ്രം സാർ, സിനിമയിലെ നായകനായ മമ്മുക്ക, മമ്മുക്കയുടെ ഭാര്യ ഒക്കെയുണ്ടായിരുന്നു റെക്കോർഡിംഗിന്.'' -- ശബ്‌നത്തിന്റെ ഓർമ്മ. അറിയുന്ന ഒരു ലളിതഗാനം പാടിക്കേൾപ്പിക്കാനാണ് ആദ്യം കിട്ടിയ നിർദ്ദേശം. പഠിച്ചു ഹൃദിസ്ഥമാക്കിയ പാട്ടായിരുന്നതുകൊണ്ട് ആത്മവിശ്വാസത്തോടെ തന്നെ പാടി. എല്ലാവർക്കും സംതൃപ്‌തി.  ``വിദ്യാജിയാണ് വെണ്ണിലാക്കിണ്ണം പഠിപ്പിച്ചത്. ആ സമയത്ത് യേശുദാസ് സാർ പാടിയിട്ടില്ല. എന്റെ ഭാഗം മാത്രമാണ് റെക്കോർഡ് ചെയ്തത്. ശബ്ദത്തിന് അൽപ്പം മച്യൂരിറ്റി കൂടിപ്പോയോ എന്ന് കേട്ടുനിന്നവർക്ക് സംശയം. പാട്ടിൽ കുറച്ചുകൂടി കുട്ടിത്തം കൊണ്ടുവരാൻ മമ്മുക്ക ഉപദേശിച്ചത് ഓർമ്മയുണ്ട്. പത്തു വയസ്സല്ലേയുള്ളൂ. ആദ്യമായി സിനിമയിൽ പാടുന്നതിന്റെ ത്രിൽ ഒന്നും ഉൾക്കൊള്ളാനുള്ള പ്രായമായിട്ടില്ല. അതുകൊണ്ടുതന്നെ ഭയവും ഉണ്ടായിരുന്നില്ല. പറഞ്ഞപോലെ പാടി. അത്രതന്നെ.''

അധികം വൈകാതെ ``അഴകിയ രാവണ''ന്റെ കാസറ്റ് പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ സിനിമയും. ``എന്റെ പാട്ട് വലിയ ഹിറ്റായി എന്നൊക്കെ പലരും പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി. അന്ന് അതിന്റെ പ്രാധാന്യം ശരിക്കും അറിഞ്ഞിരുന്നില്ലെങ്കിലും.''-- ശബ്‌നം പറയുന്നു. ``പക്ഷേ ഇന്നെനിക്ക് അതെല്ലാം  ഉൾക്കൊള്ളാനാകും.'' കാൽ നൂറ്റാണ്ടിനു ശേഷവും ആ ഗാനം  ഹൃദയത്തോട് ചേർത്തുവെക്കുന്നവരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് ശബ്‌നം . വെണ്ണിലാചന്ദനക്കിണ്ണം  പാടിയ ഗായിക എന്ന് പറഞ്ഞു ആരെങ്കിലും പരിചയപ്പെടുത്തുമ്പോൾ ആളുകളുടെ  മുഖത്തു വിരിയുന്ന വിസ്മയം സന്തോഷത്തോടെ ആസ്വദിക്കാറുമുണ്ട്. എത്രയോ പേരുടെ ഫോണിൽ റിംഗ് ടോണാണ് ഇന്നും ആ പാട്ട്. ഗാനമേളകളിലും അത് പാടിക്കാതെ വിടാറില്ല സദസ്സ്. ``വർഷങ്ങൾക്ക് മുൻപ് നമ്മൾ പാടിയ പാട്ട് ഇപ്പോഴും ആളുകളുടെ മനസ്സിൽ ജീവിക്കുന്നു എന്ന അറിവ് ആരെയാണ് ആനന്ദിപ്പിക്കാത്തത്?'' -- ശബ്‌നത്തിന്റെ ചോദ്യം. 

ഒപ്പം പാടിയ ഗന്ധർവഗായകനെ നേരിൽ കാണാൻ പിന്നെയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവന്നു ശബ്‌നത്തിന്. ദുബായിലെ ഒരു സംഗീത പരിപാടിയിൽ വെച്ചായിരുന്നു യേശുദാസുമായുള്ള ആദ്യകൂടിക്കാഴ്ച. ``ദാസ് സാറും  ചിത്രയും കൂടിയുള്ള ഗാനമേളയായിരുന്നു. അതിഥി ഗായികയായി ഞാനും. വെണ്ണിലാ ചന്ദനക്കിണ്ണം പാടിയ കുട്ടി എന്ന്  ആരോ പരിചയപ്പെടുത്തിയപ്പോൾ ദാസ് സാർ പറഞ്ഞു: ആദ്യം ആ പാട്ട് നീ സോളോ ആയി പാടിക്കേൾക്കട്ടെ എന്ന്. പാടിത്തീർന്നപ്പോൾ എന്നെ അഭിനന്ദിച്ചു അദ്ദേഹം. എന്നിട്ട് ഇത്രകൂടി പറഞ്ഞു: ഇനി നമ്മൾ രണ്ടുപേരും കൂടി അതേ പാട്ട് പാടുന്നു. എനിക്ക് അത്ഭുതമായിരുന്നു. ദാസ് സാറുമൊത്ത് ഒരേ വേദിയിൽ ഒരുമിച്ചു നിന്ന് പാടുക. ആ നിമിഷങ്ങൾ അമൂല്യമായ ഓർമ്മയായി ഇന്നും മനസ്സിലുണ്ട്..''

മദാമ്മ എന്ന ചിത്രത്തിന് വേണ്ടിയാണ് അടുത്തതായി പാടിയത് -- ഔസേപ്പച്ചന്റെ ഈണത്തിൽ എം  ശ്രീകുമാറിനൊപ്പം വാവക്കും പാവക്കും എന്നൊരു കുട്ടിപ്പാട്ട്. പിന്നീടായിരുന്നു ``നിറം.'' സംസ്ഥാന യുവജനോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാം സമ്മാനം കിട്ടിയ വാർത്ത അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോഴാണ് അടുത്ത പടത്തിൽ പാട്ടുണ്ടെന്നു കമൽ സാർ പറയുന്നത്. നിനച്ചിരിക്കാതെ കൈവന്ന  സൗഭാഗ്യം. മിമിക്സ് 2000, അയോദ്ധ്യ, ഭദ്ര, ഫോർട്ട് കൊച്ചി എന്നീ ചിത്രങ്ങളിൽ കൂടി പാടിയെങ്കിലും കഴിവു തെളിയിക്കാൻ പോന്ന അവസരങ്ങൾ  കുറവായിരുന്നു. കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടി പാടിയ പാട്ടുകളാണ്. എം ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ നിഴലുകൾ എന്ന സീരിയലിലെ മുകിലേ എന്ന ശീർഷകഗാനം ശബ്‌നത്തിന് ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. 


ഇതല്ല നിന്റെ വഴി എന്ന് അപ്പോഴും മനസ്സിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് സൂഫി സംഗീതത്തിന്റെ മായാലോകത്തേക്ക്  ശബ്‌നം കടന്നുചെല്ലുന്നത്. പക്ഷേ പ്രതിബന്ധങ്ങളായിരുന്നു  ഏറെയും.  ബിരുദാനന്തര കോഴ്‌സിന്  പ്രബന്ധാവതരണത്തിനുള്ള വിഷയമായി സൂഫി സംഗീതം തിരഞ്ഞെടുത്തപ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞു. അത് സ്വാഭാവികമായിരുന്നു താനും. അദ്ധ്യാപകരിൽ പലർക്കും പരിചിതമായിരുന്നില്ലല്ലോ ആ മേഖല.  മാർഗ്ഗനിർദ്ദേശം തരാൻ അധികമാരും ഇല്ലായിരുന്നതിനാൽ ഒട്ടും എളുപ്പമായിരുന്നില്ല ദൗത്യം.  എങ്കിലും പിന്മാറാൻ ഒരുക്കമായിരുന്നില്ല ശബ്‌നം. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച അറിവ്  പുസ്തകരൂപത്തിലാക്കിയപ്പോൾ അത് പ്രകാശനം ചെയ്യാൻ ടി എം കൃഷ്ണയെപ്പോലൊരാളെ കിട്ടിയത് മറ്റൊരു ഭാഗ്യം.

ഖവാലിയോടുള്ള ആഭിമുഖ്യം രക്തത്തിലുണ്ടെന്നു പറയും ശബ്‌നം. ``എന്റെ അമ്മൂമ്മയുടെ അപ്പൂപ്പൻ  സംഗീതജ്ഞനായിരുന്നു. വാവാശാൻ ഭാഗവതർ  എന്നായിരുന്നു പേര്.  നല്ലൊരു ഖവാലി ഗായകനായിരുന്നവത്രെ അദ്ദേഹം. ആ പാരമ്പര്യമാണ് എനിക്ക് കിട്ടിയതെന്ന് പലരും പറയാറുണ്ട്.'' സ്വന്തം  ആലാപനശൈലിയും  ശബ്ദവും ഖവാലിക്ക് ഇണങ്ങുമെന്നു കണ്ടെത്തിയത് ശബ്‌നം തന്നെ. വനിതകൾ പൊതുവെ കടന്നുവരാൻ മടിക്കുന്ന മേഖലയാണ് ഖവാലി. ആദ്യത്തെ പൊതു പരിപാടിയോടെ തന്നെ എല്ലാ ആശങ്കയും നീങ്ങി.  കേരള നിയമസഭയിലെ വിദ്യാർത്ഥി  പാർലിമെന്റിലാണ് ശബ്‌നവും കൂട്ടരും ആദ്യ പരിപാടി അവതരിപ്പിച്ചത്. അങ്ങേയറ്റം പ്രോത്സാഹജനകമായിരുന്നു  പ്രതികരണം.  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടികൾ ഹൃദയപൂർവം ആ മെഹ്ഫിൽ ആസ്വദിച്ചു. തുടർന്ന് സൂര്യ  ഉൾപ്പെടെ നിരവധി വേദികൾ. കൊറോണയുടെ വരവോടെ താൽക്കാലികമായി പൊതുവേദികളോട്  വിടവാങ്ങിയ ശബ്‌നവും കൂട്ടുകാരികളും ഊർജസ്വലമായ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണിപ്പോൾ. പാടിപ്പതിഞ്ഞ ഖവാലികൾക്ക് പുറമെ  മൗലികമായ പുതിയ സൃഷ്ടികളും സ്റ്റേജിൽ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നു  ശബ്‌നം. ഉർദു ഭാഷയിൽ രചിക്കപ്പെട്ട  ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ശബ്‌നം തന്നെ. 
``ആകാശഗംഗ'' എന്ന ചിത്രത്തിൽ മുഖ്യ റോളിൽ അഭിനയിച്ച റിയാസ് ആണ് ശബ്‌നത്തിന്റെ ജീവിത പങ്കാളി.  മക്കൾ നുമയും അർമാനും. സിനിമയ്ക്കപ്പുറത്തും സംഗീതമുണ്ടെന്നും അത് നന്നായി ആസ്വദിക്കപ്പെടുന്നുവെന്നുമുള്ള തിരിച്ചറിവാണ് ഇന്ന് ശബ്‌നത്തിലെ ഗായികയെ മുന്നോട്ടു നയിക്കുന്നത്. ഉള്ളിലെ ആ സ്വപ്നസഞ്ചാരി ഒരിക്കലും ഉറങ്ങുന്നില്ലല്ലോ

content highlights : azhakiya ravanan movie song vennila chandanakinnam singer shabnam