കാൽ നൂറ്റാണ്ടിനപ്പുറത്തു നിന്ന് ഒരു പാട്ട് കാതിലേക്കൊഴുകുന്നു; തീരാത്ത വേദനയായി ഹൃദയത്തിൽ നിറയുന്നു അത്.  ഗാനത്തിന്റെ വരികളിൽ മുഴുകി, ഒരു നിശ്ശബ്ദ ഗദ്ഗദം ഉള്ളിലൊതുക്കി തൃശൂരിലെ വീട്ടിൽ സ്വന്തം മുറിയുടെ ഏകാന്തതയിൽ കണ്ണുകൾ ചിമ്മിയിരിക്കുന്നു ഔസേപ്പച്ചൻ. "എത്ര തവണ അന്ന് ആ പാട്ട് കേട്ടെന്നറിയില്ല. അതെഴുതിയ ആൾ ലോകത്തു നിന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാൻ ഇപ്പോഴും മടിക്കുന്നു  മനസ്സ്.''-- ഓർമ്മകളിൽ മുഴുകി വികാരാധീനനാകുന്നു മലയാളികളുടെ പ്രിയ സംഗീതസംവിധായകൻ. തന്റെ ഈണങ്ങൾക്കൊത്ത്  എത്രയോ ഭാവഗീതങ്ങൾ രചിച്ച  എസ് രമേശൻ നായരുടെ മരിക്കാത്ത ഓർമ്മകൂടിയാണ് ഔസേപ്പച്ചന് ആ വിരഹഗീതം: 

"തേങ്ങുമീ വീണയിൽ പാട്ടുറങ്ങും  നേരം, ഒരു ജീവരാഗത്തൂവൽ മിഴിനീരിൽ മുങ്ങുന്നു, കതിർ തേടുമീ മോഹം പതിരായി മാറുന്നൂ, നിഴൽ വീണു കേഴുന്നൂ...'' ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ  അറം പറ്റിയോ ആ വരികൾക്ക് എന്നൊരു സംശയം.

അനിയത്തിപ്രാവ് (1997) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി യേശുദാസും ചിത്രയും ഹൃദയസ്പർശിയായി പാടിയ പാട്ട്. സിനിമയിൽ ഇടം നേടാതെ പോയതിനാൽ മലയാളികൾ കേൾക്കാതെ പോയ ആ ഗാനം, തികച്ചും യാദൃച്ഛികമായാണ് അടുത്തൊരു നാൾ ഔസേപ്പച്ചന്റെ കൈകളിൽ വന്നുപെട്ടത്.

"പണ്ട്  ഞാൻ പാടിവെച്ച ട്രാക്കുകളും റെക്കോർഡ് ചെയ്ത ഗാനങ്ങളുമെല്ലാം അടങ്ങിയ കാസറ്റുകൾ വീടിന്റെ ഏതോ മൂലയിൽ പൊടിപിടിച്ചു കിടക്കുകയായിരുന്നു. കാസറ്റ് എന്ന സങ്കല്പം തന്നെ കാലഹരണപ്പെട്ടതുകൊണ്ട് ആ ഭാഗത്തേക്ക് നോക്കാറേയില്ല.'' ഇയ്യിടെ ഒരു കൗതുകത്തിന്, വേണമെങ്കിൽ ഗൃഹാതുരത്വത്തിന്റെ പേരിൽ എന്ന് പറയാം, ആ ശേഖരം വെറുതെ ഒന്ന് ചികഞ്ഞു നോക്കിയപ്പോൾ, അതാ കിടക്കുന്നു വർഷങ്ങളായി കേൾക്കാനാഗ്രഹിച്ച പാട്ട്.

ഫംഗസ് ബാധിച്ച  കാസറ്റിൽ നിന്ന് ഒരു ആരാധകസുഹൃത്തിന്റെ സഹായത്തോടെ വീണ്ടെടുത്ത ആ പാട്ട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ പലരുടെയും ഓർമ്മകൾ വന്നു മനസ്സിനെ മൂടി. സംവിധായകൻ ഫാസിലിന്റെ, രമേശൻ നായരുടെ, ദാസേട്ടന്റെ... മലയാളികൾ മെലഡിയെ ഹൃദയപൂർവം സ്നേഹിച്ചിരുന്ന  മറക്കാനാവാത്ത ഒരു കാലത്തിന്റെ ...

രമേശൻ നായർക്കും പ്രിയപ്പെട്ട സ്വന്തം രചനകളിലൊന്നായിരുന്നു  ``തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം'' എന്ന ഗാനം. "എല്ലാവരും ഓ പ്രിയേ എന്ന ഗാനത്തെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു കേൾക്കുമ്പോൾ ഞാൻ ഓർക്കുക മറ്റൊരു പാട്ടിന്റെ ഭാഗ്യദോഷത്തെക്കുറിച്ചാണ് ''-- രമേശൻ നായരുടെ വാക്കുകൾ. ``രണ്ടും ഏതാണ്ട് ഒരേ ഗാനസന്ദർഭത്തിന് വേണ്ടി എഴുതിയവ. അവയിലൊന്ന് അസാമാന്യ ജനപ്രീതി നേടുന്നു. ജനഹൃദയങ്ങളിൽ ഇടം നേടുന്നു. മറ്റേ പാട്ടാകട്ടെ, ആരുടെയും ശ്രദ്ധയിൽ പെടാതെ വിസ്മൃതിയിലൊടുങ്ങുന്നു. ഓരോ പാട്ടിനും ഓരോ നിയോഗം ഉണ്ടെന്ന്  പറയാറുള്ളത് വെറുതെയല്ല.'' 

അനിയത്തിപ്രാവിലെ മനോഹര ഗാനങ്ങൾ ചിട്ടപ്പെടുത്താൻ മൂന്നേ മൂന്ന് ദിവസമേ വേണ്ടിവന്നുള്ളൂ ഔസേപ്പച്ചന്. റെക്കോഡിംഗ് കഴിഞ്ഞു മാസ്റ്റർ കാസറ്റുമായി ഷൂട്ടിംഗിന് തിരിച്ച സംവിധായകൻ ഫാസിലിൽ നിന്ന് അപ്രതീക്ഷിതമായി  ലഭിച്ച  ഫോൺ കോളാണ് കഥയിലെ വഴിത്തിരിവ്. "എല്ലാ പാട്ടുകളും ഇഷ്ടമായി. ഒന്നിനൊന്ന് മികച്ചവ തന്നെ. പക്ഷേ ചെറിയൊരു  പ്രശ്നം. പുതുതായി ഒരു സിറ്റുവേഷൻ കൂടി വന്നുപെട്ടിരിക്കുന്നു കഥയിൽ. അതിനിണങ്ങുന്ന ഒരു പാട്ട് കൂടി വേണം.  വിരോധമില്ലെങ്കിൽ..?''

ഔസേപ്പച്ചനെന്ത് വിരോധം. ആവശ്യപ്പെടുന്നത് ഫാസിലിനെ പോലെ സംഗീതത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാകുമ്പോൾ പ്രത്യേകിച്ചും. പുതിയ സന്ദർഭത്തിനു വേണ്ടത് പ്രണയഗാനം തന്നെ. നേർത്തൊരു വിരഹത്തിന്റെ മൂഡിലുള്ള പാട്ട്.  ഉടനെ രമേശൻ നായരെ വിളിച്ചു വിവരം പറഞ്ഞു. അശോക് നഗറിലെ ഒരു വാടകവീട്ടിലാണ് ചെന്നൈയിൽ വന്നാൽ അദ്ദേഹം സ്ഥിരമായി താമസിക്കുക. കാലത്തു തന്നെ കവിയെ തേടി ചെല്ലുന്നു ഔസേപ്പച്ചൻ. ഫാസിലുമുണ്ട് സ്ഥലത്ത്. ``ആദ്യം  കഥാസന്ദർഭം ചോദിച്ചു മനസ്സിലാക്കി രമേശൻ നായർ. പിന്നെ, മേശപ്പുറത്തു കിടന്ന ഒരു കടലാസു തുണ്ടിൽ എന്തോ  എഴുതി എനിക്ക് നീട്ടി. നോക്കുമ്പോൾ ഒരൊറ്റ വരിയേയുള്ളൂ അതിൽ  -- ഓ പ്രിയേ നിനക്കൊരു ഗാനം.''  കടലാസിലേക്കും കവിയുടെ മുഖത്തേക്കും മാറിമാറി നോക്കിയ സംഗീത സംവിധായകനോട് രമേശൻ നായർ ചോദിച്ചു: ``ഈ ഒരൊറ്റ വരി ഒന്ന് ട്യൂൺ ചെയ്തു കേൾപ്പിക്കാമോ?''

എഴുതിക്കിട്ടിയ വരി താൻ ആദ്യമായി വായിച്ചതുതന്നെ അപ്പോൾ മനസ്സിൽ തോന്നിയ ഈണത്തിലാണെന്ന് ഔസേപ്പച്ചൻ. സംഗീത സംവിധായകനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉടൻ വന്നു കവിയുടെ പ്രതികരണം: ``ഇതാണ് നമ്മുടെ പാട്ടിന്റെ തുടക്കം. ഇനി ബാക്കി ട്യൂൺ കൂടി വരട്ടെ..'' ആ ഇരിപ്പിൽ ഔസേപ്പച്ചൻ മൂളിക്കൊടുത്ത ഈണത്തിനൊത്ത് ചടുല വേഗത്തിൽ പല്ലവിയുടെ വരികൾ കുറിക്കുന്നു രമേശൻ നായർ: ``ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം, എൻ പ്രാണനിലുണരും ഗാനം, അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ, നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..''

പിറ്റേന്ന് യേശുദാസ് പാടേണ്ട പാട്ടാണ്. എന്നിട്ടു വേണം പുതിയ ട്രാക്കുമായി ഷൂട്ടിംഗിന് തിരിക്കാൻ. പക്ഷേ പാട്ടിന്റെ കാര്യം വിളിച്ചുപറഞ്ഞപ്പോൾ യേശുദാസ് പറഞ്ഞു: "നാളെ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. റെക്കോർഡിംഗ് നടക്കാൻ ഇടയില്ല.'' യേശുദാസിനെ അല്ലാതെ മറ്റാരെയും കൊണ്ട് പാടിക്കുന്നതിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല  ഫാസിലിനും ഔസേപ്പച്ചനും. അവരുടെ  ധർമ്മസങ്കടം കണ്ട് മനമലിഞ്ഞാവണം ദാസേട്ടൻ പറഞ്ഞു: "എന്തായാലും പാട്ടയച്ചോളൂ. കേട്ടുനോക്കട്ടെ..'' അപ്പോഴും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല തങ്ങൾക്കെന്ന് ഔസേപ്പച്ചൻ. വിധിനിയോഗമെന്നോണം ട്രാക്ക് കേട്ട് യേശുദാസ് തിരിച്ചു വിളിക്കുന്നു: "അമേരിക്കൻ യാത്ര രണ്ടു നാൾ നീട്ടാൻ തീരുമാനിച്ചു. നിങ്ങളുടെ പാട്ട് പാടാം.''

എ വി എം -- ആർ ആർ തിയേറ്ററിൽ പിറ്റേന്ന് റെക്കോർഡിംഗ്. പ്രശസ്തനായ സമ്പത്ത് മാസ്റ്ററാണ് ഗാനലേഖകൻ. ``രണ്ടു ടേക്കിൽ പാട്ട് ഓക്കേ.  ഭാവമാധുര്യത്തോടെ തെല്ലൊരു വിഷാദസ്പർശം നൽകി  ദാസേട്ടൻ പാടുന്നത് കേട്ടിരിക്കുന്നത് തന്നെ മറക്കാനാവാത്ത അനുഭവമായിരുന്നു.''-- ഔസേപ്പച്ചന്റെ ഓർമ്മ. "പാട്ട് പാടി പുറത്തുവന്ന ശേഷം ഞങ്ങൾക്ക് കൈതന്നു അദ്ദേഹം. എന്നിട്ട്  പറഞ്ഞു: യാത്ര നീട്ടിയത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. ഇല്ലെങ്കിൽ ഇത്രയും നല്ലൊരു പാട്ട് പാടാൻ കഴിയാതെ പോയേനെ..'' വികാരാധീനയായി കൈകൂപ്പി നിന്നു ഔസേപ്പച്ചൻ. 

ഇനിയുള്ളത് ചരിത്രം. ``അനിയത്തിപ്രാവി''ലെ ഏറ്റവും ജനപ്രിയ ഗാനമായി മാറി ``ഓ പ്രിയേ.'' എല്ലാ ഹിറ്റ് ചാർട്ടുകളിലും മാസങ്ങളോളം ഒന്നാമത്. ആ പാട്ട് ചിട്ടപ്പെടുത്തിക്കേട്ട  ശേഷമാണ് ഒരു കൊച്ചു രഹസ്യം ഫാസിൽ പങ്കുവെച്ചത്: ``ഇനി സത്യം പറയാമല്ലോ. പുതുതായി ഉണ്ടാക്കിയ സിറ്റുവേഷന് വേണ്ടിയുള്ള പാട്ടല്ല ഇത്. സിറ്റുവേഷൻ പഴയതു തന്നെ. പക്ഷെ ആ സന്ദർഭത്തിന് വേണ്ടി താങ്കൾ ആദ്യമുണ്ടാക്കിയ പാട്ടിൽ അൽപ്പം ദുഃഖഛായ കൂടിപ്പോയോ എന്നൊരു സംശയം. പാട്ട് മോശമായിട്ടല്ല. സന്ദർഭത്തിന് കൂടുതൽ ഇണങ്ങുന്ന മറ്റൊരു പാട്ട് താങ്കൾക്ക് അനായാസം സൃഷ്‌ടിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നെങ്കിലും അക്കാര്യം തുറന്നു പറയാതിരുന്നത് ടെൻഷനടിക്കേണ്ട എന്ന് കരുതി മാത്രം.'' ഫാസിലിന്റെ ഏറ്റുപറച്ചിൽ കേട്ട് ചിരിവന്നുപോയെന്ന് ഔസേപ്പച്ചൻ.

അതേ  സന്ദർഭത്തിന് വേണ്ടി നേരത്തെ ഒരുക്കിയ `തേങ്ങുമീ വീണയിൽ പാട്ടുറങ്ങും  നേരം'' അതോടെ സിനിമയിൽ നിന്ന് പടിയിറങ്ങുന്നു. ``ഓ പ്രിയേ''ക്ക് പകരം ഈ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചിരുന്നതെങ്കിൽ അത്രത്തോളം ഹിറ്റാകുമായിരുന്നോ? അറിയില്ല. ``വരികളും ഈണവും ആലാപനവും മാത്രമല്ല കഥാസന്ദർഭത്തിന്റെ വികാരതീവ്രതയും ചിത്രീകരണ മികവുമൊക്കെ പ്രധാനമാണ്  ഏത് ഗാനത്തിന്റെയും ജനപ്രിയത നിർണ്ണയിക്കുന്നതിൽ. ഓ പ്രിയേ  മഹത്തായ കാവ്യഗീതിയോ സംഗീത ശില്പമോ ആണെന്ന അവകാശവാദമില്ല. വളരെ ലളിതമായ, ആർക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്ന  ഒരു പാട്ട്. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ അത് സൃഷ്ടിക്കുമ്പോൾ. ഭാഗ്യവശാൽ മറ്റു ഘടകങ്ങൾ കൂടി ഒത്തുവന്നപ്പോൾ ആളുകൾ ആ പാട്ട് പെട്ടെന്ന് ഇഷ്ടപ്പെട്ടു. കൂടുതൽ ആഴമുള്ള അർത്ഥതലങ്ങളുള്ള `തേങ്ങുമീ വീണയിൽ'' ചിലപ്പോൾ അത്രത്തോളം ഹിറ്റാകുമായിരുന്നില്ലായിരിക്കാം. എങ്കിലും ആ ഗാനം എന്റെയും രമേശൻ നായരുടെയും ഹൃദയത്തിന്റെ ഭാഗം തന്നെ.''

grihalakshmi
​ഗൃഹലക്ഷ്മി വാങ്ങാം

മലയാളത്തിലെ എക്കാലത്തെയും വലിയ മ്യൂസിക്കൽ ഹിറ്റുകളിൽ ``അനിയത്തിപ്രാവു''ണ്ട്. മൂന്നേ മൂന്ന് ദിവസത്തിനുള്ളിലാണ് ആ സിനിമയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയതെന്നോർക്കുന്നു ഔസേപ്പച്ചൻ. ``വീട്ടിലിരുന്ന് ഹാർമോണിയത്തിൽ കംപോസ് ചെയ്തതാണ്  ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനത്തിന്റെ ഈണം. ബാക്കി പാട്ടുകൾ ആലപ്പുഴയിലെ റെയിൻബോ ഹോട്ടലിൽ ഇരുന്നും. ചെന്നൈയിലെ ഫ്‌ളാറ്റിലിരുന്ന് ആറു പാട്ടിനും വരികളെഴുതാൻ അധികസമയം വേണ്ടിവന്നില്ല രമേശൻ നായർക്ക്. ``ആസ്വദിച്ച് ചെയ്ത പാട്ടുകളായിരുന്നു അവയെല്ലാം. ഫാസിലിന്റെ പടത്തിൽ വർക്ക് ചെയ്യുന്നതിന്റെ ത്രിൽ ഒന്നു വേറെ.'' -- ഔസേപ്പച്ചൻ. എന്നും നിന്നെ പൂജിക്കാം (യേശുദാസ്, സുജാത), അനിയത്തിപ്രാവിന് പ്രിയരിവർ നൽകും (ചിത്ര), വെണ്ണിലാക്കടപ്പുറത്ത് (യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്) എന്നീ പാട്ടുകൾക്ക് പുറമെ ശ്രീകുമാറിന്റെ  ശബ്ദത്തിൽ ``ഓ പ്രിയേ''യുടെ മറ്റൊരു വെർഷനുമുണ്ട് ചിത്രത്തിൽ.

ചിത്രീകരിക്കപ്പെടാൻ ഭാഗ്യമുണ്ടാകാതെ പോയ ``തേങ്ങുമീ വീണയിൽ'' എന്ന പാട്ടിന്റെ ചരണം ഓർമ്മയിൽ നിന്ന് മൂളുന്നു ഔസേപ്പച്ചൻ. പിരിഞ്ഞുപോയ സുഹൃത്ത് രമേശൻ നായർക്കുള്ള സ്മരണാഞ്ജലിയായി:  ``ഒരു മൂകസാന്ത്വനം പോലെ ഇനി ഓർമ്മകൾ മാത്രം, തലതല്ലുമീ തിരമാലകൾ വെറുമാശകൾ മാത്രം, ഏതു തീരത്തിൽ ഇനി ഏതു ജന്മത്തിൽ അലിയുന്നു നാം തമ്മിൽ....''

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

content highlights : Aniyathipravu movie songs ouseppachan s rameshan nair kj yesudas