രൊറ്റ വാക്കിൽ സിനിമയിലെ ഗാനസന്ദർഭം വരച്ചിട്ടു സംവിധായകൻ ലാൽജോസ്: 'നഷ്ടപ്രണയം'. ഇനിയെല്ലാം ഗാനരചയിതാവിന്റെ കയ്യിൽ.  നൂറുകണക്കിന്  പാട്ടുകൾ പിറന്നുവീണിട്ടുണ്ടാവും ആ ആശയവുമായി  മലയാളത്തിൽ. പ്രണയവും വിരഹവും പ്രണയനിരാസവുമൊക്കെ നിറഞ്ഞുതുളുമ്പുന്ന അനശ്വര ഗാനങ്ങൾ.  ആ പാട്ടുകളുടെ കൈപിടിച്ച്   വളർന്നുവന്ന ഒരാൾക്ക് എങ്ങനെ അവയുടെ സ്വാധീനത്തിൽ  നിന്ന് ഓടിയൊളിക്കാനാകും? എന്നാൽ ശരത് വയലാറിന്റെ ഓർമ്മയിൽ ആ നിമിഷം ഒഴുകിയെത്തിയത് ഒരേയൊരു പാട്ട് മാത്രം: ചന്ദ്രകാന്തത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എം എസ് വിശ്വനാഥൻ ഈണമിട്ട വിഷാദഗാനം:  'സ്വർഗ്ഗമെന്ന കാനനത്തിൽ സ്വർണ്ണമുഖീ നദിക്കരയിൽ സ്വപ്നമയീ വാഴുന്നു ഞാൻ സുഖമറിയാതെ...'

കാരണമുണ്ട്. സ്വന്തം ജീവിതത്തിലെ പ്രണയനഷ്ടവുമായി അങ്ങേയറ്റം ചേർന്നുനിൽക്കുന്നു ആ വരികൾ. "പാട്ടിന്റെ ചരണത്തിലെ രാത്രികൾ തൻ ശൂന്യതയിൽ പ്രേമപൂജ ചെയ്തിടുന്നു സത്യമായ നിൻ പ്രഭ തൻ പൂക്കളില്ലാതെ എന്ന വരി കേൾക്കുമ്പോൾ  കണ്ണ് നിറഞ്ഞിരുന്നു എനിക്ക്. അത്രയും തീവ്രമായിരുന്നു കൗമാരകാലത്തെ പ്രണയനഷ്ടം ഏൽപ്പിച്ച ആഘാതം.''-- ശരത്തിന്റെ വാക്കുകൾ.  കാലം മാറിയിരിക്കാം; ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും. പക്ഷേ മനുഷ്യമനസ്സിലെ ലോലവികാരങ്ങളെല്ലാം അന്നുമിന്നും ഒരുപോലെ തന്നെ. പണ്ട് പ്രണയഭംഗം  എന്ന് നമ്മളൊക്കെ കാവ്യാത്മകമായി വിളിച്ചതിനെ ഇന്നത്തെ കുട്ടികൾ ഒട്ടൊരു ലാഘവത്തോടെ ബ്രേക്കപ്പ് എന്ന് വിളിക്കുന്നു. അത്രയേയുള്ളൂ വ്യത്യാസം.  

ആർദ്രമായ ആ ഓർമ്മകളിലേക്ക് തിരികെ നടന്ന് 'അയാളും ഞാനും തമ്മിൽ' എന്ന പടത്തിനു വേണ്ടി വിഷാദമധുരമായ  ഒരു ഗാനം സൃഷ്ടിക്കുന്നു ശരത്: "അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി, നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി; ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു, കിതയ്ക്കുന്നു നീ ശ്വാസമേ..'' പ്രണയനഷ്ടം എന്തെന്നറിഞ്ഞ ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന വരികൾ. 

``നോവിന്റെ തീരങ്ങളിലെ ഏകാന്തത അനുഭവിച്ചറിഞ്ഞതുകൊണ്ടാവും അങ്ങനെ എഴുതാൻ തോന്നിയത്..''-- ശരത് ചിരിക്കുന്നു.

ഒൻപതു വർഷങ്ങൾക്കിപ്പുറവും മലയാളികൾ പ്രായഭേദമന്യേ ഹൃദയത്തോട് ചേർത്തുവെക്കുന്നു ആ പാട്ട്. ``ആദ്യം നന്ദി പറയേണ്ടത് ഔസേപ്പച്ചന്റെ ഈണത്തിനാണ്.''-- ശരത്തിന്റെ വാക്കുകൾ. ``നല്ലൊരു ട്യൂണിന്  ഏത് എഴുത്തുകാരനെയും പ്രലോഭിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. അങ്ങനെയൊരു മാജിക് ഉണ്ടായിരുന്നു ആ ഈണത്തിൽ. ഹൃദയത്തിൽ നിന്നെഴുതാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക്. അന്നെന്റെ ഉൾച്ചുണ്ടിൽ തേൻതുള്ളി നീ ഇന്നെന്റെ ഉൾപ്പൂവിൽ മിഴിനീര് നീ എന്നൊക്കെ എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാണ്. '' 

പാട്ടിന് ശബ്ദം പകർന്ന യുവഗായകൻ നിഖിൽ മാത്യുവിനുമില്ല മറിച്ചൊരു അഭിപ്രായം. ``ഇത്രകാലം കഴിഞ്ഞിട്ടും ആളുകൾ ആ പാട്ട് ഓർത്തിരിക്കുന്നുവെങ്കിൽ, ആ സ്വീകാര്യതയുടെ  നല്ലൊരു ഭാഗം ക്രെഡിറ്റും ഔസേപ്പച്ചൻ സാറിന് അവകാശപ്പെട്ടതാണ്.''-- നിഖിൽ പറയും. നിഖിലിന്റെ സിനിമാജീവിതത്തിലെ സുവർണ്ണഗാനമായിരുന്നു അഴലിന്റെ ആഴങ്ങളിൽ.  മലയാളത്തിലും തമിഴിലുമായി അതിനു മുൻപും കുറച്ചു പാട്ടുകൾ പാടിയിരുന്നെങ്കിലും സംഗീത പ്രേമികൾ കോട്ടയത്തുകാരനായ ഈ ഗായകനെ തിരിച്ചറിഞ്ഞതും സ്നേഹിച്ചുതുടങ്ങിയതും ``അയാളും ഞാനും തമ്മിൽ'' എന്ന ചിത്രത്തിലെ പാട്ടിലൂടെ തന്നെ.  

അപ്രതീക്ഷിതമായ ഒരു തിരിച്ചറിവ്  കൂടിയായിരുന്നു തനിക്ക് ആ ഗാനമെന്ന്  പറയും നിഖിൽ. ഉള്ളിലെ ഗായകന്റെ കണ്ണുതുറപ്പിച്ച അനുഭവം. ``ഒരാഴ്ച്ച മുൻപ് തന്നെ പാട്ട് പാടി  അയച്ചുതന്നിരുന്നു ഔസേപ്പച്ചൻ സാർ. പഠിച്ചെടുക്കാൻ ഇഷ്ടം പോലെയുണ്ട്  സമയം. അതുകൊണ്ടുതന്നെ റെക്കോർഡിംഗിന് പോകുമ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പച്ചവെള്ളം  പോലെ പാടാൻ കഴിയുമല്ലോ. ഏറിയാൽ ഒരു മണിക്കൂറിനകം റെക്കോർഡിംഗ് തീർക്കാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ.''

എന്നാൽ അതൊരു മിഥ്യാധാരണയായിരുന്നു എന്ന് നിഖിൽ തിരിച്ചറിഞ്ഞത് ചെന്നൈ വി.ജി.പി സ്റ്റുഡിയോയിൽ റെക്കോർഡിംഗിന് ചെന്നപ്പോഴാണ്. ``ഞാൻ ഏറ്റവുമധികം സമയമെടുത്ത്, ഏറ്റവും വിയർപ്പൊഴുക്കി പാടിയ പാട്ട് അതായിരുന്നു.  പാട്ടെന്നാൽ സംഗതികളും ഗമകങ്ങളും ശബ്ദസൗകുമാര്യവും മാത്രമല്ല  എന്ന് ബോധ്യപ്പെടുത്തിത്തന്ന  അനുഭവം.  അതിനൊക്കെ അപ്പുറത്ത് മറ്റൊന്നുണ്ട്: ഭാവം. വരികളുടെ അർത്ഥവും ആശയവും മനസ്സിലാക്കി  അവയുടെ ഫീൽ  ഉൾക്കൊണ്ട് പാടുമ്പോഴാണ് ഗാനം പൂർണ്ണത നേടുക  എന്ന പാഠം ക്ഷമയോടെ എന്നെ പഠിപ്പിച്ചു തരുകയായിരുന്നു ഔസേപ്പച്ചൻ സാർ. ആറോ ഏഴോ മണിക്കൂറെടുത്ത് പാട്ട് റെക്കോർഡ് ചെയ്ത് പുറത്തിറങ്ങിപ്പോൾ അനുഭവിച്ച ആത്മസംതൃപ്തി വിവരിക്കാൻ വയ്യ..'' കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും പാടി ഫലിപ്പിക്കാൻ എളുപ്പമല്ല ആ ഗാനമെന്ന് സാക്ഷ്യപ്പെടുത്തുന്നു നിഖിൽ. അതുകൊണ്ടുതന്നെ സംവിധായകൻ ലാൽജോസ് ഉൾപ്പെടെ പലരും പാട്ടിനെകുറിച്ചു മതിപ്പോടെ സംസാരിച്ചപ്പോൾ വലിയ സന്തോഷം തോന്നി. 

എങ്കിലും പാട്ട് സിനിമയിൽ ഇടം നേടുമോ എന്ന കാര്യത്തിൽ അപ്പോഴും ഉറപ്പുണ്ടായിരുന്നില്ല നിഖിലിന്. ``ഗംഭീരമായ ഒരു പാട്ടാണ്. സാധാരണഗതിയിൽ യേശുദാസ് സാറിനെ പോലുള്ള മഹാഗായകരെ മനസ്സിൽ കണ്ട് സംഗീത സംവിധായകർ സൃഷ്ടിക്കാറുള്ള ഈണം. എന്നെപ്പോലെ അത്ര പരിചയസമ്പന്നനല്ലാത്ത  ഒരു ഗായകന്റെ വേർഷൻ സിനിമയിൽ  ഉപയോഗിക്കുക എന്ന റിസ്‌ക്കെടുക്കാൻ പടത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ അവരെ കുറ്റം പറഞ്ഞുകൂടാ. അതുകൊണ്ടുതന്നെ അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.'' എന്നാൽ, നിഖിലിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മാസത്തിന് ശേഷം ഔസേപ്പച്ചന്റെ ഫോൺകാൾ. പാട്ട് സിനിമയിൽ ഉണ്ട് എന്നറിയിക്കാൻ വേണ്ടിയായിരുന്നു ആ വിളി. ``സന്തോഷം തോന്നി. ആളുകൾ ഇഷ്ടപ്പെടും അതെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ പാടിയതുകൊണ്ടല്ല. വരികളും ഈണവും അത്രയും മനോഹരമായതുകൊണ്ട്.'' (ഇതേ ഗാനത്തിനൊരു  ഫീമെയ്ൽ വേർഷൻ കൂടിയുണ്ട്. പാടിയത് അഭിരാമി അജയ്). 

ചിത്രീകരണവും മോശമായിരുന്നില്ല. മുന്നാറിലാണ് ഗാനരംഗം ഷൂട്ട് ചെയ്തതെന്നോർക്കുന്നു  പടത്തിന്റെ നിർമ്മാതാവ് പ്രേംപ്രകാശ്. ``ലൊക്കേഷനിൽ പാട്ട് ആദ്യമായി കേൾപ്പിച്ചപ്പോൾ തന്നെ എല്ലാവർക്കും അത്ഭുതമായിരുന്നു.  നീണ്ട ഇടവേളക്ക് ശേഷമാണ് അത്രയും മനോഹരമായ ഒരു മെലഡി കേൾക്കുന്നതെന്ന് വരെ പറഞ്ഞു പലരും. പൃഥ്വിരാജിനും വളരെ ഇഷ്ടപ്പെട്ടു പാട്ട്. മാത്രമല്ല അവിടെ വെച്ചുതന്നെ നിഖിലിനെ എന്റെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തു രാജു.'' പടം പുറത്തിറങ്ങിയ ശേഷം വന്ന നിരൂപണങ്ങളിലും ആസ്വാദനങ്ങളിലും അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ടും പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടു എന്നത് മറ്റൊരു കൗതുകം.   

``അഴലിന്റെ ആഴങ്ങൾ'' കൈവരിച്ച  ജനപ്രീതിയിൽ  ഏറ്റവുമധികം സന്തോഷിക്കുന്നവരിൽ ഒരാൾ  പ്രേംപ്രകാശ് ആയിരിക്കും. നിഖിൽ മാത്യുവിന്റെ സിനിമാപ്രവേശത്തിന് വഴിയൊരുക്കിയത്   അദ്ദേഹമാണല്ലോ. ``കോട്ടയത്തെ ഞങ്ങളുടെ പള്ളിയിലെ ക്വയറിലാണ്  ആദ്യമായി നിഖിലിന്റെ പാട്ട് കേൾക്കുന്നത്.  വ്യത്യസ്തമായ ശബ്ദം; ആലാപനശൈലി. ഈ പയ്യന് നല്ലൊരു ഭാവിയുണ്ടെന്ന് അന്നേ തോന്നി. അന്വേഷിച്ചപ്പോൾ കാർഷിക സർവകലാശാലയിലെ പ്രൊഫസർ മാത്യുവിന്റെ മകനാണ്. നിഖിലിനെ ഒരു പിന്നണിഗായകനായി കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടായിരുന്നു.'' വി കെ പ്രകാശിന്റെ മൂന്നാമതൊരാൾ എന്ന ചിത്രത്തിന്റെ കമ്പോസിംഗ് വേളയിൽ ഔസേപ്പച്ചനെ ചെന്നുകാണാൻ നിഖിലിനോട് നിർദ്ദേശിച്ചത് പ്രേംപ്രകാശാണ്. നിഖിലിന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവായി മാറിയ കൂടിക്കാഴ്ച്ച.

``അന്ന് ചെന്നൈയിൽ എം ബി എക്ക്  പഠിക്കുകയാണ് ഞാൻ. അതുകൊണ്ട് ഔസേപ്പച്ചൻ സാറിനെ നേരിൽ  ചെന്ന് കാണാൻ പ്രയാസമുണ്ടായില്ല. ചെന്നയുടൻ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിനിമയിലെ ഒരു പാട്ട് പഠിച്ചു പാടാൻ ആവശ്യപ്പെടുകയാണ് സാർ ചെയ്തത്: നിലാവിന്റെ തൂവൽ തൊടുന്ന പോലെ എന്ന പാട്ട്. ഒരു പക്ഷേ പ്രേംപ്രകാശ് അങ്കിൾ എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകളുടെ പിൻബലത്തിലാകാം. പാടിയ പാട്ട് സാറിന് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. സിനിമയിൽ അതേ ഗാനം വേണുഗോപാലിന്റെയും മഞ്ജരിയുടെയും സ്വരത്തിൽ ഡ്യൂയറ്റ് ആയാണ് ഉപയോഗിച്ചതെങ്കിലും എന്റെ സോളോ വേർഷൻ സി ഡിയിൽ ഉൾപ്പെടുത്താനുള്ള സൗമനസ്യം കാണിച്ചു ഔസേപ്പച്ചൻ സാറും വി കെ പി സാറും.''

തമിഴിലായിരുന്നു അടുത്ത ഗാനം. വിജയ്  ടെലിവിഷനിലെ എയർടെൽ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിൽ ജേതാവായതിന്റെ പേരിൽ ലഭിച്ച ``ഉപഹാര''മായിരുന്നു ഭീമയിലെ എനതുയിരേ എന്ന ആ ഗാനം. (സംഗീതം: ഹാരിസ് ജയരാജ്) അതു കഴിഞ്ഞു രാഹുൽ രാജിന്റെ ഈണത്തിൽ ബാച്ച്ലർ പാർട്ടിയിൽ ശ്രേയ ഘോഷാലിനൊപ്പം ``കാർമുകിലിൻ''. കിട്ടിയ പാട്ടുകളൊന്നും മോശമായിരുന്നില്ലെങ്കിലും ഒരു ബ്രേക്കിനായി  അഴലിന്റെ ആഴങ്ങളിൽ വരെ കാത്തിരിക്കേണ്ടിവന്നു നിഖിലിന്. ആ കാത്തിരിപ്പ് പാഴായില്ല താനും. ``ഏറ്റവും സന്തോഷം തോന്നിയത് ഔസേപ്പച്ചൻ സാറുമായുള്ള ഒരു ടെലിവിഷൻ സംഭാഷണത്തിൽ വിദ്യാസാഗർജി ആ  പാട്ട് പാടിക്കേട്ടപ്പോഴാണ്. ഔസേപ്പച്ചൻ സാറിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്ന ആമുഖത്തോടെ ഓർമ്മയിൽ നിന്ന് വിദ്യാജി ആ വരികൾ മൂളിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എനിക്ക്.  ഒരു വലിയ അവാർഡ് ലഭിച്ച പോലെ...''

നിഖിലിന് ആ ഗാനത്തിന്റെ പേരിൽ ഒരു സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു താനെന്ന് പ്രേംപ്രകാശ്. ``ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള അവാർഡിന് പുറമെ   അയാളും ഞാനും തമ്മിൽ സംസ്ഥാന ബഹുമതികൾ  വാരിക്കൂട്ടിയ വർഷമായിരുന്നു അത്.  ലാൽജോസ് മികച്ച സംവിധായകനും പൃഥ്വിരാജ് മികച്ച നടനും സലിം കുമാർ ഹാസ്യനടനുമുള്ള അവാർഡുകൾ നേടി. എന്നിട്ടും ഗാനശില്പികൾ മാത്രം അംഗീകരിക്കപ്പെട്ടില്ല എന്നതൊരു ദുഃഖമായി മനസ്സിലുണ്ട്.'' എങ്കിലും നിഖിലിന് നിരാശ വേണ്ടെന്ന് പ്രേംപ്രകാശ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മലയാളസിനിമയിൽ വന്ന ഏറ്റവും മികച്ച മെലഡികളിൽ ഒന്നായിരുന്നു അഴലിന്റെ ആഴങ്ങളിൽ. കാലത്തെ അതിജീവിച്ച പാട്ട്. കവർ വേർഷനുകളിലൂടെ ഇന്നും യുട്യൂബിൽ ഹിറ്റായി തുടരുന്നു ആ ഗാനം.

ശരത്തിന്റെയും പ്രിയപ്പെട്ട സ്വന്തം രചനകളിലൊന്നാണ് അഴലിന്റെ ആഴങ്ങളിൽ. ``സത്യത്തിൽ അധിക സമയമെടുത്ത് എഴുതിയ പാട്ടല്ല. ഏറ്റവും പ്രയാസപ്പെട്ടത് അതേ ചിത്രത്തിലെ തുള്ളിമഞ്ഞിനുള്ളിൽ എന്ന പാട്ടെഴുതാനാണ്. പതിവിലും ബുദ്ധിമുട്ടുള്ള ട്യൂണായിരുന്നു. ഏറെ സമയം വേണ്ടിവന്നു  അനുയോജ്യമായ വരികൾ കണ്ടെത്താൻ..''-- ശരത് ഓർക്കുന്നു.   

``അഴലിന്റെ ആഴങ്ങളിൽ'' ആവർത്തിച്ച് കേട്ട് വികാരഭരിതരായി ഇന്നും ശരത്തിനെ വിളിക്കുന്നവരുണ്ട്. ചിലരൊക്കെ   വിതുമ്പിക്കൊണ്ടാണ് സംസാരിക്കുക. ``ഇങ്ങനെ ദുഃഖിപ്പിക്കാമോ സാർ'' എന്നൊക്കെ ചോദിക്കും  പലരും. ``സിനിമയിലെ ഒരു പ്രത്യേക കഥാസന്ദർഭം മനസ്സിൽ കണ്ടെഴുതിയ  പാട്ട് എത്രയോ അപരിചിതരായ ആളുകളെ  നിശബ്ദമായെങ്കിലും കരയിക്കുന്നുവെങ്കിൽ, അത് പാഴായിപ്പോയില്ല എന്നല്ലേ അർത്ഥം? അതുകൊണ്ടുതന്നെ ആ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്...'' 

(ഗൃഹലക്ഷ്മി കാതോരം പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

content highlights : Ayalum Njanum Thammil movie song Azhalinte Azhangalil Ouseppachan Vayalar Sarath Nikhil Mathew