ലസമായ വേഷവിധാനവും ചീകിയൊതുക്കാത്ത മുടിയുമായി മുന്നിലിരുന്ന ലജ്ജാശീലനായ യുവാവ് ഒരിക്കൽ സംഗീതലോകം കീഴടക്കുമെന്ന് സങ്കല്പിച്ചിരുന്നോ അഭിമുഖകാരി?

നിഷേധാർത്ഥത്തിൽ തലയാട്ടുന്നു മീര കൃഷ്ണൻകുട്ടി. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന സ്വന്തം സംഗീതജൈത്രയാത്രയുടെ പ്രാരംഭഘട്ടമല്ലേ പിന്നിട്ടിരുന്നുള്ളൂ അന്ന് എ ആർ റഹ്മാൻ? പക്ഷേ നിഷ്കളങ്കമായ ആ കണ്ണുകളിൽ അന്നേ തെളിഞ്ഞുകണ്ടിരുന്നു പ്രതിഭയുടെ മിന്നലാട്ടം; അളന്നു മുറിച്ചുള്ള ആ സംസാരശൈലിയിൽ അളവറ്റ ആത്മവിശ്വാസവും.

1994 ലായിരുന്നു സംഗീതേതിഹാസവുമായുള്ള മീരയുടെ കൂടിക്കാഴ്ച്ച. ദിലീപിൽ നിന്ന് റഹ്മാൻ ``പിറന്നിട്ട്'' വർഷം രണ്ടേ ആയിരുന്നുള്ളൂ. റോജയും ജന്റിൽമാനും നൽകിയ പ്രശസ്തിയായിരുന്നു അന്നത്തെ യുവവാഗ്ദാനത്തിന്റെ കൈമുതൽ. ഒരു മലയാളി മാധ്യമപ്രതിനിധിക്ക് റഹ്മാൻ ആദ്യമായി അനുവദിച്ച വിശദമായ അഭിമുഖമെന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട് ഈ കൂടിക്കാഴ്ച്ചക്ക്.

പൊതുവെ അഭിമുഖക്കാരിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമാണ് അന്നുമിന്നും റഹ്മാന്റെത്. വിശദമായ റഹ്മാൻ ഇന്റർവ്യൂകൾ ടെലിവിഷനിലോ പത്രങ്ങളിലോ വരുന്നത് ഇക്കാലത്തു പോലും അപൂർവം. പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ, അല്ലെങ്കിൽ പുതിയ ഏതെങ്കിലും പ്രോജക്റ്റുകൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മാത്രമേ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളൂ, മിതഭാഷിയും അന്തർമുഖനുമായ റഹ്മാൻ. അതുകൊണ്ടുതന്നെ ആദ്യ അഭിമുഖത്തിന്റെ മാധുര്യമൊന്ന് വേറെ.

ഇരുപത്തേഴു കൊല്ലങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, എല്ലാം സ്വപ്നം പോലെ തോന്നുന്നുണ്ടാവണം മീരയ്ക്ക്. ``പല പ്രഗത്ഭരെയും അവരുടെ തുടക്കകാലത്ത് ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പലരും പ്രശസ്തിയുടെ ഉത്തുംഗസോപാനങ്ങളിലേക്ക് കയറിപ്പോകുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുമുണ്ട്. റഹ്മാൻ അവരിലൊരാളായിരുന്നു. പ്രാർത്ഥനാനിരതമായ മനസ്സോടെ അന്ന് എനിക്ക് മുന്നിലിരുന്ന ചെറുപ്പക്കാരനിലെ അതേ വിനയം, അതേ നിശ്ചയദാർഢ്യം ഇന്നത്തെ റഹ്‍മാനിലും കാണുന്നു ഞാൻ.'

മീരാ കൃഷ്ണൻകുട്ടി എന്ന ബൈലൈൻ ശ്രദ്ധിച്ചു തുടങ്ങിയത് 1990 കളുടെ തുടക്കത്തിലാവണം-- ഗൃഹലക്ഷ്മിയിലും വനിതയിലും അടിച്ചുവന്നിരുന്ന സിലബ്രിറ്റി അഭിമുഖങ്ങളിലൂടെ. ആദ്യം മനസ്സിൽ തടഞ്ഞത് ലാളിത്യമാർന്ന ആ ഭാഷാശൈലി തന്നെ. പിന്നെ, കാര്യമാത്രപ്രസക്തമായ ചോദ്യങ്ങളും. സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമില്ല; വിവാദങ്ങൾക്ക് പിറകെയുള്ള അലച്ചിലുകളില്ല. നന്മയുടെ തിളക്കമുള്ള കുറിപ്പുകൾ. പഴയപോലെ എഴുത്തിൽ സജീവമല്ലെങ്കിലും മാധ്യമങ്ങളിൽ ഇന്നും മിന്നിമറയാറുണ്ട് മീരയുടെ ബൈലൈൻ.

അഭിമുഖങ്ങൾ നേരിടുന്നതിൽ തികഞ്ഞ പ്രൊഫഷണൽ സമീപനം വെച്ചുപുലർത്തുന്നവരാണ് പുതിയ കാലത്തെ സിലബ്രിറ്റികൾ പലരും. അവർ പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യമേ അഭിമുഖകാരനുള്ളൂ. ചോദിക്കേണ്ട ചോദ്യങ്ങൾ മുൻകൂട്ടി തയാറാക്കി നൽകുന്ന വിരുതന്മാർ വേറെ. വിവാദം സൃഷ്ടിക്കുന്നതിൽ പോലുമുണ്ട് ഓരോ സിലബ്രിറ്റിക്കും അവരുടേതായ നിക്ഷിപ്ത താൽപ്പര്യങ്ങൾ. പല അഭിമുഖങ്ങളും ``നാട്യപ്രധാന''മായി മാറുന്നതും അതുകൊണ്ടുതന്നെ.

പക്ഷേ മീരയുടെ ചോദ്യങ്ങൾക്കുള്ള റഹ്മാന്റെ മറുപടികളിൽ നാട്യങ്ങളില്ല. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിവരുന്നവയാണ് ആ ഉത്തരങ്ങൾ. വിശ്വാസമാറ്റത്തിന്റെ കഥ റഹ്മാൻ  അഭിമുഖത്തിൽ വിവരിക്കുന്നത് കേൾക്കുക: ``അച്ഛന്റെ മരണം കുടുംബത്തെ വല്ലാതെയുലച്ചു. കഠിനമായ വിഷമസ്ഥിതിയിലായി ഞങ്ങൾ. അന്ന് യാദൃച്ഛികമായി ഒരു ഇസ്ലാം മതപണ്ഡിതനെ കണ്ടുമുട്ടാൻ ഒരവസരമുണ്ടായി. കരീമുള്ള ഷാ ഖാദ്രി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് വലിയൊരു താങ്ങായി. അവ ജീവിതത്തെ തന്നെ മാറ്റിമറിക്കാനും ഇടയായി. പല നല്ല അനുഭവങ്ങൾക്കും അത് കാരണമായി. അതോടെ വിശ്വാസവും ഉറച്ചു, അന്നുതൊട്ടിന്നോളമുള്ള എന്റെ എല്ലാ വിജയങ്ങൾക്കും കാരണം അള്ളാഹു ആണെന്ന് ഞാൻ കരുതുന്നു.''

``റോജയുടെ പണി നടക്കുന്ന വേളയിൽ ആദ്യത്തെ സിനിമയെന്ന നിലയ്ക്ക് കുറച്ചൊരു ആശങ്കയും വേവലാതിയും ഉണ്ടായിരുന്നു. എന്നാൽ ജോലിക്കിടയിൽ ഏതോ ഒരു ശക്തി കൂടെ നിന്ന് സഹായിക്കുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിരുന്നു. ചിലപ്പോൾ ട്യൂൺ ഒന്നും വിചാരിച്ച മാതിരി ആകാതെ മനസ്സ് മടുക്കും. ഒരു നമാസോ അല്പനേരത്തെ ധ്യാനമോ കഴിയുമ്പോൾ മനസ്സ് ശാന്തമാകും. തൃപ്തികരമായി എന്തെങ്കിലും ശരിയായിട്ടുമുണ്ടാകും..''

ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം ആരുടേതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ``അങ്ങനെ എടുത്തു പറയാനാവില്ല. എന്റെ ഗാനങ്ങൾ പാടിയിട്ടുള്ളവരുടെ ഒക്കെ ശബ്ദമെനിക്കിഷ്ടമാണ്. സുശീലയുടെ ശബ്ദത്തോട് എനിക്ക് പ്രത്യേകിച്ചൊരു ഇഷ്ടം തന്നെയുണ്ട്.''
മലയാളസിനിമയിലെ സംഗീതത്തെ കുറിച്ച്? ``യോദ്ധ എന്ന ഫിലിം മാത്രമേ മലയാളത്തിൽ ഇതുവരെ ചെയ്തിട്ടുള്ളു. മാപ്പിളപ്പാട്ടിന്റെ രീതിയൊക്കെ എനിക്കിഷ്ടമാണ്. ``ഒട്ടകത്തെ കെട്ടിക്കോ' എന്ന പാട്ടിന് പ്രചോദനം അതായിരുന്നു...''


ചുരുങ്ങിയ വാക്കുകളിൽ, പൊടിപ്പും തൊങ്ങലുമില്ലാതെ എ ആർ റഹ്മാൻ എന്ന സംഗീത മാന്ത്രികന്റെ ഹൃദയവാതായനങ്ങൾ നമുക്ക് മുന്നിൽ തുറന്നിടുന്നു മീര കൃഷ്ണൻകുട്ടി; തെളിഞ്ഞ ഭാഷയിൽ...

content highlights : ar rahman songs favourite singer P suseela yodha movie song